ജുമുഅ, എന്തിനാണിത്ര വാശി
അല്‍പം മുമ്പ് ഒരു വീഡിയോ കാണാനിടയായി. ഒരു പള്ളിയില്‍ നിസ്കരിക്കാനായി (ജുമുഅയാണെന്ന് തോന്നുന്നു) ഏതാനും പേര്‍ കൂടിയതറിഞ്ഞ് പോലീസെത്തി എല്ലാവരെയും ഒഴിപ്പിക്കുന്നതാണ് രംഗം. ചെറുപ്പക്കാരും വൃദ്ധരുമടങ്ങുന്ന അമ്പതിലധികം വരുന്ന ആളുകള്‍ പള്ളിയില്‍ നിന്ന് പുറത്തേക്ക് വരുന്നു. വരുന്ന മുറക്ക്, പോലീസ് എല്ലാവരെയും നന്നായി പ്രഹരിക്കുന്നുണ്ട്. കിട്ടിയതും കൊണ്ട് എല്ലാവരും ഓടി രക്ഷപ്പെടുകയും ചെയ്യുന്നു.
സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് സമ്പൂര്‍ണ്ണമാക്കുന്നതിന്റെ ഭാഗമായി രാജ്യമൊട്ടാകെ ലോക്ഡൌണ്‍ പ്രഖ്യാപിച്ചത് അറിയാത്തവരായി ഇന്ത്യയില്‍ ആരുമുണ്ടാവുമെന്ന് തോന്നുന്നില്ല. അതെല്ലാം, പൊതുജനങ്ങളുടെ നന്മക്ക് വേണ്ടിയാണെന്നതും എല്ലാവര്‍ക്കുമറിയാം. ജുമുഅയും ജമാഅതുമെല്ലാം വേണ്ടെന്ന് വെക്കാന്‍ ന്യായമായ കാരണങ്ങളാണ് നിലവിലുള്ളതെന്ന് നമ്മുടെ പണ്ഡിതരൊക്കെ പറയുകയും ചെയ്തു.
എന്നിട്ടും ഇങ്ങനെ ഒത്ത് കൂടണമെന്ന് എന്താണാവോ ഇത്ര വാശി. ഒരു ദിവസം ജുമുഅ മുടങ്ങുന്നത് കൊണ്ടോ ഒരു നേരത്തെ ബാങ്ക് വിളി നിലക്കുന്നത് കൊണ്ടോ ഇല്ലാതാവുന്നതല്ലല്ലോ ഇസ്‍ലാം. ശത്രുക്കളെ ഭയന്ന് പ്രവാചകരും അനുയായികളും പരസ്യമായി ചെയ്യേണ്ട പലതും രഹസ്യമായി ചെയ്തും ജുമുഅ അടക്കമുള്ള ചിലതൊക്കെ വേണ്ടെന്ന് വെച്ചും മക്കയില്‍ കഴിഞ്ഞ് കൂടിയത് 13 വര്‍ഷമായിരുന്നു.
ഇനി ഇങ്ങനെയൊന്ന് ചിന്തിച്ചുനോക്കൂ. ജുമുഅക്ക് കൂടിയവരില്‍ ഒരാള്‍ക്ക് അസുഖം സ്ഥിരീകരിച്ചു എന്ന് വെക്കുക (അല്ലാഹു കാക്കട്ടെ). എങ്കില്‍ പിന്നെ, ആ കൂടിയവരെയും ശേഷം അവര്‍ സമ്പര്‍ക്കം പുലര്‍ത്തിയ ഭാര്യയും മക്കളുമടക്കം എല്ലാവരെയും നീരീക്ഷണകേന്ദ്രത്തിലാക്കുകയോ സ്വയം ഐസൊലേറ്റ് ചെയ്യാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയോ ചെയ്യേണ്ടിവരില്ലേ. അത് എത്രമാത്രം പ്രയാസകരമായിരിക്കും.
ഇനി, ആ ഒരാളില്‍ നിന്ന് പലരിലേക്ക് അത് വ്യാപിച്ചു എന്നിരിക്കട്ടെ. എങ്കില്‍, പലര്‍ക്കും അസുഖം പകരാനും നിയന്ത്രണാതീതമാവാനും കാരണമായത് നമ്മുടെ ജുമുഅയോ ജമാഅതോ ആണെന്നല്ലേ വരിക. അത്, നമ്മുടെ മതത്തെകുറിച്ച് ഇതര മതസ്ഥരായ സുഹൃത്തുക്കള്‍ക്ക് നല്‍കുന്ന സന്ദേശം എന്തായിരിക്കും. നാം നാഴികക്ക് നാല്‍പത് വട്ടം ആവര്‍ത്തിച്ചുപറയുന്ന ഇസ്‍ലാമിന്റെ മാനവികതയൊക്കെ പ്രയോഗതലത്തിലില്ലെന്നല്ലേ അത് വിളിച്ചുപറയുന്നത്. ഈ മതത്തോട് നാം ചെയ്യുന്ന വലിയൊരു ക്രൂരത കൂടിയാവില്ലേ അത്.
ആയതിനാല്‍, ഇനിയും ഇത് അംഗീകരിച്ചുകൂടാ. നാം നിര്‍ത്തിയേ മതിയാവൂ. മറ്റുള്ളവരെയും നമ്മുടെ ദീനിനെയും ഓര്‍ത്തെങ്കിലും.
Leave A Comment