ഇസ്‌ലാമോഫോബിക്  ഉള്ളടക്കങ്ങള്‍ നിരോധിക്കണം,  ഫെയ്സ്ബുക്ക് സിഇഒക്ക് കത്തെഴുതി ഇമ്രാൻ ഖാൻ
ഇസ്‌ലാമാബാദ്: യൂറോപ്പിലുടനീളം ഇസ്‌ലാമോഫോബിയ വർധിച്ചു വരികയും ഫ്രഞ്ച് പ്രസിഡന്റ് പോലും പരസ്യമായി ഇസ്‌ലാമോഫോബിയ വളർത്തുന്ന സമീപനം സ്വീകരിക്കുകയും ചെയ്യുന്നതിനിടെ ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് പാക്കിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാൻ കത്തെഴുതി. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ നിന്ന് ഇസ് ലാമോ ഫോബിക് ആയ ഉള്ളടക്കങ്ങള്‍ നിരോധിക്കണം എന്നാവശ്യപ്പെട്ടാണ് പാക് പ്രധാനമന്ത്രി ഫെയ്സ്ബുക്കിന് കത്തെഴുതിയിരിക്കുന്നത്. കത്തയച്ച വിവരം അദ്ദേഹം തന്നെയാണ് ഉള്ളടക്കമടക്കം ട്വിറ്ററിൽ പങ്കുവെച്ചത്.

ലോകമെങ്ങും മുസ്‌ലിംള്‍ക്കു നേരെ വെറുപ്പും വിദ്വേഷവും തീവ്രതയും അക്രമവും വളര്‍ത്തുന്നതിന് സോഷ്യല്‍ മീഡിയ പ്രത്യേകിച്ച്‌ ഫേസ്ബുക്ക് വഴി പ്രചരിപ്പിക്കുന്ന ഇസ്‌ലാമോഫോബിക് ഉള്ളടക്കങ്ങള്‍ കാരണമാവുന്നു എന്നതിലേക്ക് ശ്രദ്ധ ക്ഷണിക്കാനാണ് ഈ കത്തെഴുതുന്നതെന്ന് വ്യക്തമാക്കിയ ഇമ്രാൻ ഖാൻ ഇസ്‌ലാമിനെതിരായ വിദ്വേഷം ഹോളോകോസ്റ്റിന് സമാനമായി കാണണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. ജര്‍മ്മനിയിലും യൂറോപ്പിലുമുള്ള ജൂതന്മാരുടെ നാസി വംശഹത്യയുടെ പര്യവസാനമായ ഹോളോകോസ്റ്റിനെ വിമര്‍ശിക്കുന്നതും ചോദ്യം ചെയ്യുന്നതുമായ പോസ്റ്റുകള്‍ നിരോധിക്കാനുള്ള സുക്കര്‍ബര്‍ഗിന്റെ നടപടിയെ അഭിനന്ദിച്ച പാക് പ്രധാനമന്ത്രി ലോകം മുസ്‌ലിംകള്‍ക്കെതിരായ സമാനമായ വംശഹത്യക്ക് സാക്ഷ്യം വഹിക്കുകയാണെന്നും ചൂണ്ടിക്കാട്ടി. ചില രാജ്യങ്ങളില്‍, മുസ്‌ലിംകള്‍ക്ക് അവരുടെ പൗരത്വ അവകാശങ്ങളും വസ്ത്രധാരണവും ആരാധനയുമടക്കം അവരുടെ ജനാധിപത്യപരമായ വ്യക്തിഗത സ്വാതന്ത്ര്യവും നിഷേധിക്കപ്പെടുന്നു.

ഇന്ത്യയില്‍ മുസ്‌ലിം വിരുദ്ധ നിയമങ്ങളെ കുറിച്ചും അദ്ദേഹം കത്തില്‍ പ്രതിപാദിക്കുന്നുണ്ട്. സി.എ.എ, എന്‍.ആര്‍.സി പോലുള്ളവ മുസ്‌ലിംകളെ മാത്രം ലക്ഷ്യം വെച്ചുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയില്‍ മുസ്‌ലിമായതിന്റെ പേരില്‍ നടക്കുന്ന ആള്‍ക്കൂട്ടക്കൊലകളെ കുറിച്ച്‌ സൂചിപ്പിക്കുന്ന ഇമ്രാന്‍ ഖാന്‍ കൊറോണ വൈറസിന്റെ പേരില്‍ മുസ്‌ലിംകളെ കുറ്റപ്പെടുത്തിയ സംഭവം ഇസ്‌ലാമോഫോബിയയുടെ മ്ലേച്ഛമായ പ്രതിഫലനമാണെന്നും തുറന്നടിക്കുന്നുണ്ട്. ഫ്രാന്‍സില്‍ ഇസ്‌ലാമിനെ തീവ്രവാദവുമായി തെറ്റായി ബന്ധപ്പെടുത്തിയിരിക്കയാണ്, ഇസ്‌ലാമിനെയും നബി (സ) യെയും ലക്ഷ്യമിട്ടുള്ള മതനിന്ദാ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിക്കാന്‍ അനുവാദം നല്‍കിയത് ദൗര്‍ഭാഗ്യകരമാണ് അദ്ദേഹം പറഞ്ഞു. ഇത് ഫ്രാന്‍സില്‍ കൂടുതല്‍ ധ്രുവീകരണത്തിനും പാര്‍ശ്വവല്‍ക്കരണത്തിനും ഇടയാക്കും. തീവ്രവാദികളായ മുസ്‌ലിം പൗരന്മാരെയും ഇസ്‌ലാമിലെ മുഖ്യധാരാ മുസ്‌ലിം പൗരന്മാരെയും ഫ്രാന്‍സ് എങ്ങനെ വേര്‍തിരിക്കും ഇമ്രാൻ ഖാൻ കത്തില്‍ ചോദിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter