മോഹൻ ഭഗവതിന്റെ പ്രസ്താവനക്കെതിരെ കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: ഇന്ത്യയിലെ 130 കോടി ജനങ്ങളും ഹിന്ദു സമൂഹമാണെന്ന ആര്‍എസ്‌എസ് തലവൻ മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയ്‌ക്കെതിരെ കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ രംഗത്തെത്തി. എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണെന്ന് പറയുന്നത് ശരിയല്ല, എല്ലാവരും ഇന്ത്യക്കാരാണെന്നാണ് മോഹന്‍ ഭാഗവത് കരുതിയതെങ്കിൽ അത് നല്ലതാണെന്നും രാംദാസ് പറഞ്ഞു. ബുദ്ധ, സിഖ്, ഹിന്ദു, ക്രിസ്ത്യന്‍, പാര്‍സി, ജൈന, ലിംഗായത്ത് തുടങ്ങി വിവിധ മതവിഭാഗങ്ങളില്‍ പെട്ടവര്‍ ഒരുമിച്ചാണ് നമ്മുടെ രാജ്യത്ത് കഴിയുന്നതെന്നും, നമ്മുടെ രാജ്യത്ത് എല്ലാവരും ബുദ്ധമത വിശ്വാസികളായിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ 130 കോടി ജനങ്ങളും ആര്‍എസ്‌എസിന് ഹിന്ദു സമൂഹമാണെന്നായിരുന്നു കഴിഞ്ഞ ദിവസം മോഹന്‍ ഭാഗവത് പറഞ്ഞത്. പ്രസ്താവനക്കെതിരെ വിവിധ കക്ഷിനേതാക്കള്‍ ശക്തമായ വിമര്‍ശനം ഉയര്‍ത്തിയിതിനു പിന്നാലെയാണ് മോഹന്‍ ഭാഗവതിന്റെ വാദം തള്ളി കേന്ദ്രമന്ത്രി തന്നെ രംഗത്തെത്തിയിരിക്കുന്നത്. മഹാരാഷ്ട്രയിൽ നിന്നുള്ള ദലിത് പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ നേതാവാണ് രാംദാസ് അത്താവാലെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter