കോവിഡ് 19 പ്രതിരോധത്തിൽ തന്നെയും ഉൾപ്പെടുത്തുക: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി ഡോ കഫീല്‍ ഖാൻ
ന്യൂഡൽഹി: കോവിഡ് 19നെ പ്രതിരോധിക്കുന്ന നടപടികളില്‍ തന്നെയും പങ്കാളിയാക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഡോ. കഫീല്‍ ഖാന്‍റെ കത്ത്. ദേശീയ സുരക്ഷാ നിയമത്തിന്‍റെ ലംഘനത്തിന് ഡോ. കഫീല്‍ ഖാന്‍ ജയില്‍ വാസം അനുഭവിക്കുകയാണ്. 19.03.2020 എന്ന് ഡേറ്റുള്ള കത്തിന്‍റെ പകര്‍പ്പ് കഫീല്‍ ഖാന്‍റെ ട്വിറ്റര്‍ അക്കൌണ്ടിലൂടെ പങ്കുവെക്കപ്പെട്ടു.

ആയതിനാല്‍, എന്‍റെ പ്രിയപ്പെട്ട രാജ്യം ഈ വൈറസിനെ തോല്‍പിക്കും വരെയെങ്കിലും, ഈ രാജ്യത്തെ സേവിക്കാനായി, ഏകപക്ഷീയമായ, നിയമവിരുദ്ധമായ, നീതീകരിക്കപ്പെടാത്ത എന്‍റെ ഈ തടങ്കലില്‍ നിന്ന് എന്നെ വിമുക്തനാക്കണമെന്ന് ഇതിനാല്‍ അപേക്ഷിച്ചുകൊള്ളുന്നു. കഫീല്‍ ഖാന്‍ തന്‍റെ കത്ത് ഉപസംഹരിക്കുന്നത് ഇങ്ങനെയാണ്.

സാമൂഹിക വ്യാപനത്തിന് സാധ്യതയുള്ള മൂന്നാം ഘട്ടത്തെ അതിജീവിക്കാനുള്ള പല പദ്ധതികളും അദ്ദേഹം ഈ കത്തിൽ മുന്നോട്ടുവെക്കുന്നുണ്ട്. കോവിഡ് പരിശോധന സെന്‍ററുകള്‍ വര്‍ദ്ധിപ്പിക്കുക, ഓരോ ജില്ലകളിലും 100 ഐസിയുകള്‍, 1000 ഐസോലേഷന്‍ വാര്‍ഡുകള്‍, അനുഭവസമ്പന്നരായ ഡോക്ടര്‍മാര്‍ നേഴ്സുമാര്‍ തുടങ്ങി നമുക്ക് ലഭ്യമായ പരമാവധി സൗകര്യങ്ങളെയും ഉപയോഗപ്പെടുത്തുക തുടങ്ങിയ നിർദേശങ്ങളാണ് ഡോ: കഫീൽ ഖാൻ മുന്നോട്ട് വെക്കുന്നത്. തന്‍റെ അനുഭവസമ്പത്ത് തീര്‍ച്ചയായും കോവിഡ് 19നെതിരായ ഈ യുദ്ധത്തില്‍ ഉപകാരപ്രദമാകുമെന്നും അദ്ദേഹം അവകാശപ്പെടുന്നുണ്ട്.

2019 അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ നടന്ന പൗരത്വ നിയമ വിരുദ്ധ പരിപാടിയിൽ വിദ്വേഷ പ്രസംഗം നടത്തിയതിനാണ് അദ്ദേഹത്തിനെതിരെ നടപടിയെടുത്തതെന്നാണ് പോലീസ് ഭാഷ്യം. അന്നത്തെ പ്രസംഗത്തിലൂടെ ജനങ്ങൾക്കിടയിൽ കുഴപ്പങ്ങൾ സൃഷ്ടിക്കുവാൻ അദ്ദേഹം ശ്രമം നടത്തിയതായും പോലീസ് ആരോപിക്കുന്നുണ്ട്. ഓക്സിജൻ സിലിണ്ടറുകളുടെ അപര്യാപ്തത മൂലം ഗോരഖ്പൂർ മെഡിക്കൽ കോളേജിൽ കൂട്ടശിശു മരണം സംഭവിച്ചതിന്റെ പേരിൽ സ്വന്തം വീഴ്ച മൂടിവെക്കാൻ ഉത്തർ പ്രദേശ് സർക്കാർ ബലിയാടാക്കിയ വ്യക്തിയാണ് ഡോ.കഫീൽ ഖാൻ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter