ചൈനയിലെ ഉയ്ഗൂര്‍ വംശഹത്യക്കെതിരെ പോരാടണം: ഹോളോകോസ്റ്റ് അതിജീവിച്ചവര്‍ ബ്രിട്ടനോട് ആവശ്യപ്പെട്ടു
ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യയില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തുന്ന ഉയ്ഗൂര്‍ വംശഹത്യയെ അപലപിക്കണമെന്ന് ഹോളോകോസ്റ്റ് അതിജീവിച്ചവര്‍ യു.കെ യോട് ആവശ്യപ്പെട്ടു. റൂത്ത് ബാര്‍നറ്റ്, ഡോറിറ്റ് ഒലിവര്‍ വോള്‍ഫ് എന്നിവരാണ് ചൊവ്വാഴ്ച പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് പ്രസ്തുത വിഷയത്തെ സംബന്ധിച്ച മീറ്റിംഗില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചത്.
''വംശഹത്യ തീര്‍ക്കുന്ന ദുരിതങ്ങള്‍ ഞങ്ങള്‍ക്കറിയാം, ഞങ്ങളത് അനുഭവിച്ചതാണ്'' ഇരുവരും പറഞ്ഞു. ഉയ്ഗൂറുകാരുടെ സ്ഥിതി നിരന്തരം വഷളായിക്കൊണ്ടിരിക്കുകയാണ്, എന്നിട്ടും യു.കെ വിഷയത്തില്‍ ഇടപെടാത്തത് ഞങ്ങളെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നു. വ്യാപാരം മാനുഷിക ജീവനേക്കാള്‍ വലുതല്ല, മറ്റുള്ളവര്‍ പ്രതികരിക്കുന്നില്ലെന്ന് കരുതി മിണ്ടാതിരിക്കാന്‍ ഞങ്ങള്‍ക്കാവുകയില്ല, അവര്‍ കൂട്ടിച്ചേര്‍ത്തു.
അടുത്തിടെ, സിന്‍ജിയാങിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെയും വംശഹത്യക്കെതിരെയും കാനഡയും പ്രസ്താവന ഇറക്കിയിരുന്നു.