പ്രവാചക ദര്‍ശനത്തിലൂടെ ഇസ്‍ലാമിലേക്ക് വന്ന റോബർട്ട് ഡാവില്ല
പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് മുസ്‍ലിം ലോകത്തെ വിസ്മയപ്പിച്ച ഒരാളാണ് റോബർട്ട് ഡാവില്ല. 1980 സെപ്റ്റംബറിൽ ടെക്സാസിലെ ബ്രിഡ്ജ്പോർട്ടിൽ ജനിച്ച അദ്ദേഹം, 2000-ൽ ബ്രിഡ്ജ്പോർട്ടില്‍ നിന്ന് ബിരുദം നേടി. മതവിശ്വാസം ഇല്ലാതിരുന്ന റോബര്‍ട്ടിന്റെ ജീവിതം നിരാശയിലൂടെയായിരുന്നു കടന്നുപോയിരുന്നത്.
2001-ൽ ടെക്സാസിലെ ഡെക്കാറ്ററിൽ വെച്ച് റോബർട്ട് ഒരു വാഹനാപകടത്തിൽ പെട്ടതോടെയാണ് ജീവിതം മാറിമറിയുന്നത്. ഹോസ്പിറ്റലിൽ എത്തിച്ചപ്പോൾ അനങ്ങാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു അദ്ദേഹം. ആ അപകടത്തിൽ കഴുത്തിന് താഴെ ശരീരം മുഴുവന്‍ തളർന്ന റോബര്‍ട്ടിന് മുന്നില്‍ ഭാവി ജീവിതം തന്നെ ഇരുളടയുന്നതായി തോന്നി.
ഇനി മേല്‍ ഒരിക്കലും സ്വന്തമായി ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ കഴിയില്ലെന്ന് ഡോക്ടര്‍മാറി വിധിയെഴുതി. പിന്നീടങ്ങോട്ട്, മൂക്കിലൂടെ ഘടിപ്പിച്ച പൈപ്പിലൂടെയായിരുന്നു അന്നാപാനീയങ്ങളെല്ലാം ആ ശരീരത്തിലേക്ക് എത്തിയിരുന്നത്. പക്ഷെ, തോറ്റ് കൊടുക്കാന്‍ തയ്യാറാവാതിരുന്ന റോബര്‍ട്ട് സ്വന്തമായി ഭക്ഷണം കഴിക്കുന്നത് ശീലിച്ചുകൊണ്ടേയിരുന്നു. താമസിയാതെ ഭക്ഷണം ചവച്ച് കഴിക്കാവുന്ന അവസ്ഥയിലേക്ക് അദ്ദേഹം അല്‍ഭുതകരമായി എത്തിപ്പെട്ടു. ടെക്‌സാസിലെ ജസ്റ്റിനിലുള്ള ലോങ്‌മെഡോ കെയർ സെന്ററിലാണ് റോബർട്ട് കഴിഞ്ഞിരുന്നത്. അവിടെയുണ്ടായിരുന്ന മാർക് അദ്ദേഹത്തിന്റെ ഉറ്റ ചങ്ങാതിയായി, റോബർട്ടും മാർക്കും മതം ഉൾപ്പെടെയുള്ള പല കാര്യങ്ങളും സംസാരിച്ചു കൊണ്ടേയിരുന്നു.
2004-ൽ, മാർക്ക് ആരോഗ്യ പ്രശ്നങ്ങള്‍ കാരണം മരണത്തിന് കീഴടങ്ങി. അത് റോബർട്ടിന് സഹിക്കാവുന്നതിലപ്പുറമായിരുന്നു. കൂട്ടുകാരന്റെ സ്മരണക്കായി, മാർക്കിന്റെ സഹോദരി റോബർട്ടിന് ഒരു കുരിശ് സമ്മാനമായി നൽകി. തന്റെ ഉറ്റസുഹൃത്തിന്റെ ഓര്‍മ്മക്കായി തന്റെ കട്ടിലിന് മുകളിൽ ആ കുരിശ് തൂക്കിയിട്ടു. ആ കുരിശ് അദ്ദേഹത്തിന്റെ മനസ്സില്‍ ദൈവത്തെ കുറിച്ചുള്ള ചിന്തകളും സജീവമാക്കി നിര്‍ത്തി.
തന്റെ ഈ ദുസ്ഥിതിക്ക് പരിഹാരം കാണാന്‍ ദൈവത്തിന് മാത്രമേ സാധിക്കൂ എന്നും അതിനായി ദൈവത്തോട് സഹായം തേടിയാലോ എന്നും ഒരു ദിവസം റോബര്‍ട്ട് ആലോചിച്ചു പോയി. പക്ഷെ, അതെങ്ങനെയാവണമെന്ന് റോബർട്ടിനറിയില്ലായിരുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെല്ലാം ഭക്തരായ ക്രിസ്ത്യാനികളാണെങ്കിലും റോബര്‍ട്ടിന് കൃത്യമായ വിശ്വാസമൊന്നുമില്ലായിരുന്നു. ക്രിസ്ത്യാനിസത്തിന് പുറമെ, ഇസ്‍ലാം, ബുദ്ധ മതം അടക്കമുള്ള വിവിധ മതങ്ങളെക്കുറിച്ച് അദ്ദേഹം വായിക്കുമായിരുന്നു.
ഇസ്‌ലാം ആണ് ഏറ്റവും അർത്ഥമുള്ള മതം എന്ന് വായനക്കിടയില്‍ അദ്ദേഹത്തിന്റെ മനസ്സ് പറയുമായിരുന്നു. മുഹമ്മദ് നബിയുടെ കഥയും ഖുർആൻ പരിഭാഷയും ഹദീസുമെല്ലാം അദ്ദേഹം വായിച്ചു കൊണ്ടേയിരുന്നു. തളര്‍ന്ന് കിടന്നപ്പോഴും അദ്ദേഹം വായന തുടര്‍ന്നു.
അപകടം നടന്ന് പത്ത് വർഷത്തിന് ശേഷം 2011 സെപ്റ്റംബറിൽ, റോബർട്ട് ഒരു സ്വപ്നം കണ്ടു. റോബർട്ട് പയുന്നു: "മുഹമ്മദ് നബിയെ കുറിച്ച് ഏറെ വായിച്ച് അന്ന് രാത്രിയും ഞാൻ ഉറങ്ങാൻ പോയി. അന്ന് ഞാനൊരു സ്വപ്നം കണ്ടു. കുന്നുകള്‍ക്കിടയില്‍ മധുരപലഹാരങ്ങളുടെ നടുവിലാണ് ഞാന്‍ നില്ക്കുന്നത്. കുളിര്‍കാറ്റ് പതുക്കെ അടിക്കുന്നുണ്ട്. ദൂരെ, ഒരു മനുഷ്യന്‍ നില്ക്കുന്നു. അദ്ദേഹത്തിന് ചുറ്റും ഏതാനും പേര്‍ നില്‍ക്കുന്നുമുണ്ട്. അവര്‍ അദ്ദേഹത്തിന്റെ സംസാരം ശ്രവിക്കുകയാണ്. ഞാന്‍ അടുത്തെത്തി അവരെ ശ്രദ്ധിച്ചപ്പോള്‍, അത് മുഹമ്മദ് നബിയാണെന്ന് എനിക്ക് മനസ്സിലായി.
പ്രവാചകൻ എന്റെ കുരിശിലേക്ക് ചൂണ്ടി പറഞ്ഞു: "ഈസാ നബിയെ നോക്കൂ, അദ്ദേഹം നമ്മളെപ്പോലെ ഭക്ഷണം കഴിക്കുന്നു, നമ്മെപ്പോലെ നടക്കുന്നു, നമ്മെപ്പോലെ ദൈനംദിന കാര്യങ്ങള്‍ ചെയ്യുന്നു. അദ്ദേഹം ഒരു മനുഷ്യനാണ്, ദൈവമല്ല. അതോടെ ഞാന്‍ പെട്ടെന്ന് ഉണർന്നു, അറിയാതെ ഞാന്‍ പറഞ്ഞു പോയി, അശ്ഹദു അന്‍ ലാ ഇലാഹ ഇല്ലല്ലാഹ്, വാ അന്ന മുഹമ്മദൻ റസൂലുല്ലാഹ്.
മുസ്‍ലിംകളുമായി ഒരിക്കല്‍ പോലും ആശയവിനിമയം നടത്തിയിട്ടില്ലാത്ത, ഖുര്‍ആന്‍ പഠിച്ചിട്ടില്ലാത്ത റോബര്‍ട്ട്, ആ സ്വപ്ന ദര്‍ശനത്തോടെ ഇസ്‍ലാം ആശ്ലേഷിക്കുകയാണ് ചെയ്തത്. പിന്നീടുള്ള വര്‍ഷങ്ങള്‍ ആഴത്തിലുള്ള പഠനത്തിന്റേതായിരുന്നു. മൂന്ന് വർഷത്തിന് ശേഷം റോബർട്ട് അമേരിക്കയിലെ നിരവധി മുസ്‌ലിംകൾക്ക് പ്രചോദനമാവുന്ന വിധം, തന്റെ ശാരീരിക പരിമിതികളെയെല്ലാം അവഗണിച്ച് പ്രബോധന രംഗത്ത് സജീവമാവുന്നതാണ് പിന്നീട് ലോകം കാണുന്നത്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്, ജൂലൈ 31ന് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു. വേദനകളില്ലാത്ത, സുഖലോക സ്വര്‍ഗ്ഗത്തിലേക്ക് അദ്ദേഹം യാത്രയായി. സഹിച്ച വേദനകള്‍ക്കെല്ലാം പകരമായി നാഥന്‍ അദ്ദേഹത്തിന് കൂടുതല്‍ സുഖസൌകര്യങ്ങള്‍ പാരത്രിക ലോകത്ത് സംവിധാനിച്ചിരിക്കും, തീര്‍ച്ച.
Leave A Comment