ടിപ്പു സുൽത്താൻ 'ഈ മണ്ണിന്റെ മകന്‍'- സംഘ് പരിവാറിനെ ഞെട്ടിച്ച് ബിജെപി നേതാവ്
ബംഗളൂരു: മൈസൂര്‍ രാജാവായിരുന്ന ടിപ്പു സുല്‍ത്താൻ രാജ്യദ്രോഹി ആണെന്ന പ്രചരണം സംഘപരിവാർ ശക്തമാക്കുന്നതിനിടെ ടിപ്പുവിനെ പുകഴ്ത്തി കര്‍ണാടകയിലെ ബിജെപി നേതാവ്. ടിപ്പു സുല്‍ത്താന്‍ വിഷയത്തില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസും ബിജെപിയും തുറന്ന പോര് തുടരുന്നതിനിടെയാണ് ടിപ്പു സുല്‍ത്താനെ 'ഈ മണ്ണിന്റെ മകന്‍' എന്ന് വിശേഷിപ്പിച്ച്‌ ബിജെപി നേതാവും കര്‍ണാടക നിയമനിര്‍മാണ കൗണ്‍സില്‍ അംഗവുമായ എ എച്ച്‌ വിശ്വനാഥ് രംഗത്തെത്തിയത്. ടിപ്പു ദേശദ്രോഹിയാണെന്നാണ് ബിജെപിയുടെ നിലപാട്. ഇതിന് വിരുദ്ധമായാണ് എ എച്ച്‌ വിശ്വനാഥൻ ടിപ്പുസുൽത്താനെ കുറിച്ച് വാചാലനായത്.

18ാം നൂറ്റാണ്ടിലെ മൈസൂരു ഭരണാധികാരിയായ ടിപ്പു സുല്‍ത്താന്‍ ബ്രിട്ടീഷുകാര്‍ക്കെതിരേ സ്വാതന്ത്ര്യത്തിനായി പോരാടിയ 'ഈ മണ്ണിന്റെ മകനാണെന്ന് പറഞ്ഞ അദ്ദേഹം കന്നട മണ്ണിലെ സ്വാതന്ത്ര്യസമര വീരനായകനായ സങ്കോളി രായണ്ണയോട് ടിപ്പുവിനെ ഉപമിക്കുകയും ചെയ്തു. സ്വാതന്ത്ര്യസമരത്തില്‍ തെക്കുണ്ടായിരുന്നത് ടിപ്പു സുല്‍ത്താനായിരുന്നു. അതുപോലെ തന്നെ സങ്കോളി രായണ്ണനും. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ശബ്ദമുയര്‍ത്തിയവര്‍ ഇവരാണ്. അവരുടെ സ്‌നേഹത്തിനും ത്യാഗത്തിനും രാജ്യം തലകുനിക്കണം" അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അതേസമയം , ടിപ്പു സുല്‍ത്താനെക്കുറിച്ച്‌ ബിജെപിക്ക് വ്യത്യസ്ത നിലപാടല്ലേ ഉള്ളതെന്ന ചോദ്യത്തിന്, ടിപ്പു സുല്‍ത്താന്‍ ഒരു പാര്‍ട്ടിയുടെയും മതത്തിന്റെയും ജാതിയുടെയും ആളല്ലെന്നും ഈ മണ്ണിന്റെ മകനായ അദ്ദേഹത്തെ ഏതെങ്കിലും മതത്തിലേക്ക് ചുരുക്കി അപമാനിക്കരുതെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കര്‍ണാടകയില്‍ അഞ്ചാം ക്ലാസിലെ പാഠപുസ്തകത്തില്‍നിന്ന് ടിപ്പുവിനെക്കുറിച്ചുള്ള ഭാഗങ്ങള്‍ ഒഴിവാക്കിയത് സംബന്ധിച്ച ചോദ്യത്തിനും വിശ്വനാഥന് കൃത്യമായ വിശദീകരണമുണ്ടായിരുന്നു. കുട്ടികള്‍ ടിപ്പു സുല്‍ത്താന്‍, മഹാത്മാഗാന്ധി തുടങ്ങിയവരെക്കുറിച്ച്‌ പഠിക്കണം. അത് അവരില്‍ രാജ്യാഭിമാനമുയര്‍ത്തും എന്നായിരുന്നു വിശ്വനാഥിന്റെ പ്രതികരണം. .

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter