യമന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഒമാന്‍- യു.എസ് ചര്‍ച്ച
യമന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ച് ഒമാന്‍ വിദേശ കാര്യ മന്ത്രി ബദറുല്‍ ബുസൈദിയും യു.എസ്സിന്റെ യമന്‍ പ്രത്യേക പ്രതിനിധി തിമോത്തി ലന്‍ഡര്‍കിംഗും ചര്‍ച്ച നടത്തിയതായി അനഡോലു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. യമനിലെ പുതിയ സംഭവ വികാസങ്ങളെയും യുദ്ധ മേഖലയിലെ മാനുഷിക പ്രതിസന്ധികളെയും കുറിച്ചാണ് ചര്‍ച്ച നടന്നതെന്ന് ഒമാന്‍ ന്യൂസ് ഏജന്‍സി റിപോര്‍ട്ട് ചെയ്തു. രാജ്യത്ത് യുദ്ധം ചെയ്ത് കൊണ്ടിരിക്കുന്ന വിവിധ രാഷ്ട്രീയ കക്ഷികള്‍ സമവായത്തിലെത്തേണ്ടതിന്റെ ആവശ്യകതയും അതിന് വേണ്ടി ചെയ്യേണ്ട പദ്ധതികളും ചര്‍ച്ചയില്‍ വിഷയമായിരുന്നു.
ഏഴു വര്‍ഷമായി യമനില്‍ നില നില്‍ക്കുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ യു.എസ് ഭരണകൂടം നടത്തി വരുന്ന നിരന്തര ശ്രമങ്ങളുടെ ഭാഗമാണ് ലെന്‍ഡര്‍കിംഗിന്റെ പത്ത് ദിവസത്തെ ഗള്‍ഫ് പര്യടനം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി യമന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളില്‍ സജീവ പങ്കാളിയാണ് ഒമാന്‍.