ഇസ്രായേലിനു വേണ്ടി അറബ് ലോകത്ത് ശബ്ദമുയരുമ്പോൾ
കടപ്പാട്: ദ മുസ്‌ലിം മിറർ

ഇസ്രായേൽ രൂപീകരണത്തിന് ശേഷം നടന്ന യുദ്ധങ്ങളിലെല്ലാം അറബ് സേനയെ പരാജയപ്പെടുത്തിയ ഇസ്രായേൽ അറബ് ലോകത്തേക്ക് മാധ്യമങ്ങളിലൂടെ കടന്നുകയറാനുള്ള വ്യഗ്രതയിലാണ്. ദുബായ് ആസ്ഥാനമായ സൗദി ഉടമസ്ഥതയിലുള്ള എംബിസി നെറ്റ്‌വർക്ക് ഇസ്രായേൽ വിരുദ്ധ സമീപനങ്ങളിൽ നിന്ന് മാറി ആദ്യമായി ജൂത കുടുംബങ്ങളുടെ കഥ പറയുന്ന ടിവി സീരിയൽ ആരംഭിച്ചതാണ് ഇസ്രായേലിന്റെ സ്വാധീനം പുതിയ തലത്തിലേക്ക് വ്യാപിക്കുന്നുവെന്ന അപകട സന്ദേശം നൽകുന്നത്. ഹാറൂൻ( ഹാറൂന്റെ മാതാവ്) എന്ന സീരിയലാണ് എംബിസ നെറ്റ്‌വർക്ക് പ്രക്ഷേപണം ആരംഭിച്ചിരിക്കുന്നത്.

സൗദി അറേബ്യയിലെ പ്രമുഖ പത്രമായ അറബ് ന്യൂസിന്റെ ആദ്യ പേജിൽ എംബിസി ചാനലിനെ അഭിനന്ദിച്ച് വേൾഡ് ജൂത കോൺഗ്രസ് പ്രസിഡന്റ് റൊണാൾഡ് എസ് ലോഡർ എഴുതിയ ലേഖനവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു ശാന്ത വിപ്ലവം പശ്ചിമേഷ്യയെ മാറ്റിമറിക്കുന്നു എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിൽ സഹിഷ്ണുതയുടെ മകുടോദാഹരണമാണ് എംബിസി നെറ്റ്‌വർക്ക് പ്രവൃത്തിപഥത്തിൽ കൊണ്ടുവന്നതെന്നും പറയുന്നുണ്ട്. ജൂതന്മാരും അറബികളും സൗഹൃദത്തോടെ കഴിഞ്ഞുകൂടിയിരുന്ന 1940കളിൽ ഗൾഫിൽ അധിവസിച്ചിരുന്ന ഒരു ജൂത സ്ത്രീയുടെ ജീവിതമാണ് ഈ സീരിയലിന്റെ ഇതിവൃത്തം. ജൂതരെ നന്നായി കാണിക്കുന്ന ഈ പരിപാടി ഏതെങ്കിലും സർക്കാറുകളുടെ നിർദ്ദേശത്തെത്തുടർന്നല്ലെന്നാണ് എം ബി സി നെറ്റ്‌വർക്ക് വ്യക്തമാക്കുന്നത്.

പുകയുന്ന വിമർശനം

എം ബി സി ചാനലിന്റെ പുതിയ പരിപാടിക്കെതിരെ ശക്തമായ വിമർശനമാണ് ഉയരുന്നത്. അറബ് ലോകത്ത് ഇസ്രായേലിന് അംഗീകാരം ലഭിക്കുവാനുള്ള ഹിഡൻ അജണ്ടയാണ് പരിപാടിയിലൂടെ ഉന്നമിടുന്നതെന്നും വിമർശകർ ചൂണ്ടിക്കാണിക്കുന്നു. ഇറാൻ എന്ന ഒരു പൊതുശത്രുവിനെ മുൻനിർത്തി സൗദി അറേബ്യയും ഇസ്രായേലും തമ്മിൽ ബന്ധം മെച്ചപ്പെടുത്തിയതും വിമർശകർ ഇതുമായി ബന്ധപ്പെടുത്തുന്നുണ്ട്.

എന്റെ പേടി സ്വപ്നങ്ങളിൽ ഒരിക്കൽ പോലും പ്രതീക്ഷിക്കാത്ത നടപടിയാണിതെന്നാണ് ഒരു ഫലസ്തീനി പത്രപ്രവർത്തകൻ ന്യൂയോർക്ക് ടൈംസിനോട് പ്രതികരിച്ചത്.

അറബി ന്യൂസിന്റെ ഗതകാല ചരിത്രം

ഇസ്രായേലിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്ന ഒരു പത്രം ഒരു സുപ്രഭാതത്തിൽ ജൂത തലവന് ആദ്യ പേജിന്റെ കാൽഭാഗം നീക്കിവെച്ചത് പത്രത്തിന്റെ ചരിത്രം അറിയുന്നവർക്ക് അത്ഭുതമായിരിക്കും.

സൗദി ദേശീയവാദികളായിരുന്ന ഹാഫിസ് സഹോദരങ്ങളാണ് ഈ പത്രം സ്ഥാപിക്കുന്നത്. ഖാലിദ് അൽമഈനയെന്ന ലക്ഷണമൊത്തൊരു എഡിറ്ററുടെ കീഴിൽ സമൂഹത്തിന്റെ കാതലായ പ്രശ്നങ്ങളിൽ സുപ്രധാനമായ ഇടപെടലുകളാണ് പത്രം നടത്തിയത്. പ്രവാസികളുടെ, സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പത്രം ഘോര ഘോരം ശബ്ദിച്ചു, സാമൂഹിക നീതിയിലധിഷ്ഠിതമായ കാര്യങ്ങൾ ഗൗരവമായെടുത്തു. ഇതിന്റെ പേരിൽ 'ജനങ്ങളുടെ എഡിറ്റർ' എന്ന വിളിപ്പേര് അൽമഈനയെ തേടിയെത്തി. പഴുതടച്ച പത്രപ്രവർത്തനത്തിന്റെ പേരിൽ സൗദി ബെൻ ബ്രാഡ്‌ലിയെന്ന് പോലും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. വാഷിംഗ്ടൺ പോസ്റ്റിന്റെ പ്രശസ്തനായ എഡിറ്റർ ബെൻ ബ്രാഡ്‌ലിയെ സൂചിപ്പിച്ചുകൊണ്ടാണ് ഈ നാമകരണം വന്നത്.

ദയനീയം ഈ നിലപാട്

അറബ് ന്യൂസിന് നിലവിൽ നേതൃത്വം നൽകുന്നത് സൗദി ദേശീയതയുമായി യാതൊരു ബന്ധവുമില്ലാത്ത ലബനീസ് വംശജനായ ഫൈസൽ അബ്ബാസാണ്. ഒരു കാലത്ത് അറബ് ലോകത്തിന്റെ അഭിമാനമായിരുന്ന പത്രം ഇസ്രായേലിനു വേണ്ടി വാലാട്ടുന്ന ചട്ടുകമായി മാറിയത് ഈ പാവ എഡിറ്ററുടെ കീഴിലായാണ്. പരോക്ഷമായി ഇസ്രായേലീ അധിനിവേശത്തെ ശരിവെക്കുന്ന നിലപാടാണ് പത്രം സ്വീകരിക്കുന്നത്.

അത്ഭുതകരമെന്ന് പറയട്ടെ, ഇസ്രായേലിനെ ലളിതവൽക്കരിക്കുന്ന വാർത്ത വന്നിരിക്കുന്നത് സൗദി ഭരണ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു വാർത്താ ഏജൻസിയിൽ നിന്നാണ്. കഴിഞ്ഞ മെയ് 6ന് വെസ്റ്റ് ബാങ്കിൽ പുതിയ ജൂത കുടിയേറ്റ പദ്ധതി ആരംഭിക്കുകയാണെന്ന ഇസ്രായേൽ പ്രതിരോധ മന്ത്രിയുടെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് ഈ നിരുത്തരവാദിത്തപരമയ സമീപനമുണ്ടായിരിക്കുന്നതെന്നത് കൂട്ടിവായിക്കേണ്ടതാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter