അഹ്മദ് റസാ ഖാന്‍: ജീവിതം ദര്‍ശനം
ഇന്ത്യന്‍ സുയൂത്വി എന്ന പേരില്‍ ആഗോള ഇസ്‌ലാമിക സമൂഹത്തിന് സുപരിചിതനാണ് അഹ്മദ് റസാഖാന്‍. അറബി, ഉര്‍ദു, പേര്‍ഷ്യന്‍ ഭാഷകളില്‍ ആയിരത്തോളം ഗ്രന്ഥങ്ങള്‍ രചിച്ചു എന്നതിനപ്പുറം മതപണ്ഡിതന്‍ എന്നതിന്റെ സമകാലിക നിര്‍വചനങ്ങളെയെല്ലാം പൊളിച്ചെഴുതി എന്നതാണ് അഅ്‌ലാ ഹദ്‌റത്തിന്റെ പ്രസക്തി. ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ്, അഖീദ, തസ്വവ്വുഫ്, തജ്‌വീദ് തുടങ്ങിയ അനേകം മതകീയ വിഷയങ്ങളില്‍ അഗാധമായ പാണ്ഡിത്യം നേടിയതിനൊപ്പം തന്നെ ഗണിതം, ലോഗരിതം, എഞ്ചിനീയറിങ്, ആള്‍ജിബ്ര, ട്രിഗ്‌ണോമെട്രി, അരിത്മാറ്റിക്‌സ്, സമയ നിര്‍ണയം, ദിശാനിര്‍ണയം, ജ്യോതിഷം തുടങ്ങിയ മതേതര ജ്ഞാനങ്ങളും സ്മര്യപുരുഷന്‍ സ്വായത്തമാക്കി; ജീവിതത്തിലെന്ന പോലെ നിലപാടുകളിലും സ്വതസിദ്ധമായ മൗലികത കാത്തുസൂക്ഷിച്ചു.
1853 ജൂണ്‍ പതിനാലിന് (ഹിജ്‌റാബ്ദം 1272 ശവ്വാല്‍ 10) ബറേലിയിലെ ഒരു പത്താന്‍ കുടുംബത്തിലാണ് റസാഖാന്റെ ജനനം. മുഗള്‍ ഭരണകൂടത്തിലെ ഉന്നത പദവികള്‍ വഹിച്ചവരും പ്രാദേശിക മുഖ്യരുമടങ്ങുന്ന പ്രസിദ്ധമായൊരു പണ്ഡിത കുടുംബമായിരുന്നു തന്റേത്. യോദ്ധാക്കളും പണ്ഡിതവര്യരും ഗ്രന്ഥരചയിതാക്കളുമുള്‍പ്പെടെ പ്രമുഖമായൊരു നേതൃനിര തന്നെ അദ്ദേഹത്തിനവകാശപ്പെടാനുണ്ട്. ഖുര്‍ആന്‍, ഹദീസ്, തസ്വവ്വുഫ് തുടങ്ങി നിരവധി മേഖലകളില്‍ ഗ്രന്ഥരചന നടത്തിയ പിതാവ് നഖി അലി ഖാന്‍, മുഗള്‍ ഭരണകൂടത്തിലെ മന്ത്രി സ്ഥാനം അലങ്കരിച്ച ഖാസിം അലി ഖാന്‍ എന്നിവര്‍ പൂര്‍വികരില്‍ സ്മരണീയരാണ്.
ജനനത്തിനും മുമ്പേ തുടങ്ങുന്നതാണ് അഅ്‌ലാ ഹദ്‌റത്ത് എന്ന പേരില്‍ സുപ്രസിദ്ധനായ അഹ്മദ് റസാഖാന്റെ അതുല്യമായ ജീവിതത്തിന്റെ വേറിട്ട ചരിത്രം. താന്‍ ഗര്‍ഭസ്ഥ ശിശുവായിരിക്കെ പിതാവ് ശ്രദ്ധേയമായൊരു സ്വപ്നം കണ്ടു. പിതാമഹനും സ്വപ്നവ്യാഖ്യാതാവും പണ്ഡിതനുമെല്ലാം ആയിരുന്ന മൗലാനാ റസാ അലി ഖാന്‍ സ്വപ്നത്തെ ഇങ്ങനെയാണ് വ്യാഖ്യാനിച്ചത്: 'ഇതൊരു അനുഗൃഹീത സ്വപ്നമാണ്. നിന്നിലൂടെ ഒരു യുഗപുരുഷന്റെ പിറവിക്ക് പ്രപഞ്ചനാഥന്‍ വഴിയൊരുക്കിയിരിക്കുന്നു. പിറക്കാനിരിക്കുന്ന നിന്റെ കുഞ്ഞ് വിജ്ഞാനത്തിന്റെ അനന്ത സാഗരങ്ങള്‍ തീര്‍ക്കും. അവന്റെ കീര്‍ത്തി കിഴക്കിലും പടിഞ്ഞാറിലും വ്യാപനം നേടും...' റസാഖാന്റെ പ്രവചനം അപ്പടി പുലര്‍ന്നുവെന്നതിന് പില്‍ക്കാല ചരിത്രം സാക്ഷി.
അഅ്‌ലാ ഹദ്‌റതിന്റെ പണ്ഡിത വ്യക്തിത്വം രൂപപ്പെടുത്തിയെടുക്കുന്നതില്‍ പിതാവ് നഖി അലി ഖാന്‍ വഹിച്ച പങ്ക് അവര്‍ണനീയമാണ്. മതവിഷയങ്ങളിലെ പ്രാഥമിക തലം തൊട്ട് ഉന്നത തലം വരെയുള്ള വിദ്യാഭ്യാസമത്രയും പിതാവില്‍ നിന്ന് തന്നെയായിരുന്നു താന്‍ പഠിച്ചെടുത്തിരുന്നത്. നഖി അലി ഖാനെ കൂടാതെ മീര്‍സാ ഗുലാം ഖാദിര്‍ ബേഗ്, മൗലാനാ അബ്ദുല്‍ അലി സാഹിബ്, അബുല്‍ ഹസന്‍ നൂരി തുടങ്ങി അംഗുലീപരിമിത ഗുരുവര്യര്‍ മാത്രമേ അദ്ദേഹത്തെ അധ്യാപനം നടത്തിയിട്ടുള്ളൂ. ആത്മീയ പാതയിലെ തന്റെ ഗുരുനാഥനും മാര്‍ഗദര്‍ശിയുമായി മൗലാനാ ശാഹ് ആലെ റസൂല്‍ അംജദി(റ)യെയാണ് സ്മര്യപുരുഷന്‍ ബൈഅത്ത് ചെയ്തിരുന്നത്.
പഠനകാലത്ത് തന്നെ അസാധാരണമാം വിധമുള്ള ഒട്ടേറെ അത്ഭുത സിദ്ധികള്‍ (കറാമത്തുകള്‍) അഅ്‌ലാ ഹദ്‌റത്ത് പ്രകടമാക്കിയിരുന്നതായി തന്റെ ജീവചരിത്രകാരന്‍ മുഹമ്മദ് സഫറുദ്ദീന്‍ ബീഹാരി രേഖപ്പെടുത്തുന്നുണ്ട്: പഠനാരംഭ സമയത്ത് (ബിസ്മില്ല ഖ്വാനി എന്ന പേരില്‍ ഉത്തരേന്ത്യയിലെല്ലാം ഇത് വളരെ സുപ്രസിദ്ധമാണ്) അറബി അക്ഷരമാല പഠിപ്പിക്കുകയായിരുന്നു ഗുരുവര്യന്‍. അലിഫ്, ബാഅ്, താഅ് എന്ന് തുടങ്ങി ലാം അലിഫ് എന്ന അക്ഷരത്തിലെത്തിയപ്പോള്‍ പലവുരു ചൊല്ലിക്കൊടുത്തിട്ടും വിദ്യാര്‍ത്ഥി അക്ഷരം ഏറ്റുചൊല്ലുന്നില്ല. കാരണമന്വേഷിച്ച ഉസ്താദിനോട് നവാഗത വിദ്യാര്‍ത്ഥി പറഞ്ഞതിങ്ങനെ: 'ലാം, അലിഫ് എന്നീ രണ്ട് അക്ഷരങ്ങളും ഇതിനകം ഞാന്‍ മൊഴിഞ്ഞുകഴിഞ്ഞിട്ടുണ്ട്! ഇനിയും എന്തിന് എന്നെക്കൊണ്ടിത് പറയിപ്പിക്കുന്നു'!?
മറ്റൊരിക്കല്‍ ഒരു ഖുര്‍ആനിക സൂക്തം ഗുരുവര്യന്‍ ചാല്ലിക്കൊടുക്കുന്നു. എത്ര ചൊല്ലിക്കൊടുത്തിട്ടും ഉസ്താദ് പറയുന്നത് പ്രകാരം ശിഷ്യന് ഏറ്റുചൊല്ലാന്‍ കഴിയുന്നില്ല. ക്ലാസ് കഴിഞ്ഞതിന് ശേഷം ഇതേക്കുറിച്ചന്വേഷിച്ച പിതാമഹനോട് തന്റെ നാവിന് പ്രസ്തുത സൂക്തം വഴങ്ങുന്നില്ലെന്നായിരുന്നു കുട്ടിയുടെ മറുപടി. പന്തികേട് തോന്നിയ റസാ അലി ഖാന്‍ ഖുര്‍ആന്‍ എടുത്ത് പരിശോധിച്ചു; അത്ഭുതം! കുട്ടി ഓതിയത് തന്നെയായിരുന്നു ശരി; ഉസ്താദിന്റെ ഖുര്‍ആനില്‍ അച്ചടിപ്പിശക് സംഭവിച്ചിരിക്കുന്നു! റസാഖാന്‍ കുഞ്ഞിനെ മാറോടണച്ചുചേര്‍ത്തു.
പതിമൂന്നാം വയസ്സ് വരെ മാത്രമേ റസാഖാന്‍ ഒരു വിദ്യാര്‍ത്ഥിയായി കഴിഞ്ഞിട്ടുള്ളൂ. പതിനാലാം വയസ്സില്‍ തന്നെ നിരവധി ശിഷ്യഗണങ്ങളെ വാര്‍ത്തെടുക്കുകയും ഫത്‌വകള്‍ നല്‍കിത്തുടങ്ങുകയും ഗ്രന്ഥരചനയിലേര്‍പ്പെടുകയും ചെയ്തിരുന്നു. സ്വന്തമായി ആര്‍ജ്ജിച്ചെടുത്ത പ്രതിഭാവിലാസം എന്നതിനപ്പുറം ദൈവികവും ആത്മീയവുമായൊരു സവിശേഷ സഹായം തന്നെ ഇക്കാര്യത്തില്‍ മഹാനവര്‍കള്‍ക്ക് ലഭ്യമായതായി കാണാം.
സ്വദേശത്തെ മത- വൈജ്ഞാനിക സേവനങ്ങളുമായി കഴിഞ്ഞുകൂടുകയായിരുന്ന അഹ്മദ് റസാ ഖാന്‍ ലോകമറിയുന്ന പണ്ഡിതവ്യക്തിത്വത്തിലേക്കുയരുന്നത് തന്റെ ആദ്യ ഹജ്ജ് യാത്രയിലൂടെയാണ്. ഹിജ്‌റ 1295ല്‍ പിതാവിനൊപ്പം ഹജ്ജ് കര്‍മത്തിനായി യാത്ര തിരിച്ച മഹാനവര്‍കള്‍ മക്കയിലെ പണ്ഡിതരായ അല്ലാമ അഹ്മദ് സൈനീ ദഹ്‌ലാന്‍, ശൈഖ് അബ്ദുര്‍റഹ്മാന്‍ സിറാജ്, ശൈഖ് ഹുസൈന്‍ ബിന്‍ സ്വാലിഹ് തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തുകയും ഹദീസ് നിവേദനത്തിനുള്ള സനദ് നേടിയെടുക്കുകയും ചെയ്തു. ഹിജാസിലെ പണ്ഡിതവര്യരുമായി മതവിഷയങ്ങളില്‍ സംവാദങ്ങള്‍ നടത്തുകയും അവര്‍ക്ക് മുന്നില്‍ ഉന്നയിക്കപ്പെട്ട കര്‍മശാസ്ത്ര സമസ്യകള്‍ക്ക് വസ്തുനിഷ്ഠമായ മറുപടി നല്‍കുക കൂടി ചെയ്തതോടെ അഅ്‌ലാ ഹദ്‌റത്തിന്റെ പാണ്ഡിത്യം അറബ് ലോകത്ത് സര്‍വസമ്മതമായിത്തീര്‍ന്നു. അനറബിയായൊരു ഇസ്‌ലാമിക പണ്ഡിതന്‍ ഹിജാസിലെ പണ്ഡിതരെക്കാളും ആധികാരികമായി മതവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ ആശ്ചര്യം പല പണ്ഡിതന്മാരും നേരില്‍ പങ്കുവെക്കുകയും ചെയ്തു.
ആഗോള തലത്തിലെ ഇസ്‌ലാമിക പണ്ഡിതരുമായി ഹജ്ജ് യാത്രക്കിടയില്‍ നേടിയെടുത്ത അടുത്ത ബന്ധവും വൈജ്ഞാനിക വിശ്വാസ്യതയും റസാഖാന്റെ പില്‍ക്കാല നിലപാടുകള്‍ക്ക് വലിയ പിന്‍ബലവും അടിത്തറയുമായിരുന്നു പകര്‍ന്ന് നല്‍കിയത്. ഇസ്‌ലാമിക സമൂഹം നൂറ്റാണ്ടുകളായി അനുവര്‍ത്തിച്ച് വന്നിരുന്ന തവസ്സുല്‍, ഇസ്തിഗാസ തുടങ്ങിയ പുണ്യകര്‍മങ്ങളെ തള്ളിപ്പറയുകയും വികലമായ ഒട്ടേറെ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത മുഹമ്മദ് ഖാസിം നാനൂത്വവി, റശീദ് അഹ്മദ് ഗംഗോഹി, ഖലീല്‍ അഹ്മദ് സഹാറന്‍പുരി, അശ്‌റഫ് അലി ത്ഥാനവി തുടങ്ങിയ ഉല്‍പതിഷ്ണു പണ്ഡിതരെയെല്ലാം തള്ളിപ്പറയേണ്ടി വന്ന ഘട്ടത്തില്‍ ഹിജാസിയന്‍ പണ്ഡിതന്മാരുടെ അനുകൂല ഫത്‌വ സമാഹരിക്കാന്‍ കഴിഞ്ഞതുവഴി വലിയ സ്വീകാര്യത നേടിയെടുക്കാന്‍ കഴിഞ്ഞു മഹാനവര്‍കള്‍ക്ക്. ഹുസാമുല്‍ ഹറമൈന്‍ അലാ മന്‍ഹരി അഹ്‌ലില്‍ കുഫ്‌രി വല്‍ മൈന്‍ എന്ന പേരില്‍ സമാഹൃതമായ അനുകൂല ഫത്‌വകള്‍ പുത്തന്‍വാദികള്‍ക്കേല്‍പിച്ച ആഘാതം ആഴത്തിലുള്ളതായിരുന്നു.
അഅ്‌ലാ ഹദ്‌റത്തിനെ വായന നടത്തുമ്പോള്‍ തീര്‍ച്ചയായും വിശകലനം ചെയ്യേണ്ട ഒന്നാണ് അദ്ദേഹം ജീവിച്ച രാഷ്ട്രീയ- സാമുദായിക പരിസരങ്ങള്‍. അസ്ഥിരതയും ശൈഥില്യവും ഇരു മേഖലകളിലും നിറഞ്ഞാടിയിരുന്ന കലുഷിത സന്ദര്‍ഭമായിരുന്നു അത്. സാമുദായിക പരിഷ്‌കരണം എന്ന ലേബലില്‍ മുസ്‌ലിം ഇന്ത്യയെ ഒന്നടങ്കം പാരമ്പര്യചേരിയില്‍ നിന്ന് അടര്‍ത്തിയെടുക്കാനുള്ള തല്‍പര കക്ഷികളുടെ ഗൂഢനീക്കമായിരുന്നു സാമുദായിക രംഗത്തെ സുപ്രധാന വിശേഷം. ജമാലുദ്ദീന്‍ അഫ്ഗാനി, റശീദ് രിദ, മുഹമ്മദ് അബ്ദു, മുഹമ്മദുബ്‌നു അബ്ദില്‍ വഹാബ് തുടങ്ങിയവര്‍ പരിചയപ്പെടുത്തിയ ഇസ്‌ലാമിക് മോഡേണിസത്തെ ഇന്ത്യയിലേക്കും ഇറക്കുമതി ചെയ്യാനുള്ള നീക്കങ്ങളെ മഹാനവര്‍കള്‍ ശക്തിയുക്തം എതിര്‍ത്തു. ഈ ഗണത്തില്‍ തീര്‍ച്ചയായും പരാമര്‍ശിക്കപ്പെടേണ്ടതാണ് 1893ല്‍ കാന്‍പൂരില്‍ നടന്ന മദ്‌റസ ഫൈളെ ആം സമ്മേളനം. മുസ്‌ലിം ഐക്യം, വിവിധ ചേരികളിലെ പണ്ഡിതരുടെ ഏകോപനം, മതവിദ്യാഭ്യാസത്തിന്റെ പരിഷ്‌കരണം തുടങ്ങി വിവിധ അജന്‍ഡകളോടെയായിരുന്നു സമ്മേളനം നിശ്ചയിച്ചിരുന്നത്. ഇന്ത്യയിലെ ഏതാണ്ടെല്ലാ പണ്ഡിതപ്രമുഖരെയും കാന്‍പൂരിലെത്തിക്കുന്നതില്‍ സമ്മേളനം വിജയിക്കുകയും ചെയ്തു. ഈ സമ്മേളനത്തില്‍ വെച്ചാണ് ലഖ്‌നൗ നദ്‌വതുല്‍ ഉലമ രൂപീകരിക്കപ്പെട്ടത്. എന്നാല്‍, മുകളില്‍ പറഞ്ഞ അജന്‍ഡക്കപ്പുറം ചില ഹിഡന്‍ അജന്‍ഡകളും സമ്മേളനത്തിന് പിന്നില്‍ ഉണ്ടായിരുന്നുവെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത അഅ്‌ലാ ഹദ്‌റത്ത് ഉള്‍പ്പെടെ സൂക്ഷ്മദൃക്കുകളായ പല പണ്ഡിതന്മാര്‍ക്കും ബോധ്യപ്പെട്ടു.
മുസ്‌ലിം ഐക്യത്തിന്റെ പേരില്‍ പുത്തനാശയങ്ങളെ വെള്ളപൂശാനുള്ള ഗൂഢനീക്കമായി മദ്‌റസ ഫൈളെ ആം സമ്മേളനത്തെയും സമ്മേളനത്തിന്റെ അനന്തര ഫലമായ നദ്‌വതുല്‍ ഉലമയെയും അവര്‍ തിരിച്ചറിഞ്ഞു. നദ്‌വതുല്‍ ഉലമയെ ചെറുത്തുതോല്‍പിക്കുന്നതിനും അഹ്‌ലുസ്സുന്നതി വല്‍ ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ പ്രബോധനം ചെയ്യുന്നതിനുമായി അത്തുഹ്ഫതുല്‍ ഹനഫിയ്യ എന്ന പേരിലൊരു ഉര്‍ദു പത്രം മഹാനവര്‍കള്‍ ആരംഭിച്ചു. നദ്‌വയെ വിമര്‍ശിച്ചുകൊണ്ട് നൂറോളം ലഘുലേഖകളും ഒരു ഗ്രന്ഥവും പുറത്തിറക്കി. നദ്‌വ പണ്ഡിതന്മാര്‍ക്ക് മതഭ്രഷ്ട് കല്‍പിച്ചുകൊണ്ടുള്ള തന്റെ ഫത്‌വക്ക് ഇന്ത്യയിലെ പണ്ഡിതന്മാരില്‍ നിന്നുള്ള അംഗീകാര പത്രങ്ങള്‍ ഇല്‍ജാമു അല്‍സിനതിന്‍ ലി അഹ്‌ലില്‍ ഫിത്‌ന എന്ന പേരിലും വിദേശ പണ്ഡിതരുടെ അനുകൂല ഫത്‌വകള്‍ ഫതാവല്‍ ഹറമൈന്‍ ബി റജ്ഫി നദ്‌വതില്‍ മൈന്‍ എന്ന പേരിലും പ്രസിദ്ധീകരിച്ചു. വിമര്‍ശകര്‍ ആരോപിക്കും പ്രകാരം ഇതര പണ്ഡിതരെ തെറ്റിദ്ധരിപ്പിച്ചാണ് ഇത്രയധികം അനുകൂല ഫത്‌വകള്‍ മഹാനവര്‍കള്‍ ശേഖരിച്ചത് എന്നത് തീര്‍ത്തും അവിശ്വസനീയമാണ്.
ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ നടന്ന സ്വാതന്ത്ര്യ സമരങ്ങളുടെ തീക്ഷ്ണത മൂലം അഅ്‌ലാ ഹദ്‌റത്തിന്റെ രാഷ്ട്രീയ രംഗവും പ്രക്ഷുബ്ധമായിരുന്നു. പ്രാപ്തവും പക്വവുമായൊരു നേതൃത്വമില്ലാതെ ദേശീയ മുസ്‌ലിം ജനത ഉഴറുന്നൊരു സന്ദര്‍ഭമായിരുന്നു അത്. ഇസ്‌ലാംമത വിശ്വാസികളായിരുന്ന മുഗള്‍ ഭരണകൂടം എന്നെന്നേക്കുമായി നിലംപതിച്ചതും അവര്‍ക്ക് ശേഷം കരുത്തുറ്റൊരു നേതൃത്വം സമുദായത്തില്‍ നിന്ന് ഉദയം പ്രാപിക്കാത്തതും ഈ പതിതാവസ്ഥക്ക് നിദാനമായിത്തീര്‍ന്നു. സാഹചര്യങ്ങളെയെല്ലാം സമഗ്രമായി വിലയിരുത്തിയ ശേഷം സ്വാതന്ത്ര്യ സമര ഗോദയിലേക്ക് എടുത്തുചാടുന്നതിന് പകരം ഇസ്‌ലാമിക സേവനങ്ങളുടെ സുന്ദര പാതയായിരുന്നു റസാ ഖാന്‍ തിരഞ്ഞെടുത്തത്. ബ്രിട്ടീഷ് ഇന്ത്യ ഒരു ദാറുല്‍ ഇസ്‌ലാം ആണെന്ന് പ്രമാണനിബദ്ധമായദ്ദേഹം വിശദീകരിച്ചു; ഇഅ്‌ലാമുല്‍ അഅ്‌ലാം ബി അന്ന ഹിന്ദുസ്ഥാന്‍ ദാറുല്‍ ഇസ്‌ലാം എന്ന നിബന്ധത്തിലൂടെ. ബ്രിട്ടീഷ് ഭരണകൂടത്തെ അന്ധമായി എതിര്‍ക്കുന്നതിന് പകരം അഅ്‌ലാ ഹദ്‌റത്ത് വിഭാവനം ചെയ്ത വൈജ്ഞാനിക മേഖലയില്‍ സമുദായം നീങ്ങിയിരുന്നുവെങ്കില്‍ ഇന്നത്തെ പതിതാവസ്ഥ സംജാതമാകുമായിരുന്നോ എന്ന് വര്‍ത്തമാനകാലത്തിലെങ്കിലും പരിചിന്തനം നടത്തുന്നതിലൂടെ മഹാനവര്‍കളിലെ ദീര്‍ഘദൃക്കായ പണ്ഡിതനെ കണ്ടെത്താനാവും.
പ്രവാചക സ്‌നേഹത്തിന്റെ കറ കളഞ്ഞ വക്താവായിരുന്നു സ്മര്യപുരുഷന്‍. പ്രവാചകനോടുള്ള വിധേയത്വം പരമാര്‍ത്ഥത്തില്‍ പ്രകടമാക്കുന്ന അബ്ദുല്‍ മുസ്ത്വഫ (പ്രവാചക ദാസന്‍) എന്ന സ്ഥാനപ്പേരായിരുന്നു മഹാനവര്‍കള്‍ സ്വയം സ്വീകരിച്ചിരുന്നത്. അഹ്മദ് റസാ ഖാന്റെ തൂലികയില്‍ നിന്ന് വിരിഞ്ഞ നിരവധി പ്രവാചക പ്രകീര്‍ത്തന കാവ്യങ്ങള്‍ ഉത്തരേന്ത്യന്‍ മുസ്‌ലിംകളുടെ ദിനചര്യയുടെ ഭാഗമാണ്. ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ പരമാധികാരിയായ ഖലീഫ (അമീറുല്‍ മുഅ്മിനീന്‍) പ്രവാചക കുടുംബമായ ഖുറൈശ് ഗോത്രത്തില്‍ തന്നെ പിറന്നവനായിരിക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. പ്രവാചകാനുരാഗത്തില്‍ ഊട്ടപ്പെട്ട ഈ ആശയം സമര്‍ത്ഥിച്ചുകൊണ്ട് അദ്ദേഹമെഴുതിയ കൃതിയാണ് ദവാമെ ഐശ്. ഖുറൈശ് ഗോത്രാംഗങ്ങളല്ലാത്തതിനാല്‍ ഒട്ടോമന്‍ ഖലീഫമാര്‍ ഖിലാഫത്തിനര്‍ഹരല്ലെന്നും അദ്ദേഹം വിശദീകരിച്ചു.
ഇസ്‌ലാമിക വിഷയങ്ങളില്‍ അഅ്‌ലാ ഹദ്‌റത്തിനുള്ള അനിതരസാധാരണ പാണ്ഡിത്യത്തിന്റെ നിറപ്രതീകമാണ് അദ്ദൗലതുല്‍ മക്കിയ്യ ബില്‍ മാദ്ദതില്‍ ഗൈബിയ്യ എന്ന ബൃഹദ് ഗ്രന്ഥം. അദൃശ്യജ്ഞാനത്തെ (ഗൈബ്) എതിര്‍ക്കുന്ന പുത്തനാശയക്കാര്‍ക്കുള്ള മറുപടിയാണിത്. ഗൈബിനെ എതിര്‍ക്കുന്നവര്‍ മക്കയില്‍ വേരോട്ടം നടത്തുന്നുണ്ടെന്നും അവരുടെ കുപ്രചരണങ്ങളെ തടയിടാന്‍ മതിയായൊരു ഗ്രന്ഥരചന നടത്തണമെന്നും തദ്ദേശീയരായ പണ്ഡിതന്മാര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു കഅ്ബാലയത്തിന്റെ ഓരത്തിരുന്ന് ദൗലതുല്‍ മക്കിയ്യ മഹാനവര്‍കള്‍ രചിച്ചത്. റഫറന്‍സ് ഗ്രന്ഥങ്ങളുടെ സഹായവും മുന്നൊരുക്കവുമൊന്നും കൂടാതെ കേവലം എട്ടു മണിക്കൂറിനകം മുന്നൂറിലധികം പുറങ്ങളുള്ള ഒരു സമഗ്ര ഗ്രന്ഥത്തിന്റെ രചന നിര്‍വഹിക്കാനായി എന്നത് അഅ്‌ലാ ഹദ്‌റത്തിന്റെ പാണ്ഡിത്യത്തിനപ്പുറം ദിവ്യമായൊരു സഹായവും സദാസമയം അദ്ദേഹത്തിന് ലഭ്യമായിരുന്നു എന്നതിന്റെ ദൃഷ്ടാന്തം കൂടിയാണ്.
കന്‍സുല്‍ ഈമാന്‍ എന്ന പേരില്‍ ഒരു സമ്പൂര്‍ണ ഖുര്‍ആന്‍ പരിഭാഷാഗ്രന്ഥം അഅ്‌ലാ ഹദ്‌റത്തിന്റേതായി ഉര്‍ദുവില്‍ വിരചിതമായിട്ടുണ്ട്. ഖുര്‍ആനിന്റെ അന്തഃസത്ത പൂര്‍ണമായും സംരക്ഷിച്ച് കൊണ്ടുള്ള സൂക്ഷ്മമായ പദപ്രയോഗങ്ങളുടെ പേരില്‍ കന്‍സുല്‍ ഈമാന്‍ വിശ്വപ്രസിദ്ധമാണ്. ആവശ്യമായ സ്ഥലങ്ങളില്‍ പരിഭാഷയോടൊപ്പം വ്യാഖ്യാനവും ചേര്‍ത്തിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷയിലേക്ക് ഈ ഗ്രന്ഥം വിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുന്നു.
അഅ്‌ലാ ഹദ്‌റത്തിന്റെ മാസ്റ്റര്‍പീസ് രചനയാണ് അല്‍ അത്വായന്നബവിയ്യ ഫില്‍ ഫതാവാര്‍രിദ്‌വിയ്യ. ഫതാവാ രിദ്‌വിയ്യ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുകയും പന്ത്രണ്ട് വാള്യങ്ങളിലായി പരന്നുകിടക്കുകയും ചെയ്യുന്ന ഈ സമഗ്ര ഗ്രന്ഥം ഹനഫി കര്‍മശാസ്ത്ര സരണിയിലെ ആധികാരിക പ്രമാണമായാണ് ഗണിക്കപ്പെടുന്നത്. അല്ലാമ സയ്യിദ് ഇസ്മാഈല്‍ ഖലീല്‍ മക്കി, അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍ തുടങ്ങി നിരവധി പണ്ഡിതരും ദാര്‍ശനികരും ഈ സമഗ്രഗ്രന്ഥത്തെ വാഴ്ത്തിപ്പറഞ്ഞിട്ടുണ്ട്. ഇന്‍ഷുറന്‍സ്, ബാങ്കിങ്, മണിയോര്‍ഡര്‍ (അല്‍ മുനാ വദ്ദുറര്‍ ലിമന്‍ അമദ ഇലാ മനീഅര്‍ദര്‍), കറന്‍സി നോട്ടുകള്‍ (കഫ്‌ലുല്‍ ഫഖീഹില്‍ ഫാഹിം ഫീ അഹ്കാമി ഖിര്‍ത്വാസിദ്ദറാഹിം) തുടങ്ങിയ വിഷയങ്ങളുടെയെല്ലാം കര്‍മശാസ്ത്രവിധി വിശദീകരിച്ച് മഹാനവര്‍കള്‍ നിബന്ധങ്ങള്‍ രചിക്കുകയുണ്ടായി. അറബി, ഉര്‍ദു, ഫാരിസി ഭാഷകളില്‍ കവിതകളും രചിച്ചിരുന്ന തന്റെ കാവ്യങ്ങളുടെ സുപ്രസിദ്ധ സമാഹാരമാണ് ഹദാഇഖെ ബഖ്ശിശ്.
മതവിഷയങ്ങളില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല റസാ ഖാന്റെ പാണ്ഡിത്യ മേഖല. ഗലീലിയോ ഗലീലി, ഐസക് ന്യൂട്ടണ്‍ തുടങ്ങിയ ലബ്ധപ്രതിഷ്ഠ ശാസ്ത്രജ്ഞരുടെ പോലും നിഗമനങ്ങള്‍ക്ക് മഹാനവര്‍കള്‍ തിരുത്തുകള്‍ നടത്തിയിട്ടുണ്ടെന്നാണ് ഇതേക്കുറിച്ച് ആഴത്തില്‍ ഗവേഷണം നടത്തിയവര്‍ എത്തിച്ചേര്‍ന്ന നിഗമനം. രചന ഉര്‍ദുവിലായതിനാല്‍ അവയത്രയും തിരസ്‌കരിക്കപ്പെടുകയായിരുന്നു എന്നുമാത്രം. സയ്യിദ് അബുല്‍ ഹസന്‍ അലി നദ്‌വിയുടെ പിതാവ് അബ്ദുല്‍ ഹയ്യ് ലഖ്‌നവി ഉന്നത ഇന്ത്യന്‍ പണ്ഡിതന്മാരെക്കുറിച്ചെഴുതിയ നുസ്വ്ഹതുല്‍ ഖവാത്വിറില്‍ റസാഖാനെ കുറിച്ചുള്ള സമഗ്ര പ്രതിപാദനമുണ്ട്. സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ സ്ഥാപക നേതാക്കളില്‍ പ്രമുഖനായ അഹ്മദ് കോയ ശാലിയാത്തി അഅ്‌ലാ ഹദ്‌റത്തിന്റെ ശിഷ്യന്മാരില്‍ ഉള്‍പ്പെടുന്നു. 1340 സ്വഫര്‍ 25ന് (1921) ആയിരുന്നു അന്ത്യം.
ഒരു കേവല മത പണ്ഡിതന്‍ എന്നതിനപ്പുറം പ്രവിശാലമായ ഒട്ടേറെ മാനങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ തന്നെ അഅ്‌ലാ ഹദ്‌റത്തിനെ ആഴത്തില്‍ വിശകലനം ചെയ്യുന്ന ഒട്ടേറെ പഠനങ്ങള്‍ അക്കാദമിക തലത്തില്‍ നടക്കുകയുണ്ടായി. അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റി, കൊളംബിയ യൂനിവേഴ്‌സിറ്റി, കറാച്ചി യൂനിവേഴ്‌സിറ്റി, അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി ഉള്‍പ്പെടെ ഒട്ടേറെ വിശ്വപ്രസിദ്ധ യൂനിവേഴ്‌സിറ്റികളിലായി മുപ്പതോളം പി.എച്ച്.ഡി പ്രബന്ധങ്ങള്‍ അഅ്‌ലാ ഹദ്‌റത്തിന്റെ വിവിധ വശങ്ങള്‍ ഗവേഷണം ചെയ്യുന്നതാണ്. വിവിധ സര്‍വകലാശാലകളില്‍ അഅ്‌ലാ ഹദ്‌റത്തിനെക്കുറിച്ച് നടന്ന പഠനങ്ങളെ മാത്രം വിശകലനം ചെയ്യുന്ന സമഗ്രമായൊരുഗ്രന്ഥമാണ് ഡോ. മുഹമ്മദ് മസ്ഊദ് അഹ്മദിന്റെ അല്‍ ഇമാം അഹ്മദ് റസാ ഖാന്‍ വല്‍ ജാമിആതുല്‍ ആലമിയ്യ. അഹ്മദ് റസാഖാന് മുമ്പോ ശേഷമോ ഇത്രയും സമഗ്രമായൊരു പ്രതലത്തിലേക്ക് ഒരു ഇന്ത്യന്‍ പണ്ഡിതനും ഉയര്‍ന്നിട്ടില്ലെന്ന് തന്നെ പറയാം.
Reference: 1. Usha Sanyal, Ahmed Raza Khan, Delhi, 2004 2. Muhammed Zafaruddeen Bihari, Hayate A’la Hazrat, Bolton, UK, 2003 3. Abdussattar Hamdani, Ahmed Raza Khan: Ek Mazloom Mufakkir, Mumbai, 1998 4. Muhammed Farooq Al Qadiri, Fazaa’ile Barelwi Our Umoor e Bid’at, Lahore, 2000 5. www.razaacademy.com
സുഹൈല്‍ ഹിദായ
Leave A Comment