മുസ്‌ലിം ഭരണകാലത്തെ ഗ്രന്ഥശാലകളും രചനകളും
മുസ്‌ലിംകള്‍ക്ക് സ്വന്തമായി രാജ്യം നിലവില്‍ വന്ന് ആദ്യനൂറ്റാണ്ടില്‍ തന്നെ അവര്‍ ഗ്രന്ഥങ്ങള്‍ ശേഖരിച്ചു തുടങ്ങിയിരുന്നു. അതിനുള്ള പ്രേരണ ഖുര്‍ആനില്‍ നിന്ന് ലഭിച്ചതായിരിക്കണം. ഹിജ്റ ഒന്നാം നൂറ്റാണ്ടില്‍ തന്നെ ഇന്ത്യ. പേര്‍ഷ്യ, ഗ്രീസ്, റോം തുടങ്ങിയ നാടുകിളില്‍ നിന്ന് പൌരാണികവും സമകാലികവുമായ വിജ്ഞാനങ്ങള്‍ അവര്‍ ശേഖരിച്ചു. അന്യഭാഷകളിലെ ഗ്രന്ഥങ്ങള്‍ അവര്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്തു. അങ്ങനെ മുന്‍കഴിഞ്ഞ സമൂഹങ്ങള്‍ക്കു ലഭിക്കാത്ത ധാരാളം ഗ്രന്ഥങ്ങള്‍ അവര്‍ക്ക് ശേഖരിക്കാനായി. കൌറോവിലും അല്കസാണ്ട്രിയയിലും വലിയ് ഗ്രന്ഥശാലകള്‍ ഉണ്ടായിരുന്നു. കൈറോ ഗ്രന്ഥശാലയില്‍ പതിനാറ് ലക്ഷത്തോളം പുസ്തകങ്ങളുണ്ടായിരുന്നു. അത് പോലെ ബഗ്ദാദ്, ത്വറാബുലുസ്, പേര്‍ഷ്യ എന്നിവിടങ്ങളിലും ഗ്രന്ഥപ്പുരകളുണ്ടായിരുന്നു. മുസ്‌ലിം സ്പെയിനില്‍ 70 ഓളം പൊതു ഗ്രന്ഥാലയങ്ങളുണ്ടായിരുന്നു. അതില്‍ കൊര്‍ദോവയിലെ ഗ്രന്ഥപ്പുരയില്‍ മാത്രം നാലു ലക്ഷത്തിലേറെ പുസ്തകങ്ങളുണ്ടായിരുന്നുവത്രെ. പ്രതിഭയെയും ബുദ്ധിയെയും ഉദ്ദീപിപ്പിക്കുന്ന എല്ലാതരം സാഹിത്യകലകളും അറബികള്‍ ആസ്വദിച്ചിരുന്നു. വലിയ ഗ്രന്ഥശാലകള്‍ സ്ഥാപിക്കാന്‍ മാത്രമായി അറബികള്‍ ഗ്രന്ഥങ്ങള്‍ ശേഖരിച്ചു. ഖലീഫ മഅ്മൂന്‍ ബഗ്ദാദിലേക്ക് 100 ഒട്ടകങ്ങള്‍ക്ക് വഹിക്കാവുന്നത്ര പുസ്തകങ്ങള്‍ കൊണ്ടു വന്നതായി പറയപ്പെടുന്നു.
മഅ്മൂനും മീശൈല്‍ ചക്രവര്‍ത്തി മൂന്നാമനും തമ്മലുള്ള ഒരു കരാര്‍ തന്നെ കോണ്‍സ്റ്റാന്‍റ് നോപ്പിളിലെ ഒരു ഗ്രന്ഥാലയം തനിക്ക് നല്‍കണമെന്നതായിരുന്നുവത്രെ. അവിടെയുണ്ടായിരുന്നു അനവധി അമൂല്യഗ്നര്ഥങ്ങളുടെ കൂട്ടത്തല്‍ ടോളമിയുടെ ഗോളശാസ്ത്ര സംബന്ധിയായ ഗ്രന്ഥവുമുണ്ടായരുന്നു. മഅ്മൂന്‍ അത് അറബിയിലേക്ക് പരിഭാഷപ്പെടുത്താന്‍ കല്‍പന കൊടുത്തു. അതിന് അല്‍മിജസ്ത്വി എന്ന് നാമകരണം ചെയ്തു. കൈറോ ഗ്രന്ഥാലയത്തില്‍ ഉണ്ടായിരുന്ന ഒരു ലക്ഷം ഗ്രന്ഥങ്ങളില്‍ 6500 ലേറെ ഗ്രന്ഥങ്ങള്‍ ഗോളശാസ്ത്രവും വൈദ്യശാസ്ത്രവും മാത്രം കൈകാര്യം ചെയ്യുന്നവയായിരുന്നുവെന്നും ചരിത്രത്തിന് ഭാഷ്യമുണ്ട്. എല്ലാ ഗ്രന്ഥശാലകളിലും പകര്‍ത്തിയെഴുത്തിനും വിവര്‍ത്തനത്തിനുമുള്ള പ്രത്യകം സൌകര്യങ്ങളുണ്ടായിരുന്നു. മിക്കവാറും ഖലീഫമാര്‍ക്കും അക്കാലത്തെ ചരിത്രമെഴുതാനുള്ള പ്രത്യേക എഴുത്തുകാരുണ്ടായിരുന്നുവെന്ന് കാണാം. ചരിത്രം, നിയമം, രാഷ്ട്രീയം, തത്വശാസ്ത്രം, ജീവചരിത്രം തുടങ്ങി വിവിധ മേഖലകളില്‍ മുസ്‌ലിംകളുടെ ഗ്രന്ഥരചന സമ്പുഷ്ടമായിരുന്നു. ഭൂമിശാസ്ത്രം, സ്റ്റാറ്റിറ്റിക്സ്, വൈദ്യം, ഭാഷാനിഘണ്ടു തുടങ്ങിയവയിലുള്ള അറബികളുടെ രചനകള്‍ എക്കാലത്തെയും അമൂല്യ വൈജ്ഞാനിക സ്രോതസ്സുകളാണ്. മുഹമ്മദ് നബിയുടെ ഹിജ്റയുടെ തൊട്ടുമുമ്പ് മാത്രമാണ് അറബികളില്‍ എഴുത്തുവിദ്യ വ്യാപകമാകുന്നത്. നാലാം ഖലീഫ ഹസ്റത്ത് അലിയുടെ ഭരണകാലത്ത് അദ്ദേഹത്തിന്‍രെ കല്‍പനപ്രകാരം അബുല്‍ അസവദുദ്ദുവലി അറബി ഭാഷാനിയമങ്ങള്‍ ആവിഷ്കരിച്ചു. ഭാഷാശാസ്ത്രരചനയുടെ തുടക്കമായിരുന്നു അതെന്ന് പറയാം
. ഉമവി ഭരണത്തിലെ ഖാലിദ് ബിന് യസീദാണ് മുസ്‌ലിം രാജാക്കന്മാരില്‍ ഗ്രന്ഥശേഖരണത്തില്‍ ഏറ്റവുമധികം ശ്രദ്ധിച്ച വ്യക്തിയെന്ന് തോന്നുന്നു. ഗ്രീക്ക്-കോപ്റ്റിക് ഭാഷകളിലുള്ള രസതന്ത്ര-വൈദ്യശാസ്ത്ര ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്‍റെ കാലത്ത് വിവര്‍ത്തനം ചെയ്യപ്പെടുന്നുണ്ട്. അബ്ബാസി ഖലീഫയായിരുന്ന അല്‍മന്‍സൂറും ഗ്രീക്ക്-പേര്‍ഷ്യന്‍ ഗ്രന്ഥങ്ങള്‍ മൊഴിമാറ്റം നടത്തുന്നതില്‍ ശ്രദ്ധവെച്ചിരുന്നു. ഖലീഫ ഹാറൂന്‍ റശീദ് സ്ഥാപിച്ച ബൈത്തുല്‍ഹിക്മ ലൈബ്രറിയില്‍ മൌലികവും വിവര്‍ത്തിതവുമായ അറബി, സുറിയാനി, ഗ്രീക്ക്, പേര്‍ഷ്യ, കോപ്റ്റിക് ഭാഷകളിലുള്ള ധാരാളം ഗ്രന്ഥങ്ങളുണ്ടായിരുന്നു. ഹാറൂന്‍ റശീദിന് ശേഷം വന്ന മകന്‍ മഅ്മൂനും പിതാവിന്‍റെ പാത തന്നെ പുന്തുടര്‍ന്നു. ഗ്രീക്ക് ഗ്രന്ഥങ്ങള്‍ പരിഭാഷപ്പെടുത്തുന്നതിന് മാത്രമായി മൂന്ന് ലക്ഷം ദീനാര്‍ അദ്ദേഹം ചെലവഴിച്ചതായി പറയപ്പെടുന്നുണ്ട്. ഇസ്‌ലാമിനു മുമ്പ് അറേബ്യയിലുണ്ടായിരുന്ന അമൂല്യഗ്രന്ഥങ്ങളും അദ്ദേഹം ശേഖരിച്ചു. ഇക്കൂട്ടത്തില്‍ അബ്ദുല്‍ മുത്ത്വലിബ് സ്വന്തം കൈപ്പടയിലെഴുതിയ ഒരു ഗ്രന്ഥവുമുണ്ടായിരുന്നത്രെ. സ്പെയിനിലെ മുസ്‌ലിം ഭരണാധികാരികള്‍ തങ്ങള്‍ക്ക് വായിക്കാനും പഠിക്കാനുമായി പൌര്സ്ത്യ നാടുകളില്‍ നിന്ന് സ്ഥിരമായി ഗ്രന്ഥങ്ങള് വരുത്താറുണ്ടായിരുന്നു. യൂറോപ്പില്‍ വൈജ്ഞാനിക നവോഥാനം സൃഷ്ടിക്കുന്നതില് വഴിത്തിരിവായത് ഇത്തരത്തില്‍ സ്പെയിനിലെത്തിയ ഗ്രന്ഥശേഖരമാണെന്നതില്‍ സംശയമില്ല. പില്‍ക്കാലത്ത് അബ്ബാസികളുടെ പതനശേഷവും മുസ്‌ലിം സ്വതന്ത്രഭരണകൂടങ്ങള്‍ക്ക് കീഴില്‍ ഗ്രന്ഥശേഖരണം കാര്യമായി തന്നെ നടന്നിരുന്നു. ഇക്കാലത്ത് ബുഖാറയിലെ സുല്‍ത്താനായിരുന്ന നൂഹുബ്നു മന്‍സൂര്‍ വലിയ ഒരു ഗ്രന്ഥാലയം സ്ഥാപിച്ചതായി ചരിത്രത്തില്‍ കാണുന്നുണ്ട്. പില്‍ക്കാലത്ത് ഉടലെടുത്ത രാഷ്ട്രീയ മത സംഘര്‍ഷങ്ങളും അഭ്യന്തര യുദ്ധങ്ങളും മുസ്‌ലിം ലോകത്തെ ക്രിയാത്മകയെ പൂര്‍ണമായി നശിപ്പിച്ചു. മംഗോളിയരുടെയും മറ്റും ആക്രമണവും നശീകരണ പ്രവര്‍ത്തനങ്ങളും നടന്നില്ലായിരുന്നുവെങ്കില്‍ അറബുദേശങ്ങളിലെ ഗ്രന്ഥാലയങ്ങള്‍ ഇന്നും അപ്പടി നിലനില്‍ക്കുമായിരുന്നു. ബുഖാറ ജയിച്ചടക്കിയപ്പോള്‍ ഹലാകു ഖാന്‍റെ പുത്രന്‍ അവിടത്തെ മദ്റസതു മസ്ഊദു ബക് എന്ന ഉന്നതവിദ്യാലയത്തിന് തീയിട്ടതായി ചരിത്രം വിശദീകരിക്കുന്നു.
അക്കൂട്ടത്തില് അവിടെയുണ്ടായിരുന്ന ഗ്രന്ഥശേഖരവും അഗ്നിക്കിരയായി. ഹലാകു ഖാന്‍ ഹമ്മാത്ത് പട്ടണം കീഴടക്കിയപ്പോള്‍ അവിടെയുണ്ടായിരുന്ന ഗ്രന്ഥങ്ങളത്രയും തുഛവിലക്ക് വിറ്റൊഴിവാക്കിയതായും ചരിത്രത്തില് കാണുന്നു. എന്നാല്‍ ചെങ്കിസ്ഖാന്‍റെയും തിമൂറിന്‍റെയും സന്തതികള്‍ ഇസ്ലാം സ്വീകരിച്ചതോടെ പിന്നെ വിദ്യക്ക് വീണ്ടും ഒരു ഉണര്‍വ് ലഭിച്ചു തുടങ്ങി. അവര്‍ക്കു കീഴില്‍ പണ്ഡിതര്‍ ഏറെ ബഹുമാനിക്കപ്പെട്ടു. ഇന്ത്യയിലെ മുഗള്‍ സാമ്രാജ്യവും വിദ്യക്കും ഗ്രന്ഥങ്ങള്‍ക്കും ഏറെ വില നല്‍കിയരുന്നതായി കാണാം. ഷാജഹാന്‍ ധാരാളം വായിക്കുന്ന സ്വഭാവമുള്ള ഒരു രാജാവായിരുന്നു. ആദില്‍ ഷായും ഖുതുബ് ഷായും ഇതേ പാത പിന്തുടര്‍ന്നു. തത്ഫലമായി ഇന്ത്യയില്‍ ധാരാളം ലൈബ്രറികള്‍ സ്ഥാപിക്കപ്പെടുകയുണ്ടായി.
കടപ്പാട്: ഇസ്‌ലാമിക വിജ്ഞാനകോശം
Leave A Comment