അമേരിക്ക താലിബാൻ ചർച്ച വിജയത്തിലേക്ക്, അഫ്ഗാൻ സമാധാന പാതയിൽ

ദോഹ: അഫ്ഗാനിസ്ഥാനിൽ പതിനെട്ട് വർഷമായി തുടരുന്ന അമേരിക്കൻ സൈനിക നടപടി അവസാനിക്കാൻ സാഹചര്യമൊരുങ്ങുന്നു. ഖത്തര്‍ തലസ്ഥാനമായ ദോഹയിൽ വെച്ച് താലിബാനും അമേരിക്കയും നടത്തുന്ന ചര്‍ച്ചകള്‍ വിജയിക്കുമെന്നാണ് സൂചന. അതോടെ അമേരിക്കയും സഖ്യരാഷ്ട്രങ്ങളും പൂർണ്ണമായും അഫ്ഗാനിൽ നിന്ന് പിന്മാറാൻ തയ്യാറായേക്കും. ഖത്തര്‍ തലസ്ഥാനമായ ദോഹയിലാണ് അമേരിക്ക- താലിബാന്‍ ഒമ്പതാം ഘട്ട ചര്‍ച്ച നടന്നത്. ഈ വർഷം പല ഘട്ടങ്ങളിലായി ഇരു വിഭാഗങ്ങളും തമ്മിൽ ചർച്ചകൾ നടന്നിരുന്നു. ഇതെല്ലാം ഫലപ്രാപ്തിയിലേക്കെത്തുന്നു എന്ന സൂചനയാണ് ഒടുവിലായി ലഭിക്കുന്നത്. താലിബാൻ രാഷ്ട്രീയ വക്താവ് സുഹൈൽ ഷഹീൻ ഇത് സംബന്ധിച്ച് സ്ഥിരീകരണവും നൽകി കഴിഞ്ഞു. കരാറിലെ അവസാന നിബന്ധനയെക്കുറിച്ച് ചർച്ച ചെയ്ത് തീരുമാനിച്ചെന്നാണ് അദ്ദേഹം അൽ ജസീറക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. കരാർ ഒപ്പിട്ടാൽ 18 മാസത്തിനകം പരിപൂർണ സൈനിക പിന്മാറ്റം ഉറപ്പു വരുത്തണമെന്നാണ് താലിബാൻ പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്. അതിന് പുറമെ യു എസ് തടങ്കലിലാക്കിയ താലിബാനികളെ കൈമാറുക, താലിബാൻ നേതാക്കളുടെ യാത്രാ വിലക്ക് ഒഴിവാക്കുക എന്നീ ആവശ്യങ്ങളും താലിബാൻ മുന്നോട്ടുവെച്ചിട്ടുണ്ടെന്നാണ് വിവരം. കരാർ ഫലപ്രാപ്തിയിലെത്തുകയാണെങ്കിൽ അഫ്ഗാനിസ്ഥാനിൽ പതിനെട്ട് വർഷമായി തുടരുന്ന സൈനിക നടപടി അവസാനിപ്പിക്കാൻ അമേരിക്കയും സഖ്യരാഷ്ട്രങ്ങളും തയ്യാറായേക്കും. സൈനിക പിന്മാറ്റമുണ്ടായാൽ അഫ്ഗാൻ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ അവസാനിപ്പിക്കുമെന്ന് താലിബാനും ഉറപ്പ് നൽകിയതായാണ് വിവരം. ഇരുവർക്കുമിടയിൽ സമാധാന കരാറിന്റെ കരട് രൂപം തയ്യാറായതായും റിപ്പോർട്ടുകളുണ്ട്. അതോടെ രണ്ട് പതിറ്റാണ്ടുകളായി നീണ്ട് നിൽക്കുന്ന അഫ്ഗാൻ പ്രതിസന്ധിക്ക് അറുതി വരുമെന്നാണ് പ്രതീക്ഷപ്പെടുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter