ചന്ദ്രശേഖർ ആസാദിനെ മോചിപ്പിക്കുവാൻ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഭീം ആർമി മാർച്ച്
ന്യൂഡൽഹി: ഡൽഹി ജുമാ മസ്ജിദിന്റെ പരിസരത്ത് പൗരത്വഭേദഗതി ബില്ലിനെതിരെ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തിന് നേതൃത്വം നൽകിയ ചന്ദ്രശേഖർ ആസാദിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിലേക്ക് ഭീം ആർമി പ്രവർത്തകരുടെ മാർച്ച്. കൈകൾ കെട്ടിവച്ചാണ് പ്രതിഷേധക്കാർ ശക്തമായ മാർച്ച് സംഘടിപ്പിച്ചത്. ജോർബാഗിൽവച്ച് മാർച്ച് പൊലീസ് തടഞ്ഞു. ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുന്ന ചന്ദ്രശേഖറെ എത്രയും വേഗം മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പ്രവർത്തകർ സംഘടിച്ചെത്തിയത്. പ്രവർത്തകർ എല്ലാവരും കൈകൾ കൂട്ടിക്കെട്ടിയിരുന്നു. അക്രമം നടത്തിയെന്ന് തങ്ങളുടെ നേർക്ക് ആരോപണം ഉയർത്താതിരിക്കാൻ വേണ്ടിയാണ് കൈകൾ കൂട്ടിക്കെട്ടിയതെന്ന് പ്രതിഷേധക്കാർ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച ആസാദിനെ ജുമാ മസ്ജിദ് പരിസരത്തുവച്ചാണ് പൊലീസ് കഴിഞ്ഞ വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്തതും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തിയതും. ആസാദിപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. അതേസമയം ചന്ദ്രശേഖരൻ ആസാദിന് കസ്റ്റഡിയിൽ ക്രൂര പീഡനം ഏൽക്കേണ്ടി വന്നെന്ന് ഗുജറാത്ത് എംഎൽഎ ജിഗ്നേഷ് മേവാനി ആരോപിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter