ക്രൈസ്റ്റ് ചർച്ച് മസ്ജിദ് തീവ്രവാദ ആക്രമണം: പ്രതിക്ക് ആജീവനാന്ത തടവ്
വെല്ലിങ്ടണ്‍: ലോകം നടുങ്ങിയ ന്യൂസിലാൻഡിലെ ക്രൈസ്റ്റ് ചർച്ച് മസ്ജിദ് തീവ്രവാദ ആക്രമണം നടത്തിയ കുറ്റവാളിക്ക് ആജീവനാന്ത തടവ് വിധിച്ച് ന്യൂസിലാൻഡ് കോടതി. വലതുപക്ഷ വംശീയ വാദിയായ ബ്രന്റണ്‍ ടറന്റിനാണ് നാല് ദിവസത്തെ വിചാരണക്കൊടുവിൽ പരോളുകളില്ലാത്ത ആജീവനാന്ത തടവുശിക്ഷ കോടതി വിധിച്ചത്. വധശിക്ഷ നിരോധിക്കപ്പെട്ട രാജ്യമായ ന്യൂസിലന്‍ഡില്‍ ലഭിക്കാവുന്ന ഏറ്റവും വലിയ ശിക്ഷയാണിത്.

പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നും, പ്രതി ചെയ്ത ക്രൂരതക്ക് എന്ത് ശിക്ഷ നല്‍കിയാലും മതിയാകില്ലെന്നും കോടതി വ്യക്തമാക്കി. ഒരു പ്രത്യേക സമുദായത്തിലെ മനുഷ്യരോടുള്ള വെറുപ്പ് ഉള്ളില്‍ സൂക്ഷിച്ച്‌ അവരെ കൊലപ്പെടുത്തിയ പ്രതിക്ക് എവിടേയും സ്ഥാനമില്ലെന്നും കോടതി വ്യക്തമാക്കി. ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡൻ കോടതി വിധിയെ സ്വാഗതം ചെയ്തു. പ്രതി ഇനി ഒരിക്കലും പുറംലോകം കാണരുതെന്നായിരുന്നു അവരുടെ പ്രതികരണം.

നാല് ദിവസം നീണ്ട വിചാരണയില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും ഇരകളുമടക്കം 90 ഓളം പേര്‍ കോടതിയില്‍ എത്തി ആക്രമണത്തിന്റെ ഭീകരത കോടതിയില്‍ വിശദീകരിച്ചിരുന്നു. 2019 മാര്‍ച്ചിലാണ് ന്യൂസിലന്റിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ രണ്ട് മുസ്‌ലിം പള്ളികളില്‍ വെള്ളിയാഴ്ച്ച നമസ്കാരം നടക്കുന്ന സമയത്ത് പ്രതി വെടിവെപ്പ് നടത്തിയത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ലൈവായി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. 51 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter