അയോധ്യയെ ആയുധമാക്കാന്‍ പരിവാര്‍ കച്ചകെട്ടുമ്പോള്‍
കുറച്ച് വര്‍ഷം മുമ്പ് വരെ മതേതര സിദ്ധാന്തത്തിനും വ്യവസ്ഥക്കുമെതിരെ പരസ്യമായി സംസാരിക്കാന്‍ ആര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല.
എന്നാല്‍ ഇന്നത്തെ അവസ്ഥയെന്താണ് ?
ആര്‍ക്കും എന്തും പറയാം.
എന്തും ചെയ്യാം.
അതിന് ആരെയും പേടിക്കേണ്ടതില്ല.
ഒന്നിനേയും ഭയക്കേണ്ടതുമില്ല.
അടുത്ത കാലത്തായി മന്ത്രിമാരില്‍ നിന്നും ജനപ്രതിനിധികളില്‍ നിന്നും അധികാര കേന്ദ്രങ്ങളില്‍ നിന്നും കേള്‍ക്കുന്നത് അത്യന്തം ആപല്‍ക്കരമായ ആഹ്വാനങ്ങളാണ്.
ആര്‍പ്പ് വിളികളും ആക്രോശങ്ങളുമാണ്.
അട്ടഹാസങ്ങളും ആരവങ്ങളുമാണ്.
മതേതര ജനാധിപത്യം ഉല്‍ഘോഷിക്കുന്ന ഇന്ത്യന്‍ ഭരണഘടനയെ മാറ്റിയെഴുതാന്‍ പോലും സംഘികള്‍ ഇറങ്ങി പ്പുറപ്പെട്ടിരിക്കുകയാണ്.
' ഹിന്ദുരാഷ്ട്ര 'ത്തിന്റെ ഈ പുതിയ ഭരണഘടനയില്‍ മുസ്ലിംകള്‍ക്കോ കൃസ്ത്യാനികള്‍ക്കോ മറ്റ് ന്യൂനപക്ഷങ്ങള്‍ക്കോ യാതൊരു അവകാശവും ഉണ്ടായിരിക്കുകയില്ലെന്നും പരസ്യമായി പ്രഖ്യാപിക്കുകയാണ്.
ഹൈന്ദവ മുഖ്യധാരയില്‍ അലിഞ്ഞ് ചേരാന്‍ തയ്യാറ്റുള്ളവര്‍ക്ക് മാത്രമേ ഹിന്ദു രാഷ്ട്രത്തില്‍ അംഗത്വമുണ്ടാവുകയുള്ളൂവെന്നും ആക്രോശം മുഴക്കുന്നു.
ദിവസങ്ങള്‍ കഴിയുന്തോറും ന്യൂനപക്ഷ മനസ്സില്‍ ആശങ്കയും ഭീതിയും കൂടിക്കൂടി വരികയാണ്.
അങ്കലാപ്പും അസ്വസ്ഥതയും ഏറിയേറി വരികയാണ്.
മതേതര ഇന്ത്യയെ സംബന്ധിച്ച എല്ലാ സ്വപ്നങ്ങളും പകല്‍ക്കിനാവുകളായി മാറുന്നു എന്നതാണ് ന്യൂനപക്ഷത്തിന്റെ മുഖ്യ ഭീതികളിലൊന്ന്.
രാജ്യത്തിന്റെ നീതിന്യായ നിയമ പാലക വ്യവസ്ഥിതിയില്‍ അടിയുറച്ച് വിശ്വസിക്കുന്നവരാണ് രാജ്യത്തുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍. നീതിയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയാണ് ജുഡീഷ്യറിയോട് അങ്ങേയറ്റത്തെ ആദരവ് കാട്ടാന്‍ ന്യുനപക്ഷ സമുദായത്തിന് പ്രചോദനമാകുന്നത്.
അയോധ്യാ തര്‍ക്കം ഉടലെടുത്ത അന്ന് തൊട്ട് ന്യായാസനത്തിന്റെ തീര്‍പ്പ് സ്വീകരിക്കാന്‍ മുസ്ലിംകള്‍ സന്നദ്ധമാണെന്ന് പരസ്യമായി തുറന്ന് പറഞ്ഞിരുന്നു.
എന്നാല്‍ കോടതി ഉത്തരവുകളും ഭരണഘടനാ വ്യവസ്ഥിതികളും പിച്ചിച്ചീന്തി കാറ്റില്‍ പറത്താനാണ് ഫാഷിസ്റ്റ് ഭരണകൂടം നിരന്തരമായി ശ്രമിച്ച് കൊണ്ടിരിക്കുന്നത്.
രാമക്ഷേത്ര നിര്‍മ്മാണത്തില്‍ അന്തിമ പോരാട്ടം പ്രഖ്യാപിച്ച് വിശ്വഹിന്ദു പരിഷത്ത് അതിന്റെ നിര്‍മ്മാണം വൈകിയാല്‍ രണ്ടാമൂഴം കേന്ദ്രത്തില്‍ എത്തിക്കില്ലെന്ന ഭീഷണിയും സമ്മര്‍ദ്ദതന്ത്രവും പ്രയോഗിക്കുന്ന നിര്‍ണ്ണായ ഘട്ടത്തിലൂടെയാണ് രാജ്യം കടന്ന് പോകുന്നത്.
പഹ് ലേ മന്ദിര്‍ ഫിര്‍ സര്‍ക്കാര്‍ (ആദ്യം ക്ഷേത്രം, എന്നിട്ട് സര്‍ക്കാര്‍ ) എന്ന
മുദ്രാവാക്യവുമായി ഭരണപക്ഷ കക്ഷികള്‍ രംഗത്ത് വന്നത് രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ തന്നെയാണ്.
അയോധ്യയില്‍ നടത്തിയ ധര്‍മ്മസഭയില്‍
കത്തിയും വാളും മുളവടിയുമായി വി.എച്ച്.പി പ്രവര്‍ത്തകര്‍ എത്തിയത് രാജ്യത്തിന്റെ മര്‍മ്മം തകര്‍ക്കാനല്ലെങ്കില്‍ പിന്നെയെന്തിനാണ്. ?
ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് ഉദാരമായി സംഭാവന ചെയ്ത ഉദാരനായ വ്യക്തിയായിരുന്നു ബാബര്‍ ചക്രവര്‍ത്തിയെന്നത് ഏതൊരു ചരിത്ര വിദ്യാര്‍ത്ഥിക്കും അറിയുന്ന ചരിത്ര യാഥാര്‍ത്ഥ്യമാണ്.
ഒരു ക്ഷേത്രവും പൊളിച്ചല്ല ബാബര്‍ പള്ളി പണിതതെന്ന് എസ്.കെ ബാനര്‍ജിയുടെ ലേഖനത്തില്‍ നമുക്ക്കാണാന്‍ കഴിയും.
ബാബര്‍ ഹിന്ദുക്കള്‍ക്കും മുസ്ലിംകള്‍ക്കും ആരാധനാ സ്വാതന്ത്രൃം നല്‍കിയിട്ടുണ്ട്. ഹിന്ദുക്കളുടെ ക്ഷേത്രങ്ങള്‍ യാതൊരു സാഹചര്യത്തിലും നശിപ്പിക്കുകയോ അവയുടെ പരിശുദ്ധി കളയുകയോ ചെയ്തിട്ടില്ലെന്ന് 'മതേതരനായ ബാബര്‍ '' എന്ന ഗ്രന്ഥത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ബാബരി മസ്ജിദ് വിഷയത്തില്‍ പരമോന്നത കോടതി വിധി പറയാനിരിക്കെ സംഘ് പരിവാര്‍ ശക്തികള്‍ കാട്ടിക്കൂട്ടുന്ന കോലാഹലവും കലാപ ആഹ്വാനവും രാജ്യത്തിന്റെ നെഞ്ച് തകര്‍ക്കുകയേയുള്ളൂ.
അയോധ്യയെ ആയുധമാക്കി കലാപത്തിന് കോപ്പ് കൂട്ടുന്നത് നമ്മുടെ പ്രിയപ്പെട്ട മാതൃരാജ്യത്തിന്റെ മാറ്പിളര്‍ക്കുമെന്നതില്‍ ആര്‍ക്കും യാതൊരു സംശയവുമില്ല.
അതിനാല്‍ ഇന്ത്യയെന്നും ഇന്ത്യയായി തന്നെ നിലനില്‍ക്കണം.
തീര്‍ച്ചയായും ഇന്ത്യക്കതിന് സാധിക്കും.
കാരണം ഇന്ത്യ ഇന്ത്യയാണ്.
Leave A Comment