മുന്നാക്ക സംവരണം പുനപരിശോധിക്കണം: മുസ്‌ലിം സംഘടനകള്‍
സുപ്രീംകോടതിയുടെ വിധിവരുന്നതിനുമുമ്പ് തന്നെ മുന്നാക്ക സംവരണം നടപ്പാക്കിയ കേരള സർക്കാർ നടപടി പുനഃപരിശോധിക്കണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ മലപ്പുറത്ത് വിളിച്ചു ചേർത്ത മുസ്ലിം സംഘടനകളുടെ യോഗം ആവശ്യപ്പെട്ടു.
സംവരണത്തിന്റെ അടിസ്ഥാനപ്രമാണത്തെ തകർക്കുന്ന തീരുമാനം അടിയന്തിരമായി നിർത്തിവെക്കണമെന്നും ജനസംഖ്യാനുപാതികമായി സംവരണ തോത് പുനഃക്രമീകരിക്കണമെന്നും യോഗത്തിന് ശേഷം മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി എം.പി, ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് എന്നിവർ ആവശ്യപ്പെട്ടു.
സംവരവിഭാഗക്കാർക്ക് വലിയ നഷ്ടമുണ്ടാക്കുന്ന തരത്തിലാണ് ഇപ്പോൾ മുന്നോക്ക സംവരണം നടപ്പാക്കിയിരിക്കുന്നത്. ഇത് അശാസ്ത്രീയമാണ്. മുന്നോക്ക സംവരണം പിൻവലിക്കാൻ സർക്കാർ തയ്യാറാവണം. ഇതിനെതിരെ 28ന് പിന്നോക്ക സംഘടനകളുടെ യോഗം ചേരും. ബി.ജെ.പി തിരക്കിട്ട് കൊണ്ടുവന്ന ഭരണഘടനാ ഭേദഗതി അനുസരിച്ചാണെന്ന ന്യായം പറഞ്ഞാണ് കേരളത്തിൽ സംവരണ സമുദായങ്ങളെ ബാധിക്കുന്ന രീതിയിൽ മുന്നാക്ക സംവരണം നടപ്പാക്കിയത്. തീർത്തും അശാസ്ത്രീയമായാണ് കേരളം ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. പിന്നാക്ക വിഭാഗങ്ങൾ ഒരുകാലത്ത് പുറംതള്ളപ്പെട്ടതിനേക്കാൾ മോശമായ രീതിയിലാണ് ഇപ്പോൾ പുറംതള്ളപ്പെടുന്നത്. സംവരണത്തിൽ സാമ്പത്തിക മാനദണ്ഡം സ്വീകരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രിം കോടതി തന്നെ പറഞ്ഞതാണ്. -നേതാക്കൾ പറഞ്ഞു.
മുന്നാക്ക സംവരണം നടപ്പാക്കിയപ്പോൾ വിദ്യാഭ്യാസരംഗത്ത് നീതീകരിക്കാനാവാത്ത വലിയ അന്തരം മുന്നാക്ക പിന്നാക്ക വിഭാഗങ്ങളുടെ സീറ്റുകൾ തമ്മിൽ ഉണ്ടായിട്ടുണ്ട്. മെഡിക്കൽ പി.ജി പ്രവേശനം ഇതിനുദാഹരണമാണ്. ഈഴവർക്ക് മൂന്ന് ശതമാനവും മുസ്്ലിംകൾക്ക് രണ്ടു ശതമാനവും മറ്റുപിന്നാക്ക ഹിന്ദുക്കൾക്ക് ഒരു ശതമാനവും സംവരണം ഉള്ളപ്പോൾ മുന്നാക്ക വിഭാഗങ്ങൾക്ക് 10 ശതമാനമാണ് സംവരണം. എം.ബി.ബി.എസ്, ഹയർസെക്കന്ററി എന്നിവയിലെല്ലാം ഈഴവർക്ക് ഒമ്പത് ശതമാനവും മുസ്്ലിങ്ങൾക്ക് എട്ട് ശതമാനവും മാത്രമേ സംവരണം ഉള്ളൂ. എന്നാൽ ജനസംഖ്യാനുപാതികമായി പിന്നിൽ നിൽക്കുന്ന മുന്നാക്കക്കാർക്ക് 10 ശതമാനം സംവരണം ഇവിടെയും ലഭിക്കുന്നു. ഇത് അർഹരുടെ അവകാശങ്ങളെ കവർന്നെടുക്കുന്നതാണെന്നും യോഗം വിലയിരുത്തി. കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങൾ ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ അനുസരിച്ച് മതപരമായി സംസ്‌കരിക്കാനുള്ള അനുമതി നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു. പെൺകുട്ടികളുടെ വിവാഹപ്രായം 21 വയസ്സാക്കാനുള്ള തീരുമാനം വ്യക്തിസ്വാതന്ത്ര്യത്തെയും മതപരമായ വിശ്വാസത്തെയും ഹനിക്കുന്നതാണെന്നും യോഗം വിലയിരുത്തി.
Leave A Comment