ഇറാനിലെ പ്രക്ഷോഭം നനഞ്ഞ പടക്കം മാത്രമോ?
പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭം ശിയാ ഭൂരിപക്ഷ രാഷ്ട്രമായ ഇറാനിലേക്കും വ്യാപിച്ചിരിക്കുകയാണ്. ഒരാഴ്ചയായി തുടരുന്ന പ്രക്ഷോഭത്തിൽ യുവജനത ഒന്നടങ്കം തെരുവിൽ ഇറങ്ങിയിട്ടുണ്ട്.
പ്രക്ഷോഭത്തിന്റെ കാരണം
എണ്ണ വില വര്‍ധിപ്പിക്കാനുള്ള സർക്കാർ തീരുമാനമാണ് ഇറാനിൽ പതിറ്റാണ്ടിലെ ഏറ്റവും വലിയ പ്രക്ഷോഭത്തിന് തിരി കൊളുത്തിയത്. ആണവ കരാറിൽ നിന്ന് പിൻമാറിയതിന് ശേഷം അമേരിക്ക ഏർപ്പെടുത്തിയ ഉപരോധത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് കരകയറാനാണ് എണ്ണ വില വര്‍ധിപ്പിക്കാൻ സർക്കാർ ഈ തീരുമാനമെടുത്തത്.
അടിച്ചമർത്തലുമായി സർക്കാർ
അതേസമയം, രാജ്യത്താകെ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ 180 പേരെ തടവിലാക്കിയിട്ടുണ്ട്. എന്നാൽ അറസ്റ്റ് ചെയ്യപ്പെട്ടവർ ആയിരത്തിലധികം പേരുണ്ടെന്നാണ് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തത്. അതേ സമയം 2755 പ്രക്ഷോഭകാരികളെങ്കിലും അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് ഇറാനിലെ മനുഷ്യാവകാശ സംഘടന മുന്നോട്ടുവെക്കുന്ന സംഖ്യ.
ഇറാൻ ഭരണകൂടത്തിന്റെ നിലപാട്
ഇറാനിലെ പ്രക്ഷോഭത്തിന് പിന്നില്‍ മേഖലയിലെ ചില രാഷ്ട്രങ്ങളാണെന്നാണ് സര്‍ക്കാര്‍ ആരോപിക്കുന്നത്. സൗദി, യുഎഇ അടക്കമുള്ള രാഷ്ട്രങ്ങളാണ് ഇതുവഴി ഇറാൻ ഉന്നമിടുന്നത്. നേരത്തെ ഇറാന്‍ പരമോന്നത നേതാവായ ആയത്തൊള്ള ഖാംനഇയും പ്രക്ഷോഭത്തെ നിസ്സാരവല്‍ക്കരിച്ചിരുന്നു. പ്രക്ഷോഭം ഒരു സുരക്ഷാ പ്രശ്‌നം മാത്രമണെന്നും പരിഹരിച്ചിട്ടുണ്ടെന്നുമാണ് ഖാംനഇ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. മേഖലയില്‍ സിയോണിസ്റ്റുകളും അമേരിക്കയും വിത്തു പാകിയ ശക്തിയാണ് പ്രക്ഷോഭത്തിനു പിന്നിലെന്ന് സൗദിയെ സൂചിപ്പിച്ച് ഇറാനിയന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി ആരോപിച്ചിട്ടുമുണ്ട്.
കടുത്ത ഭീഷണിയുമായി റെവല്യൂഷണറി ഗാര്‍ഡ്
അതേസമയം ആക്രമണത്തിന് പിന്നിലെ ശക്തികൾക്കെതിരെ കടുത്ത ഭീഷണിയുമായാണ് ഇറാൻ റെവല്യൂഷണറി ഗാര്‍ഡ് രംഗത്തെത്തിയിരിക്കുന്നത്. പരിധി ലംഘിച്ചാല്‍ യുഎസിനേയും അതിന്റെ സഖ്യകക്ഷികളേയും നശിപ്പിച്ച് കളയുമെന്ന് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) മേധാവി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ധന വിലവര്‍ദ്ധനവിനെതിരെ കഴിഞ്ഞയാഴ്ച നടന്ന അക്രമാസക്തമായ പ്രതിഷേധത്തിനെതിരെ സംഘടിപ്പിക്കപ്പെട്ട സര്‍ക്കാര്‍ അനുകൂല റാലിയെ അഭിസംബോധന ചെയ്താണ് അദ്ദേഹംഈ ഭീഷണി മുഴക്കിയത്. യുഎസ്, ബ്രിട്ടന്‍, ഇസ്രായേല്‍, സൗദി അറേബ്യ എന്നിവര്‍ രാജ്യത്ത് അശാന്തി പടര്‍ത്തിയെന്നും തലസ്ഥാനത്ത് ആയിരക്കണക്കിന് പ്രകടനക്കാരെ അഭിസംബോധന ചെയ്ത് ജനറല്‍ ഹുസൈന്‍ സലാമി കുറ്റപ്പെടുത്തി. അമേരിക്ക, സയണിസ്റ്റ് ഭരണകൂടമായ ഇസ്രായേല്‍, സൗദി അറേബ്യ എന്നിവയുടെ ശത്രുതാപരമായ നീക്കങ്ങളോട് തങ്ങള്‍ സംയമനവും ക്ഷമയും കാണിച്ചു. എന്നാല്‍ അവര്‍ 'ചുവന്ന വര' കടന്നാല്‍ തങ്ങള്‍ അവരെ നശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'അമേരിക്കയുടെ മരണം, ഇസ്രായേലിന്റെ മരണം' എന്നു ആലേഖനം ചെയ്ത ബാനറുകളും ഇറാനിയന്‍ പതാകയുമേന്തിയാണ് പ്രകടനക്കാര്‍ വിപ്ലവ ചത്വരത്തില്‍ ഒരുമിച്ച് കൂടിയത്. ജനക്കൂട്ടത്തില്‍ ചിലര്‍ അമേരിക്കന്‍ പതാകകള്‍ അഗ്നിക്കിരയാക്കുകയും ചെയ്തിട്ടുണ്ട്.
പ്രക്ഷോഭം വിജയിക്കുമോ?
മറ്റു രാഷ്ട്രങ്ങളിൽ നിന്ന് ഭിന്നമായി ആയി ഇറാനിൽ ബഹുഭൂരിപക്ഷം പേരും ശിയാ വിശ്വാസികൾ ആണ്. അതിനുപുറമേ ആത്മീയ നായകനായി അലിഖാംനഈ എന്ന ശിയാ പണ്ഡിതനും ഉണ്ട്. അതിനാൽ പ്രക്ഷോഭം എത്ര കണ്ടു മുന്നോട്ടു പോകുമെന്നത് കണ്ടറിയണം. മത പണ്ഡിതന്മാർക്ക് ഏറെ സ്വാധീനമുള്ള ഇറാൻ ജനതയിൽ ഈ പ്രക്ഷോഭം പെട്ടെന്ന് തന്നെ തണുത്ത് ഇല്ലാതാവുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്. ഇതിനുപിന്നിൽ അമേരിക്കയും മറ്റു ഇറാൻ വിരുദ്ധ ശക്തികളുമാണെന്ന ഭരണകൂട ആരോപണം ഉയരുമ്പോൾ പ്രത്യേകിച്ചും.
Leave A Comment