അൽഖാഇദ വേട്ട ഭരണം പിടിക്കാനുള്ള അടവോ?
അല്‍-ഖാഇദ ബന്ധം ആരോപിച്ച്‌ പശ്ചിമ ബംഗാള്‍ സ്വദേശികളായ 8 മുസ് ലിം യുവാക്കളെ എന്‍ഐഎ അറസ്റ്റ് ചെയ്തതിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന് വ്യക്തമാക്കി റിപ്പോർട്ട് സമർപ്പിച്ചിരിക്കുകയാണ് ബംഗാൾ സർക്കാർ നിയമിച്ച വസ്തുതാന്വേഷണ സംഘം. ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ കരുനീക്കമാണിതെന്ന് സംശയിക്കുന്നതായും വസ്തുതാന്വേഷണ സംഘം വെളിപ്പെടുത്തി.

പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് സന്ദര്‍ശിച്ച മനുഷ്യാവകാശ സംഘടനയായ അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ്(എപിസിആര്‍) സംഘമാണ് എൻഐഎ അറസ്റ്റ് ചെയ്തത് പൂർണ്ണമായും നിരപരാധികളാണെന്ന് വ്യക്തമാക്കിയത്. അറസ്റ്റിനു പിന്നാലെ മുഖ്യമന്ത്രി മമതാ ബാനര്‍ജി ന്യൂനപക്ഷ പ്രീണനം ലക്ഷ്യമിട്ട് തീവ്രവാദ പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കുകയാണെന്ന ആരോപണവുമായി ആര്‍എസ്‌എസ് വര്‍ഗീയവല്‍ക്കരണത്തിനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.

ഏറെ കൊട്ടിഘോഷിച്ചു കൊണ്ടാണ് കേരളത്തിൽ എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ നിന്നും 8 ബംഗാളികളെ അൽഖാഇദ ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തിരുന്നത്. മാധ്യമങ്ങൾ ഒരിക്കൽ കൂടി തങ്ങളുടെ നിഷ്പക്ഷത മറന്ന കാഴ്ചയാണ് ഈ സംഭവത്തിന്റെ റിപ്പോർട്ട് വഴി കാണാനായത്. 'ഭീകരവാദികൾ പിടിയിൽ' എന്നാണ് ഒട്ടു മിക്ക പത്ര മാധ്യമങ്ങളും വാർത്ത കൊടുത്തത്. കുറ്റാരോപിതർ എന്ന് പറയുന്നതിനു പകരം ഭീകരവാദികൾ എന്ന് തീർപ്പു കൽപ്പിക്കുന്ന സമീപനമായിരുന്നു മാധ്യമങ്ങൾ സ്വീകരിച്ചത്. അല്ലെങ്കിലും തീവ്രവാദവും മുസ്‌ലിം പേരുകളും വന്നാൽ ഏറ്റവും സെൻസേഷനായ വാർത്തയായിരിക്കും അതെന്ന് ബോധ്യമുണ്ടായിരുന്ന മാധ്യമങ്ങളൊക്കെ അവസരം പൂർണമായും വിനിയോഗിച്ചു. അതിനിടെ അവരുടെ വീടുകളിൽ ചെന്ന് പോലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയതാണ് ഏറെ രസാവഹം. രഹസ്യ അറയുണ്ടെന്ന് പോലീസ് കണ്ടെത്തിയ ഭാഗത്തെക്കുറിച്ച് ഒരാളുടെ ഭാര്യ പ്രതികരിച്ചത് അത് കക്കൂസ് ടാങ്കാണ് എന്നാണ്.

ഇതോടെ എൻഐഎയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. കേരളത്തിലും ബംഗാളിലും പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും അധികാരത്തിലെത്താൻ ശ്രമിക്കുന്ന ബിജെപിയുടെ പൊറാട്ട് നാടകം ആയിട്ട് മാത്രമേ ഈ നടപടിയെ കാണാൻ സാധിക്കുകയുള്ളൂ. തീവ്രവാദികൾ ഉണ്ട് എന്ന് പറഞ്ഞ് പരമാവധി വർഗീയ വിഷം കുത്തിവെച്ച് കേരളത്തിലും ബംഗാളിലും വർഗീയ കാർഡ് ഇറക്കാനാണ് ബിജെപിയുടെ ശ്രമം. ഈ വാർത്ത പുറത്തു വരുന്ന സന്ദർഭത്തിൽ തന്നെയാണ് ഇന്ത്യയുടെ തന്ത്രപ്രധാനമായ വിവരങ്ങൾ ചൈനക്ക് കൈമാറിയതിന്റെ പേരിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഓഫീസിൽ ജോലി ചെയ്തിരുന്നയാൽ അറസ്റ്റ് ചെയ്യപെട്ടത്. അതിർത്തിയിൽ ഇന്ത്യ – ചൈന പോര് മുറുകവെ, ഇന്ത്യൻ പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട വിവരങ്ങൾ ചൈനക്ക് ചോർത്തി നൽകിയ ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫ്രീലാൻസ് ജേർണലിസ്റ്റ് ആയ രാജീവ് ശർമയെ ഡൽഹി സ്പെഷ്യൽ സെൽ ആണ് അറസ്റ്റ് ചെയ്തത്.

ചൈനീസ് സർക്കാരിന്റെ ഔദ്യോഗിക മാധ്യമമായ ഗ്ലോബൽ ടൈംസിന്റെ മറവിൽ ഇയാൾ പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട രഹസ്യ രേഖകൾ ചൈനീസ് ഇന്റലിജൻസ് ഏജൻസികൾക്ക് ചോർത്തി നൽകിയെന്ന ഞെട്ടിക്കുന്ന കണ്ടെത്തലുകളാണ് പുറത്തുവന്നിരിക്കുന്നത്. ഔദ്യോഗിക രഹസ്യ നിയമ പ്രകാരമാണ് ചൈനീസ് ഇന്റലിജൻസിന് വേണ്ടി പ്രവർത്തിക്കുന്നതെന്ന് സംശയിക്കുന്ന ക്വിംഗ് ഷി എന്ന ചൈനീസ് സ്ത്രീയേയും ഷെർ സിംഗ് ( രാജ് ബൊഹ്റ) എന്ന നേപ്പാളി പൗരനേയും സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തത്. ഇവരുടെ അറസ്റ്റ്. നിരവധി മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും രഹസ്യ സ്വഭാവമുള്ള ചില രേഖകളും ഉൾപ്പടെയാണ് പൊലീസ് ഇവരെ പിടികൂടിയത്.

2010- 2014 സമയത്ത് ഗ്ലോബൽ ടൈംസിൽ ശർമ എഴുതിയിരുന്ന കോളങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ചൈനയിലെ കുൻമിംഗ് നഗരത്തിൽ നിന്നും മൈക്കൾ എന്നയാൾ ശർമയുമായി ബന്ധപ്പെട്ടത്. തുടർന്ന് ശർമയെ ചൈനീസ് മാദ്ധ്യമത്തിലേക്കുള്ള ഇന്റർവ്യൂവിനായി ചൈനയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ഇവിടെ വച്ചാണ് മൈക്കിളും അയാളുടെ കീഴുദ്യോഗസ്ഥനായ ക്സോ എന്നയാളും ശർമയോട് ഇന്ത്യ – ചൈന ബന്ധത്തെ സംബന്ധിച്ച വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെട്ടത്. ഡോക്‌ലാം ഉൾപ്പെടെയുള്ള ഇന്ത്യ – ചൈന – ഭൂട്ടാൻ അതിർത്തി ഭാഗങ്ങളിലെ ഇന്ത്യൻ സേനാവിന്യാസത്തെ സംബന്ധിച്ചും മ്യാൻമർ – ഇന്ത്യാ സേനാ സഹകരണത്തെ സംബന്ധിച്ചുള്ള വിവരങ്ങൾ 500 ഡോളർ വീതം പ്രതിഫലമായി ഇയാൾ ചൈനീസ് ഇന്റലിജൻസിന് ചോർത്തി നൽകിയെന്നാണ് സംശയിക്കുന്നത്.

2019 ഇത്തരത്തിൽ 30 ലക്ഷം രൂപയാളം ഇയാൾ കൈപ്പറ്റിയെന്നും പൊലീസ് പറയുന്നു. 2019 ജനുവരിയിൽ കുൻമിംഗ് നഗരത്തിൽ തന്നെയുള്ള ജോർജ് എന്ന പേരിലെ ചൈനീസ് ഉദ്യോഗസ്ഥനെയും ശർമ പരിചയപ്പെട്ടു. ഒരു ചൈനീസ് മീഡിയ കമ്പനിയുടെ ജനറൽ മാനേജർ എന്ന പേരിലാണ് ജോർജ് പരിചയപ്പെടുത്തിയത്. കാഠ്മണ്ഡു വഴിയാണ് ശർമ ജോർജിനെ കാണാൻ കുൻമിംഗിൽ എത്തിയത്. ഇവിടെ വച്ചാണ് ദലൈലാമയെ സംബന്ധിച്ച വിവരങ്ങൾ എഴുതാനും തങ്ങൾക്ക് കൈമാറാനും ജോർജ് ശർമയോട് ആവശ്യപ്പെട്ടത്. ഓരോ ആർട്ടിക്കിളിനും 500 ഡോളർ വീതം പ്രതിഫലം വാഗ്ദാനം ചെയ്തു.

ഇന്ത്യ-ചൈന അതിർത്തി തർക്കം രൂക്ഷമായ സാഹചര്യത്തിൽ പോലും രാജ്യ രഹസ്യങ്ങൾ ഒറ്റിക്കൊടുത്ത ഈ രാജ്യദ്രോഹിയെ കുറിച്ച് പക്ഷേ മുൻനിര മാധ്യമങ്ങൾക്ക് കൂടുതൽ പറയാനോ രാത്രി ചർച്ചകൾ നടത്താനോ വലിയ താൽപര്യമില്ലെന്ന് നാം കണ്ടതാണ്. എന്നാൽ സെപ്റ്റിക് ടാങ്കുകളിൽ രഹസ്യ അറകൾ കണ്ടെത്താൻ കഴിയുന്ന മിടുക്കുള്ള എൻഐഎക്ക് പക്ഷേ ചൈനയെ സഹായിക്കുന്നത് കൊണ്ടൊന്നും വലിയ പ്രശ്നമില്ല. മഞ്ഞ കണ്ണട വെച്ച് കൊണ്ടാണ് ഇന്ത്യയിൽ ഭീകരതക്ക് നിർവചനം നൽകുന്നത്. പച്ചക്ക് രാജ്യത്തെ ഒറ്റുകൊടുത്തവനെ ഭീകരവാദിയെന്ന് വിളിക്കാതെ പകലന്തിയോളം കഷ്ടപ്പെട്ട് കുടുംബത്തെ പോറ്റാൻ വാർപ്പ് മണിക്ക് പോവുന്ന പാവങ്ങളെ ഭീകരവാദിയാക്കുന്ന ഈ പ്രവണത രാജ്യത്തെ കൊലക്ക് കൊടുക്കുന്നതാണെന്ന് എന്നാണാവോ അധികാര വർഗ്ഗം തിരിച്ചറിയുക.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter