ആദ്യമായി ഖുർആൻ പാരായണം ചെയ്ത് രണ്ട് ദിവസം ഞാന്‍ കരഞ്ഞു...! സൂസന്‍ ഹിറ്റോ
ചിക്കാഗോയിലെ യാഥാസ്ഥിക ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച് വളർന്ന് പിന്നീട് ഇസ്‍ലാം മതം സ്വീകരിച്ച സൂസൻ ഹിറ്റോ തന്റെ മതപരിവര്‍ത്തന വിശേഷങ്ങള്‍ പങ്ക് വെക്കുന്നു.
എന്ന് മുതലായിരുന്നു നിങ്ങളുടെ വിശ്വാസത്തിൽ നിങ്ങൾക്ക് സംശയമുണ്ടാവകയും, ചോദ്യങ്ങൾ ചോദിച്ച് തുടങ്ങുകയും ചെയ്തത്?
വ്യത്യസ്ത വിശ്വാസധാരകളിലെ ആളുകളെയും സംസ്കാരങ്ങളെയും പരിചയപ്പെട്ടപ്പോഴായിരുന്നു ആദ്യമായി എന്റെ വിശ്വാസത്തിൽ എനിക്ക് സംശയങ്ങൾ ഉടലെടുക്കുന്നത്. പ്രധാനമായും ക്രിസ്തീയ മത സർവകലാശാലയായ കാൻ കോർഡിയയിൽ ചേർന്ന ശേഷമായിരുന്നു ഞാൻ മതങ്ങളെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ തുടങ്ങിയത്. ബൈബിൾ വിശദമായി പഠിച്ച് തുടങ്ങിയപ്പോൾ എന്റെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ രൂപം കൊണ്ടു. അതിനുള്ള ഉത്തരങ്ങൾക്ക് വേണ്ടി ബൈബിൾ അധ്യാപകനെ സമീപിച്ചപ്പോൾ അദ്ദേഹം എന്നോട് ദേഷ്യപ്പെടുകയാണ് ചെയ്തത്. "എന്താണ് സൂസൻ നീ ഈ ചെയ്യുന്നത്. ബൈബിൾ പൂർണ്ണമായും ദൈവ വചനമായത് കൊണ്ട് തന്നെ സംശയലേശമന്യേ അത് വിശ്വസിക്കാൻ നാം കടപ്പെട്ടവരാണ്. അതുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ചോദിക്കാനോ സംശയങ്ങൾ പ്രകടിപ്പിക്കാനോ നമുക്ക് അവകാശമില്ല, നീ ചെയ്ത ഈ പ്രവൃത്തി കാരണം ചെന്നെത്തുന്നത് നരകത്തിലേക്ക് ആയിരിക്കും" ഈ ഒരു പ്രതികരണം എന്നെ വല്ലാതെ സങ്കടപ്പെടുത്തി. അന്ന് മുതൽ ക്രിസ്തു മതമല്ല യഥാര്‍ത്ഥമതമെന്നും സത്യ മതം വേറെ ഏതോ ഒന്ന് ഉണ്ടെന്നും ഞാൻ തിരിച്ചറിഞ്ഞു. ആ തിരിച്ചറിവ് എന്നെ കൊണ്ടെത്തിച്ചത് ഇസ്‍ലാമിലായിരുന്നു.
ഇസ്‍ലാമിനെ കുറിച്ച് മാത്രം അന്വേഷിക്കാൻ കാരണം?
ഞാൻ പരിചയപ്പെട്ട എനിക്ക് ചുറ്റുമുള്ള മുസ്‍ലിം സുഹൃത്തുക്കൾ തന്നെയാണ് അതിനുള്ള കാരണം. ഒരു ചോദ്യം ചോദിച്ചപ്പോഴേക്കും എന്നെ കുറ്റവാളിയാക്കുകയും ഞാൻ നരകവാസിയാണെന്ന് പറയുകയും ചെയ്ത ക്രിസ്ത്യൻ മത വിശ്വാസികളിൽ നിന്ന് വിഭിന്നമായി മുസ്‍ലിം സുഹൃത്തുക്കളിൽ എനിക്ക് കാണാനായത് പരസ്പര ബഹുമാനവും സ്നേഹത്തോടെയുള്ള സമീപനവുമായിരുന്നു. ഇസ്‍ലാമിനെ കുറിച്ച് പഠിക്കാൻ ഞാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞപ്പോഴേക്കും ഹൃദയപൂർവ്വം അവർ എന്നെ സ്വീകരിച്ചു. ആ സ്നേഹവും ബഹുമാനവും എന്നെ ഇസ്‍ലാമിനെ കുറിച്ച് കൂടുതൽ അന്വേഷിക്കാനുള്ള ത്വര ഉണ്ടാക്കി.
ഇസ്‍ലാം സ്വീകരിക്കുന്നതിലേക്ക് നിങ്ങളെ പ്രേരിപ്പിച്ച വ്യക്തികൾ ആരൊക്കെയായിരുന്നു?, ഏതൊക്കെ സംഭവങ്ങളായിരുന്നു ?
ഇസ്‍ലാമിനെ കൂടുതൽ മനസ്സിലാക്കാൻ വേണ്ടി ഞാൻ യൂണിവേഴ്സിറ്റി ലൈബ്രറിയിൽ ഇസ്‍ലാമിനെ പരിചയപ്പെടുത്തുന്ന ഗ്രന്ഥങ്ങൾ അന്വേഷിച്ചു തുടങ്ങി. അങ്ങനെയാണ് ഞാൻ വിശുദ്ധ ഖുർആന്റെ ഇംഗ്ലീഷ് പരിഭാഷ കണ്ടെത്തുന്നത്. പരിഭാഷ വായിച്ചപ്പോഴാണ് ഇതിൽ ഒരുപാട് പോരായ്മകൾ ഉണ്ടെന്നും ഖുർആന്റെ യഥാർത്ഥ കോപ്പിക്കായി അന്വേഷണം ആരംഭിക്കുകയും ചെയ്തത്. എന്നാല്‍ യൂണിവേഴ്സിറ്റി ലൈബ്രറിയിലും നാട്ടിലുള്ള പബ്ലിക് ലൈബ്രറിയിലും എനിക്ക് ഖുർആൻ കിട്ടിയില്ല. അങ്ങനെയാണ് ഞാൻ ഒരു മുസ്‍ലിം സഹോദരിയുമായി പരിചയപ്പെടുന്നതും അവരുടെ താമസസ്ഥലത്തേക്ക് എത്തുന്നതും. പ്രാർത്ഥനാ സമയം ആയതു കൊണ്ടു തന്നെ അവള്‍ പള്ളിയിലേക്ക് പോവാൻ ഒരുങ്ങുകയായിരുന്നു. അവളുടെ സ്കാർഫ് എനിക്ക് നേരെ നീട്ടിയതിന് ശേഷം എന്നോടും പ്രാർഥനക്ക് വരാൻ പറഞ്ഞു. പള്ളിയിലെത്തി ബാങ്കിന്റെ ആദ്യ വരി കേട്ടപ്പോഴേക്കും എന്റെ മനസ്സ് ഒന്നുണർന്നു. ബാങ്ക് മുഴുവനായി കേട്ട് കഴിഞ്ഞപ്പോഴേക്കും, ആ മന്ത്രധ്വനികള്‍ എന്നെ വിശാലമായ ഏതോ ഒരു ലോകത്തേക്ക് എത്തിച്ചിരുന്നു. മനുഷ്യൻ എത്ര നിസ്സാരനാണെന്ന ബോധ്യം എനിക്ക് ഉണ്ടായി. പ്രാർഥനക്ക് വേണ്ടി പള്ളിയിൽ സ്വഫ് കെട്ടി നിൽക്കുന്നത് കണ്ടപ്പോഴും എന്നിൽ വല്ലാത്ത അനുഭൂതി ഉണർന്നു. ഖുർആനിലെ വചനങ്ങൾ കൂടി കേട്ടപ്പോൾ ഇതാണ് സത്യമാർഗ്ഗം എന്ന് ഞാൻ തിരിച്ചറിഞ്ഞു.
എങ്ങനെയായിരുന്നു ആദ്യത്തെ ശഹാദത് ഉച്ചാരണം?
ചിക്കാഗോ 25 സ്ട്രീറ്റിലെ പള്ളിയിലെ ഇമാമായിരുന്നു എനിക്ക് ആദ്യമായി ഖുർആൻ നൽകിയത്. കുറച്ച് വായിച്ചപ്പോഴേക്കും ഞാൻ കരയാൻ തുടങ്ങി. തുടർച്ചയായി രണ്ട് ദിവസം ആ കരച്ചിൽ തുടർന്നു. എനിക്ക് ഇസ്‍ലാം സ്വീകരിക്കണമെന്ന അതിയായ ആഗ്രഹമുണ്ടായി. ഞാൻ എന്റെ ഭർത്താവിനോടാണ് ആദ്യമായി എന്റെ ആഗ്രഹം പങ്ക് വെച്ചത്. വളരെ സന്തോഷത്തോട് കൂടി തന്നെ അദ്ദേഹം പള്ളിയിലെ പ്രധാന ഇമാമായ ശൈഖ് ജമാലിനെ വിളിപ്പിച്ചു. ഇമാം എന്നോട് ഇസ്‍ലാം മതം സ്വീകരിക്കാൻ പൂർണ്ണമായും തയ്യാറാണോ എന്ന് വീണ്ടും വീണ്ടും ചോദിച്ചു. എന്റെ ഉറപ്പ് കിട്ടിയതിനു ശേഷം മാത്രമാണ് എന്നോട് ശഹാദത് ചൊല്ലാന്‍ ആവശ്യപ്പെട്ടത്. ഞാൻ ശഹാദത് ചൊല്ലി ഇസ്‍ലാമിലേക്ക് കടന്ന് വന്നു, അദ്ദേഹം എന്നെ ഹൃദയപൂർവ്വം ഇസ്‍ലാം എന്ന സുന്ദര ദീനിലേക്ക് സ്വാഗതം ചെയ്തു.
ലോകത്തുള്ള മുഴുവൻ അമുസ്‍ലിം സഹോദരങ്ങളോടും ഒരു നിർദ്ദേശമെന്നോണം നിങ്ങൾക്ക് എന്താണ് പറയാനുള്ളത്?
എല്ലാവരും സ്വന്തം സൃഷ്ടിപ്പിനെ കുറിച്ച് മനസ്സിലാക്കുക, സൃഷ്ടികളായ നാം നമ്മെ സൃഷ്ടിച്ച സ്രഷ്ടാവിനെ മനസ്സിലാക്കുമ്പോഴാണ് അവനെത്ര ഉന്നതനാണെന്ന സത്യം നാം തിരിച്ചറിയുക. അത് വഴി ഇസ്‍ലാം മാത്രമാണ് സത്യമാർഗമെന്ന് നമുക്ക് ബോധ്യപ്പെടും.
Courtesy: Eternal Passenger (Türkiye)
കേട്ടെഴുത്ത്: മഅ്റൂഫ് മൂച്ചിക്കൽ
Leave A Comment