പൊന്നാനിയിലെ തെരുവത്ത് പള്ളി
പൊന്നാനിയില് കണ്ട പുരാതന മസ്ജിദുകളില്‍ ഏറ്റവും നിര്‍ജീവമായി തോന്നി ഈ പള്ളി. വാങ്കും നിസ്കാരവും കഴിഞ്ഞാല്‍ പിന്നെ പരിസരത്ത് പോലും ആരെയും കാണുന്നില്ല. പരിസരത്തെ പള്ളികളില്‍ നിന്ന് അസ്വര്‍ വാങ്ക് ഉയരുന്ന സമയത്താണ് പള്ളിപ്പരിസരത്ത് എത്തിയത്. അപ്പോള്‍ തന്‍റെ ബൈക്കോടിച്ച് വന്ന ഇമാം പള്ളിയിലേക്ക് ഓടിക്കയറി വാങ്ക് വിളിക്കാന് തുടങ്ങി. (പള്ളിയുടെ അടച്ചിട്ടിരുന്ന വാതില്‍ സ്വന്തമായി തുറന്ന് അകത്തുകയറി ലൈറ്റിട്ടാണ് ഈ പോസ്റ്റിലെ മിഹ്റാബിന്‍റെ പടം പകര്‍ത്തിയത്.) പള്ളിയില് ജുമുഅയില്ല. സാധാരണ നിസ്കാരവും റമദാനിലെ തറാവീഹും രണ്ടു പെരുന്നാള്‍ നിസ്കാരവുമെല്ലാം ഇവിടെ നടക്കുന്നു. മസ്ജിദിന് ചുറ്റും ഖബറുകളുണ്ട്. അക്കൂട്ടത്തില്‍ പള്ളിക്കാടിന് പടിഞ്ഞാറ് ഭാഗത്താണ് ഈജിപ്തുകാരനായ ശൈഖ് സയ്യിദ് അലിയ്യുല്‍ മിസരിയുടെ ഖബറിടം. പ്രത്യേക ആഘോഷമോ മറ്റോ നടക്കുന്ന ദിവസമല്ലാതിരിന്നിട്ടം പള്ളിയുടെ മ്ഹ്റാബിലടക്കം നിറയെ തോരണങ്ങള്‍ കണ്ടു. പള്ളിയുടെ പുറത്തും തോരണം ചുറ്റി അലങ്കരിച്ചിരുന്നു. തദ്ദേശീയമായ വാസ്തുകലയിലാണ് പള്ളിയുടെ നിര്‍മാണം നടന്നിരിക്കുന്നത്. രണ്ടു നിലയും ഓട് മേഞ്ഞ തെരുവത്ത് പള്ളിയുടെ നിര്‍മാണത്തിലും പ്രദേശത്തെ ഇതര പള്ളികളിലെന്ന പോലെ മരത്തിന്‍റെ ഉപയോഗം കാര്യമായി നടന്നിട്ടുണ്ട്.