ഇരകള്‍ ഐക്യപ്പെട്ടാല്‍ ഇന്ത്യയില്‍ ഫാസിസത്തിനും മാക്‌സിസത്തിനും ഇടമില്ല
ബാംഗ്ലൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്തുന്ന അഭിഭാഷകനായ ഇഖ്ബാല്‍ അഹ്മദ് ശരീഫ് ദളിത് മുസ്‌ലിം ഐക്യത്തിനു വേണ്ടി വാദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. ഉറുദുവില്‍ നിരവധി ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. അദ്ദേഹവുമായി പ്രമുഖ എഴുത്തുകാരന്‍ യോഗീന്ദര്‍ സിക്കന്ത് നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍. ഇതിലദ്ദേഹം മുസ്‌ലിങ്ങള്‍ ഇന്ത്യയില്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും ദളിത്-മുസ്‌ലിം ഐക്യത്തിന്റെ അനിവാര്യതയെക്കുറിച്ചും വ്യക്തമാക്കുകയാണ്. അപ്രകാരം തന്നെ ഇന്ത്യയില്‍ മാര്‍ക്‌സിസം എന്തുകൊണ്ടാണ് പരാജയപ്പെട്ടതെന്നും ഇന്ത്യയിലെ മുസ്‌ലിം നേതൃത്വത്തിന്റെ അവസ്ഥാവിശേഷങ്ങളെക്കുറിച്ചും ജമാഅത്തെ ഇസ്‌ലാമിയുടെ കാര്യബോധമില്ലാത്ത പൊളിറ്റിക്കല്‍ ഐഡിയോളജിയെക്കുറിച്ചുമെല്ലാം കൃത്യമായി ഈ അഭിമുഖത്തിലൂടെഅദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
സിക്കന്ദ്: ദളിത്-മുസ്‌ലിം ഐക്യവുമായി ബന്ധപ്പെട്ട പ്രസ്ഥാനങ്ങളിലേക്ക് താങ്കള്‍ എങ്ങനെയാണ് ആകൃഷ്ടനാകുന്നത്?
ഇഖ്ബാല്‍: സൂഫികളെക്കുറിച്ചും സൂഫിസത്തെക്കുറിച്ചുമുള്ള നിരന്തരമായ വായനയാണെന്റെ കാഴ്ചപ്പാട് ഈ രീതിയിലേക്ക് മാറ്റുന്നത്. ഇതിലൂടെയാണ് ദലിത് മുസ്‌ലിം ഐക്യമെന്ന ചിന്താഗതിയുമായി ഞാന്‍ കടന്നുവരുന്നത്. സൂഫിസമെന്നത് മനുഷ്യനെ അതിരുകള്‍ക്കപ്പുറത്തേക്ക് കൂട്ടിക്കൊണ്ട് പോവുകയും മനുഷ്യനായി കണ്ട് അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കുകയുമാണ് ചെയ്തത്.
മതമോ ജാതിയോ പരിഗണിക്കാതെ പീഡിത സമൂഹത്തിന്റെ ഉന്നമനത്തിനും കണ്ണീരൊപ്പാനും സദാ ജാഗരൂകരായിരിക്കണമെന്നാണ് ഇതു പഠിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനു മുമ്പ് ഞാനൊരു ഗവണ്‍മെന്റ് ഉദ്യോഗസ്ഥനായിരുന്നു. മാര്‍ക്‌സിസവും അതിന്റെ ട്രേഡ് യൂനിയന്‍ പ്രവര്‍ത്തനങ്ങളും എന്നെ അഗാധമായി സ്വാധീനിച്ചിരുന്നു. മാര്‍ക്‌സിസത്തിന്റെ പ്രചാരകനായി ജീവിതം നയിക്കുന്നതില്‍ ഞാന്‍ വലിയ ആത്മാനന്ദം കണ്ടെത്തി. അതിനിടയിലാണ് ഞാന്‍ വി.ടി ചന്ദ്രശേഖറിന്റെ 'ഹൗ മാര്‍ക്‌സിസം ഫെയില്‍ഡ് ഇന്‍ ഹിന്ദു ഇന്ത്യ' എന്ന കൃതി വായിക്കാനിടയാകുന്നത്. വളരെയധികം ഇന്‍ട്രസ്റ്റീവായ പുസ്തകമാണത്. ബാംഗ്ലൂര്‍ കേന്ദ്രീകരിച്ച് പ്രസിദ്ധീകരിക്കുന്ന 'ദലിത് വോയ്‌സ്' എന്ന മാഗസിന്റെ എഡിറ്റര്‍ കൂടിയാണ് വി.ടി. ചന്ദ്രശേഖര്‍. ആ പുസ്തകമാണ് ഇന്ത്യയിലെ മാര്‍ക്‌സിസത്തെക്കുറിച്ചുള്ള എന്റെ സകല കാഴ്ചപ്പാടുകളും മാറ്റിമറിക്കുന്നത്. മാര്‍ക്‌സിസത്തെക്കാള്‍ ദലിത് മുസ്‌ലിം ഐക്യമാണ് ഇന്ത്യയുടെ മണ്ണില്‍ അനിവാര്യമായിരിക്കുന്നതെന്ന ചിന്ത എന്നില്‍ വികസിച്ചുവരുന്നത് അങ്ങനെയാണ്.
സിക്കന്ദ്: ഇന്ത്യയിലെ മാര്‍ക്‌സിസത്തെക്കുറിച്ച് എന്തൊക്കെയാണ് ആ പുസ്തകം വിവരിക്കുന്നത്?
ഇഖ്ബാല്‍: മാര്‍ക്‌സിസത്തിന്റെ ഇന്ത്യയിലെ അടിസ്ഥാന പ്രശ്‌നങ്ങളെയാണ് അദ്ദേഹം ഈ കൃതിയില്‍ ചൂണ്ടിക്കാണിക്കുന്നത്. ജാതിബോധം മനസ്സില്‍ കൊണ്ടുനടക്കുന്ന വരേണ്യവര്‍ഗത്തിന്റെ പാര്‍ട്ടിയായി ഇന്ന് ഇന്ത്യയിലെ മാര്‍ക്‌സിസം അധഃപതിച്ചിട്ടുണ്ട്. അവരുടെ താളത്തിനനുസരിച്ചാണ് മാര്‍ക്‌സിസത്തിന്റെ നിലപാടു രൂപീകരണങ്ങള്‍ നടക്കുന്നത്. മാര്‍ക്‌സിസ്റ്റുകള്‍, പുരോഗമന വാദികള്‍ തുടങ്ങിയ വിശേഷണങ്ങളിലറിയപ്പെടാന്‍ ഇവിടെ ആഗ്രഹിക്കുന്നവരും ഈ വിഭാഗം ആളുകള്‍ തന്നെ. ഇതു വഴി മാര്‍ക്‌സിസത്തിന്റെ അടിസ്ഥാനലക്ഷ്യത്തില്‍ തന്നെ വെള്ളം ചേര്‍ക്കപ്പെടുകയാണ്. ഇന്ത്യയിലെ എല്ലാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും കുഞ്ചികസ്ഥാനങ്ങളലങ്കരിക്കുന്നത് ഉന്നത ജാതിക്കാരായ ആളുകളാണ്.താഴ്ന്ന വിഭാഗക്കാര്‍ക്ക് പ്രവേശനമില്ലാത്ത രീതിയിലേക്ക് നേതൃസ്ഥാനങ്ങളുടെ വാതിലുകള്‍ കൊട്ടിയടക്കപ്പെട്ടിരിക്കുകയാണ്. ഈ പുസ്തകം വായിച്ചതിനു ശേഷമാണിത്തരം കാര്യങ്ങളെക്കുറിച്ചുള്ള തിരിച്ചറിവുകള്‍ എന്നിലുടലെടുക്കുന്നത്. ഇതിനു ശേഷമാണ് ഞാന്‍ താഴ്ന്ന ജാതിക്കാര്‍ക്കും മറ്റ് അധഃകൃത വിഭാഗത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലേക്ക് മുന്നിട്ടിറങ്ങുന്നത്. രാജശേഖറിന്റെ ഇത്തരം ആശയങ്ങളുയര്‍ത്തിപ്പിടിക്കുന്ന നിരവധി പുസ്തകങ്ങള്‍ മുസ്‌ലിങ്ങള്‍ക്ക് ഇത്തരം രീതിശാസ്ത്രങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കാന്‍ വേണ്ടി ഉറുദുവിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്.അദ്ദേഹത്തിന്റെ ആശയങ്ങളുടെ പ്രചാരമായിരുന്നു ഇതിലൂടെ ലക്ഷ്യം വച്ചത്.
സിക്കന്ദ്: ഹിന്ദു സമൂഹത്തിലെ ഉന്നതജാതിക്കാരെയും ബ്രാഹ്മണിസത്തെയുമെല്ലാം നിശിതമായി വിമര്‍ശിച്ച രാജശേഖരന്‍ പലപ്പോഴും മുസ്‌ലിങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ജമാഅത്തെ ഇസ്‌ലാമി,തബ്‌ലീഗ് ജമാഅത്ത് തുടങ്ങിയ നിരവധി ഗ്രൂപ്പുകളെ അതിശക്തമായി എതിര്‍ത്തിട്ടുണ്ട്. ഈ വിഭാഗങ്ങളെക്കുറിച്ച് അദ്ദേഹത്തിന്റെ വീക്ഷണങ്ങളെ താങ്കളെങ്ങനെയാണ് നിരീക്ഷിക്കുന്നത്?
ഇഖ്ബാല്‍: ഇസ്‌ലാമിന്റെ ആശയപ്രചാരണത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് ആണയിടുന്ന ഇത്തരം ഗ്രൂപ്പുകള്‍ യഥാര്‍ത്ഥത്തില്‍ ഇസ്‌ലാമിന്റെ യഥാര്‍ത്ഥമായ ആത്മാവിനെയല്ല പ്രതിനിധീകരിക്കുന്നത്.
ഇന്ത്യയിലെയും വടക്കനേഷ്യയിലെയും നിരവധി മുസ്‌ലിം ഇന്റലക്ചലുകള്‍ക്കിടയില്‍ പോലും സ്വാധീനം ചെലുത്തിയ ജമാഅത്തെ ഇസ്‌ലാമിയുടെ കാര്യമെടുത്ത് പരിശോധിക്കുക. ഈ അകംവായനയില്‍ പല സത്യങ്ങളും പുറത്തു വരും. ഹുകൂമത്തെ ഇലാഹി-ദൈവിക 'ഭരണം സ്ഥാപിക്കാന്‍ വേണ്ടി ഇറങ്ങിപ്പുറപ്പെട്ടവരാണവര്‍. തികച്ചും അസംബന്ധം നിറഞ്ഞ വാദമെന്നല്ലാതെ ഇതിനെയെന്താണു വിളിക്കുക? പ്രപഞ്ചം സൃഷ്ടിച്ചത് ദൈവമാണ്. ആ ദൈവം തന്നെയല്ലേ ഭൂലോകമൊന്നടങ്കം ഭരിക്കുന്നത്.പിന്നെ പ്രത്യേകിച്ചൊരു ദൈവികഭരണത്തെക്കുറിച്ച് ആവശ്യമുന്നയിക്കുന്നതെന്തിനാണ്? ജമാഅത്തുകാരുടെ വാദപ്രകാരം പ്രവാചകനും ശേഷമുള്ള നാലു ഖലീഫമാര്‍ക്കും ശേഷം യഥാര്‍ത്ഥ ഇസ്‌ലാമിക ഭരണം ലോകത്ത് നടന്നിട്ടില്ലെന്നാണ്. എന്താണിതു കൊണ്ടര്‍ത്ഥമാക്കുന്നത്. പ്രവാചകനു ശേഷമുള്ള കേവല 50 വര്‍ഷം കൊണ്ട് ഇസ്‌ലാം പരാജയപ്പെട്ടുവെന്നതാണോ? അതല്ലെങ്കില്‍ പ്രവാചകനു ശേഷം ഇന്നേവരെ 1400ലധികം കൊല്ലക്കാലം ഇവിടെ ജീവിച്ചുപോയവരൊന്നും യഥാര്‍ത്ഥ മുസ്‌ലിങ്ങളല്ലെന്നും ജമാഅത്തുകാര്‍ മാത്രം ശരിയെന്നുമുള്ള കാഴ്ചപ്പാടാണ് അവരെ ഇത്തരം വാദഗതികളുയര്‍ത്തുന്നതിലേക്ക് നയിക്കുന്നത്.യഥാര്‍ത്ഥത്തില്‍, നാലു ഖലീഫമാര്‍ പോലും വ്യത്യസ്ത വിഷയങ്ങളെ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് ഭരണം നടത്തിയത്. ഓരോരുത്തരുടെയും കാലത്തെ സാമൂഹികവും ചരിത്രപരവുമായ സാഹചര്യങ്ങള്‍ക്കനുസരിച്ചു മാത്രമാണ് ഖിലാഫത്ത് 'ഭരണം മുന്നോട്ടു പോയത്.കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിച്ച് 'ഭരണചക്രം തിരിച്ചുവെന്നതാണ് അവരെ സംബന്ധിച്ചിടത്തോളം ശരി. ഇതില്‍നിന്നു തന്നെ ഓരോ കാലത്തും അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ക്കും വ്യവസ്ഥിതികള്‍ക്കുമനുസരിച്ചാണ് ഭരണത്തിന്റെ നടപടിക്രമങ്ങളും രീതികളും തീരുമാനിക്കപ്പെടുകയെന്ന് നമുക്ക് മനസ്സിലാക്കാം. ഇസ്‌ലാമിക 'ഭരണ ചരിത്രമെടുത്ത് നോക്കിയാല്‍ ഇതു നമുക്ക് കൂടുതല്‍ വ്യക്തമാകുന്നതാണ്. ദൈവിക ഭരണവുമായി ബന്ധപ്പെട്ട ജമാഅത്തുകാരുടെ സിദ്ധാന്തങ്ങള്‍ എടുത്ത് പരിശോധിച്ചു നോക്കിയാല്‍ പ്രായോഗിക രീതിയില്‍ ആവിഷ്‌കരിക്കാന്‍ പ്രയാസകരമായ ഉട്ടോപ്യന്‍ ചിന്താഗതികളുടെ സമാഹാരമാണെന്ന് അനുഭവപ്പെടുന്നതാണ്.
സിക്കന്ദ്: ദൈവിക ഭരണമെന്നതിലൂടെ ജമാഅത്തെ ഇസ്‌ലാമി ലക്ഷ്യം വക്കുന്നത് ഇസ്‌ലാമിക ശരീഅത്തിനനുസരിച്ചുള്ള ഭരണവ്യവസ്ഥിതിയാണ്. മറ്റുപല ഇസ്‌ലാമിക ഗ്രൂപ്പുകളും സമാന ആശയവുമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനെയെങ്ങനെയാണ് താങ്കള്‍ കാണുന്നത്?
ഇഖ്ബാല്‍: ഇസ്‌ലാമിന്റെ അന്തസത്തയുള്‍ക്കൊളളുന്ന രീതികളിലുള്ള ഭരണവ്യവസ്ഥിതിയെയാണ് ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നത്. ഉദാഹരണത്തിന് ഇസ്‌ലാമിക നിയമ വ്യവസ്ഥിതിയിലെ രാഷ്ട്രീയമെന്ന് പറയുമ്പോള്‍ അത് സാമൂഹിക നീതിയും സമത്വവും ജാതി മത വര്‍ഗ വര്‍ണ വിവേചനരഹിതവുമായ സമീപനത്തെയാകണം ആവിഷ്‌കരിക്കേണ്ടതും പ്രായോഗിക വല്‍ക്കരിക്കേണ്ടതും. മയമില്ലാത്തതും കടുത്തതുമായ സമീപനം ഇവിടെ സ്വീകരിക്കപ്പെടരുത്. എന്നാല്‍, ജമാഅത്തുകാരുടെ ആശയം ഈ രീതിയിലല്ല വികസിപ്പിച്ചെടുത്തിരിക്കുന്നത്. രാഷ്ട്രീയമടക്കമുള്ള വിഷയത്തില്‍ കടുത്ത സമീപനം പാടില്ലെന്ന് പ്രവാചകന്‍(സ)പഠിപ്പിച്ചിട്ടുണ്ട്. വിശ്വാസത്തിന്റെ കാര്യത്തില്‍ നിര്‍ബന്ധം പാടില്ലെന്നതാണ് ഖുര്‍ആന്റെ തേട്ടം. ആരെയും നിര്‍ബന്ധിച്ച് മതത്തില്‍ ചേര്‍ക്കേണ്ടതില്ലെന്നും സത്യാശയങ്ങള്‍ സമര്‍പ്പിച്ച ശേഷം അത് തെരഞ്ഞെടുക്കാന്‍ സ്വാതന്ത്യം വകവച്ച് കൊടുക്കുകയെന്നതുമാണ് ഇസ്‌ലാമിക കാഴ്ചപ്പാട്. യഥാര്‍ത്ഥ ഇസ്‌ലാമിക രാഷ്ട്രീയത്തില്‍ ഈ സ്വാതന്ത്യം അനുവദിച്ച് കൊടുക്കപ്പെടേണ്ടത് അനിവാര്യമാണ്. ഈ അവകാശത്തെ ഹനിക്കുന്ന നിലയിലാകരുത് നിയമനിര്‍മാണങ്ങളൊന്നും.
ഇസ്‌ലാമിക രാഷ്ട്രീയമെന്താണെന്ന് പ്രവാചകന്‍(സ)യും തുടര്‍ന്ന് ഭരണം നടത്തിയ നാലു ഖലീഫമാരും കാണിച്ചുതന്നിട്ടുണ്ട്.സഹിഷ്ണുതയുടെയും മതസ്വാതന്ത്യത്തിന്റെയും നിരവധി ചിത്രങ്ങള്‍ അവിടെ നിന്നും നമുക്ക് ദര്‍ശിക്കാനാകും. നബി(സ) മദീനാ പള്ളിയില്‍ ക്രിസ്ത്യന്‍ സംഘത്തിനു പ്രാര്‍ത്ഥനക്ക് അവസരം നല്‍കിയതായി കാണാം. ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ മഹിതമായ ഒരു ചിത്രം മഹാനായ ഖലീഫ ഉമര്‍(റ)ന്റെ ജീവിതത്തില്‍ കാണാം. നിസ്‌കാരത്തിനു സമയമായപ്പോള്‍ ക്രിസ്ത്യന്‍ പുരോഹിതന്മാര്‍ അവരുടെ കേന്ദ്രമായ ജറുസലേം പള്ളിയില്‍ വച്ച് ആരാധന നിര്‍വഹിക്കാന്‍ വേണ്ടി ഉമര്‍(റ)നോട് ആവശ്യപ്പെട്ടപ്പോള്‍ അതിനു തയ്യാറാകാതെ മഹാന്‍ ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. മാത്രമല്ല, അദ്ദേഹം ഇപ്രകാരം പറയുകയും ചെയ്തു: ''ഞാന്‍ നിങ്ങളുടെ ഈ പള്ളിയില്‍ വച്ച് ആരാധന നിറവേറ്റിക്കഴിഞ്ഞാല്‍ ഭാവിയില്‍ എന്റെ മതത്തില്‍ പെട്ട ആരെങ്കിലും ഇത് ഞങ്ങളുടെ ഖലീഫ നിസ്‌കരിച്ച കേന്ദ്രമാണ്. അതുകൊണ്ട് ഞങ്ങള്‍ക്ക് അവകാശപ്പെട്ടതാണ് എന്ന വാദമുയര്‍ത്തി കടന്നുവന്നേക്കാം. അതിനുള്ള അവസരമൊരുക്കാതിരിക്കാനാണ് ഞാന്‍ ഇവിടെ വച്ച് നിസ്‌കരിക്കാത്തത്. ഇതും പറഞ്ഞ് മഹാന്‍ ആ ചര്‍ച്ചിന്റെ മുറ്റത്തുവച്ചാണ് നിസ്‌കരിച്ചത്. ഇത്തരം രീതികളും ജമാഅത്ത് ലക്ഷ്യം വക്കുന്ന രീതിയും തമ്മില്‍ വലിയ അന്തരമാണുള്ളത്. അങ്ങനെയാകുമ്പോള്‍ ഇത്തരം സംഘ
ടനകളുടെ ആവശ്യങ്ങളെ നമുക്കെങ്ങനെ അംഗീകരിച്ചു കൊടുക്കാനാകും.
സിക്കന്ദ്: സ്പിരിറ്റ് ഓഫ് ഇസ്‌ലാം(ഇസ്‌ലാമിന്റെ ആത്മാവ്) ഫോം ഓഫ് ഇസ്‌ലാം (ഇസ്‌ലാമിന്റെ ബാഹ്യരൂപം) എന്നീ രണ്ട് രീതികളെ നിങ്ങള്‍ പലപ്പോഴും അവതരിപ്പിക്കാറുണ്ട്. ഇതിനിടയിലെ വ്യത്യാസങ്ങള്‍ എന്തൊക്കെയാണ്?
ഇഖ്ബാല്‍: ജമാഅത്തെ ഇസ്‌ലാമി, തബ്‌ലീഗ് ജമാഅത്ത് അടക്കമുള്ള പ്രസ്ഥാനങ്ങള്‍ പ്രതിനിധീകരിക്കുന്നത് ഇസ്‌ലാമിന്റെ ബാഹ്യ വശത്തെ മാത്രമാണ്. ഇവകളെല്ലാം ഇസ്‌ലാമിന്റെ യഥാര്‍ത്ഥ ആത്മാവില്‍നിന്നു അതി വിദൂരത്താണുള്ളത്. ഒരാള്‍ എങ്ങനെ ഭക്ഷിക്കണം, വസ്ത്രധാരണ നടത്തണം, ഉറങ്ങണം തുടങ്ങിയ ബാഹ്യമായ രീതികളില്‍ ഇസ്‌ലാമികമായ ഐഡന്റിറ്റി കാത്തുസൂക്ഷിക്കേണ്ടതിന്റെ അനിവാര്യതകളെക്കുറിച്ച് സംസാരിക്കുകയും ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുകയാണ് ഇത്തരം സംഘടനകളുടെ ആത്യന്തിക ലക്ഷ്യം. എന്നാല്‍ വിശുദ്ധ ഖുര്‍ആനില്‍ ഭൂരിഭാഗം സ്ഥലങ്ങളിലും ആത്മീയതയെ ക്കുറിച്ചും വിശ്വാസ സംഹിതകള്‍ നേരെയാക്കേണ്ടതിനെപ്പറ്റിയുമാണ് പ്രതിപാദിക്കുന്നത്. അപ്രകാരം തന്നെ സൈക്കോളജി, ഫിസിക്‌സ്,ബയോളജി, ബോട്ടണി തുടങ്ങിയവയെക്കുറിച്ചും ഖുര്‍ആനില്‍ പരാമര്‍ശങ്ങള്‍ കാണാം. അതുപോലെത്തന്നെ വിവേചനങ്ങള്‍ക്കധീതമായി പീഡിതര്‍ക്കു വേണ്ടിയും സാമൂഹിക നീതിക്കു വേണ്ടിയും പ്രവര്‍ത്തിക്കാനുമുള്ള ആഹ്വാനങ്ങളും ഖുര്‍ആന്‍ നടത്തുന്നുണ്ട്. ഇസ്‌ലാമിന്റെ ബാഹ്യരൂപേണയുള്ള അടയാളങ്ങള്‍ കാത്തുസൂക്ഷിക്കുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പത്തില്‍ ഒമ്പത് ശതമാനവും ഒഴിവാക്കി ഒരു ശതമാനത്തെ മാത്രം പിന്തുടരുന്നതിനു തുല്യമാണ്. ഇസ്‌ലാമില്‍ ഹുഖൂഖുല്‍ ഇബാദും ഹുഖൂഖുല്ലാഹ് എന്നതും ഒരേ പ്രാധാന്യത്തോടെത്തന്നെ കാണേണ്ട വസ്തുതകളാണ്. മനുഷ്യനോടുള്ള ബാധ്യതകള്‍ നിറവേറ്റാതെ ദൈവത്തോടുള്ള ബാധ്യതകള്‍ നിറവേറ്റുന്നതിലര്‍ത്ഥമില്ല. നേരത്തേ പറഞ്ഞ പല പ്രസ്ഥാനങ്ങള്‍ക്കും ഇവിടെയാണ് അബദ്ധങ്ങള്‍ പിണഞ്ഞത്.
സിക്കന്ദ്: ദലിത് മുസ്‌ലിം ഐക്യത്തിലേക്കുള്ള സാധ്യതകള്‍ എത്രത്തോളമാണ്. പ്രത്യേകിച്ചും അതിനു വേണ്ടി പ്രവര്‍ത്തിക്കുന്നൊരു അഡ്വക്കറ്റാണല്ലോ താങ്കള്‍.
ഇഖ്ബാല്‍: ഇന്ത്യയിലെ പീഡിത വര്‍ഗങ്ങള്‍ ഒന്നടങ്കം ഐക്യപ്പെടേണ്ടത് അനിവാര്യമായ കാലഘട്ടത്തിലാണു നാം ജീവിക്കുന്നത്. പ്രത്യേകിച്ചും മുസ്‌ലിങ്ങളും ദളിത് വിഭാഗങ്ങളും തമ്മില്‍. ഇതിലൂടെ മാത്രമേ ഇന്ത്യക്ക് വിജയിക്കാനാവുകയുള്ളൂ.ബ്രാഹ്മണിസത്തിന്റെ പീഡനപര്‍വങ്ങള്‍ക്കിരകളാണ് മുസ്‌ലിങ്ങളും ദലിതരും. ബ്രാഹ്മണ മേധാവിത്വ മതത്തിന്റെ യാതനകള്‍ കൊണ്ട് പൊറുതി മുട്ടിയ താഴ്ന്ന വിഭാഗക്കാരായ ആളുകള്‍ ഇസ്‌ലാം സ്വീകരിക്കുകയാണ് ചെയ്തത്. ഇന്നത്തെ ഇന്ത്യന്‍ മുസ്‌ലിങ്ങളുടെ കുറച്ച് തലമുറകള്‍ക്കപ്പുറത്ത് ഒരുപക്ഷേ ഏതെങ്കിലും താഴ്ന്ന വിഭാഗത്തില്‍ പെട്ട ഹിന്ദുവിശ്വാസികളായേക്കാം. 89ഇന്ന് പീഡനങ്ങള്‍ നേരിടുന്ന മുസ്‌ലിങ്ങള്‍ക്കും ദളിത് വിഭാഗങ്ങള്‍ക്കും ഏറ്റവും നല്ല മാര്‍ഗം യോജിപ്പിന്റെ മേഖലകള്‍ കണ്ടെത്തി ഐക്യപ്പെടുകയെന്നതാണ്. ഇരകളുടെ ഐക്യം ശത്രുക്കളെ ഭയപ്പെടുത്തിയേക്കാം. പക്ഷേ, ഇത് ഉന്നതകുലജാതികളില്‍ പെട്ട ആളുകള്‍ കണ്ണടച്ച് എതിര്‍ക്കും. ഇരകള്‍ ഐക്യപ്പെടുന്നത് പുരോഗമനത്തിന്റെയും സെക്കുലറിസത്തിന്റെയും കുപ്പായമിട്ട വരേണ്യ വര്‍ഗത്തിന് സഹിക്കാവുന്നതിലപ്പുറമാണെന്നതിനു പുറമെ അവരെ ശല്യപ്പെടുത്തുന്നതുമായിരിക്കും.
വ്യത്യസ്ത നാടുകളില്‍ ബ്രാഹ്മണ മേധാവിത്വത്തില്‍ നിന്നു മുക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ രൂപീകരിച്ച് മുസ്‌ലിങ്ങളും ദളിതരും പ്രാദേശിക രാഷ്ട്രീയപാര്‍ട്ടികള്‍ രൂപീകരിക്കുകയും പൊതു ശത്രുവിനെതിരേ ഐക്യപ്പെടുകയുമെന്നത് വലിയ തോതില്‍ സ്വാധീനിക്കുമെന്ന കാര്യം സുവിദിതമാണ്. പക്ഷേ ഇത് സംഭവിക്കാതിരിക്കേണ്ടത് വരേണ്യ വര്‍ഗത്തിന്റെ ആവശ്യമാണുതാനും. ഈ രണ്ട് വിഭാഗത്തിനിടയിലുള്ള അന്തരം വര്‍ദ്ധിപ്പിക്കാനുള്ള കുടില ശ്രമങ്ങളാണ് അവരുടെ ഭാഗത്തുനിന്നുമുണ്ടാവുക. കാരണം, ഈ ഐക്യബോധം ബ്രാഹ്മണ മേധാവിത്വത്തെ തകര്‍ക്കുമെന്നതു തന്നെ.
സിക്കന്ദ്: ദളിതര്‍ ഇസ്‌ലാമിലേക്ക് മതപരിവര്‍ത്തനം നടത്തിയാല്‍ മാത്രമേ അവരുമായി ഐക്യശ്രമങ്ങള്‍ നടത്താന്‍ സാധിക്കുകയുള്ളൂയെന്ന് ചില മുസ്‌ലിങ്ങള്‍ കരുതുന്നുണ്ട്. അതുപോലെ തന്നെ ദലിത്-മുസ്‌ലിം ഐക്യത്തിനു വേണ്ടിയുള്ള പ്രസ്ഥാനങ്ങള്‍ മതപരിവര്‍ത്തനമെന്ന ലക്ഷ്യം കൂടി മുന്നോട്ടു വച്ച് കൊണ്ടാണിവിടെ പ്രവര്‍ത്തിക്കുന്നതെന്നും ചിലര്‍ വ്യാഖ്യാനിക്കുന്നുണ്ട്. സത്യത്തില്‍ ഇത്തരം കാഴ്ചപ്പാടുകളെ താങ്കളെങ്ങനെയാണ് നിരീക്ഷിക്കുന്നത്?
ഇഖ്ബാല്‍: കേവലം തെറ്റിദ്ധാരണയുടെ മാത്രം സൃഷ്ടിയാണ് ഇത്തരം ആലോചനകളും ചിന്തകളും. അവകാശങ്ങള്‍ നേടിയെടുക്കാനുള്ള പോരാട്ട ഭൂമിയില്‍ ഒന്നുചേരാന്‍ ദളിതര്‍ക്ക് ഇസ്‌ലാമിലേക്ക് മതപരിവര്‍ത്തനം നടത്തേണ്ടത് അനിവാര്യമാണ് എന്ന വാദമുയര്‍ത്തുന്നത് യാഥാര്‍ത്ഥ്യങ്ങളെ കരിവാരിത്തേക്കുന്നതിനു തുല്യമാണ്. ഇവിടെ വിശ്വാസത്തിലല്ല ഐക്യപ്പെടുന്നത്, മറിച്ച് അവകാശങ്ങള്‍ നേടിയെടുക്കാനുള്ള സമരമുന്നണിയില്‍ മാത്രമാണ്. അല്ലെങ്കിലും വിശ്വാസത്തിന്റെ കാര്യത്തില്‍ കടുംപിടുത്തവും നിര്‍ബന്ധവും പാടില്ലെന്നാണല്ലോ ഖുര്‍ആനിക വിചാരം. മതത്തിന്റെ പരിഗണനകള്‍ കൂടാതെ പീഡനങ്ങളും പ്രയാസങ്ങളും അനുഭവിക്കുന്നവര്‍ക്കു വേണ്ടി മനുഷ്യത്വമുയര്‍ത്തിപ്പിടിച്ച് അവര്‍ക്ക് സഹായമായി പെയ്തിറങ്ങുകയെന്നത് വലിയ പുണ്യമുള്ള കാര്യമായാണ് ഇസ്‌ലാം എണ്ണുന്നത്. എങ്കില്‍ പിന്നെ മുസ്‌ലിംകളായാല്‍ മാത്രമേ അവരെ സഹായിക്കാന്‍ ഞങ്ങള്‍ രംഗത്തിറങ്ങുകയുള്ളൂയെന്ന് ശഠിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്.എന്റെ സുഹൃത്താകാന്‍ താല്‍പര്യമുണ്ടെങ്കില്‍ എന്റെ മകളെ കല്യാണം കഴിക്കണമെന്ന് പറയുന്നതിനു തുല്യമാണിത്.
സിക്കന്ദ്: പക്ഷേ, ദലിത്-മുസ്‌ലിം ഐക്യമെന്നുള്ളത് ഇന്നും വേണ്ടത്ര യാഥാര്‍ത്ഥ്യമായിട്ടില്ല. ഗുജറാത്തിലെ മുസ്‌ലിം വിരുദ്ധ ആക്രമണത്തില്‍ ദലിതരും പങ്കാളികളായിട്ടുണ്ട്. എങ്ങനെ കാണുന്നു.
ഇഖ്ബാല്‍: ശരിയാണ്. പക്ഷേ, അവര്‍ വരേണ്യവര്‍ഗത്തിന്റെ പ്രീണനങ്ങള്‍ക്കു വഴങ്ങിയാണത് ചെയ്തത്. സ്വന്തം ആധിപത്യത്തിനു ദലിത്-മുസ്‌ലിം ഐക്യം ഭീഷണിയാകുമെന്ന് കണ്ടാണ് അവര്‍ മുസ്‌ലിങ്ങള്‍ക്കെതിരില്‍ ചില ദലിതരെ തിരിച്ചുവിട്ടത്. രാഷ്ട്രീയത്തില്‍ പീഡിതരായ ആളുകളെ ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന തന്ത്രം പൊതുവെ പയറ്റാറുള്ളതാണ്. അവര്‍ ഐക്യപ്പെടാതിരിക്കാനുള്ള എല്ലാ കളികളും വരേണ്യവര്‍ഗം നടത്തും. ഗുജറാത്തിലും ദൃശ്യമായതും അതാണ്. നിങ്ങള്‍ അഭിപ്രായപ്പെട്ട പോലെ ഇവര്‍ തമ്മിലുള്ള ഐക്യം വേണ്ടത്ര സംഭവിച്ചിട്ടില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. അതിനു നിരവധി കാരണങ്ങളുണ്ട്.
സിക്കന്ദ്: ഇന്ത്യയിലെ സമകാലിക മുസ്‌ലിം നേതൃത്വത്തെ താങ്കളെങ്ങെനെയാണ് വിലയിരുത്തുന്നത്.
ഇഖ്ബാല്‍: മുസ്‌ലിങ്ങള്‍ക്ക് പൊതുവായി ഒരു നേതൃത്വം ഇന്ന് ഇന്ത്യയിലില്ല. രാജ്യത്തുടനീളം നിരവധി മുസ്‌ലിം സംഘടനകളുണ്ട്. ജമാഅത്തെ ഇസ്‌ലാമി, തബ്‌ലീഗ് ജമാഅത്ത്, ദയൂബന്ദി, ബറേല്‍വി തുടങ്ങിയ വിഭാഗങ്ങളെല്ലാം തങ്ങളുടെ ഓരോരുത്തരുടെയും കീഴില്‍ രാജ്യത്തെ മുസ്‌ലിങ്ങളൊന്നാകെ വരണമെന്ന് ആഗ്രഹിക്കുന്നവരും അതിനു വേണ്ടി പ്രവര്‍ത്തിക്കുന്നവരുമാണവര്‍. മുസ്‌ലിങ്ങള്‍ ഐക്യപ്പെടണമെന്ന് പ്രസംഗിക്കുന്നവരും സ്വന്തം നിലക്കു തന്നെ മുസ്‌ലിം സമൂഹത്തിനിടയില്‍ ഭിന്നതകള്‍ സൃഷ്ടിക്കുന്നവരുമാണീ സംഘടനകളെല്ലാം. ഈ മതവിഭാഗങ്ങള്‍ക്ക് മുസ്‌ലിം സമുദായത്തിനിടയില്‍ രാഷ്ട്രീയ ഐക്യം കൊണ്ടുവരാന്‍ സാധിക്കില്ലെന്നാണ് എന്റെ പക്ഷം.
സിക്കന്ദ്: ഈ പറയപ്പെട്ട മുസ്‌ലിം നേതാക്കള്‍ നമ്മുടെ രാജ്യത്തെ മുഴുവന്‍ മുസ്‌ലിങ്ങളെയും പ്രതിനിധീകരിക്കുന്നില്ലെന്നാണോ താങ്കള്‍ അര്‍ത്ഥമാക്കുന്നത്?
ഇഖ്ബാല്‍: തീര്‍ച്ചയായും.മുസ്‌ലിം സമുദായത്തെ ഒന്നടങ്കം ഫോക്കസ് ചെയ്യുന്ന രീതിയിലുള്ള നേതാക്കളല്ല ഇവരൊന്നും.ഒരു പ്രശ്‌നം വരുകയാണെങ്കില്‍ മാധ്യമങ്ങള്‍ ഇക്കൂട്ടരെയാണ് രാജ്യത്തെ മുസ്‌ലിംകളുടെ വികാരമറിയാന്‍ സമീപിക്കുന്നത്. അവര്‍ രാജ്യത്തെ 150-മില്ല്യണ്‍ മുസ്‌ലിങ്ങളുടെ ആളുകളായി സംസാരിക്കുകയും ചെയ്യുന്നു. ഇത് തികച്ചും അസാംഗത്യങ്ങള്‍ നിറഞ്ഞ നിലപാടാണ്.
നമ്മുടെ രാജ്യത്തെ മുസ്‌ലിങ്ങള്‍ പ്രാദേശികമായി വി'ജിക്കപ്പെട്ടവരും സംഘടിക്കപ്പെട്ടവരുമാണ്. ഇത് ഒരര്‍ത്ഥത്തില്‍ ഏറ്റവും സഹായകരമാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. കാരണം, ഓരോ നാട്ടിലെയും സാമൂഹിക സാഹചര്യങ്ങള്‍ വ്യത്യസ്തമായിരിക്കും. അതിനനുസരിച്ചുള്ള നിലപാടുകള്‍ രൂപീകരിക്കാന്‍ അതിലൂടെ സാധ്യമാകുന്നു. ഉദാഹരണമായി തമിഴ്‌നാട്ടിലെ മുസ്‌ലിങ്ങള്‍ ദ്രാവിഡ പാര്‍ട്ടികളുമായി ചേര്‍ന്നുപ്രവര്‍ത്തിക്കുക, അതുപോലെ ബീഹാറിലെ മുസ്‌ലിംകള്‍ യാദവന്മാരുമായും ദലിതരുമായും ഐക്യപ്പെടുക. ഈ രീതിയില്‍ പ്രാദേശികമായി ശക്തിപ്പെടുകയാണ് അഭികാമ്യമായിട്ടുള്ളത്.
സിക്കന്ദ്: ദലിത് മുസ്‌ലിം ഐക്യത്തിനു വേണ്ടിയുള്ള പ്രസ്ഥാനങ്ങള്‍ ഹൈന്ദവ വിരുദ്ധമാണെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. എന്താണ് സത്യം.
ഇഖ്ബാല്‍: ഹിന്ദു എന്നത് ഒരു രാഷ്ട്രീയ ബോധത്തെയാണ് അര്‍ത്ഥമാക്കുന്നത്. അല്ലാതെ, മതപരമായ രീതിയിലല്ല. അതു തന്നെ വരേണ്യ വര്‍ഗത്തെ മാത്രം പ്രതിനിധീകരിക്കുകയും ചെയ്യുന്നു. ബ്രാഹ്മണരല്ലാത്തവരെ നൂറ്റാണ്ടുകളോളം അടിമത്വത്തിനു വിധേയമാക്കി മേധാവിത്വ ശക്തികളായി ചമഞ്ഞ ചരിത്രമാണ് ബ്രാഹ്മണിസത്തിനു പറയാനുള്ളത്. ഒരു വേദഗ്രന്ഥത്തിലും ഹിന്ദു എന്ന പരാമര്‍ശം നമുക്ക് കണ്ടെത്താന്‍ കഴിയില്ല. ആ പദവും ആശയവും തമ്മില്‍ യാതൊരുവിധ ബന്ധവുമില്ല. ആ സമുദായത്തിലെ ഉന്നത കുലജാതിക്കാരെ വ്യക്തിപരമായി വിമര്‍ശിക്കുകയാണെന്നു കരുതരുത്. ദലിതര്‍ക്കും മുസ്‌ലിങ്ങള്‍ക്കും മറ്റു പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കും എതിരേ പ്രവര്‍ത്തിക്കുന്നവരും ചിന്തിക്കുന്നവരുമായ ആളുകളെയാണ് ഇവിടെ എതിര്‍ക്കുന്നത്. ഹിന്ദുത്വ ഐഡിയോളജിയിലൂടെ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ മുന്നിട്ടിറങ്ങുന്നവരാണ് ഇത്തരക്കാര്‍. അവരെ മാത്രമാണ് ദലിത് മൂവ്‌മെന്റുകള്‍ എതിര്‍ പക്ഷത്ത് നിര്‍ത്തുന്നത്.
വിവ. സലാം കൂട്ടാലുങ്ങല്‍
Leave A Comment