സ്‌നേഹാര്‍ദ്രമാവണം നമ്മുടെ ബന്ധങ്ങള്‍

അല്ലാഹു പറയുന്നു: 'മനുഷ്യരേ.. നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന് സൃഷ്ടിക്കുകയും അതില്‍നിന്നു തന്നെ അതിന്റെ ഇണയെ സൃഷ്ടിക്കുകയും, അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുക. ഏതൊരു അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ അന്യോന്യം ചോദിച്ചുകൊണ്ടിരിക്കുന്നുവോ അവനെ നിങ്ങള്‍ സൂക്ഷിക്കുക. കുടുംബബന്ധങ്ങളെയും നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചുക്കൊണ്ടിരിക്കുന്നവനാകുന്നു' (ഖുര്‍ആന്‍, സൂറത്തുല്‍ നിസാഇലെ ആദ്യസൂക്തം).

പ്രവാചകര്‍ മുഹമ്മദ് നബി (സ്വ) പറയുന്നു: 'നിങ്ങളില്‍ ഏറ്റവും നല്ലവന്‍ സ്വകുടുംബത്തോട് നന്മ ചെയ്യുന്നവനാണ്. ഞാന്‍ അത്തരുണത്തില്‍ എന്റെ കുടുംബത്തോട് നന്മ ചെയ്യുന്നവനാണ്' (ഹദീസ് തുര്‍മുദി).

സ്‌നേഹവും കാരുണ്യവും കുടുംബബന്ധം സുദൃഢമാവുന്നതിന്റെ അടിസ്ഥാന ശിലകളാണ്. വൈവാഹിക ജീവിതവിജയത്തിന്റെ ഹേതുകം കൂടിയാണവ. മാത്രമല്ല, അവ പ്രവഞ്ചനാഥനില്‍ നിന്നുള്ള മഹത്തായ അനുഗ്രഹവും സുപ്രധാന ദൃഷ്ടാന്തവുമാണ്. അല്ലാഹു തന്നെ പറയുന്നു: 'നിങ്ങള്‍ക്ക് സമാധാനപൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടിയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തത് അവന്റെ ദൃഷ്ടാന്തങ്ങളില്‍പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്' (ഖുര്‍ആന്‍, സൂറത്തുല്‍ റൂം 21). അല്ലാഹുവിന്റെ കാരുണ്യത്തിന്റെ പൂര്‍ണതയുടെ ഭാഗമായാണ് അവന്‍ ദമ്പതികള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കിത്തീര്‍ത്തത്.

സ്‌നേഹമെന്നാല്‍ മനസ്സിന്റെ ആര്‍ദ്രതയാണ്.
കാരുണ്യമെന്നാല്‍ മനസ്സിന്റെ അലിവാണ്.
അവ കൊണ്ടാണ് കുടുംബങ്ങള്‍ നിലനില്‍ക്കുന്നതും ബന്ധങ്ങള്‍ സുദൃഢപ്പെടുന്നതും.

ഉപ്പ തന്റെ കുടുംബാംഗങ്ങളോട് കനിവുള്ളവനാകുകയും തന്റെ കടമകളും ഉത്തരവാദിത്വങ്ങളും യഥാവിധി നിര്‍വ്വഹിക്കുകയും വേണം. മാത്രമല്ല, തന്റെ മക്കളുടെ കാര്യങ്ങളില്‍ തുടരെ തുടരെ ഇടപെടുകയും വേണം. കാരണം അവര്‍ക്ക് വാക്കിലും പ്രവര്‍ത്തിയിലും പിന്തുടരാനുള്ളത് ഉപ്പയെയാണല്ലൊ.

ഉമ്മയാണ് വീട് പരിപാലിക്കേണ്ടതും മക്കളെ വളര്‍ത്തേണ്ടതും. ഉമ്മയാണ് വളര്‍ന്നു വരുന്ന പെണ്‍മക്കള്‍ക്കുള്ള മാതൃക. ഇങ്ങനെയുള്ള ഉപ്പയും ഉമ്മയും ചേരുമ്പോഴാണ് സ്‌നേഹാര്‍ദ്രവും കരുണാമയവുമായ സന്തുഷ്ട കുടുംബം സാധ്യമാവുന്നത്.

സ്‌നേഹവും കാരുണ്യവും ഉണ്ടാക്കിത്തീര്‍ക്കുന്ന പെരുമാറ്റങ്ങളും ഇടപാടുകളുമാണ് ദമ്പതികള്‍ക്കിടയില്‍ ഉണ്ടാവേണ്ടതെന്ന് പരിപാവന ദീനുല്‍ ഇസ്ലാം വിശ്വാസികളോട് ഉണര്‍ത്തുന്നു. കുടുംബത്തിന്റെ കെട്ടുറപ്പും ഭദ്രതയും നിലനില്‍ക്കാന്‍ അങ്ങനെ അനുവര്‍ത്തിക്കല്‍ അത്യന്താപേക്ഷിതമാണ്. ഇടപാടുകളിലും നിലപാടുകളിലും മയം കാണിച്ചാല്‍ പിണക്കമില്ലാത്ത, ഇണക്കം മാത്രം നിത്യമാക്കുന്ന കുടുംബത്തെ സാക്ഷാല്‍ക്കരിക്കും. നബി (സ്വ) പറയുന്നു: 'അല്ലാഹു ഒരു കുടുംബത്തില്‍ നന്മ ഉദ്ദേശിച്ചാല്‍ അവര്‍ക്ക് അലിവ് അറിയിച്ചുക്കൊടുക്കും' (ഹദീസ് അഹ്മദ്).

മയസ്വഭാവവും മുഖപ്രസന്നതയും പരസ്പര ബഹുമാനവും പരിഗണനയും കുടുംബത്തില്‍ നിത്യമാവണമെന്നാണ് മേല്‍ഹദീസ്  ഉല്‍ബോധിപ്പിക്കുന്നത്. ഭാര്യഭര്‍ത്താക്കന്മാര്‍ പരസ്പര മനസ്സിലാക്കി സഹകരണത്തോടെയും ഒത്തൊരുമയോടെയും കുടുംബകടമകള്‍ നിറവഹിക്കേണ്ടതുണ്ട്. കുടുംബാസൂത്രണത്തിലും കുട്ടികളെ വളര്‍ത്തുന്നതിലും ഇരുവരും ഒരുപോലെ ഉത്തരവാദികളാണ്. ഒരോര്‍ത്തരും അന്യോന്യം കഴിവിന്റെ പരമാവധി സ്‌നേഹവും കാരുണ്യവും കാണിക്കണം.

ജീവിതപങ്കാളിയുടെ ചുമതലകളും ബാധ്യതകളും മനസ്സിലാക്കി അവ നിറവേറ്റാന്‍ സഹായിക്കുമ്പോഴാണ് ദാമ്പത്യവിജയം യാഥാര്‍ത്ഥ്യമാവുന്നത്. പരസ്പരം ശ്രമങ്ങളെ മാനിക്കുകയും നന്ദി അറിയിക്കുകയും വേണം. മാത്രമല്ല, എന്നും ഏറ്റവും നല്ലമാത്രം തെരഞ്ഞെടുക്കാന്‍ പ്രോല്‍സാഹിപ്പിക്കുകയും വേണം. അപ്പോഴാണ് കുടുംബം സന്തുഷ്ടമാവുന്നതും കുടുംബമഹിമയാല്‍ സമ്പുഷ്ടമാവുന്നതും.

നന്ദി അറിയിക്കല്‍ ഉദാത്തമായ സ്വഭാവമാണ്.  നബി (സ്വ) ആ സ്വഭാവമാഹാത്മ്യത്തെ പ്രേരിപ്പിക്കുന്നുണ്ട് : 'ഒരുത്തന്‍ പടപ്പുകളോട് നന്ദിയുള്ളവനായില്ലെങ്കില്‍ അവന്‍ പടേേച്ചാനോടും നന്ദിയുള്ളവനാകില്ല' (ഹദീസ് അഹ്മദ്, അദബുല്‍ മുഫ്രദ്). സാമൂഹിക ജീവിതത്തിന്റെ വിജയമന്ത്രമാണ് പരസ്പര നന്ദിവാക്ക്.

കുടുംബാംഗങ്ങള്‍ക്കിടയില്‍ സ്‌നേഹവും സമ്പര്‍ക്കവും ഉണ്ടാവണമെങ്കില്‍ കുടുബസദസ്സുകള്‍ സംഘടിപ്പിക്കേണ്ടതുണ്ട്. അവ കൂടുതല്‍ അടുക്കാനും കുശലങ്ങള്‍ അറിയാനും സഹായിക്കും. 

കുടുംബകൂട്ടായ്മകള്‍ പല രൂപത്തിലുണ്ട്. ഭക്ഷണത്തിനായി കഴിക്കാനായി ഒരുമിച്ചിരിക്കലാണ് അതിലൊന്ന്. അങ്ങനെ കൂട്ടായി ഭുജിക്കല്‍ ബര്‍ക്കത്ത് ഉണ്ടാവാന്‍ കാരണമാവും. ഒരിക്കല്‍ ഒരുകൂട്ടം സ്വഹാബികള്‍  നബി (സ്വ)യോട് ചോദിച്ചു: 'ഞങ്ങള്‍ ഭക്ഷണം കഴിക്കുന്നുണ്ടെങ്കിലും വയര്‍ നിറയുന്നില്ല'. നബി (സ്വ) പറഞ്ഞു: 'നിങ്ങള്‍ വെവ്വേറെ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് കൊണ്ടാകാം'. അവര്‍ പറഞ്ഞു: 'അതെ'. നബി (സ്വ) തുടര്‍ന്നു: 'നിങ്ങള്‍ ഒരുമിച്ചിരുന്ന് അല്ലാഹുവിന്റെ നാമമുച്ചരിച്ച് ഭക്ഷണം കഴിക്കുക, അല്ലാഹു നിങ്ങളുടെ ഭക്ഷണത്തില്‍ ബര്‍ക്കത്ത് ചെയ്യും' (ഹദീസ് അബൂദാവൂദ്, അഹ്മദ്, ഇബ്‌നുമാജ). കുടുംബസദസ്സുകള്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കിത്തീര്‍ക്കുമെന്നര്‍ത്ഥം.

ദാമ്പത്യരഹസ്യങ്ങള്‍ എന്നും രഹസ്യമായി തന്നെയിരിക്കണം. സൗന്ദര്യപ്പിണക്കങ്ങള്‍ പോസിറ്റീവായ സംഭാഷണത്തിലൂടെ പറഞ്ഞുത്തീര്‍ക്കണം. ചെറിയ പാകപ്പിഴവുകള്‍ അന്യോന്യം കണ്ടില്ലെന്ന് നടിക്കണം. പ്രശനങ്ങളല്ല പരിഹാരമാണ് എന്നും ആവശ്യമായുള്ളത്. കാര്യങ്ങള്‍ മറ്റുള്ളവരിലേക്ക് എത്തിപ്പെടാതെ സൂക്ഷിക്കുകയും വേണം. പ്രമുഖ സ്വഹാബിവര്യന്‍ അബുല്‍ ദര്‍ദാഅ് (റ) തന്റെ ഭാര്യയോട് പറയുമായിരുന്നു: 'ഞാന്‍ നിന്നോട് ദേഷ്യപ്പെട്ടാല്‍ നീ എന്നെ സംതൃപ്തിപ്പെടുത്തണം. നിനക്ക് എന്നോട് ദേഷ്യം തോന്നിയാല്‍ ഞാന്‍ നിന്നെ സംതൃപ്തിപ്പെടുത്തും'. ഇങ്ങനെയാണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത്. അല്ലാതെ കൂടുതല്‍ വശളാക്കേണ്ടതല്ല ചെയ്യേണ്ടത്.

ദമ്പതികള്‍ ഓരോര്‍ത്തരും തന്റെ ഇണയുടെ കുടുംബത്തോടും ബന്ധം ചേര്‍ക്കണം. ഇണയുടെ മാതാപിതാക്കള്‍ക്കും ഗുണം ചെയ്യണം ഭൗതികമായും, ആത്മീയമായും. ഓരോര്‍ത്തരും സ്ഥാനമാനങ്ങള്‍ക്കനുസരിച്ച് മാതാപിതാക്കളോടും മക്കളോടും മറ്റു കുടുംബക്കാരോടും ചെയ്തുതീര്‍ക്കേണ്ട കടമകള്‍ കൃത്യമായി പൂര്‍ത്തീകരിക്കണം. പ്രവാചകര്‍ (സ്വ) പറയുന്നു: 'ഓരോര്‍ത്തര്‍ക്കും അവരവര്‍ക്കുള്ള അവകാശങ്ങള്‍ വകവെച്ചുനല്‍കണം' (ഹദീസ് ബുഖാരി).

അവകാശങ്ങള്‍ പാലിക്കപ്പെടുമ്പോഴാണ് മനസ്സുകള്‍ ഇണങ്ങുന്നതും സ്‌നേഹാര്‍ദ്രമാവുന്നതും. അങ്ങനെ കുടുംബങ്ങള്‍ക്ക് അല്ലാഹുവിന്റെ കരുണക്കടാക്ഷമുണ്ടാവും. അല്ലാഹുവിന്റെ വിധിവിലക്കുകള്‍ അനുസരിക്കുന്നവരുള്ള വീട് എന്നും അനുഗ്രഹീതമായിരിക്കും. നാടിനം ദീനിനും ഉപകാരം ചെയ്യുന്ന തലമുറകളാണ് സമൂഹത്തിനും കുടുംബത്തിനും ഭദ്രത കൈവരുത്തുന്നത്. അവരാണ് നാടിന്റെ സംസ്‌കാരവും സംസ്‌കൃതിയും പരിപാലിക്കുന്നത്. രക്തബന്ധത്തിലൂടെയും വിവാഹബന്ധത്തിലൂടെയുമാണ് കുടുംബങ്ങല്‍ രൂപപ്പെടുന്നതും സമൂഹം വ്യാപിക്കുന്നതും. 

അല്ലാഹു പറയുന്നു: 'അവന്‍ തന്നെയാണ് വെള്ളത്തില്‍ നിന്ന് മനുഷ്യനെ സൃഷ്ടിക്കുകയും, അവനെ രക്തബന്ധമുള്ളവനും വിവാഹബന്ധമുള്ളവനും ആക്കുകയും ചെയ്തിരിക്കുന്നത്. നിന്റെ നാഥന്‍ കഴിവുള്ളവനത്രെ' (ഖുര്‍ആന്‍, സൂറത്തുല്‍ ഫുര്‍ഖാന്‍ 54).

നമ്മുക്കിടയിലെ കുടുംബബന്ധങ്ങളും ദാമ്പത്യങ്ങളും സ്‌നേഹാര്‍ദ്രതയുടെയും അലിവ് കനിവുകളുടെയും പര്യായങ്ങളാവട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter