ഹൃദയത്തിന്റെ അയല്‍പക്കത്തെ പാട്ടുകാരന്‍
എ.വി മുഹമ്മദ്. ഇശലുകളുടെ സുല്‍ത്താന്‍ ഓര്‍മയായിട്ട് 18 വര്‍ഷം. ബലിപെരുന്നാളിന്റെ സന്തോഷങ്ങള്‍ക്കിടയിലായിരുന്നു എ.വിയുടെ അന്ത്യയാത്ര. മാപ്പിളപ്പാട്ടിനെ പില്‍ക്കാലത്തേക്ക് സൂക്ഷിച്ചുവെച്ചുവെന്നതാണ് എ.വിയെ വ്യത്യസ്തനാക്കിയത്.പാട്ടുകളിലെ ഗായകനെ കണ്ടെത്തുകയാണ് തിരൂരങ്ങാടി പി.എസ്.എം.ഓ കോളജ് മലയാളവിഭാഗം അധ്യാപകനായ ലേഖകന്‍.
പണ്ട് ഞങ്ങളുടെ നാട്ടില്‍ നിന്ന് ഗള്‍ഫിലേക്ക് പോയിരുന്ന പലരും തിരിച്ചു വരുമ്പോള്‍ കൊണ്ടുവന്നിരുന്നത് ഹിന്ദി ഗാന ലോകത്തെ കുലപതി മുഹമ്മദ് റഫി സാഹിബിന്റെയും മാപ്പിളപ്പാട്ടുകളുടെ നാടന്‍ ഗായകനായിരുന്ന ഏ.വി.മുഹമ്മദ് സാഹിബിന്റെയും പാട്ടുകളുടെ കാസെറ്റുകളായിരുന്നു. ബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കും നല്‍കാനുള്ള സമ്മാനങ്ങള്‍ക്കിടയില്‍ ഇവ അവനവനു തന്നെയുള്ള സമ്മാനങ്ങളായി നിലകൊണ്ടു. അടുത്ത തവണ മടങ്ങിപ്പോകുമ്പോള്‍ കൂടെ കൊണ്ടു പോകാനുള്ള ഏറ്റവും സ്വകാര്യമായ അനുഭൂതി നിറഞ്ഞ കരുതിവെപ്പുകള്‍. ഗള്‍ഫ് വീടുകളുടെ ഉമ്മറങ്ങളിലെ നാഷണല്‍-പനാസോണിക് ടേപ് റെക്കോഡറുകള്‍ രണ്ട് പേരുടെയും പാട്ടുകള്‍ അത്തര്‍ മണത്തിനൊപ്പം അന്തരീക്ഷത്തിലേക്ക് വിക്ഷേപണം ചെയ്യപ്പെട്ടു കൊണ്ടിരിക്കും. ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ തെല്ലൊരു അതിശയം തോന്നുന്നു. റഫിയെന്ന അതികായനൊപ്പം-അതിഗായകനൊപ്പം- നില്‍ക്കാനുള്ള ഏ.വിയുടെ തലപ്പൊക്കം എന്തായിരുന്നു? ലഹരിയും അവിഹിതങ്ങളും കുത്തഴിയലുകളും നുരയിട്ടു പൊന്തിയിരുന്ന ബോളിവുഡിന്റെ ലോകത്ത് കറപുരളാത്ത തൂവെള്ള ജീവിതം നയിച്ച റഫി വലിയൊരു മാതൃകയായിരുന്നു. തലക്കനം നിറഞ്ഞ പാട്ടുകാരുടെ ലോകത്ത് ഏറ്റവും സാധാരണക്കാരനായി ജൂബ്ബയും രോമത്തൊപ്പിയും ധരിച്ചു മണ്‍തരികളെ വേദനിപ്പിക്കാതെ നടന്നു പോയ ഏ.വിക്കും ആ ലാളിത്യമുണ്ടായിരുന്നു. ഇതിനപ്പുറത്ത് രണ്ട് പേരെയും ഒരേ പെട്ടിയില്‍ ഒരുമിപ്പിച്ച ഘടകമെന്തായിരുന്നു? റഫി ഇന്ത്യയെന്ന വലിയ വികാരത്തെയും ഏ.വി നാട്ടിന്‍പുറം എന്ന സൂക്ഷ്മമായ അനുഭവത്തെയും തൊട്ടിരിക്കാം. റഫിയെ വിട്ടു ഏ.വിയിലേക്ക് വരിക. ഞങ്ങളുടെ പാട്ടുകാരനാണ് എന്നു തോന്നിപ്പിക്കുന്ന ബന്ധുത്വവും ഇഴയടുപ്പവും സാമീപ്യവും ഒക്കെ കൂടിയ എന്തോ ഒന്ന് ഏ.വിയുടെ ആലാപനത്തിലുണ്ട്. സംഗീതത്തിനു തീര്‍ച്ചയായും ഓരോ ദേശത്തിന്റെയും പ്രദേശത്തിന്റെയും തനിമയും ഗുണവും മണവുമൊക്കെയുണ്ട്. വിവിധ ജാതി-മത-സമുദായ-ദേശങ്ങള്‍ക്ക് വിവിധ സംഗീതമുണ്ടാകുന്നത് ഈ വ്യത്യസ്തകളെ അഭിമുഖീകരിക്കുന്നത് കൊണ്ടാണ്. സുബ്ബലക്ഷ്മിയുടെ ശാസ്ത്രീയ സംഗീതവും ഞെരളത്തിന്റെയും സോപാനസംഗീതവും ചര്‍ച്ചുകളിലെ ക്വയറുകള്‍ പാടുന്ന പാട്ടുകളും ഇപ്പറഞ്ഞ തരംതിരുവുകളെയാണ് കേള്‍പ്പിക്കുന്നത്. ഇത്തരത്തില്‍ മാപ്പിളമാരുടെ ജീവിതവ്യവഹാരത്തെയും ദൈനംദിനത്വത്തെയും താളാത്മകമായി തൊട്ടു പോകാന്‍ ശ്രമിക്കുമ്പോള്‍ ജന്മമെടുത്തതാണ് മാപ്പിളപ്പാട്ടുകള്‍. അവരുടെ കല്യാണവും കച്ചവടങ്ങളും കൗതുകങ്ങളും വിശ്വാസവും വിചാരങ്ങളും വരികളിലാക്കി അവതരിപ്പിക്കാനുള്ള ഈ ശ്രമം മലയാളത്തിന്റെ പാട്ടു ചരിത്രത്തിലെ അനന്യതയാണെന്നു പറയാം. എം.എസ്.ബാബുരാജാണ് ഏ.വിയെ കണ്ടെടുത്തതെന്നു പറയാറുണ്ട്. കെ.ടി.മുഹമ്മദും കെ.ടി.മൊയ്തീനും മറ്റുമെഴുതിയ പാട്ടുകളാണ് പ്രധാനമായും ഏ.വി പാടിയത്. അവ മിക്കവാറും ലളിതവും അലങ്കാരങ്ങളും ആടകളും അഴിച്ചു വെച്ചതും നിത്യജീവിതത്തിലെയും വര്‍ത്തമാനത്തിലെയും സംഭവങ്ങള്‍ വിവരിക്കുന്നതമാണ്. കണ്ണു തള്ളിക്കുന്ന കല്‍പനകള്‍ അവയിലില്ല തന്നെ. അതിസാധാരണമായ പദങ്ങള്‍ ചേര്‍ത്ത കമ്പാര്‍ട്ടുമെന്റുകളുടെ സാധാരണമായ പോക്കാണ് മിക്കപ്പോഴും ആ പാട്ടുകള്‍. '' ഹക്കായ മാര്‍ഗമില്‍ നടക്കാനിന്നാളുകള്‍ മുടക്കാണ് മുത്ത് ഹബീബേ...'', ''കണ്ണീരാല്‍ നിര്‍മ്മിച്ചൊരു പെട്ടിയതാ പെട്ടിതന്നിള്ളിലൊരാണ്‍ കുട്ടിയതാ...'' എന്നീ വരികളുടെ ലാളിത്യം നോക്കുക. ഈ വരികള്‍ മലപ്പുറം മലയാളത്തിന്റെയും ഏറനാടന്‍ തനിമയുടെയും നേര്‍ രേഖകളാണ്. അത് കൊണ്ടാണ് ഞങ്ങളുടെ നാട്ടുകാര്‍ ഈ കാസെറ്റുകള്‍ പൊതിഞ്ഞെടുത്ത് മരുഭൂമിയുടെ ദയാരഹിതമായ ചൂടിലേക്ക് യാത്ര തിരിക്കുന്നത്. ജീവിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന, ജീവിതത്തെ സത്യസന്ധമായി നേരിടാന്‍ ധൈര്യപ്പെടുത്തുന്ന പ്രത്യശാഭരിതമായ ശബ്ദമാണ് ഏ.വിയുടെത് എന്നതായിരിക്കും അദ്ദേഹത്തെ പൊതുജനത്തിന്റെ പ്രിയപ്പെട്ട ഗായകനാക്കിത്തീര്‍ത്തതെന്നു തോന്നുന്നു. വരികളിലേക്ക് അദ്ദേഹം ചുരത്തുന്ന ഈ ശബ്ദം ഒരു കൊട്ടാരഗായകന്റെ തേച്ചു മിനുക്കിയ സ്വരവിന്യാസം എന്നതിനെക്കാള്‍ തെരുവു ഗായകന്റെ അശിക്ഷിതമായ തൊണ്ടയുടെ ഉപയോഗമാണ്. കേള്‍വിക്കാര്‍ക്കു മുമ്പില്‍ ഏ.വി പെട്ടെന്നു പാടിത്തീര്‍ക്കുകയാണ്. അദ്ദേഹത്തിന്റെ പാട്ടുകളുടെ ശരാശരി ദൈര്‍ഘ്യം 3 മിനുട്ടാണ്. സമുദായം തോള്‍പിടിച്ചു നടന്നിരുന്ന രണ്ട് നേതാക്കളുടെ വിരഹം ഏറ്റവും വികാര സാന്ദ്രമായി ആവിഷ്‌കരിച്ച പാട്ടുകാരന്‍ എന്ന സ്ഥാനവും ഒരു പക്ഷേ ഏ.വിക്കുണ്ട്. ബാഫഖി തങ്ങളുടെ ദേഹവിയോഗത്തില്‍ പാടിയ ''അല്ലാഹുവിന്റെ മുത്തു റസൂലിന്‍ കുലത്തിലെ അരുമപൂന്താരമായിരുന്ന അഹ്‌ലു ബൈത്തിലെ..'' എന്ന ഗാനവും പൂക്കോയത്തങ്ങളുടെ വേര്‍പാടില്‍ പാടിയ ''മഹാശയാ പൊന്‍നിലാവ് സയ്യിദ് പി.എം.എസ്.എ മൃതിയായി...'' എന്ന ഗാനവും അദ്ദേഹത്തെ നമ്മുടെ ഹൃദയം പറിച്ചെടുത്ത് പാടുന്ന പാട്ടുകാരനാക്കുകയുണ്ടായി. പെരുന്നാളും ഹജ്ജും വരുമ്പോള്‍ കഅ്ബയും മദീനയും നിനവില്‍ വരുമ്പോള്‍ ഏ.വി നമ്മുടെ ഹൃദയവികാരങ്ങളുടെ ഭാഷാന്തരം നടത്തുന്നു. ''പരിശുദ്ധ പ്രശോഭനം ബൈത്തുല്‍ ഹറം പോരിശ...'', ''അല്ലാഹുവിന്റെ പോരിശ പ്രകാശ ഗേഹമേ...'', ''പുണ്യമദീനമതില്‍ ചെന്നു മറഞ്ഞൊരു മതീ'', ''മദീനറൗളയില്‍ അന്തിയുറങ്ങുന്ന'', ''ഇലാഹായ പുരാനോട് ഇരവും പകലും..'' ഇങ്ങനെ എത്രയോ പാട്ടുകള്‍ ഏ.വിയെ നമ്മുടെ ഹൃദയത്തിന്റെ അയല്‍പക്കത്തെ പാട്ടുകാരനാക്കുന്നു.
ശരീഫ് ഹുദവി ചെമ്മാട്
Leave A Comment