ജയിലടക്കപ്പെട്ട സിഎഎ സമരക്കാരെ  ഇന്ത്യ ഉടന്‍ വിട്ടയക്കണം-യുഎൻ
യുഎൻ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റ് ചെയ്തവർക്ക് ജാമ്യം നിഷേധിക്കപ്പെടുന്നതിനിടെ വിഷയത്തിൽ പ്രതികരണവുമായി യുഎൻ. ജയിലടക്കപ്പെട്ട സമരക്കാരെ ഇന്ത്യ ഉടന്‍ വിട്ടയക്കണമെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ ഹൈകമീഷണര്‍ വ്യക്തമാക്കി.

"സിഎഎ വിരുദ്ധ സമരത്തിന്‍റെ പേരില്‍ തെളിവുകളില്ലാതെ തടങ്കലിലാക്കിയ മുഴുവന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെയും മോചിപ്പിക്കണം. സിഎഎ വിവേചനത്തിനെതിരെ സംസാരിച്ചു എന്ന് പറഞ്ഞാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിലായവരില്‍ കൂടുതലും വിദ്യാര്‍ഥികളാണ്. പൗരത്വ നിയമത്തിനെതിരെ വിയോജിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശം ഉപയോഗിച്ചതിനാണ് അവരെല്ലാം അറസ്റ്റിലായത്", ഹൈകമ്മീഷണര്‍ വിശദീകരിച്ചു.

സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്നത് സഹിക്കില്ലെന്ന കടുത്ത സന്ദേശം സമൂഹത്തിന് നല്‍കുന്നതിനായാണ് ഈ അറസ്റ്റുകളെന്ന് വിമർശിച്ച മനുഷ്യാവകാശ ഹൈകമീഷണൻ ർ 11 പേരെ പ്രസ്താവനയില്‍ പ്രത്യേകം പരാമര്‍ശിക്കുകയും ചെയ്തു.

മീരാന്‍ ഹൈദര്‍, ഗള്‍ഫിഷ ഫാത്തിമ, സഫൂറ സര്‍ഗാര്‍, ആസിഫ് ഇക്ബാല്‍ തന്‍ഹ, ദേവാംഗന കലിത, നതാഷ നര്‍വാള്‍, ഖാലിദ് സൈഫി, ഷിഫ ഉര്‍ റഹ്മാന്‍, ഡോ. കഫീല്‍ ഖാന്‍, ഷാര്‍ജീല്‍ ഇമാം, അഖില്‍ ഗോഗോയ് എന്നീ പേരുകളാണ് എടുത്ത് പറഞ്ഞിട്ടുള്ളത്. ഇവര്‍ക്ക് മനുഷ്യാവകാശ ലംഘനവും പീഡനവും നേരിടേണ്ടിവന്നെന്നും രാജ്യസുരക്ഷയുടെ പേര് പറഞ്ഞ് ജാമ്യം നിഷേധിച്ചെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.

സമരക്കാരോടുള്ള വിവേചനപരമായ നിലപാടുകൾക്കെതിരെയും യുഎൻ മനുഷ്യാവകാശ കമ്മീഷൻ വിമർശനം ഉന്നയിച്ചു. സിഎഎ അനുകൂലികള്‍ നടത്തിയ വിദ്വേഷ പ്രസംഗങ്ങളെ കുറിച്ച്‌ ഒരു അന്വേഷണവും നടത്തിയില്ലെന്നും രാജ്യദ്രോഹികളെ വെടിവെച്ചുകൊല്ലുക എന്നത് ഉള്‍പ്പെടെയുള്ള മുദ്രാവാക്യങ്ങള്‍ അവര്‍ മുഴക്കിയിട്ടും അന്വേഷണമുണ്ടായില്ലെന്നും ശുഎൻ ചൂണ്ടിക്കാട്ടുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter