കൊറോണ വൈറസ് ഭീഷണി: ഉംറ തീർഥാടകർക്ക് വിലക്കേർപ്പെടുത്തി സൗദി അറേബ്യ
റിയാദ്: കൊറോണ വൈറസ് കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്ന സാഹചര്യത്തില്‍ വിദേശ ഉംറ തീർഥാടകര്‍ക്ക് വിലക്കേര്‍പ്പെടുത്തി സൗദി അറേബ്യ. സൗദിയില്‍ ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വിവിധ രാജ്യങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് പേർ രാജ്യത്തേക്ക് എത്തുന്നതിനാൽ മുന്‍കരുതല്‍ എന്ന നിലക്കാണ് നടപടി.

ഇറാനിലടക്കം കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് സൗദിയുടെ നിർണായക തീരുമാനം. അപകടകരമായി കൊറോണ വൈറസ് പടരുന്ന രാജ്യങ്ങളില്‍ നിന്നുള്ള എല്ലാ സന്ദർശകർക്കും താൽകാലിക വിലക്കേർപ്പെടുത്തിയതായി സൗദി ഹജ്ജ് ഉംറ കാര്യ സഹ മന്ത്രി ഡോ: അബ്ദുറഹ്മാൻ ബിൻ അബ്ദുൽ റഹീം അറിയിച്ചു. വിലക്ക് നീക്കുന്നത് വരെ ഉംറ തീർത്ഥാടനത്തിന്റെ മുഴുവൻ നടപടികളും നിർത്തിവെക്കണമെന്നറിയിച്ച് സ്വകാര്യ, സർക്കാർ ഏജൻസികൾക്ക് മന്ത്രാലയം കത്തയച്ചു.

കൊറോണ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ക്കും സൗദിയിലേക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.  വിദേശത്തുള്ള സൗദികള്‍ക്ക് കൊറോണ ഇല്ലെന്ന് സ്ഥിരീകരിച്ച ശേഷമേ രാജ്യത്തേക്ക് പ്രവേശിപ്പിക്കൂ. സ്വദേശികളോട് കൊറോണയുള്ള രാജ്യങ്ങളിലേക്ക് സന്ദര്‍ശനം നടത്തരുതെന്നും വിദേശകാര്യ മന്ത്രാലയം അഭ്യര്‍ഥിച്ചു.  തീരുമാനം കരിപ്പൂരില്‍നിന്ന് ഉള്‍പ്പെടെ ഉംറക്ക് യാത്ര തിരിക്കാനെത്തിയ നൂറുകണക്കിന് പേർക്ക് തിരിച്ചടിയായി. കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ 400 തീർഥാടകര്‍ വിലക്ക് കാരണം വീടുകളിലേക്ക് മടങ്ങിപ്പോയി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter