ആസാമിൽ കാലുകുത്തിയാൽ പ്രധാനമന്ത്രിക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ആസു
ഗുവാഹത്തി: പൗരത്വഭേദഗതി ബില്ലിനെതിരെ ശക്തമായി സമര രംഗത്തുള്ള ആള്‍ അസം സ്റ്റുഡന്‍റ് യൂണിയന്‍(എഎഎസ്‍യു) പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ പ്രതിഷേധം കടുപ്പിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അസമില്‍ നടക്കുന്ന ഖേലോ ഇന്ത്യ ഗെയിംസ് ഉദ്ഘാടനം ചെയ്യാനെത്തിയാല്‍ വന്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും തടയുമെന്നും എഎഎസ്‍യു വാര്‍ത്താസമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കി. പൗരത്വ നിയമ ഭേദഗതിക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി അസമിലേക്ക് വന്നിട്ടില്ല. ഖേലോ ഇന്ത്യ ഗെയിംസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. എങ്കില്‍ അദ്ദേഹത്തിനെതിരെ വലിയ രീതിയില്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് ഞങ്ങളുടെ തീരുമാനം-അസു പ്രസിഡന്‍റ് ദീപാങ്ക കുമാര്‍ നാഥ് പറഞ്ഞു. പ്രധാനമന്ത്രിക്കെതിരെയുള്ള ഈ പ്രക്ഷോഭത്തെ സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഭാരവാഹികള്‍ തയ്യാറായില്ല. ജനുവരി 10 മുതല്‍ 22 വരെയാണണ് ഗുവാഹത്തിയില്‍ ഖേലോ ഇന്ത്യ ഗെയിംസ് നടക്കുന്നത്. ഗുവാഹത്തിയില്‍ ജനുവരി അഞ്ചിന് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക 'നിരീക്ഷിക്കുമെന്ന്' അസു നേതാക്കള്‍ പറഞ്ഞു. അതേസമയം, ആള്‍ അസം സ്റ്റുഡന്‍റ് യൂണിയന്‍(എഎഎസ്‍യു) പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഖേലോ ഇന്ത്യ ഗെയിംസിനെത്തുമോ എന്ന് സംശയമാണ്. നേരത്തെ പ്രതിഷേധം ഭയന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള സന്ദര്‍ശനം ആഭ്യന്തരമന്ത്രിയായ അമിത് ഷാ റദ്ദാക്കിയിരുന്നു. മോദിയും അമിത് ഷായും അസമിനെ നശിപ്പിക്കുകയാണ്. ഞങ്ങള്‍ വെറുതെയിരിക്കില്ല. സിഎഎക്കെതിരെയുള്ള പോരാട്ടം തുടരും. ജനാധിപത്യപരമായ രീതിയില്‍ സമരവും അതോടൊപ്പം സുപ്രീം കോടതിയില്‍ നിയമപരമായ പോരാട്ടവും നടത്തുമെന്ന് അസു പ്രസിഡന്‍റ് പറഞ്ഞു. ആസ്സാമിൽ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ക്രിക്കറ്റ് മത്സരത്തിനിടെ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ദീപാങ്ക കുമാര്‍ സൂചന നല്‍കി. കുടിയേറ്റക്കാരുടെ കണക്ക് സംബന്ധിച്ച്‌ ബിജെപി നേതാക്കള്‍ വ്യത്യസ്തമായ കാര്യങ്ങളാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. അസമില്‍ ദേശീയ പൗരത്വ പട്ടിക തയ്യാറാക്കിയപ്പോള്‍ 19 ലക്ഷം പേരാണ് പുറത്തായത്. അതില്‍ 13 ലക്ഷത്തോളം പേര്‍ ഹിന്ദുക്കളായിരുന്നു. ഇതിലെ മുസ്‌ലിം ഇതര കക്ഷികൾക്ക് എല്ലാം പൗരത്വം നൽകുന്നതാണ് ലോക്സഭയും രാജ്യസഭയും പാസാക്കിയ ദേശീയ പൗരത്വ ഭേദഗതി നിയമം. ആസാമിലേക്ക് ഒരു അനധികൃത കുടിയേറ്റക്കാരനെയും പ്രവേശിപ്പിക്കില്ലെന്നാണ് ആസു മുന്നോട്ടുവെക്കുന്ന നിലപാട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter