ആൻഡ്ര്യൂ ടൈറ്റ്: കിക്ക് ബോക്സിങ്ങിൽ നിന്ന് ഇസ്‍ലാമിലേക്ക്

"എല്ലാ പ്രശ്നങ്ങളുടെയും പരിഹാരം ഇസ്‍ലാം മാത്രമാണെന്ന് ഞാൻ മനസ്സിലാക്കി. അല്ലാഹുവിനോടുള്ള ഭയവും സ്നേഹവുമാണ് ഹൃദയത്തിന്റെ കരുത്തും ശക്തിയും. എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും സുന്ദരമായ വഴിത്തിരിവായി ഇതിനെ ഞാൻ മനസ്സിലാക്കുന്നു", പുതുതായി ഇസ്‌ലാമാശ്ലേഷിച്ച പ്രമുഖ അമേരിക്കൻ കിക്ക് ബോക്സർ ആൻഡ്ര്യൂ ടൈറ്റിന്റെ വാക്കുകളാണിത്.

1964 ഡിസംബർ 14ന് അമേരിക്കയിലെ ചിക്കാഗോയിലാണ് ആൻഡ്ര്യൂ ടൈറ്റിന്റെ ജനനം. ചെറുപ്പം മുതലേ ചെസ്സ് കളിക്കുന്നതിൽ താല്പര്യം കണ്ടെത്തിയിരുന്നെങ്കിലും തന്റെ യൌവ്വനം അദ്ദേഹത്തെ ബോക്സിങ്ങിലേക്ക് അടുപ്പിച്ചു. കാലക്രമേണ തന്റെ ജീവിതത്തിന്റെ മുഴു ഭാഗവും ബോക്സിങ്ങിനായി മാറ്റിവയ്ക്കാൻ തുടങ്ങുകയും അധികം വൈകാതെ തന്നെ വേൾഡ്  ബോക്സിങ് ചാമ്പ്യൻപട്ടം കരസ്ഥമാക്കാൻ സാധിക്കുകയും ചെയ്തു.

തികഞ്ഞ ക്രിസ്ത്യൻ വിശ്വാസിയായിരുന്നു ടൈറ്റ്. അതുകൊണ്ടുതന്നെ ജന്മദേശമായ  ചിക്കാഗോയിൽ താമസിക്കുന്നതിനുപകരം ക്രിസ്ത്യൻ ഓർത്തഡോക്സ് കേന്ദ്രങ്ങളിലൊന്നായ റൊമാനിയയിൽ സ്ഥിരതാമസമാക്കാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. കേവലമൊരു ക്രിസ്ത്യൻ വിശ്വാസിയാവുകയെന്നതിലപ്പുറം അദ്ദേഹം തന്റെ വിശ്വാസത്തിൽ പൂർണമായ ശ്രദ്ധ കൊടുക്കുന്നയാളായിരുന്നു.

"മുസ്‍ലിം എന്ന് കേൾക്കുമ്പോഴേക്കും  ദേഷ്യപ്പെടുന്നയാളുകളുടെ മനോഭാവമാണ് എന്നെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചത്.  വിശ്വാസത്തിന്റെ വിഷയത്തിൽ ക്രിസ്ത്യാനികൾ കാണിക്കുന്ന ശ്രദ്ധക്കുറവും മതവിഷയങ്ങളിൽ മുസ്‍ലിം സമൂഹം കാണിക്കുന്ന പ്രതിബദ്ധതയും എന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി തോന്നിത്തുടങ്ങിയിരുന്നു"

ഇസ്‍ലാമിനെ ഏറ്റവുമധികം മോശമാക്കി ചിത്രീകരിക്കാൻ ശ്രമിക്കുന്ന പാശ്ചാത്യ നാടുകളിൽ നിന്നു തന്നെ നിരവധിയാളുകളാണ് സമീപകാലങ്ങളിൽ ഇസ്‍ലാമിലേക്ക് ഒഴുകിയെത്തുന്നത്. ഈയൊരു കാഴ്ച തന്നെയായിരിക്കണം ടൈറ്റിനെ ഏറ്റവുമധികം ചിന്തയിലാഴ്ത്തിയതും.

ഒരുപാട് നാളുകൾക്ക് മുമ്പ് തന്നെ പല വീഡിയോകളിലും അഭിമുഖങ്ങളിലും ടൈറ്റ് ഇസ്‍ലാമിനോടുള്ള തന്റെ ആഭിമുഖ്യം വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല താൻ ഒരു ക്രിസ്ത്യാനിയാണെങ്കിൽ പോലും ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന മതം ഇസ്‍ലാമാണെന്നും അതിനാണ് തന്റെ പ്രഥമപരിഗണനയെന്നും അദ്ദേഹം വെളിപ്പെടുത്തുന്ന  ക്ലിപ്പുകൾ വളരെയധികം ചർച്ചകൾക്കാണ് വഴിവെച്ചത്.

ബൈബിളിൽ വിശ്വസിക്കുന്നവർ പോലും  പൂർണ്ണമായി അതിനെ അംഗീകരിക്കുന്നില്ലെന്നും എന്നാൽ സ്വജീവനേക്കാൾ മതത്തിന് പരിഗണന കൊടുക്കുന്ന മുസ്‍ലിം സമൂഹത്തിന്റെ ആചാരനുഷ്ഠാനങ്ങൾ ഹൃദയഭേദകമായി തോന്നുന്നുവെന്നും ഈയടുത്താണ് ആൻഡ്ര്യൂ ടൈറ്റ് വെളിപ്പെടുത്തിയത്.

ഏതായാലും ശതകോടീശ്വരനും ബോക്സിങ് ഇതിഹാസവും സാമൂഹികമാധ്യമങ്ങളിൽ വളരെയധികം സ്വാധീനവുമുള്ള ടൈറ്റ് തന്റെ ഇസ്‌ലാമാശ്ലേഷണം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ചില സ്ത്രീവിരുദ്ധ നിലപാടുകൾ മൂലം മറ്റു സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരോധിക്കപ്പെട്ടത് കൊണ്ട് ഗെറ്റർ  വഴിയാണ് 'ഇനിമുതൽ ഞാനുമൊരു ഇസ്‍ലാം മത വിശ്വസിയാണെന്ന്  പ്രഖ്യാപിച്ചത്.

സ്ത്രീവിരുദ്ധ നിലപാടുകളിൽ തെറ്റ് പറ്റിയെന്നും തന്റെ വിശ്വാസം പൂർണമല്ലെന്നുമുള്ള തോന്നലുകളും ആൻഡ്രൂ ടൈറ്റിനെ ഇസ്ലാമിലേക്കടുപ്പിക്കാന്‍ കാരണമായിട്ടുണ്ടെന്നാ ണ് കരുതപ്പെടുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter