ആഘോഷങ്ങള്‍ പരിസ്ഥിതി സൗഹൃദമാക്കണം: ഹൈദരലി തങ്ങള്‍
നബിദിനത്തോടനുബന്ധിച്ച പരിപാടികളുള്‍പ്പെടെ പൊതുസമൂഹം ഇടപെടുന്ന എല്ലാ ആഘോഷങ്ങളും പരിസ്ഥിതി സൗഹൃദമാകണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. സമൂഹം ഒത്തുചേരുന്ന എല്ലാ പരിപാടികളും ഹരിത പെരുമാറ്റചട്ടങ്ങള്‍ പാലിക്കുന്നതാകണം. ആഘോഷ ഭാഗമായി നടക്കുന്ന റാലികള്‍, സമ്മേളനങ്ങള്‍ തുടങ്ങിയവയില്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞ് പരിസര മലിനീകരണമുണ്ടാക്കരുത്. ഇവ ശേഖരിച്ച് സംസ്‌കരിക്കാന്‍ തയ്യാറാവണം. ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണ് മാലിന്യ നിക്ഷേപം. മാലിന്യമുക്ത നാടിന് നാം കൈകോര്‍ക്കേണ്ട സന്ദര്‍ഭമാണിത്. ആരോഗ്യപൂര്‍ണമായ സമൂഹത്തിനേ നല്ല നാടിനെ സമര്‍പ്പിക്കാനാവുകയുള്ളൂ. മാലിന്യം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ ഗുരുതരമാണ്. റോഡരികിലും മറ്റ് പൊതുഇടങ്ങളിലും മാലിന്യം ഉപേക്ഷിക്കുന്നത് കടുത്ത പരിസ്ഥിതി-സമൂഹ ദ്രോഹമാണ്. ഉപയോഗശേഷം ഇത്തരം വസ്തുക്കള്‍ ജലസ്രോതസുകളിലേക്കും പൊതുവഴികളിലേക്കും വലിച്ചെറിയുന്നത് ഗുരുതര ആരോഗ്യ, പാരിസ്ഥിതിക, മാലിന്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിന് കാരണമാകുന്നുണ്ട്.
അന്നദാന പരിപാടികളില്‍ ഭക്ഷണം പൊതിയുന്നതിന് പ്ലാസ്റ്റിക് പേപ്പറുകളും കവറുകളും ഒഴിവാക്കി വാഴയില പോലെയുള്ള പ്രകൃതി സൗഹൃദ മാര്‍ഗങ്ങള്‍ തേടണമെന്നാണ് ഹരിത കേരള മിഷന്‍ മുന്നോട്ടുവെക്കുന്നത്. സംഘടനകളും മഹല്ല് സ്ഥാപന ഭാരവാഹികളും സംഘാടകരും ഇതിനു നേതൃത്വം നല്‍കണം. ഓരോ ആഘോഷ പരിപാടികളിലും ഒത്തുകൂടുന്നവര്‍ നിരവധിയാണ്. ഇത്തരം പരിപാടികളില്‍ നിരോധിത പ്ലാസ്റ്റിക് കവറുകളും ഡിസ്പോസിബിള്‍ വസ്തുക്കളും ഉപയോഗിക്കുന്നത് ഒഴിവാക്കണം. കഴുകി ഉപയോഗിക്കാന്‍ കഴിയുന്ന പാത്രങ്ങളും ഗ്ലാസുകളും ഉപയോഗിക്കാന്‍ മുന്നോട്ടുവരണം. ഫല്‍ക്സ് ഉപയോഗത്തിലും ഹരിത കേരള മിഷന്‍ ഉത്തരവ് പാലിക്കണം. കഴിഞ്ഞ വിവിധ ആഘോഷങ്ങളില്‍ ഹരിതപെരുമാറ്റചട്ടം പാലിക്കാന്‍ എല്ലാവരും കാണിച്ച ജാഗ്രത അഭിനന്ദിക്കപ്പെട്ടിട്ടുണ്ട്.
ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്നാണ് പരിസ്ഥിതി പ്രശ്നങ്ങള്‍. എല്ലാ രാജ്യത്തും വളരെ ഗൗരവപൂര്‍ണ്ണമായി പരിസ്ഥിതി പ്രശ്നങ്ങള്‍ പഠിക്കുകയും അതിന്റെ വിപത്തുകള്‍ കുറക്കാനുള്ള വഴികള്‍ കണ്ടെത്താനും ശ്രമിച്ച് കൊണ്ടിരിക്കുകയുമാണ്. മനുഷ്യന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയായികൊണ്ട് നിരവധി പാരിസ്ഥിതിക പ്രശ്നങ്ങള്‍ പ്രതിദിനം വര്‍ധിക്കുന്നു. ഇയൊരു പ്രതിസന്ധി ഘട്ടത്തില്‍ കേരളത്തിന്റെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ സമഗ്രമായി പഠിക്കുകയും പ്രശ്ന പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തുകയും ചെയ്യുകയെന്നത് നമ്മുടെ സാമൂഹിക ധാര്‍മ്മിക ഉത്തരവാദിത്വത്തിന്റെ ഭാഗമാണ്. സ്വന്തം വൃത്തിയും വീടിന്റെ വൃത്തിയും മാത്രം സംരക്ഷിച്ചാല്‍ പോര, നാം ജീവിക്കുന്ന ചുറ്റുപാടിന്റെ സംരക്ഷണവും പരിപാലനവും വളരെ ശ്രദ്ധയോടെ ചേയ്യേണ്ട കാര്യമാണ്-തങ്ങള്‍ പറഞ്ഞു.
Leave A Comment