സേട്ട് സാഹിബ്: ഇന്ത്യൻ മുസ്‌ലിംകൾക്കായി ജീവിതം പോരാട്ടമാക്കിയ മഹാ മനീഷി

സേട്ട് സാഹിബ് ഓർമ്മയായിട്ട് ഈ ഏപ്രിൽ 27 ന് (27/04/2020) 15 വർഷം തികയുകയാണ്

ഇന്ത്യൻ മുസ്‌ലിംകളുടെ ശബ്ദമായി മൂന്നര പതിറ്റാണ്ട് പാര്‍ലമെന്‍റില്‍ ഇടിമുഴക്കം തീര്‍ത്ത, അവകാശങ്ങള്‍ക്ക് വേണ്ടി പടപൊരുതിയ ധീര നേതാവായിരുന്നു ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബ്.  ഇറാന്‍, ഇറാഖ്, ഫലസ്തീന്‍ വിഷയങ്ങളടക്കം അന്താരാട്രീയ മുസ്‌ലിം പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാനായി ശ്രമിച്ച മഹാനായ യുഗപുരുഷനെന്ന് അദ്ദേഹത്തെ സംശയലേശമന്യേ വിലയിരുത്താനാവും.

ഇന്ത്യന്‍ യൂണിയൻ മുസ്‌ലിം ലീഗിന്‍റെ ദേശീയ പ്രസിഡണ്ട് പദവി വരെയെത്തുകയും ഒടുവിൽ ബാബരി മസ്ജിദ് വിഷയത്തില്‍ ലീഗ് നേതൃത്വവുമായി പിരിഞ്ഞ് 1994 ല്‍ ഐ.എന്‍.എല്‍ രൂപീകരിക്കുകയും ചെയ്ത അദ്ദേഹം 2005 ഏപ്രിൽ 27 ന് മരണപ്പെടുന്നത് വരെ അതിന്‍റെ ബാനറില്‍ തന്നെയായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. കാലമെത്ര കഴിഞ്ഞാലും സേട്ട് സാഹിബ് എന്ന പേര് ഇന്ത്യന്‍ ന്യൂനപക്ഷ രാഷ്ട്രീയച്ചുമരില്‍ മായ്ച്ച് കളയാന്‍ കഴിയാത്ത വിധം സ്ഥിരപ്രതിഷ്ഠ നേടിയിട്ടുണ്ട്. 

ജനനവും വിദ്യാഭ്യാസവും

1922 നവംബര്‍ 3 ന് ബാംഗ്ലൂരിലെ ഒരു സമ്പന്ന കുടുംബത്തിലാണ് സേട്ട് സാഹിബിന്‍റെ ജനനം. മുഹമ്മദ് സുലൈമാന്‍ ആയിരുന്നു അദ്ദേഹത്തിന്‍റെ പിതാവ്. സാമ്പത്തിക ശാസ്ത്രത്തിലും ചരിത്രത്തിലും ബിരുദം നേടി അദ്ദേഹം മൈസൂരിലും കോലാറിലും അധ്യാപകനായി ജോലി ചെയ്തു. 1949 ല്‍ കൊച്ചി സ്വദേശിനിയായ മര്‍യം ഭായെ വിവാഹം ചെയ്തു. സര്‍ക്കാര്‍ മേഖലയിലുള്ള അധ്യാപകര്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ട് നില്‍ക്കണമെന്ന നിയമം പാസ്സാക്കപ്പെട്ടതോടെ തന്‍റെ ജീവിതദൗത്യം രാഷ്ട്രീയമാണെന്ന് തിരിച്ചറിഞ്ഞ് അധ്യാപക വൃത്തി രാജിവെക്കന്‍ അദ്ദേഹം തയ്യാറായി. 

രാഷ്ട്രീയത്തിലേക്ക്

വിദ്യാര്‍ഥി കാലത്ത് തന്നെ രാഷ്ട്രീയത്തില്‍ അദ്ദേഹം ആകൃഷ്ടനായിരുന്നു. 1948ൽ മുസ്‌ലിം ലീഗിന്‍റെ മൈസൂര്‍ യൂനിറ്റ് ജനറല്‍ സെക്രട്ടറിയായി രാഷ്ട്രീയത്തില്‍ വരവറിയിച്ചു. 1955 ല്‍ കൊച്ചിയിലേക്ക് താമസം മാറ്റിയ അദ്ദേഹം എറണാകുളം ജില്ലാ വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. 1960 ൽ മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി യായും 1962 ല്‍ സീതി സാഹിബിന് ശേഷം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായും 1973ല്‍ ദേശീയ അദ്യക്ഷനായും സേട്ട് സാഹിബ് ഉയര്‍ന്ന് വന്നു. പിന്നീടാണ് ഐ.ന്‍.എല്‍ രൂപീകരിക്കുന്നത്. ജിവിതാന്ത്യം വരെ പിന്നീട് ഈ പാര്‍ട്ടിയുടെ അദ്യക്ഷനായിത്തുടര്‍ന്നു.

പാര്‍ലമെന്‍റിൽ

1960 ല്‍ രാജ്യസഭയിലൂടെയായിരുന്നു പാര്‍ലമെന്‍റ് രാഷ്ട്രീയത്തിലേക്കുള്ള ആദ്യ ചുവട്. 1967 ല്‍ ആദ്യമായി ലോക്സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച് ജയിച്ചു. പിന്നീട് നീണ്ട 29 വര്ഷക്കാലം കോഴിക്കോട്, മഞ്ചേരി, പൊന്നാനി എന്നീ സീറ്റുകളെ പ്രതിനിധീകരിച്ച് പാര്‍ലമെന്‍റില്‍ മികവാര്‍ന്ന പ്രകടനം കാഴ്ച്ച വെച്ചു. മുസ്‌ലിം വിഷയങ്ങളിലെല്ലാം അദ്ദേഹം സജീവമായി പങ്കെടുക്കുകയും അവകാശങ്ങള്‍ നേടിയെടുക്കുകയും ചെയ്തു. ശാബാനു ബീഗം വിഷയത്തില്‍ ശരീഅത്തിനെതിരെ കോടതി വിധി വന്നപ്പോള്‍ അതിനെതിരെ രാജ്യവ്യാപകമായി മുസ്‌ലിം സംഘടനകളെ ഒന്നിപ്പിച്ച് നിര്‍ത്തി പാര്‍ലമന്‍റിനകത്തും പുറത്തും അദ്ദേഹം ശക്തമായ പോരാട്ടം നടത്തുകയും ഒടുവില്‍ രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ മുസ്‌ലിം സമുദായത്തിനനുകൂലമായി നിയമ നിര്‍മ്മാണം നടത്തുകയും ചെയ്തു. 

Also Read:അലി മിയാന്‍: പാണ്ഡിത്യത്തിന്റെ ഉജ്ജ്വല മുഖം

വായനയും സാഹിത്യവും നന്നായി ഇഷ്ടപ്പെടുന്ന വ്യക്തിയായിരുന്നു അദ്ദേഹം. പതിനായിരത്തോളം ഗ്രന്ഥങ്ങള്‍ അദ്ദേഹം വാങ്ങുകയും അതെല്ലാം തിരക്കുകള്‍ക്കിടയിലും വായിക്കാന്‍ സമയം കണ്ടെത്തുകയും ചെയ്തിരുന്നു. ഉറുദുവില്‍ വലിയ കഴിവുണ്ടായിരുന്ന അദ്ദേഹം ഉറുദു കവിശ്രേഷ്ഠരായ ഗാലിബ്, അല്ലാമാ ഇഖ്ബാല്‍ എന്നിവരെ തന്‍റെ പ്രസംഗത്തില്‍ നിരന്തരം ഉദ്ധരിക്കുമായിരുന്നു. 

ആള്‍ ഇന്ത്യാ മുസ്‌ലിം പേര്‍സണല്‍ ബോര്‍ഡ് അംഗമായിരുന്ന അദ്ദേഹം ശരീഅത്ത് സംരക്ഷണത്തിന് വേണ്ടി നടത്തിയ പോരാട്ടം നിസ്തുലമാണ്. കേന്ദ്ര ഹജ്ജ് കമ്മറ്റി അംഗവും അലിഗഡ് മുസ്‌ലിം യൂനിവേര്‍സിറ്റി ബോര്‍ഡ് അംഗവുമായും പ്രവര്‍ത്തിച്ചിരുന്നു. ഇന്ത്യന്‍ മുസ്‌ലിംകളുടെ കാവലാൾ ദേശീയ രാഷ്ട്രീയത്തിലേക്ക് കാലെടുത്ത് വെച്ച ഉടന്‍ തന്നെ ഇന്ത്യന്‍ മുസ്‌ലിംകള്‍ അനുഭവിക്കുന്ന സകല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാനായി അദ്ദേഹം കൃത്യമായ ഇടപെടലുകള്‍ നടത്തി. അനധികൃത കുടിയേറ്റ ബില്ല് പാര്‍ലമെന്‍റില്‍ അവതരിപ്പിക്കപ്പെട്ടപ്പോള്‍ അതിനെതിരെ ശക്തമായി പ്രതികരിച്ചു. ആസ്സാമിലായിരുന്നു ഈ ബില്ല് ഏറ്റവും ഭീഷണി സൃഷ്ടിച്ചിരുന്നത്. അതിനാല്‍ ബില്ല് പാസ്സാക്കപ്പെട്ടില്ല. ഇന്ന് ബി.ജെ.പി സര്‍ക്കാര്‍ ബില്ല് പാസ്സാക്കിയെടുത്തു. 40 ലക്ഷത്തോളം അനധികൃത കുടിയേറ്റക്കാരുണ്ടെന്നാണ് സര്‍ക്കാര്‍ കണ്ടെത്തിയത്. 

ഇന്ത്യയിലെ നിരവധി പ്രദേശങ്ങളില്‍ നടന്ന വര്‍ഗീയ കലാപങ്ങളില്‍ ഇരകളാക്കപ്പെട്ട മുസ്‌ലിംകള്‍ക്ക് വേണ്ടി അദ്ദേഹം അഹോരാത്രം പ്രവര്‍ത്തിച്ചു. 1962 ലെ ജഗല്‍പൂര്‍ കലാപം തുടര്‍ന്ന് ജംഷഡ്പൂര്‍, അഹ്മദാബാദ്, ബോംബെ, ഹൈദരാബാദ് കലാപങ്ങളെക്കുറിച്ചെല്ലാം പാര്‍ലമെന്‍റില്‍ ശക്തമായ വാദങ്ങള്‍ ഉന്നയിച്ചു. സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കേരളത്തിലെ സഖ്യകക്ഷിയായിരുന്നിട്ടും സര്‍ക്കാരിന്‍റെ നിരുത്തരവാദിത്തപരമായ നിലപാടുകള്‍ക്കെതിരെ ആഞ്ഞടിക്കുന്നതില്‍ അദ്ദേഹത്തിന് യാതൊരു മടിയുമുണ്ടായിരുന്നില്ല. ഈ പ്രദേശങ്ങളിലെല്ലാം അദ്ദേഹം മുസ്‌ലിം നേതാക്കള്‍ക്കൊപ്പം ആരെയും കൂസാതെ സന്ദര്‍ശനം നടത്തുകയും ഇരകള്‍ക്ക് സാന്ത്വനം നല്‍കുകയും ചെയ്തു. തന്‍റെ എല്ലാ വികാരവിക്ഷോപങ്ങളോടെയുമാണ് അദ്ദേഹം ഇവ്വിഷയങ്ങളില്‍ പാര്‍ലമെന്‍റില്‍ സംസാരിച്ചിരുന്നത്. അതിന് അദ്ദേഹം ആരെയും ഭയന്നിരുന്നില്ല. 

ശിയാ-സുന്നി മധ്യസ്ഥൻ

ഇന്ത്യയില്‍ സുന്നീ ശിയാ സംഘട്ടനങ്ങള്‍ വളരെ രൂക്ഷമായിരുന്നു. നിരന്തരമായി പോരടിച്ചിരുന്ന ഇരു വിഭാഗത്തെയും രജ്ഞിപ്പിലെത്തിക്കാനായി സേട്ട് സാഹിബ് ശ്രമിച്ചു. ഇരു കൂട്ടര്‍ക്കും പൊതു സമ്മതനായ ഒരേ ഒരു മധ്യസ്ഥന്‍ സേട്ട് സാഹിബ് മാത്രമായിരുന്നു. ഈ ഉദ്യമത്തില്‍ അദ്ദേഹം ലക്ഷ്യം കാണുക തന്നെ ചെയ്തു.

ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കിടയില്‍ അങ്ങനെ സുന്നീ-ശിയാ സംഘര്‍ഷങ്ങള്‍ക്ക് അറുതി വന്നു. ഇന്നും പാക്കിസ്ഥാനില്‍ ഈ സംഘര്‍ഷങ്ങള്‍ക്ക് യാതൊരു അയവും വന്നിട്ടില്ലെന്നത് അവിടെയുള്ള സ്ഫോടനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. 

ഇന്ദിരക്ക് മുന്നിൽ കുലുങ്ങാതെ

വര്‍ഗീയ കലാപങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന സേട്ട് സാഹിബിന്‍റെ നിലപാടുകള്‍ 1970 കളിലെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ ഐക്യരാഷ്ട്ര സഭയിലേക്കുള്ള ഇന്ത്യന്‍ പ്രതിനിധിയെന്ന പദവി ഇന്ദിര വെച്ച് നീട്ടിയെങ്കിലും അദ്ദേഹം അത് പൂര്‍ണ്ണമായി നിരസിച്ചു. അദ്ദേഹത്തിന്‍റെ സുഹൃത്തായ അബ്ദുല്‍ വാഹിദിനോട് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കാരണമാരായാന്‍ നിര്‍ദേശിച്ചപ്പോള്‍ ലഭിച്ച മറുപടി സേട്ട് സാഹിബിന്‍റെ സമുദായത്തോടുള്ള പ്രതിബദ്ധതയുടെ ആഴത്തെ കുറിക്കുന്നതാണ്. അദ്ദേഹം പറഞ്ഞു, ഈ പദവി ഏറ്റെടുക്കുകയും എന്നില്‍ അര്‍പ്പിതമായ ഉത്തരവാദിത്തം ഉപേക്ഷിക്കുകയും ചെയ്താല്‍ അല്ലാഹുവിന്‍റെ മുമ്പില്‍ ഞാനെന്ത് ഉത്തരം പറയും? 

മറ്റൊരിക്കല്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിനെ കോണ്‍ഗ്രസില്‍ ലയിപ്പിക്കുന്നതിനുള്ള ഒരു ഫോര്‍മുല ഇന്ദിരാ ഗാന്ധി സേട്ട് സാഹിബിന് മുമ്പില്‍ വെച്ചു. കേന്ദ്ര മന്ത്രിസഭയില്‍ സേട്ട് സാഹിബിന് കാബിനറ്റ് പദവിയും കേരളത്തില്‍ സി.എച്ച് മുഹമ്മദ് കോയക്ക് മുഖ്യമന്ത്രി പദവിയുമായിരുന്നു വാഗ്ദാനം. എന്നാല്‍ ഈ ഓഫര്‍ നിരുപാധികം നിരസിക്കുകയാണ് സേട്ട് സാഹിബ് ചെയ്തത്. 

ഒരിക്കൽ റമദാനിലെ സന്ധ്യാസമയത്ത് ഇന്ദ്രപ്രസ്ഥത്തിലെ ഒരുവേദിയിൽ വെച്ച് ഇന്ദിരാഗാന്ധി സേട്ട് സാഹിബിനോട് ചോദിച്ചു, "സേട്ട്ജി, ഒരു കാപ്പി കഴിച്ചാലോ". സേട്ട് സാഹിബ് പറഞ്ഞു, "മേം സാബ്, സോറി ദിസ് ഈസ് റമദാൻ ഐ ആം ഇന് ഫാസ്റ്റിംഗ്, താങ്ക്സ്". പിറ്റേന്ന് പ്രധാനമന്ത്രിയുടെ സെക്രട്ടറിയുടെ ഫോൺ ഫോൺ സേട്ട് സാഹിബിനെ തേടിവന്നു, "മേംസാബ് താങ്കൾക്കായി നാളെ ഒരു ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചിട്ടുണ്ട്". പിന്നീട് മുടക്കമില്ലാതെ എല്ലാ റമദാനിലും നടന്നുകൊണ്ടിരിക്കുന്ന ഡൽഹിയിലെ രാഷ്ട്രീയ ഇഫ്താറുകളുടെ തുടക്കമായിരുന്നു അത്.    

വിശ്വ മുസ്‌ലിം പൗരൻ

ഇന്ത്യക്ക് പുറത്തും മുസ്‌ലിം വിഷയങ്ങളില്‍ ഇടപെടാനുള്ള ഒരവസരവും അദ്ദേഹം പാഴാക്കിയില്ല. ഇറാന്‍-ഇറാഖ് യുദ്ധം പൊട്ടിപ്പുറപ്പെട്ട സമയത്ത് ആയതുല്ല ഖുമൈനിയെയും സദ്ദാം ഹുസൈനെയും നേരിട്ട് കണ്ട് സമാധാന ശ്രമങ്ങള്‍ക്കായി അദ്ദേഹം ചരട് വലിച്ചിരുന്നു. ഫലസ്തീന്‍റെ പ്രശ്നങ്ങള്‍ക്ക് എന്നും ചെവി കൊടുത്തിരുന്ന നേതാവ് കൂടിയായിരുന്നു അദ്ദേഹം. പി.എല്‍.ഒ നേതാവായിരുന്ന യാസര്‍ അറഫാത്തുമായി വലിയ സൗഹൃദം അദ്ദേഹം പുലര്‍ത്തിയിരുന്നു. 

1967 യുദ്ധത്തിന് ശേഷം ഇന്തോ ഫലസ്തീന്‍ സൗഹൃദ ഫോറം എന്ന സമിതിയുടെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത് ഫലസ്തീന്‍ വിഷയത്തില്‍ അദ്ദേഹം നടത്തിയ ഇടപെടലുകള്‍ക്കുള്ള അംഗീകാരമായിരുന്നു. 

ബാബരി മസ്ജിദ് ധ്വംസനം

1992 ല്‍ ലാല്‍ കൃഷ്ണ അദ്വാനിയുടെ രഥയാത്രയെത്തുടര്‍ന്ന് അയോദ്ധ്യയിലെ ബാബരി മസ്ജിദ് കര്‍സേവകര്‍ തകര്‍ത്തു. നരസിംഹ റാവുവായിരുന്നു അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി. സംഘപരിവാരം മസ്ജിദ് തകര്‍ക്കും എന്ന് വ്യക്തമായ വിവരം ലഭിച്ചിട്ടും സൈന്യത്തെ നേരത്തെ വിന്യസിക്കാതെ റാവു പരിവാരത്തിന് അനുകൂലമായി പ്രവര്‍ത്തിച്ചു എന്ന് ശക്തമായ ആക്ഷേപമുണ്ടായി. പാര്‍ലമെന്‍റ് സമ്മേളിച്ചപ്പോള്‍ സേട്ട് സാഹിബ് നരസിംഹ റാവുവിനെതിരെ പാഞ്ഞടുത്ത് സിംഹഗര്‍ജനം മുഴക്കി. "മിസ്റ്റർ, നിങ്ങൾക്ക് ഈ സ്ഥാനത്തിരിക്കാൻ അർഹതയില്ല, രാജിവച്ച് ഇറങ്ങിപ്പോണം" അഹ്മദ് സാഹിബ് അദ്ദേഹത്തെ തടുത്ത് നിര്‍ത്തി ശാന്തനാക്കുകയായിരുന്നു. 

ബാബരി മസ്ജിദ് ധ്വംസനത്തില്‍ കോണ്‍ഗ്രസിന് പങ്കുണ്ടെന്നും അതിനാല്‍ ലീഗ് കോണ്‍ഗ്രസ് ബന്ധം വിഛേദിക്കണമെന്നും സേട്ട് സാഹിബ് നിലപാടെടുത്തു. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ അത്തരമൊരു നടപടി പാര്‍ട്ടിക്ക് ക്ഷീണം ചെയ്യുമെന്നായിരുന്നു ലീഗിലെ മറ്റു നേതാക്കളുടെ നിലപാട്. ഒടുവില്‍ അര നൂറ്റാണ്ടിലധികം പ്രവര്‍ത്തിച്ച തന്‍റെ പാര്‍ട്ടിയില്‍ നിന്ന് സേട്ട് സാഹിബ് രാജി വെച്ചു. ഇന്ത്യന്‍ നാഷണല്‍ ലീഗ് എന്ന പേരില്‍ ന്യൂനപക്ഷത്തെ പ്രതിനിധീകരിക്കുന്ന പുതിയ പാര്‍ട്ടിക്ക് രൂപം നല്‍കി. പിന്നീട് മരണപ്പെടുന്നത് വരെ ഈ പാര്‍ട്ടിയില്‍ തന്നെയാണ് അദ്ദേഹം നിലകൊണ്ടത്. ഇടത് പക്ഷത്തോടൊപ്പം സഹകരിച്ച അദ്ദേഹത്തിന്‍റെ പാര്‍ട്ടിയെ തുടക്കകാലത്ത് മുന്നണിയിലെടുക്കാന്‍ അവര്‍ തയ്യാറായില്ലെങ്കിലും തെരഞ്ഞെടുപ്പില്‍ മുന്നണിയുടെ ഭാഗമായി മല്‍സരിക്കാന്‍ സീറ്റുകള്‍ നല്‍കി. 25 വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം കഴിഞ്ഞ വര്‍ഷമാണ് പാര്‍ട്ടിയെ ഇടത് പക്ഷം മുന്നണിയുടെ ഭാഗമാക്കിയത്. 

2005 ഏപ്രിൽ 27 നാണ് ഒരു പുരുഷായുസ്സ് മുഴുവൻ തന്റെ സമുദായത്തിനു വേണ്ടി സമർപ്പിച്ച, നിയമനിർമ്മാണ സഭകളിൽ വീരേതിഹാസം രചിച്ച ആ മഹാമനീഷി വിടവാങ്ങിയത്. ജീവിതകാലത്ത് ചെയ്തു കൂട്ടിയ വിലമതിക്കാനാവാത്ത സേവനങ്ങൾ ആ യുഗപുരുഷന് മുസ്‌ലിം സമുദായത്തിനിടയിൽ അമര സ്മരണ നൽകുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter