അറഫയില്‍ പെയ്തൊഴിയുന്ന കണ്ണീര്‍ മേഘങ്ങള്‍
arafaഒരു അറഫാദിനം കൂടി കടന്നുപോകുന്നു.. അറഫയൊരു പ്രതീകമാണ്..മുസ്‍ലിം ലോകത്തിന്റെ പ്രതീകം.. ലോകത്തിന്റെ മുഴുവന്‍ മുക്കുമൂലകളില്‍നിന്നും പ്രതിനിധികളായെത്തുന്ന അല്ലാഹുവിന്റെ അതിഥികള്‍ അവിടെ ഒരുമിച്ചുകൂടുന്നുവെന്നതിനാല്‍, അത് മുസ്‍ലിം ലോകത്തെ ഒന്നടങ്കമാണ് പ്രതിനിധാനം ചെയ്യുന്നത്. സഹസ്രാബ്ദങ്ങള്‍ക്കപ്പുറം ഇബ്റാഹീം നബി(അ) നടത്തിയ വിളിയാളത്തിന് ഉത്തരം നല്‍കി ലബ്ബൈകയുടെ മന്ത്രധ്വനികളുമായി ലക്ഷക്കണക്കിനാളുകള്‍ ഒരുമിച്ചുകൂടുമ്പോള്‍, അത് ചരിത്രത്തില്‍ തന്നെ തുല്യതയില്ലാത്ത സംഗമമായി മാറുന്നു. വിശ്വാസികളുടെ കണ്ണീര്‍കണങ്ങള്‍ കൊണ്ട് അറഫയുടെ മണല്‍തരികള്‍ നനഞ്ഞുകുതിരുന്ന ദിവസമാണ് ദുല്‍ഹിജ്ജ 9. മധ്യാഹ്നം മുതല്‍ സൂര്യാസ്തമയം വരെ അരക്കോടിയോളം വരുന്ന ജനങ്ങള്‍ കണ്ണീരും പ്രാര്‍ത്ഥനയുമായി അവിടെ കഴിച്ചുകൂട്ടുന്നു. ഒരേ വസ്ത്രം ധരിച്ച്, ധനിക-ദരിദ്ര, വര്‍ണ്ണ-വര്‍ഗ്ഗ-ദേശ വ്യത്യാസങ്ങളൊന്നും തന്നെ അല്‍പം പോലും പ്രകടമാവാതെ, ഒരേ വേഷവുമായി അവര്‍ സംഗമിക്കുമ്പോള്‍, അവരുടെയെല്ലാം ചുണ്ടുകളില്‍നിന്നുതിരുന്ന മന്ത്രവും ഒന്ന് മാത്രമാണ്, ലബ്ബൈകയുടെ അമരധ്വനികള്‍. സൂര്യനുദിച്ച ദിവസങ്ങളില്‍ ഇത്രയേറെ ശ്രേഷ്ഠതയുള്ള മറ്റൊരു ദിനമില്ലെന്ന് പ്രമാണങ്ങള്‍ മനസ്സിലാക്കിത്തരുന്നു. ഇത്രയേറെ ജനങ്ങള്‍ നരകത്തില്‍നിന്ന് മോചിപ്പിക്കപ്പെടുന്ന, ഇത്രയേറെ ജനങ്ങളുടെ നിരവധി ദോഷങ്ങള്‍ ഒന്നടങ്കം പൊറുക്കപ്പെടുന്ന മറ്റൊരു സുദിനമില്ല. അത്കൊണ്ട്തന്നെ, പിശാച്, ഏറ്റവും ദുഖിതനും വിഷണ്ണനുമായി കാണപ്പെടുന്നതും അന്ന് തന്നെ. അര്‍ദ്ധരാത്രിയില്‍ എണീറ്റിരുന്ന് യാസീന്‍ സൂറത് പാരായണം ചെയ്ത് നാഥനിലേക്ക് കൈകളുയര്‍ത്തുന്ന വിശ്വാസിയുടെ പ്രാര്‍ത്ഥനക്ക് ഉത്തരം കിട്ടാതിരിക്കില്ലെന്ന് പണ്ഡിതര്‍ രേഖപ്പെടുത്തുന്നു. ആത്മാര്‍ത്ഥതയിലൂന്നിയ മൂന്ന് ഹൃദയങ്ങള്‍ ഒന്നിക്കുന്നതാണത്രെ അതിന് കാരണം. രാത്രിയുടെ ഹൃദയമായ മധ്യയാമവും വിശുദ്ധ ഖുര്‍ആനിന്റെ ഹൃദയമായ യാസീന്‍ സൂറതും കണ്ണീര്‍ തുള്ളികളില്‍ ചാലിച്ചെടുത്ത വിശ്വാസിയുടെ ഹൃദയവുമാണ് അവ. എന്നാല്‍, അറഫയില്‍ ഒരുമിച്ചുകൂടുന്നത്, ഇത്തരം ലക്ഷക്കണക്കിന് ഹൃദയങ്ങളാണ്. വിതുമ്പുന്ന ചുണ്ടുകളോടെ ആര്‍ദ്രങ്ങളായ നയനങ്ങളോടെ അവ പ്രപഞ്ചനാഥനിലേക്ക് കൈകളുയര്‍ത്തുമ്പോള്‍, ആ പ്രാര്‍ത്ഥനകള്‍ക്ക്തടസ്സങ്ങളേതുമില്ലാതാവുന്നു. അവക്ക് പ്രതിക്ഷണം ഉത്തരം ലഭ്യമാവുന്നു. അറഫാദിനത്തില്‍ ചോദിച്ചതൊന്നും പ്രഭാതവെളിച്ചം പോലെ സുവ്യക്തമായി പുലര്‍ന്നിട്ടല്ലാതെ എനിക്ക് അനുഭവമില്ലെന്ന് പല മഹത്തുക്കളും സാക്ഷ്യപ്പെടുത്തുന്നതും അത് കൊണ്ട് തന്നെ. അറഫാ ഒരു പ്രതീകമാണ്...മഹ്ശറയെയാണ് അത് പ്രതിനിധാനം ചെയ്യുന്നത്. ഭൌമജീവിതത്തില്‍ ചെയ്തുപോയ പാപങ്ങളുടെയെല്ലാം കണക്കെടുപ്പിനായി നഫ്‍സീ നഫ്‍സീ എന്ന ഏകചിന്തയുമായി പരശ്ശതം മനുഷ്യശരീരങ്ങള്‍ ആകുലപ്പെടുന്ന മഹ്ശറയെയാണ് അത് ഓര്‍മ്മിപ്പിക്കുന്നത്. ആ മഹ്ശറയില്‍നിന്നൊരു തിരിച്ചുപോക്കിന് അവസരം ലഭിച്ചാല്‍, പിന്നീടാരും വഴിവിട്ട് ജീവിക്കില്ലെന്ന് മാത്രമല്ല, ശിഷ്ടജീവിതം മുഴുവന്‍ വരാനിരിക്കുന്ന ആ ഭീതിദ ദിനങ്ങള്‍ക്കായി ആകാവുന്ന സല്‍കര്‍മ്മങ്ങളെല്ലാം ചെയ്യുക തന്നെ ചെയ്യും. അതാണ് അറഫ ഹാജിമാരെ ഉണര്‍ത്തുന്നതും ഉണര്‍ത്തേണ്ടതും. അറഫയോടെ അതുവരെ ചെയ്ത ദോഷങ്ങളെല്ലാം പൊറുക്കപ്പെട്ട് ഉമ്മ പെറ്റ കുട്ടിയെപ്പോലെ നിഷ്കളങ്കമായ മനസ്സോടെയാണ് ഹാജിമാര്‍ തിരിച്ചുപോരുന്നത്. അഥവാ, ഇനിയുള്ള ജീവിതത്തില്‍ ഒന്ന് മനസ്സ് വെച്ചാല്‍ നിഷ്കളങ്കമായി തന്നെ നാഥന്‍റെ സവിധത്തിലേക്ക് യാത്ര തിരിക്കാന്‍ അത് അവന്ന് അവസരം നല്‍കുന്നു എന്നര്‍ത്ഥം. അതാണ് ഹജ്ജ് നല്‍കുന്ന ഏറ്റവും വലിയ മേന്മയും, അഥവാ, ഒരു പുതുജീവിതത്തിന്റെ തുടക്കമാണ് ഒരോ ഹാജിക്കും ശേഷം ലഭ്യമാവുന്നത് എന്നര്‍ത്ഥം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter