ദേശീയ പൗരത്വ പട്ടികയുടെ അന്തിമ ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും.
ഇന്ത്യയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ആസ്സാമിലെ ദേശീയ പൗരത്വ പട്ടികയുടെ അന്തിമ ലിസ്റ്റ് ഇന്ന് പുറത്തുവരും.കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ പുറത്തുവിട്ട കരട് പൗരത്വ പട്ടികയില്‍ നിന്നും 40.37 ലക്ഷം പേർ പുറത്താക്കപ്പെട്ടത് രാജ്യത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. പിന്നീട് 1.02 ലക്ഷം പേരെ കൂടി സര്‍ക്കാര്‍ പട്ടികയില്‍ നിന്നു പുറത്താക്കി. പൗരത്വ പട്ടിക നടപ്പിലാക്കുകയെന്നത് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു. അന്തിമ പട്ടിക പുറത്തു വരുന്ന സാഹചര്യത്തില്‍ അസമിലെ വിവിധ ജില്ലകളില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. 1971 മാര്‍ച്ച് 25 എന്ന തീയതിക്ക് ശേഷം അസമിലേക്ക് കുടിയേറിയവരെയാണ് പൗരത്വ പട്ടികയില്‍ നിന്നും പുറത്താക്കിയതെന്നാണ് കേന്ദ്രസര്‍ക്കാറിന്റ സര്‍ക്കാറും വാദിക്കുന്നതെങ്കിലും പൗരത്വ പട്ടികയില്‍ നിന്നും നിലവില്‍ പുറത്തായ 41 ലക്ഷം പേരില്‍ മിക്കവരും ഈ തീയതിക്കും പതിറ്റാണ്ടുകള്‍ മുമ്പെ അസമിലെ താമസക്കാരാണ് എന്നാണ് പരാതി ഉയര്‍ന്നത്. പരാതിക്കാര്‍ക്ക് രേഖകള്‍ സമര്‍പ്പിച്ച് പട്ടികയില്‍ വീണ്ടും ഇടം കണ്ടെത്താനും തെറ്റുകള്‍ തിരുത്തി പുതിയ പൗരത്വ പട്ടിക രൂപീകരിക്കാനും സുപ്രിം കോടതി നല്‍കിയ കാലാവധിയാണ് ഇന്ന് അവസാനിക്കുന്നത്. അതേസമയം പട്ടികയില്‍ നിന്നും ഇപ്പോഴും ലക്ഷങ്ങള്‍ പുറത്താണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത്തരക്കാരെ ഉടനടി നാടു കടത്തില്ലെന്നും അവര്‍ക്ക് ട്രൈബ്യൂണലുകളെ സമീപിച്ച് പൗരത്വം തെളിയിക്കാന്‍ ഇനിയും അവസരമുണ്ടെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കടുത്ത ആശങ്കയിലാണ് ഇവർ. ഇത്തരക്കാര്‍ക്ക് നിയമസഹായം നല്‍കാനായി ബി.ജെ.പി, കോണ്‍ഗ്രസ്, യു.ഡി.എഫ് തുടങ്ങിയ രാഷ്ട്രീയ സംഘടനകളും നിരവധി സന്നദ്ധ സംഘടനകളും അസമില്‍ രംഗത്തെത്തിയിട്ടുണ്ട്. 1 കോടി 20 ലക്ഷം മുസ്‌ലിം നുഴഞ്ഞു കയറ്റക്കാര്‍ അസമിലുണ്ടെന്ന സംഘ്പരിവാര്‍ പ്രചാരണത്തെ തുടര്‍ന്നാണ് ദേശീയ പൗരത്വ പട്ടിക രൂപീകരിക്കാന്‍ തീരുമാനിച്ചത്. അതിനാൽ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് നേരെ കലാപങ്ങള്‍ നടക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. കൂടുതലും സ്ത്രീകളും കുട്ടികളുമാണ് ഇതില്‍ ഉള്‍പ്പെടാതെ പോയവര്‍. പഞ്ചായത്ത് പ്രസിഡന്റ് വിവാഹവേളയില്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് സ്വീകാര്യമല്ല എന്ന കാരണം കൊണ്ടു മാത്രം നിരവധി ലക്ഷം സ്ത്രീകള്‍ പട്ടികക്കു പുറത്തായിട്ടുണ്ട്.1971 മാര്‍ച്ച് 25 ശേഷം അസമിലെത്തിയ നിരവധി ബംഗാളി ഹിന്ദുക്കളും പട്ടികയിൽ നിന്ന് പുറത്താണ്. എന്നാൽ പുറത്ത് നിന്നുള്ള മുസ്ലിമേതര മത വിശ്വാസികൾക്ക് പൗരത്വം നൽകുന്ന നിയമം പാസ്സാക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter