ഒബാമയുടെ രണ്ടാമൂഴത്തില്‍ ഫലസ്തീന്‍ ജനതയുടെ പ്രതീക്ഷകള്‍
വര്ഷങ്ങളായി നെതന്യാഹുവും ഒബാമയും തമ്മില്‍ അത്ര സുഖത്തിലല്ല. പലപ്പോഴും നെതന്യാഹു തന്റെ ഏതിര്‍പ്പ് ഒബാമയെ നേരിട്ട് അറിയിച്ചിട്ടുണ്ട്. മറ്റു പല സന്ദര്‍ഭങ്ങളിലും ഒബാമയെ അറിയിക്കാതെ തന്റെ അഭിപ്രായങ്ങള്‍ നേരിട്ട് അമേരിക്കന്‍ കോണ്‍ഗ്രസുമായി പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. അറബുലോകവുമായുള്ള പ്രസിഡണ്ടിന്റെ ഇടപാടു നയങ്ങളായിരിക്കണം നെതന്യാഹുവിനെ കാര്യമായും മുഷിപ്പിച്ചത്. പുതിയ തെരഞ്ഞെടുപ്പില്‍ ഒബാമയുടെ പരാജയം സ്വപനം കണ്ട് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ മിറ്റ്റൂംനിയെ പരസ്യമായി പിന്തുണക്കാന്‍ തീരുമാനിച്ചതും അതുകൊണ്ട് തന്നെ.
റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ തന്‍റെ സുഹൃത്ത് പരാജയപ്പെട്ടിരിക്കുന്നവെന്ന വാര്‍ത്ത കേട്ടാണ് കഴിഞ്ഞ ബുധനാഴ്ച നെതന്യാഹു ഉറക്കുണര്‍ന്നത്. പരസ്യമായി റൂംനിയെ പിന്തുണക്കുക വഴി അമേരിക്കയുമായുള്ള തങ്ങളുടെ ബന്ധത്തെ വഷളാക്കുക കൂടി ചെയ്തോ നെതന്യാഹു എന്ന് ഇസ്രായേല്‍ ജനത അപ്പോഴേക്കും ചോദിച്ചു തുടങ്ങിയിരുന്നു.
തന്റെ ഭരണകാലാവധി തീരും മുമ്പെ അടുത്ത ജനുവരി 22 ന് രാജ്യത്തെ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച നെതന്യാഹു പക്ഷേ തനിക്ക് തെറ്റുപറ്റിയെന്ന് പരസ്യമായി സമ്മതിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ലെന്ന് ശരി തന്നെ. എന്നാല്‍ വഷളായ ബന്ധം നന്നാക്കിയെടുക്കാനുള്ള ശ്രമം ഇതിനകം തന്നെ തുടങ്ങിക്കഴിഞ്ഞിട്ടുണ്ടെന്ന് വ്യക്തം. ഫലം പുറത്തുവന്നയുടനെ രാജ്യത്തെ അമേരിക്കന് അംബാസഡറെ തന്‍റെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ഒബാമയുടെ വിജയത്തിലെ സന്തോഷസൂചകമായി ആശ്ലേഷിച്ചു അദ്ദേഹം. അമേരിക്കയുമായുള്ള ബന്ധത്തില്‍ ഒരു കോട്ടവും തട്ടിയിട്ടില്ലെന്ന് തൊട്ടുടനെ പ്രസ്താവനയിറിക്കുകയും ചെയ്തു. ഒബാമയെ വിമര്‍ശിച്ചുള്ള പ്രസ്താവനകള്‍ ഇനി പാടില്ലെന്ന് തന്റെ ലിക്വിഡ് പാര്‍ട്ടിനേതൃത്വത്തിന് പ്രത്യേക നിര്‍ദേശം നല്‍കാനും മറന്നില്ല ഈ ഇസ്രായേല്‍ പ്രധാനമന്ത്രി.
അമേരിക്കന്‍ കോണ്‍ഗ്രസിലെ പലരോടും വിശിഷ്യാ റിപ്പബ്ലിക്കുകളോട് നെതന്യാഹു ഇപ്പോഴും നല്ല ബന്ധം വെച്ചു പുലര്‍ത്തുന്നുണ്ടെന്നത് ശരി തന്നെ. അമേരിക്കയിലെ ഏത് ഭരണകൂടത്തെയും സ്വാധീനിക്കാവുന്ന പലരുമായും അദ്ദേഹത്തിന് നേരിട്ടു ബന്ധവുമുണ്ട്. എന്നാല്‍ പോലും ഒബാമയുമായി വരുത്തിയ ഈ ഇടച്ചില്‍ താത്കാലിക തലവേദനയായി ഒടുങ്ങില്ലെന്നുറപ്പാണ്. എന്നുമാത്രമല്ല ഇതിന്റെ തുടര്‍ച്ചകളായിരിക്കും വരാനിരിക്കുന്ന വര്‍ഷങ്ങളിലെ യു.എസ്-ഇസ്രായേല്‍ ബന്ധത്തെ നിര്‍ണയിക്കുന്നത്.
ഇറാന്‍, ഫലസ്തീന്‍ അടക്കമുള്ള പല വിഷയങ്ങളിലും ഇനി അമേരിക്കയുടെ നിയമനിര്‍ണാനത്തില്‍ ഇടപെടാന്‍ ഇസ്രായേലിന് കഴിയാത്ത തരത്തിലെത്തിയിരിക്കുന്നു കാര്യങ്ങളെന്നാണ് അവിടത്തെ രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. തെഹ്റാനുമായി നേരിട്ട് ഒരു സംഭാഷണത്തിന് അമേരിക്ക ഒരുങ്ങിയേക്കുമെന്നും ഫലസ്തീന്‍റെ ഐക്യരാഷ്ട്രസഭ അംഗത്വവുമായി ബന്ധപ്പെട്ട വിഷയത്തില് ഫലസ്തീന്‍ അനുകൂല നിലപാട് സ്വീകരിച്ചേക്കുമെന്ന വരെ ഇസ്രായേലിലെ ഭരണകൂടം ഭയപ്പെട്ടുതുടങ്ങിയിരിക്കുന്നുവെന്ന് വേണം മനസ്സിലാക്കാന്‍.
ഒബാമയുടെ രണ്ടാം തെരഞ്ഞെടുപ്പിലൂടെ ഇസ്രായേലില്‍ യഹൂദ് ഒല്‍മര്‍ട്ടിന്റെ മടങ്ങിവരവിന് അവസരമൊരുങ്ങുമെന്നാണ് തോന്നുന്നത്. കുറച്ച് കാലങ്ങളായി അഴിമതിയാരോപണത്തിന് വിധേയനനായി കഴിയുന്ന പഴയ പ്രധാനമന്ത്രി അതിനായി കോപ്പു കൂട്ടിത്തുടങ്ങിയിട്ടുമുണ്ട്. പുതിയ സാഹചര്യത്തില്‍ രാഷ്ട്രനന്മയുടെ പേരില്‍ ഇസ്രായേലിലെ മധ്യഇടതുപക്ഷത്തെ സ്വാധീനിക്കാനും ഭരണത്തില്‍ തിരിച്ചുവരാനും ആകുമെന്ന് അദ്ദേഹം കണക്കുകൂട്ടുന്നുണ്ടാകണം. ‘നമ്മുടെ പ്രധാനമന്ത്രിക്ക് ന്യൂയോര്‍ക്കുമായി ഇപ്പോള്‍ വല്ല സൌഹൃദവുണ്ടോ; ഇക്കഴിഞ്ഞ മാസങ്ങളിലെ പ്രതികരണങ്ങള്‍ കാണുമ്പോള്‍ തോന്നുന്നത് അതില്ലെന്നാണ്’- ന്യൂയോര്‍ക്കിലെ ഒരു ജൂതയോഗത്തില്‍ സംസാരിക്കവെ ഒല്‍മര്‍ട്ട് ഇങ്ങനെ സൂചിപ്പിച്ചതിന്റെ പൊരുളതാണ്. ഏതായാലും വളരെ നിര്ണായകമായ ചില സാഹചര്യങ്ങളില്‍ കാലങ്ങളായി തുടരുന്ന സൌഹൃദത്തിന് ഈയടുത്ത് വന്ന ഉലച്ചില്‍ നമ്മുടെ രാജ്യത്തെ പ്രതിസന്ധിയിലാക്കുമെന്ന് കൂട്ടിച്ചേര്‍ക്കാനും അദ്ദേഹം മറന്നില്ല.
ഒബാമ തന്നെ എതിര്‍ത്തതിന്റെ പേരില്‍ നെതന്യാഹുവിനെ ശിക്ഷിക്കുമെന്ന് ആരും വിശ്വസിക്കുന്നില്ല. റൂംനിയെ പിന്തുണച്ചുവെന്നത് മാത്രമല്ല, ഇറാനുമായി ബന്ധപ്പെട്ട് ഇസ്രായേല്‍ സ്വീകരിച്ച ചില നിലപാടുകളു ഈ ബന്ധമുലയാന്‍ കാരണമായിട്ടുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. അതു കൊണ്ട് തന്നെ ഇനി അമേരിക്കയുടെ വിദേശ പോളിസികള്‍ തീരുമാനിക്കുന്നതില്‍ ഇസ്രായേലിന്‍റെ മുന്‍ഗണനാക്രമത്തിന് പ്രത്യേക പരിഗണന കാണില്ലെന്ന് ഉറപ്പിക്കാം. രണ്ടാമൂഴത്തിലുള്ള പ്രസിഡണ്ടിനെ സംബന്ധിച്ചിടത്തോളം ഇനിയൊരു തെരഞ്ഞെടുപ്പ് സാധ്യതയില്ലാത്തതിനാല്‍ വോട്ടര്‍മാരെ പേടിക്കേണ്ടതില്ലെന്നത് ഒബാമയെ കുറച്ച് കൂടി സ്വതന്ത്രനാക്കും. വാഷിങ്ങ്ടണിലെ ഭരണകാര്യാലയങ്ങളിലെ ജൂതലോബിയെ ഇനി ഒബാമക്ക് പേടിക്കേണ്ടതില്ലെന്നര്‍ഥം.
ജനറല്‍ അസംബ്ലിയിലെ അംഗത്വത്തിന് വേണ്ടിയുള്ള ഫലസ്തീന്‍റെ ശ്രമത്തെ എന്തു വില കൊടുത്തും തടയണമെന്ന് ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു ഇസ്രായേല്‍ ഇക്കാലമത്രയും. അതിനെ അനുകൂലികിച്ചു കൊണ്ട് രംഗത്തുവന്ന രാജ്യങ്ങളെ പോലും വെറുതെ വിടരുതെന്നും പ്രഹരിക്കണമെന്നുമായിരുന്നു അമേരിക്കയോട് ഉപദേശിച്ചിരുന്നത്. ഫലം പുറത്തു വന്ന ഉടനെ ഒബാമയെ അനുമോദിച്ചപ്പോഴും ഫലസ്തീനെടുത്തു പറഞ്ഞതും ഐക്യരാഷ്ട്രസഭയിലെ അംഗത്വം തന്നെയായിരുന്ന
ജനറല്‍ അസംബ്ലിയില്‍ ഫലസ്തീന്‍റെ അംഗത്വത്തെ കുറിച്ച് അമേരിക്കയെടുക്കുന്ന തീരുമാനം എന്തുമാകട്ടെ. ഭരണത്തിന്റെ തുടക്കത്തില്‍ തന്നെ ഫലസ്തീനിലെ സമാധാനശ്രമങ്ങളുമായി അമേരിക്ക മുന്നോട്ടുവരില്ലെന്നുറപ്പാണ്. മിഡിലീസ്റ്റില്‍ കാലങ്ങളായി തുടരുന്ന പ്രക്ഷോഭങ്ങളും ഫലസ്തീനിലെ ഇരു ഫതഹ്-ഹമാസ് ചേരികള്‍ക്കിടയില്‍ ഈയടുത്ത് വീണ്ടും തലപൊക്കിയ അഭിപ്രായഭിന്നതയും മുന്നിലുണ്ടായിരിക്കെ അത്തരമൊരു ശ്രമത്തിന് ഒബാമയെന്നല്ല, ഒരു പ്രസിഡണ്ടും മുതിരില്ല.



Leave A Comment