ഒന്നിക്കാന്‍ ഇനിയും എന്‍.ആര്‍.സി തന്നെ വരേണ്ടിവരുമോ..

എന്തിലും ഏതിലും കുറ്റങ്ങളും കുറവുകളും മാത്രം കാണുന്ന ചിലരുണ്ട്. ദോഷൈക ദൃക്കുകള്‍ എന്നാണ് അവരെ പറയാറുള്ളത്. സമൃദ്ധമായി പാലുള്ള അകിടിലിരിക്കുമ്പോഴും പാലിന് പകരം ചോര കുടിക്കുന്ന കൊതുകിനെ പോലെയാണ് അവരെന്ന് പറയാം. സമുദായത്തിലെ ചിലര്‍ കുറച്ച് കാലമായി ഇത്തരം കൊതുകുകളാകുന്നുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

എത്ര വലിയ കാര്യങ്ങള്‍ ചെയ്യപ്പെട്ടാലും എത്ര മനോഹരമായി ചെയ്യപ്പെട്ടാലും അവയെല്ലാം മഞ്ഞക്കണ്ണടയോടെ നോക്കി, അവയിലെ കുറ്റങ്ങളും കുറവുകളും മാത്രം ചികഞ്ഞ് നടക്കുന്നതാണ് ഇത്തരക്കാരുടെ രീതി. അന്വേഷണത്തിലും കണ്ടെത്തലിലും നിര്‍ത്തുന്നതിന് പകരം, ശേഷം അവയുടെ ശരിതെറ്റുകളോ യാഥാര്‍ത്ഥ്യങ്ങളോ വിലയിരുത്താതെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അടിച്ച് വിടുന്നതാണ് ഏറ്റവും വിഷമകരം. സമുദായത്തെ വീണ്ടും വീണ്ടും തമ്മിലടിപ്പിക്കുന്നതിലെന്തോ ഒരു സുഖം അനുഭവിക്കുന്ന പോലെയാണ് അവര്‍.

ഇന്ത്യയില്‍ മുസ്‍ലിംകളുടെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന വേളയില്‍, പള്ളികളോരോന്നായി പൂജക്ക് വേണ്ടി കോടതി തന്നെ തുറന്ന് കൊടുക്കുന്ന ഈ സമയത്ത്, സര്‍വ്വോപരി അതിനിര്‍ണ്ണായകമായ പൊതുതെരഞ്ഞെടുപ്പ് മുന്നിലെത്തി നില്‍ക്കുന്ന ഈ സമയത്ത്, ഒരു പക്ഷേ, ഇപ്പോഴും തമ്മിലടിച്ചുകൊണ്ടേയിരിക്കുന്നത് ഈ സമുദായം മാത്രമായിരിക്കും, അതും പറയത്തക്ക കാരണങ്ങളൊന്നുമില്ലാതെ തന്നെ. വിവധ പാര്‍ട്ടികളായും ഗ്രൂപ്പുകളായും ഗ്രൂപ്പുകള്‍ക്കുള്ളിലെ വിഭാഗങ്ങളായുമെല്ലാം ഇതൊരു സഹജരോഗമായത് പോലെയാണ് കാര്യങ്ങള്‍. യോജിക്കാന്‍ തൊണ്ണൂറ്റിഒമ്പത് കാരണങ്ങളുണ്ടാവുമ്പോഴും വിയോജിക്കുന്ന ഒരേ ഒരു കാരണത്തിന്മേല്‍ കടിച്ച് തൂങ്ങുന്നത് എന്നാണാവോ ഇനി സമുദായം അവസാനിപ്പിക്കുക.

പാമ്പിന്റെ വായിലകപ്പെട്ട്, വയറ്റിലേക്ക് പോവാന്‍ കാത്തിരിക്കുന്ന സമയത്ത് പോലും ഭക്ഷണത്തിനോ വെള്ളത്തിനോ അപേക്ഷിക്കുന്ന തവളയെ പലപ്പോഴും ഉദാഹരിക്കാറുണ്ട്. എന്നാല്‍, നിലവിലെ സമുദായത്തിന്റെ അവസ്ഥ അതേക്കാള്‍ ശോചനീയമാണെന്ന് പറയാതെ വയ്യ. ഔദ്യോഗിക തലങ്ങളില്‍ നടക്കേണ്ടതെല്ലാം നടന്ന്, രോഹിംഗ്യന്‍ അഭയാര്‍ത്ഥികളെപ്പോലെ ക്യാമ്പുകളില്‍ കഴിയുമ്പോഴെങ്കിലും ഇതെല്ലാം മറന്ന് ഒന്നിക്കുമെന്ന് നമുക്ക് കരുതാം. നാഥാ, ഈ ഉമ്മതിനെ നീ കാക്കേണമേ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter