ബൈഡന്റെ ഫലസ്തീൻ  നിലപാട്; പിന്തുണയുമായി അറബ് ലോകം

ഇസ്രാഈലിനൊപ്പം ഫലസ്തീനുമായി നല്ല ബന്ധം സ്ഥാപിക്കുമെന്ന ബൈഡൻ ഭരണകൂടത്തിന്റെ പ്രഖ്യാപനത്തിൽ പ്രതീക്ഷയർപ്പിച്ച് അറബ് ലോകം. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തെ പിന്തുണക്കുമെന്ന അമേരിക്കയുടെ നിലപാടിനെയും അറബ് ലോകം സ്വാഗതം ചെയ്യുകയാണ്. യു.എസ് പ്രസ്താവന പശ്ചിമേഷ്യൻ പ്രശ്നപരിഹാരത്തിന് വഴിയൊരുക്കുമെന്നാണ് അറബ്, മുസ്‌ലിം രാജ്യങ്ങളുടെ വിലയിരുത്തൽ.

ഫലസ്തീൻ സമൂഹത്തോട് അനുഭാവപൂർണമായ നിലപാട് കൈക്കൊള്ളുമെന്നാണ് കഴിഞ്ഞ ദിവസം ബൈഡൻ ഭരണകൂടം വ്യക്തമാക്കിയത്. ഐക്യരാഷ്ട്ര സഭയിലെ യു.എസ് ആക്ടിങ് പ്രതിനിധി റിച്ചാർഡ് മിൽസ്, യു.എൻ രക്ഷാസമിതിയിലാണ് നിലപാട് വ്യക്തമാക്കിയത്. ഫലസ്തീനിൽ നയതന്ത്ര കാര്യാലയം ആരംഭിക്കാൻ സന്നദ്ധമാണെന്നും യു.എസ് അറിയിച്ചിട്ടുണ്ട്. ഫലസ്തീൻ ജനതയുടെ സാമ്പത്തിക വികസനത്തിനും മാനുഷിക സഹായത്തിനും ഉതകുന്ന പദ്ധതികൾ പുനഃസ്ഥാപിക്കാൻ ബൈഡൻ ഭരണകൂടം തയാറാകും.

ട്രംപ് ഭരണകൂടം അവസാനിപ്പിച്ച ഫലസ്തീനുമായുള്ള നയതന്ത്ര നടപടികൾ പുനരാരംഭിക്കാനുള്ള ബൈഡൻ നീക്കത്തെ അറബ് മാധ്യമങ്ങൾ പ്രകീർത്തിച്ചു. ഫലസ്തീന് സാമ്പത്തിക സഹായം നൽകുന്നത് പുനഃസ്ഥാപിക്കാനും അമേരിക്കക്ക് പദ്ധതിയുണ്ട്. 2018ൽ ഫലസ്തീനുള്ള 200 മില്യൺ ഡോളറിന്‍റെ സഹായം ട്രംപ് ഭരണകൂടം വെട്ടിക്കുറച്ചതും അറബ് ലോകത്ത് എതിർപ്പിന് ഇടയാക്കിയിരുന്നു. വിവിധ അറബ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അമേരിക്കയിൽ ഏർപ്പെടുത്തിയ വിലക്കും കഴിഞ്ഞ ദിവസം ബൈഡൻ ഭരണകൂടം പിൻവലിച്ചത്അറബ് ലോകം സ്വാഗതം ചെയ്തിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter