സ്പാനിഷ് മോഡലിനെ കാത്തിരിക്കുന്ന ഇന്ത്യൻ മുസ്‌ലിംകൾ
ഇന്ത്യയിൽ കൊറോണ വൈറസ് പടർന്നുപിടിക്കുകയും രാജ്യം ഐക്യത്തോടെ അതിനെതിരെ പ്രതിരോധത്തിനായി കച്ചകെട്ടി ഇറങ്ങുകയും ചെയ്ത സാഹചര്യത്തിൽ വർഗീയത പ്രചരിപ്പിച്ചുകൊണ്ട് വൈറസിന്റെ വ്യാപനത്തിനു പിന്നിൽ മുസ്‌ലിംകളാണെന്ന് വരുത്തി തീർക്കാൻ ബോധപൂർവ്വമായ ശ്രമം സംഘപരിവാർ നടത്തിയത് രാജ്യം ഞെട്ടലോടെയാണ് വീക്ഷിച്ചത്. എന്തിനും ഏതിനും മുസ്‌ലിംകളെ പ്രതിയാക്കാനും രാക്ഷസവൽക്കരിക്കാനുമുള്ള ശ്രമങ്ങൾ വർഗീയ ശക്തികൾ ഊർജ്ജിതമാക്കിയിരിക്കുന്നുവെന്ന് ഈ സംഭവത്തോടെ ന്യായമായും നമുക്ക് സംശയിക്കാം.

മുസ്‌ലിം വിരുദ്ധ സമീപനങ്ങളുടെ കൂത്തരങ്ങ്

2014 മോദി സർക്കാർ അധികാരത്തിലെത്തിയതോടെയാണ് മുസ്‌ലിംകളെ അപരവത്ക്കരിക്കാനുള്ള നീക്കത്തിന് ശക്തി കൂടിയത്. രാജ്യത്തുടനീളം ബീഫിന്റെ പേരിൽ ആൾക്കൂട്ട കൊലപാതകം ശക്തിയാർജിച്ചത് ഇതേതുടർന്നായിരുന്നു. രണ്ടാം മോദി സർക്കാർ അധികാരത്തിലെത്തിയതിനെ തുടർന്ന് കൂടുതൽ മുസ്‌ലിം വിരുദ്ധ സമീപനങ്ങൾ നടപ്പിലാക്കപ്പെട്ടത് നമുക്ക് വേദനയോടെ നോക്കി നിൽക്കേണ്ടി വന്നു.

മുത്തലാഖ് ബിൽ, ബാബരി മസ്ജിദ് വിധി, ആർട്ടിക്കിൾ 370 റദ്ദാക്കൽ, ആസാമിലെ പൗരത്വ പട്ടിക, പൗരത്വ ഭേദഗതി നിയമം തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമാണ്. ഇന്ത്യയിൽ നടന്ന് വരുന്ന ഈ മുസ്‌ലിം വിരുദ്ധ സംഭവവികാസങ്ങൾക്ക് സ്പെയിനിന്റെ ചരിത്രത്തോട് ഏറെ സാമ്യമുള്ളതായി കാണാൻ സാധിക്കും.

സ്പാനിഷ് മോഡൽ

ക്രിസ്താബ്ദം 712 മുതൽ 1492 വരെയുള്ള 780 വർഷങ്ങളിൽ സ്പെയിനിലെ ഭരണനിർവ്വഹണത്തിൽ മുസ്‌ലിംകൾക്ക് പങ്കാളിത്തമുണ്ടായിരുന്നു. എന്നാൽ അധികാരം നഷ്ടമായതിന് പിന്നാലെ വെറും 120 വർഷത്തിനുള്ളിൽ തന്നെ മുസ്‌ലിംകൾ രാജ്യത്തു നിന്ന് നിഷ്കാസനം ചെയ്യപ്പെട്ടു. ഇക്കാര്യം മനസ്സിലാക്കണമെങ്കിൽ അക്കാലത്തെ മുസ്‌ലിം സമൂഹത്തെ കുറിച്ച് നമുക്ക് ചെറിയൊരു വിവരണം അനിവാര്യമാണ്.

സ്പെയിനിലെ മുസ്‌ലിംകളെ 3 വിഭാഗമാക്കിത്തിരിക്കാം; 1. അറബികളുടെ പിന്മുറക്കാർ 2. അറബ്- സ്പാനിഷ് ദമ്പതിമാരുടെ മക്കൾ, 3. ഇസ്‌ലാം സ്വീകരിച്ച തദ്ദേശീയർ. ഇന്ത്യൻ മുസ്‌ലിംകളെയും സമാനമായ സാമൂഹിക ഘടനയിൽ നമുക്ക് വിഭജിക്കാൻ സാധിക്കും;

1. വിദേശത്തുനിന്ന് വന്നവരുടെ പിന്മുറക്കാർ

2. മുസ്‌ലിം-തദ്ദേശീയ ദമ്പതിമാരുടെ സന്താനങ്ങൾ

3. ഇസ്‌ലാം പുൽകിയ തദ്ദേശീയർ

1492-ലെ ഗ്രാനഡ യുദ്ധത്തിൽ സ്പെയിനിലെ അവസാന മുസ് ലിം ഭരണകൂടമായ നസ്രിദുകൾ പരാജയപ്പെട്ടതോടെയാണ് സ്പെയിനിലെ ഇസ്‌ലാമിക ഭരണത്തിന് തിരശ്ശീല വീണത്. ഇതേതുടർന്ന് മുസ്‌ലിം സമൂഹത്തിലെ ഉന്നതരിൽ ഭൂരിപക്ഷവും സ്പെയിൻ വിടുകയും ചുരുക്കം ചിലർ മാത്രം രാജ്യത്ത് താമസം തുടരുകയും ചെയ്തു. ഇവരുടെ സന്താനങ്ങൾ വിദേശികൾ എന്ന് മുദ്രകുത്തപ്പെട്ടു. ഇന്ത്യയിലും സമാനമായ അവസ്ഥയാണ് കാണാൻ സാധിക്കുന്നത്; ബാബറിന്റെ മക്കൾ എന്ന പ്രചരണമാണ് ഇതിനായി ഉപയോഗിക്കപ്പെടുന്നത്.

സ്പെയിനിലെ രണ്ടാമത്തെ മുസ്‌ലിം വിഭാഗം അതിരൂക്ഷമായ പരിഹാസങ്ങൾക്ക് വിധേയമാവുകയാണ് ചെയ്തിരുന്നത്. അവരുടെ ജീവനും സമ്പത്തും എപ്പോഴും അക്രമണ ഭീഷണിയിലായിരുന്നു. ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ അവർക്ക് എപ്പോഴും ശക്തമായ ഭീഷണി ഉയർന്നിരുന്നു.

ഇസ്‌ലാം ആശ്ലേഷിച്ച തദ്ദേശീയരായ മൂന്നാമത്തെ വിഭാഗത്തോട് തിരികെ ക്രിസ്തുമതത്തിലേക്ക് മടങ്ങിവരാൻ ശക്തമായ സമ്മർദ്ദം ഉയർന്നു. മുൻഗാമികൾ നിർബന്ധപൂർവ്വം ഇസ്‌ലാമിലേക്ക് മതം മാറ്റം ചെയ്യപ്പെട്ടവരാണെന്നും നിലവിൽ ഇസ്‌ലാമിന്റെ ഭീഷണി ഇല്ലാത്തതുകൊണ്ട് ക്രിസ്തുമതത്തിലേക്ക് കടന്നുവരണമെന്നും ഈ വിഭാഗത്തോട് കൽപ്പിക്കപ്പെട്ടു. ഇന്ത്യയിൽ ഇപ്പോൾ നടക്കുന്നത് സമാനമായ സംഭവങ്ങൾ തന്നെയാണ്. ഗർ വാപസി എന്ന പേരിൽ ഹിന്ദുമതത്തിലേക്ക് തിരികെ കൊണ്ടുപോകാനുള്ള ശ്രമങ്ങൾ രാജ്യത്ത് സംഘപരിവാർ ശക്തികൾ നടത്തുന്നുണ്ടെന്നത് ഇതോട് കൂടെ ചേർത്ത് വായിക്കേണ്ടതാണ്

മുസ്‌ലിംകളെ അരിക് വൽക്കരിക്കുവാനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ സ്പാനിഷ് ഭരണകൂടം ആവിഷ്കരിച്ചു നടപ്പിൽ വരുത്തി. ഭരണതലത്തിൽ നിന്ന് അറബി ഭാഷ എടുത്തുമാറ്റി. മതപാഠശാലകൾ നിരോധിച്ചു. മുസ്‌ലിം ഭരണത്തെ കുറിച്ചുള്ള ചരിത്രം മോശമായ രീതിയിൽ തിരുത്തിയെഴുതുകയും ചെയ്തു. സ്പെയിനിൽ മുസ്‌ലിംകൾ നൽകിയ സംഭാവനകളെ തിരസ്കരിക്കപ്പെട്ടു. മുസ്‌ലിം വീടുകൾ നിരന്തരമായി റെയ്ഡ് ചെയ്യപ്പെടുകയും ഇസ്‌ലാമിക നിയമം പൂർണ്ണമായും എടുത്തു മാറ്റുകയും ചെയ്തു.

മുസ്‌ലിംകൾക്കെതിരെ ഇത്തരം ക്രൂരമായ സമീപനങ്ങൾ ഭരണകൂടം സ്വീകരിക്കുമ്പോഴും അതിനെതിരെ പോരാടാൻ മുസ്‌ലിംകൾക്ക് ഒരു ശക്തിയും ഉണ്ടായിരുന്നില്ല.

സ്പെയിനിന് സമാനം ഇന്ത്യയിലും

സ്പെയിനിൽ നടന്ന പല സംഭവവികാസങ്ങളോടും സാമ്യമുള്ളതാണ് ഇന്ത്യൻ മുസ്‌ലിംകളുടെ അനുഭവങ്ങൾ. മുസ്‌ലിംകൾക്ക് നേരെ നടക്കുന്ന വർഗീയ കലാപങ്ങളാണ് ഇതിൽ ഏറ്റവും പ്രധാനം.

മുസ്‌ലിംകൾ രാജ്യത്തിന് നൽകിയ മഹത്തായ നേട്ടങ്ങളെ കുറിച്ചുള്ള വിവരണങ്ങൾ രാജ്യത്തെ പാഠപുസ്തകങ്ങളിൽ ഘട്ടംഘട്ടമായി ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ്. രാജ്യത്തിന് വേണ്ടി പോരാടി വീര രക്തസാക്ഷിത്വം വരിച്ച ടിപ്പുസുല്ത്താനെ മതഭ്രാന്തനായും സ്വന്തം പെൻഷനു വേണ്ടി മാത്രം പോരാടിയ താന്തിയതോപ്പിയെയും തന്റെ ദത്തുപുത്രന് അധികാരം ലഭിക്കാനായി പോരാട്ടത്തിനിറങ്ങിയ റാണി ലക്ഷ്മിഭായിയെയും ധീര സ്വാതന്ത്ര്യസമരസേനാനികളായും പ്രചരിക്കുന്നത് ചരിത്രത്തിന്റെ വളച്ചൊടിക്കലിന്റെ ഭാഗമാണ്.

സ്പെയിനിൽ അറബി ഭാഷക്ക് നേരിടേണ്ടിവന്ന സ്ഥിതിയാണ് ഇന്ന് ഉത്തരേന്ത്യൻ മുസ്‌ലിംകളുടെ മാതൃഭാഷയായ ഉറുദുവിന് നേരിടേണ്ടിവരുന്നത്. മുസ്‌ലിം കുടുംബങ്ങളിൽ നിന്നു വരുന്നവരെല്ലാം ഇന്ന് ഹിന്ദി ഭാഷ പഠിക്കുകയും പൊതുസമൂഹത്തോട് ഇണങ്ങിച്ചേരുകയും ചെയ്യുന്നു. അതേസമയം ഉറുദുവും അറബിയും പഠിക്കുന്നവർ പൊതു സമൂഹങ്ങളിൽ നിന്ന് അകന്നു നിൽക്കുന്ന സ്ഥിതിവിശേഷമാണുള്ളത്.

മുസ്‌ലിംകളിലെ അതിസമ്പന്നർക്കും പാവപ്പെട്ടവർക്കുമിടയിലെ അന്തരം വർധിച്ചു വരികയാണ്. അതിസമ്പന്നർ പാവപ്പെട്ടവരിൽ നിന്ന് ഏറെ അകലം പാലിച്ച് സുരക്ഷിതമായ ഒരു ജീവിതമാണ് നയിക്കുന്നത്. രാഷ്ട്രീയ രംഗത്താവട്ടെ വിവിധ പാർട്ടികൾക്കും മുന്നണികൾക്കുമിടയിൽ വോട്ടുകൾ വിഭജിക്കപ്പെടുന്നതിനാൽ ശ്രദ്ധേയമായ ഒരു വോട്ട് ബാങ്ക് ഉയർത്താനും മുസ്‌ലിംകൾക്ക് സാധിക്കുന്നില്ല. മുസ്‌ലിംകളെ ഒരുമിച്ച് നിർത്താനുള്ള എന്ത് നീക്കത്തെയും വർഗീയം എന്നും രാജ്യദ്രോഹമെന്നും മുദ്ര കുത്തപ്പെടുകയാണ്.

ചുരുക്കത്തിൽ ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷം ഒരു സ്പാനിഷ് മോഡൽ ദുരന്തത്തിന്റെ വക്കിലാണ്. മുസ്‌ലിം നേതൃത്വം ക്രിയാത്മകമായി ഇടപെടുകയും സമൂലമായ മാറ്റങ്ങൾ സമൂഹത്തിൽ കൊണ്ടുവരികയും ചെയ്യാതെ തലക്ക് മുകളിൽ തൂങ്ങി നിൽക്കുന്ന ഈ ഭീഷണിയെ നേരിടാൻ നമുക്കാവില്ലെന്ന് തീർച്ചയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter