കറുത്ത വര്‍ഗ്ഗക്കാരായ ബ്രിട്ടീഷ് യുവാക്കള്‍ എന്ത് കൊണ്ട് ഇസ്‌ലാമിനെ തെരഞ്ഞെടുക്കുന്നു
ഇസ്‌ലാമിലേക്ക് കടന്നുവന്ന് കര്‍മ്മരംഗത്ത് സജീവസാന്നിധ്യമായ ബ്രിട്ടീഷ് പൌരനാണ് അബ്ദുല്‍ഹഖ് ബാഖിര്‍. സ്ട്രീറ്റ് യുകെയുടെ സ്ഥാപകനും ഡയരക്ടറുമാണ് അദ്ദേഹം. നമുക്കിടയിലെ തീവ്രവാദികള്‍ തുടങ്ങി വിവിധ ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയാണ് ബാഖിര്‍. കറുത്ത വര്‍ഗ്ഗക്കാരായ ബ്രിട്ടീഷ് യുവാക്കള്‍ എന്ത് കൊണ്ട് ഇസ്‌ലാമിനെ തെരഞ്ഞെടുക്കുന്നു എന്നത് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ നിരീക്ഷിച്ചുകൊണ്ട് ദ ഗാര്‍ഡിയന്‍ പത്രത്തില്‍ അദ്ദേഹം എഴുതിയതിന്‍റെ വിവര്‍ത്തനം കറുത്ത വര്‍ഗ്ഗക്കാരായ ക്രിസ്ത്യന്‍ ചെറുപ്പക്കാരുടെ ഇസ്‌ലാമിലേക്കുള്ള ഒഴുക്ക് തടയുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ മാസം ഇംഗ്ലണ്ടില് ഒരു സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. സാധാരണയില്‍നിന്ന് വ്യത്യസ്തമായി മുസ്‌ലിംകളെയും അതിലേക്ക് ക്ഷണിച്ചിരുന്നു, പല മുസ്‌ലിംകളും അതില്‍ പങ്കെടുക്കുകയും ചെയ്തു. കറുത്ത വര്‍ക്കാരായ ക്രിസ്ത്യന്‍ ചെറുപ്പക്കാരില്‍ ഒമ്പതില്‍ ഒരാള്‍ ഇസ്‌ലാം ആശ്ലേഷിക്കുന്നുണ്ടെന്നാണ് ബിബിസി റേഡിയോ പുറത്ത് വിട്ട ഔദ്യോഗിക കണക്ക്. ഇത് എന്ത് കൊണ്ട് സംഭവിക്കുന്നു എന്നായിരുന്നു സെമിനാറിലെ പ്രധാന ചര്‍ച്ച. എന്‍റെ പിതാവ് ഒരു റോമന്‍കത്തോലിക്കനായതിനാല്‍, ഞാനും ജനിച്ചതും വളര്‍ന്നതും കത്തോലിക്കന്‍ വിശ്വാസത്തിലായിരുന്നു. കുട്ടിയായിരുന്നപ്പോള്‍ സ്ഥിരമായി ഞായറാഴ്ചകളില്‍ ഞാനും പള്ളിയില്‍ പോകാറുണ്ടായിരുന്നു. ഞാന്‍ പഠിച്ചിരുന്ന റോമന്‍ കത്തോലിക്കന്‍ സെക്കന്‍ഡറി സ്കൂളില്‍ കറുത്ത വര്‍ഗ്ഗക്കാരനായി ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവിടത്തെ അധ്യാപകരും വിദ്യാര്‍ത്ഥികളും മതത്തെകുറിച്ചും മതവിശ്വാസങ്ങളെകുറിച്ചും ഏറെ ഉല്‍ബുദ്ധരായിരുന്നു. മതപഠനത്തില്‍ ഏറെ മുന്‍പന്തിയിലെത്താന്‍ ആ സ്കൂള്‍ എന്നെ സഹായിച്ചു. മതപഠന ക്ലാസുകളില്‍ എപ്പോഴും ചൂട് പിടിച്ച ചര്‍ച്ചകള്‍ അരങ്ങേറുമായിരുന്നു. പല ക്രിസ്ത്യന്‍ വിശ്വാസങ്ങളെയും ധാരണകളെയും ഞങ്ങള്‍ അതില്‍ ചോദ്യം ചെയ്യുമായിരുന്നു. ത്രിയേകത്വത്തെകുറിച്ചുള്ള ചോദ്യങ്ങളും സംശയങ്ങളും ഒരിക്കലും അവസാനിച്ചിരുന്നില്ല. ഏകദൈവം എങ്ങനെ മൂന്നാവുന്നു എന്നത് ഞാനടക്കം പലര്‍ക്കും അന്നുതന്നെ യുക്തിഭദ്രമായി തോന്നിയിരുന്നില്ല. അവസാനിക്കാത്ത ചോദ്യങ്ങള്‍ക്ക് മറുപടി പറയാനാവാതെ, ഞങ്ങളുടെ മതാധ്യാപകന്‍ അതിനായി തൊട്ടടുത്ത പള്ളിയിലെ പാതിരിയെ തന്നെ കൊണ്ടുവരാറുണ്ടായിരുന്നു. പക്ഷേ, ക്രിസ്ത്യാനിസത്തിന്‍റെ ഏറ്റവും അടിസ്ഥാനപരമായ ഈ വിശ്വാസത്തെ യുക്തിഭദ്രമായി വിശദീകരിക്കാന്‍ അദ്ദേഹവും പരാജയപ്പെടുന്നുവെന്നാണ് ഞങ്ങള്‍ക്ക് മനസ്സിലായത്. ബൈബിള്‍ ക്ലാസ് നടക്കുന്നതിനിടയില്‍, ഒരിക്കല്‍ ഞാന്‍ ഉന്നയിച്ച സംശയം ഇന്നും എനിക്കോര്‍മ്മയുണ്ട്. ക്രിസ്തുവിന്റെ നമസ്കാര രീതിയും അദ്ദേഹത്തിന്‍റെ അനുയായികളായ നമ്മുടെ നമസ്കാര രീതിയും ഏറെ വ്യത്യസ്തമാണല്ലോ എന്നതായിരുന്നു അത്. തന്നെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിന് മുമ്പ് ഗെത്സേമാന്‍ തോട്ടത്തില്‍ വെച്ച് അദ്ദേഹം ഭൂമിയില്‍ മുഖം വെച്ച് സാഷ്ടാംഗം നമിക്കുന്നത് ബൈബിള്‍ വിവരിക്കുന്നുണ്ട്. എന്നാല്‍ സമാനമായ ആരാധനാരീതി കാണുന്നത് മുസ്‌ലിംകളിലാണെന്നത് എന്നെ ഏറെ അതിശയപ്പെടുത്തിയിരുന്നു. അതായിരുന്നു സംശയമായി ക്ലാസില്‍ ഞാന്‍ ഉന്നയിച്ചത്. ആ സംശയവും അങ്ങനെത്തന്നെ ബാക്കി നിന്നു. സ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം പല കൂട്ടുകാരുമായും പിന്നെ ബന്ധം തുടരാനായില്ല. ക്രിസ്ത്യാനിസത്തിന്‍റെ പല വശങ്ങളും ഞാന്‍ ഉപേക്ഷിക്കുകയും ഞാന്‍ താമസിക്കുന്ന തെരുവിലെ കൂട്ടുകാരുമായി കൂടി അവരുടെ പല സംസ്കാരങ്ങളും രീതികളും എന്‍റെ ജീവിതത്തില്‍ കടന്ന് കൂടുകയും ചെയ്തു. യുക്തിഭദ്രമായി തോന്നുന്നവ വെച്ച് ഞങ്ങളുടേതായ ഒരു മതവിശ്വാസം രൂപപ്പെടുത്തി എന്ന് പറയുന്നതാവും കൂടുതല്‍ ശരി. ക്രിസ്ത്യാനിസം പ്രോല്‍സാഹിപ്പിക്കുന്ന നിഷ്ക്രിയത്വം, പ്രതികൂല സാഹചര്യങ്ങളില്‍ വളര്‍ന്നുവരുന്ന കറുത്തവര്‍ഗ്ഗക്കാരായ ചെറുപ്പക്കാരെ മതത്തില്‍നിന്ന് അകറ്റി നിര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിച്ചു. ഒരു കവിളത്ത് പ്രഹരമേറ്റാല്‍ മറുകവിളും കാണിച്ചുകൊടുക്കണമെന്നത് അവര്‍ക്ക് പലപ്പോഴും പരിഹാസ്യമായാണ് അനുഭവപ്പെട്ടത്. ഇസ്‌ലാമിന്റെ ഏകദൈവവിശ്വാസം വേണ്ടവിധം മനസ്സിലാക്കിയതോടെയാണ് ഞാന്‍ അതിലേക്ക് ആകൃഷ്ടനായത്. അല്ലാഹു ഏകനാണെന്നതും മറ്റൊരാള്ക്കും ദിവ്യത്വമില്ലെന്നതും എനിക്ക് ഏറെ യുക്തിഭദ്രമായി തോന്നി. ജൂതമതവും ക്രിസ്തുമതവും പ്രതിപാദിക്കുന്ന മുഴുവന്‍ പ്രവാചകന്മാരെയും ഇസ്‌ലാ ഏറെ ആദരിക്കുന്നു എന്നത് എന്നെ ഏറെ അല്‍ഭുതപ്പെടുത്തി. വിശുദ്ധ ഖുര്‍ആന്‍ തന്നെ പറയുന്ന പോലെ, എന്‍റെ പുതിയ വിശ്വാസം അതുവരെയുള്ളവയുടെ പൂര്‍ത്തീകരണവും അന്തിമരൂപവുമായാണ് എനിക്ക് അനുഭവപ്പെട്ടത്. ആത്മീയവും ഐഹികവുമായ, മനുഷ്യജീവിതത്തിനാവശ്യമായതെല്ലാം അവിടെ എനിക്ക് കണ്ടെത്താനായി. നന്മയിലും ധര്‍മ്മത്തിലുമൂന്നിയ പെരുമാറ്റവും സ്വഭാവരീതിയും പൌരുഷത്തിന് മകുടം ചാര്‍ത്തുന്നതാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു, അതൊരിക്കലും ബലഹീനതയല്ലെന്നും പ്രത്യുത പ്രബലതയാണെന്നും ഇസ്‌ലാമിക പാഠങ്ങളില്‍നിന്ന് ഞാന്‍ വായിച്ചെടുത്തു. കറുത്ത വര്‍ഗ്ഗക്കാരായ ചെറുപ്പക്കാര്‍ എന്ത് കൊണ്ട് ഇസ്‌ലാമിലേക്ക് ആകൃഷ്ടരാവുന്നു എന്ന് പലരും ഇതിനകം ചര്‍ച്ച ചെയ്തിട്ടുണ്ട്. അവയില്‍ പലതിലും കണ്ടെത്തിയ കാരണങ്ങളെ ശരിവെക്കുന്നതായിരുന്നു എന്‍റെ അനുഭവങ്ങളും. ഇതേ കാരണങ്ങളാല്‍തന്നെയാണ് പലരും ഇസ്‌ലാം സ്വീകരിച്ചതെന്ന് പലരുമായും സംസാരിച്ചപ്പോള്‍ എനിക്ക് ബോധ്യപ്പെടുകയും ചെയ്തു. കറുത്ത വര്‍ഗ്ഗക്കാരില്‍ 50 ശതമാനം പേരും ഇസ്‌ലാമിലേക്ക് കടന്നുവന്നത് അതിലെ പ്രകടമായ സാഹോദര്യബോധം മനസ്സിലാക്കിയാണ്. 30 ശതമാനം കടന്നുവന്നത് ഏകദൈവവിശ്വാസത്തിന്‍റെ യുക്തിഭദ്രത മനസ്സിലാക്കിയാണെങ്കില്‍ 10 ശതമാനം പേര്‍ ആകൃഷ്ടരായത് മതം എന്ന നിലയില്‍ ഇസ്‌ലാം യുക്തിഭദ്രമാണെന്നും പരസ്പരവൈരുദ്ധ്യങ്ങള്‍ എവിടെയും കാണുന്നില്ലെന്നും മനസ്സിലാക്കിയാണ്. പുതുതായി ഇസ്‌ലാമിലേക്ക് കടന്നുവരുന്നവര്‍, അക്രമണോല്സുകമായ തീവ്രവാദത്തിന് മുന്നില്‍ സന്ദേഹിച്ച് നില്‍ക്കുകയാണോ അതോ അവയെ പ്രതിരോധിക്കാന്‍ മാത്രം ശക്തരാണോ എന്നതായിരുന്നു ഞാന്‍ കണ്ടെത്താന്‍ ശ്രമിച്ച മറ്റൊരു കാര്യം. പുതുതായി തങ്ങള്‍ ചെന്നെത്തിയ ഈ വിശ്വാസസംഹിതയിലൂടെ സമൂഹത്തില്‍ ക്രിയാത്മകമായി ഇടപെടാന്‍ താല്‍പര്യം കാണിക്കുന്നവരാണ് അധികപേരും എന്നാണ് എനിക്ക് മനസ്സിലായത്. അത് കൊണ്ട് തന്നെ, തീവ്രവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നവര്‍ക്ക് ഇത്തരക്കാരെ പലപ്പോഴും സ്വാധീനിക്കാന്‍ സാധിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇസ്‌ലാം പ്രദാനം ചെയ്യുന്ന ആത്മീയവും ജീവിതപരവുമായ ശക്തിസ്രോതസ്സുകളെ തിരിച്ചറിഞ്ഞവരാണ് പുതുതായി കടന്നുവരുന്നവരിലധികവും. അത്കൊണ്ട് തന്നെ, സാമൂഹ്യമോ സാംസ്കാരികമോ സാമ്പത്തികമോ മറ്റോ ആയ സമൂഹത്തിന്റെ വിവിധ പ്രശ്നങ്ങളെ സക്രിയമായി എങ്ങനെ നേരിടാമെന്നതിനെ കുറിച്ച് അവര്‍ക്ക് തികഞ്ഞ ബോധമുണ്ടെന്ന് മാത്രമല്ല, അധികപേരും തങ്ങളെ കൊണ്ടാവും വിധം അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു എന്നത് ഏറെ സന്തോഷകരമാണ്. ഒരു കവിളില്‍ പ്രഹരമേല്‍ക്കുമ്പോള്‍ മറുകവിളും കാണിച്ചുകൊടുക്കുക എന്നതില്‍നിന്ന് തികച്ചും വ്യത്യസ്തമാണ് ഇത്. ഇസ്‌ലാമിലേക്ക് കടന്നുവന്ന ബ്രിട്ടീഷ്കാരനായ് അബ്ദുല്‍ ഹഖ് ബാഖിര്‍ ബ്രിട്ടീഷ് ദിനപത്രമായ ഗാര്‍ഡിയനില്‍ പലപ്പോഴും എഴുതാറുണ്. അദ്ദേഹത്തിന്റെ ഇംഗ്ലീഷ് ലേഖനം വായിക്കാന്‍ ഇവിടെ സന്ദര്‍ശിക്കുക.
വിവര്‍ത്തനം
Leave A Comment