കേന്ദ്ര സർക്കാരിനെതിരെ സിവില്‍ നിയമലംഘന പ്രക്ഷോഭങ്ങൾക്ക് ആഹ്വാനം ചെയ്ത് ജിഗ്‌നേഷ് മേവാനി
കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്താകമാനം സിവില്‍ നിയമലംഘന പ്രക്ഷോഭങ്ങള്‍ നടത്തണമെന്ന് ഗുജറാത്ത് എംഎൽഎയും ദലിത് നേതാവുമായ ജിഗ്‌നേഷ് മേവാനി. കോഴിക്കോട് പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വഭേദഗതി ബില്ലിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ രൂക്ഷമായി അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കില്ലെന്ന് പ്രധാനമന്ത്രി നാണമില്ലാതെ കള്ളം പറയുകയാണെന്ന് തുറന്നടിച്ച അദ്ദേഹം തടങ്കല്‍ പാളയങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുമ്പോള്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നതില്‍ എന്ത് ആത്മാര്‍ത്ഥയാണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു. പരാതി ഉണ്ടെങ്കില്‍ സുപ്രീം കോടതിയില്‍ പോകൂ എന്ന് സര്‍ക്കാര്‍ പറയുന്നത് കോടതിയില്‍ കാര്യങ്ങള്‍ മാനേജ് ചെയ്യാമെന്ന ആത്മവിശ്വാസം ഉള്ളത് കൊണ്ടാണെന്നും മേവാനി ആരോപിച്ചു. ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസുമായി ബന്ധപ്പെട്ട വിവാദത്തില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയും മേവാനി വിമർശനമുന്നയിച്ചു. തന്റെ പദവിക്ക് ചേരാത്ത രീതിയിലാണ് ഗവർണർ പെരുമാറുന്നതെന്നും ജിഗ്‌നേഷ് മേവാനി കുറ്റപ്പെടുത്തി. സിറിയയിലേതിന് സമാനമായ സാഹചര്യമാണ് ഉത്തര്‍പ്രദേശിലുള്ളതെന്നും യു.പി പോലീസ് പ്രതിഷേധക്കാർക്ക് നേരെ നരനായാട്ട് നടത്തുകയാണെന്നും ജിഗ്‌നേഷ് കുറ്റപ്പെടുത്തി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter