മുസഫര്‍നഗര്‍ കത്തുമ്പോള് തന്നെ വേണം മോഡിയെ പ്രധാനമന്ത്രിയാക്കാന്‍; മാവേലി മാത്രമല്ല, മതേതരത്വവും നീണാള്‍വാഴട്ടെ...
അലീഗഡില്‍ നിന്ന് ദില്ലിയിലേക്കുള്ള രാവിലത്തെ ആദ്യ ട്രെയിന്‍. മുസഫര്‍ നഗറിലെ കലാപം കാരണം ബസില്‍ ദില്ലിയിലേക്ക് പോകുന്നത് അത്ര പന്തിയാകില്ലെന്ന് സുഹൃത്തുക്കള്‍ സൂചിപ്പിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് തിരക്ക് പിടിച്ച ഇ.എം.യു ട്രെയിനില്‍ തന്നെ യാത്ര പുറപ്പെടാന്‍ തീരുമാനിച്ചത്. സാധാരണ പുറപ്പെടുന്നതിനും 10 മിനുട്ട് നേരത്തെ ട്രെയിന്‍ സ്റ്റേഷന്‍ വിട്ടു. തൊട്ടപ്പുറത്തുള്ള യാത്രികന്‍ സാധാരണ തന്‍റെ കൂടെ ഈ വണ്ടിയില്‍ വരാറുള്ള കൂട്ടുകാരനെ ഓര്‍ത്തു. അയാള്‍ എത്തുന്നതിന് മുന്നെയാണ് ട്രെയിന്‍ സ്റ്റേഷന്‍ വിട്ടിരിക്കുന്നത്. റെയില്‍വെയുടെ ഈ കൃത്യതയില്ലായ്മക്കെതിരെ ഹിന്ദിയില്‍ നല്ലൊരു തെറിയുരുവിട്ടു അയാള്‍. അടുത്തിരുന്ന മറ്റൊരു യാത്രികനാണ് അതിന് ചെറിയൊരു ന്യായീകരണം പറഞ്ഞത്. മുസഫര്‍നഗര് കത്തുകയല്ലേ. വഴിയില്‍ എന്തെല്ലാം പ്രശ്നം ഉണ്ടാകുമെന്ന് റെയില്‍വെക്കും അറിയില്ലല്ലോ. മുസഫര്‍നഗര് ഏതായാലും ട്രെയിന്‍ പോകുന്ന റൂട്ടിലല്ലെന്ന് എനിക്കറിയാമായിരുന്നുവെങ്കിലും അയാളോട് ഒന്നും തിരിച്ചു ചോദിച്ചില്ല. വേണ്ട. മനസ്സില്‍ കാലങ്ങളായി കത്തിക്കൊണ്ടിരുന്ന പരസ്പര വിദ്വേഷം തെരുവിലേക്ക് കൂടി വ്യാപിച്ചു കഴിഞ്ഞ ഈ സമയത്ത് അത്തരമൊരു സംസാരം തുടങ്ങി വെക്കുന്നത് നന്നാവില്ല. മുസഫര്‍ നഗറില്‍ പരസ്പരം കലഹിക്കുന്ന വിവിധ മതക്കാരുടെ വക്താക്കള്‍ തന്നെയാണ് വണ്ടിയില്‍ മുഖാമുഖം ഇരിക്കുന്നതെന്നോര്‍ക്കുമ്പോള്‍ പ്രത്യേകിച്ചും.
രണ്ടു മൂന്ന് സ്റ്റേഷന്‍ കഴിഞ്ഞപ്പോള്‍ ഒരു സംഘം ബോഗിയിലേക്ക് ഇടിച്ചു കയറി. നില്‍ക്കാന്‍ സ്ഥലമില്ലാതെ കഷ്ടപ്പെടുന്നവരുടെ ഇടയിലൂടെ അവര്‍ തിക്കിത്തിരക്കി മുന്നോട്ട് വന്നു. ഞാനിരുന്ന സീറ്റില്‍ അവരും സീറ്റില് ഇടം പിടിച്ചു. മൂന്നാളുകള്‍ക്ക് ഇരിക്കാവുന്ന സീറ്റില്‍ ഇപ്പോള്‍ ആറ് പേര്‍ ഇരിക്കുന്നുണ്ട്. പുറമെ ഇരിക്കുന്നവരുടെ മടിയിലായി വേറെ മൂന്ന് പേരും. ഉത്തരേന്ത്യ ട്രെയിന്‍യാത്രകളുടെ അവിസ്മരണീയ മുഹൂര്‍തതം സമ്മാനിക്കുന്നുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അധികം കഴിയും മുമ്പെ അവരെന്നോട് സംസാരിച്ചു തുടങ്ങി. തെക്കന്‍മാരോട് സംസാരിക്കാന്‍ അല്ലെങ്കിലും ഹിന്ദിക്കാര്‍ക്ക് ഒരു ‘ഇതാ’ണ്. പെട്ടെന്നാണവര്‍ പേര് ചോദിക്കുന്നത്. റഹ്മാന്‍. അബ്ദുല്‍ റഹ്മാന്‍. ഞാനെന്‍റെ പേര് പറഞ്ഞു.
‘മുസല്‍മാന്‍ ഹോ തും?’
‘ജീ, മുസല്‍മാന്‍ ഹും’
‘വയ്സെ തും ഹിന്ദുസ്ഥാനി ഹോ യാ പാകിസ്ഥാനി?’ (നീ ഇന്ത്യയെ സപ്പോര്‍ട്ട് ചെയ്യുന്ന മുസല്‍മാനോ അതോ പാകിസ്ഥാനെ സപ്പോര്‍ട്ട് ചെയ്യുന്നവനോ?)
ഇന്ത്യന്‍ പൌരനായിരിക്കെ ഞാനങ്ങനെയാണ് സ്വന്തം രാജ്യം മറന്ന് പാകിസ്ഥാനെ സപ്പോര്‍ട്ട് ചെയ്യുക എന്ന എന്‍റെ മറുപടിചോദ്യം അവര്‍ക്ക് പിടിച്ചില്ലെന്ന് തോന്നുന്നു. പാകിസ്താന്‍ - ഇന്ത്യ ക്രിക്കറ്റ് മത്സരം നടക്കുമ്പോള്‍ പാകിസ്താന്‍ ജയിക്കുന്നതിന് വേണ്ടി മസ്ജിദില്‍ പോയി പ്രാര്‍ഥക്കുന്ന മുസ്‌ലിംകള്‍ ഇവിടെയുണ്ട്. അവരും ജീവിക്കുന്നത് ഇന്ത്യയില്‍ തന്നെയാണ്. അവര്‍ അവരുടെ ചോദ്യത്തിന്‍റെ കാരണം വ്യക്തമാക്കി.
വിദ്യാഭ്യാസം ഉള്ള കൂട്ടത്തിലാണെന്ന് മനസ്സിലാക്കിയതോടെ പിന്നെ അവര് കൂടുതല്‍ സംസാരിച്ചു തുടങ്ങി. ഗാസിയാബാദില്‍ അന്ന് പോലീസ് റിക്രൂട്ട്മെന്‍റ് നടക്കന്നുണ്ടെന്നും അതില്‍ പങ്കെടുക്കാന്‍ പോകുകയാണെന്നും പറഞ്ഞു അവര്‍. പോലീസില്‍ പ്രവേശം ലഭിച്ചാല്‍ അധികം വൈകാതെ രാജ്യത്തെ പൊതുജനത്തിന് കാവലാകേണ്ടവരാണ് ഇവര്‍. ഇവരാണ് മേല്‍പറഞ്ഞ ചോദ്യങ്ങള്‍ ചോദിക്കുന്നത്. ചോദിക്കാന്‍ ഉത്തരേന്ത്യയിലെ പൊതുസാഹചര്യം അവരെ നിര്‍ബന്ധിക്കുകയാണെന്ന് പറഞ്ഞാല്‍ അത് നിഷേധിക്കാനാകില്ലെന്നത് വേറെ കാര്യം.
തെരുവിലെ കലാപം ട്രെയിന്‍യാത്രകളില്‍ വരെ അതിന്‍റെ പുകയുയര്‍ത്തുമെന്ന് ഈ സംഭവം കൃത്യമായി മനസ്സിലാക്കി തന്നു. മുസഫര്‍നഗറിനെ കുറിച്ച് എഴുതാന് തീരുമാനിച്ചത് തന്നെ അതിന് ശേഷമാണ്.
*** ***
നിരവധി പേര്‍ ഇതിനകം മുസഫര്‍നഗറില്‍ കൊല്ലപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. ഔദ്യോഗിക കണക്കിനേക്കാളും അധികമാണ് അതെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. ഒരു പത്രപ്രവര്‍ത്തകന്‍റെ മരണം മാത്രമാണ് എല്ലാ വാര്‍ത്താ ഉറവിടങ്ങളും കൃത്യമായി റിപ്പോര്‍ട്ട് ചെയ്തത്. ബാക്കി മരിച്ചവരുടെ കണക്കില്‍ അഭിപ്രായ വ്യത്യാസമുണ്ട്. അതു പോട്ടെ.
ഏതായാലും പ്രദേശത്ത് സമാധാനം പുനസ്ഥാപിക്കപ്പെട്ടുവെന്നാണ് ഉത്തര്‍പ്രദേശ് ഭരണകൂടം വാദിക്കുന്നത്. സോണിയയും മന്‍മോഹന്‍ സിങ്ങും തിങ്കളാഴ്ച പ്രദേശം സന്ദര്‍ശിച്ചു കഴിഞ്ഞു. രണ്ടു ദിവസം മുമ്പ് പ്രശ്നബാധിത പ്രദേശം സന്ദര്‍ശിച്ചപ്പോള്‍ അഖിലേഷിനെ വരവേറ്റത് കരിങ്കൊടിയേന്തിയ മുസ്‌ലിംകളായിരുന്നു. കലാപത്തിലെ ഇരകള്‍ക്ക് നീതി ഉറപ്പാക്കുമെന്നാണ് പ്രധാനമന്ത്രി വാക്കു കൊടുത്തത്. എന്നാല്‍ പ്രധാനമന്ത്രിക്ക് ബി.ജെ.പി മറുപടി പറഞ്ഞത് സന്ദര്‍ശനത്തെ 'സെക്യുലര്‍ ടൂറിസം' എന്ന് വിളിച്ചു പരിഹസിച്ചായിരുന്നു. എന്തായാലും രാഷ്ട്രീയപാര്‍ട്ടികള്‍ക്കിത് വരുന്ന തെരഞ്ഞെടുപ്പുകളിലെ വോട്ട് പെട്ടിയിലാക്കാനുള്ള തന്ത്രമെന്നതില്‍ കവിഞ്ഞ് ഒന്നുമില്ല. അതില് എല്ലാ പാര്‍ട്ടികളും സമാനരാണ് താനും.
മനപ്പൂര്‍വമാണ് ഇവിടെ കലാപം നടത്തിയതെന്നാണ് ബി.ജി വര്‍ഗീസ് ഡെക്കാന്‍ ക്രോണിക്കളില്‍ എഴുതിയ കുറിപ്പില്‍ സൂചിപ്പിച്ചത്. കലാപം പൊട്ടിപ്പടര്‍ന്ന ഉടനെ ചിലര് അത് ആളിക്കത്തിക്കാന്‍ ശ്രമം നടത്തുകയായിരുന്നു. രണ്ടു വര്‍ഷം മുമ്പ് പാകിസ്താനിലെ സിയാല്‍കോട്ടില്‍ നടന്ന ഒരു അക്രമണത്തിന്‍റെ വീഡിയോ എഡിറ്റ് ചെയ്ത് മുസഫര്‍നഗറിലെ മുസ്‌ലിംഭീകരത എന്ന പേരില്‍ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതോടെയാണ് കലാപം പിടിവിട്ടു പോയത്. തീവ്രഹിന്ദുക്കള്‍ പിന്നെ തെരുവ് കത്തിക്കുകയായിരുന്നു. അവിടെ കുടിപാര്‍ത്തിരുന്ന ആത്മാക്കളെയും. ചില ദിനപത്രങ്ങളിലൂടെ അതിന്‍റെ ഫൂട്ടേജ് പുറത്തുവിടാനുള്ള ശ്രമങ്ങളെ സംസ്ഥാന ഭരണകൂടം ഇടപെട്ട് തടഞ്ഞു. നല്ല കാര്യം തന്നെ. എന്നാല്‍ അതിന് പ്രവര്‍ത്തിച്ച കുബുദ്ധികളെ അന്വേഷണം നടത്തി പുറത്തുകൊണ്ടുവരുമോ?ഡല്‍ഹി റേപ്പിലെ നാലുപ്രതികളെയും തൂക്കാന് വിധിച്ച കോടതികള്‍ ഇവര്‍ക്കും അനുയോജ്യമായ ശിക്ഷ നടപ്പാക്കുമോ?
അഖിലേഷ് യാദവ് ഭരണകൂടം ഈ വിഷയത്തില് സ്വീകരിച്ച നിലപാട് പരക്കെ എതിര്‍പ്പ് ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. കലാപം നടക്കുമ്പോഴും സുരക്ഷാസൈന്യം ഇടപെട്ടില്ലത്രെ. കലാപത്തിന് തൊട്ടു മുന്നെ ബി.ജെ.പിയുടെ നേതൃത്വത്തില്‍ അയോധ്യപരിസരത്ത് നടത്തിയ പരിക്രമണയാത്രക്ക് എല്ലാവിധ സുരക്ഷയും ഉറപ്പ് വരുത്തിയ പിറ്റേന്നാണ് മുസഫര്‍നഗറിനെ ഇവര്‍ കലാപത്തിന് വിട്ടു കൊടുത്തത്. സുരക്ഷ എല്ലാവരുടെയും അവകാശമല്ലെന്നാണോ?
മീററ്റ്, മുറാദാബാദ്, സഹാരണ്‍പൂര്‍ തുടങ്ങി തൊട്ടടുത്തുള്ള പ്രദേശങ്ങളെല്ലാം മുസഫര്‍നഗറിനേക്കാളും ഏറെ സെന്‍സിറ്റീവാണ് എന്നിരിക്കെയാണ് കലാപം തുടരാന് ഭരണകൂടം കൂട്ടുനിന്നത്. ഹരിയാന അടക്കമുള്ള തൊട്ടടുത്ത സംസ്ഥാനങ്ങളില്‍ നിന്ന് അക്രമികളെയും കലാപകാരികളെയും ഇറക്കുമതി ചെയ്യുന്നുവെന്നും പ്രദേശത്ത് നിന്ന് റിപ്പോര്‍ട്ടുണ്ടായിട്ടും ഭരണകൂടം വേണ്ട നടപടികള്‍ സ്വീകരിച്ചില്ല.
സെപ്തംബര്‍ 11 ന് നടന്ന ബി.ജെ.പി-ആര്‍.എസ്.എസ് സംയുക്തയോഗം തങ്ങലുടെ മുഖ്യഅജണ്ടകള്‍ തീരുമാനിച്ചു കഴിഞ്ഞു. അന്നത്തെ യോഗത്തില്‍ രാംജന്മഭൂമിയിലെ ക്ഷേത്രനിര്‍മാണം, ആര്ട്ടിക്കിള്‍ 370, ഗോ സംരക്ഷണം, ഏകസിവില്‍ കോഡ് തുടങ്ങിയ വിഷയങ്ങളെ കുറിച്ച് തന്നെയാണ് നിഥിന്‍ഗഡ്കരി സംസാരിച്ചത്.
സെപ്തംബര്‍ 13 ന് അതും സംഭവിച്ചു. ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി സാക്ഷാല്‍ നരേന്ദ്രമോഡിക്ക് സ്ഥാനാരോഹണം. അദ്വാനിയുടെ ശകതമായ എതിര്‍പ്പുണ്ടായിട്ടു കൂടി, പാര്‍ട്ടി മോഡിയെ സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത് ഗുജറാത്തിലെ മോഡി മാജിക്കിനെ മുന്‍നിര്‍ത്തിയാണ്. 2017 വരെ ഗുജറാത്തല്ലാതെ ഒരു അജണ്ടയും തനിക്കില്ലെന്ന് മോഡി പ്രഖ്യാപിച്ചിരുന്നത് അതിന് ദിവസങ്ങള്‍ക്ക് മുന്നെ മാത്രമാണ്. നേരത്തെ തെരഞ്ഞെടുപ്പ് മേധാവിയായി മോഡിയെ തെരഞ്ഞെടുക്കപ്പെട്ടപ്പോഴും അദ്വാനി നീരസം പ്രകടിപ്പിച്ചിരുന്നു. (പേടിക്കണ്ടെന്നും മോഡിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ ബി.ജെ.പിക്ക് ധൈര്യം കാണില്ലെന്നും പറഞ്ഞ് അന്ന് ഈ ലേഖകന്‍
ഇവിടെ തന്നെ ഒരു കുറിപ്പ് എഴുതിയിട്ടുമുണ്ടായിരുന്നു.)
ബി.ജെ.പിക്ക് എന്തോ ധൈര്യം ലഭിച്ചിരിക്കുന്നു. അവര്‍ തെരഞ്ഞെടുപ്പിന് കാര്യമായിട്ട് തന്നെ ഇറങ്ങിപ്പുറപ്പെടുകയാണെന്ന് വേണം മനസ്സിലാക്കാന്‍. തന്‍റെ ശതാബ്ദിയോടനുബന്ധിച്ച് മലയാള മനോരമക്ക് തിങ്കളാഴ്ച അനുവദിച്ച അഭിമുഖത്തില്‍ കേരളത്തിലെ നേതാവായ ഓ.രാജഗോപാലും ബി.ജെ.പിയുടെ മുമ്പെങ്ങുമില്ലാത്ത വിജയസാധ്യതയെ കുറിച്ച് സംസാരിച്ചു കാണുന്നുണ്ട്. കേരളത്തിലെ സ്ഥിതി പോലും മാറിവരുന്നുണ്ടെന്നും രാജഗോപാല്‍ പ്രതീക്ഷയര്‍പ്പിക്കുന്നതും കണ്ടു. പ്രധാനമന്തി പദത്തിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട ശേഷം മോഡി ആദ്യമായി പൊതുജനങ്ങള്‍ക്ക് മുന്നെ പ്രത്യക്ഷപ്പെട്ടത് ഹരിയാനയിലെ ഒരു പരിപാടിയില്‍ പ്രസംഗിച്ചാണ്. ശ്വാസമയക്കാനാകത്ത വിധം തിങ്ങിനിറഞ്ഞിരുന്നു ആ സദസ്സെന്നും നല്ലൊരു ശതമാനം ശ്രോതാക്കള്‍ യുവാക്കളായിരുന്നുമെല്ലാമാണ് ഡെക്കാന്‍ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഏതായാലും ആര്‍.എസ്.എസും ഹിന്ദുത്വയും ദേശീയ സാഹചര്യത്തില്‍ ബി.ജെ.പിയെ തളച്ചുകഴിഞ്ഞിരിക്കുന്നു. പാര്‍ട്ടിക്കുള്ള ധൈര്യം മോഡിയുടെ വികസനകാര്‌ഡ് ആണ്. സാമൂഹിക സന്തുലിതത്വം സ്ഥാപിക്കപ്പെടാതെയുള്ള ഏത് വികസനനയവും തലതിരിയുമെന്നുറപ്പാണ്. വികസനമെന്ന നയം മുന്നോട്ടുവെക്കുമ്പോഴും പുതിയ കാലത്ത് ബി.ജെ.പി അടയിരിക്കുന്നത് തീവ്രഹിന്ദുത്വത്തിന്‍റെ പുറത്താണ്. അതാകട്ടെ എല്ലാവിധ സാമൂഹിക സന്തുലിതത്വത്തെയും ഇല്ലായ്മ ചെയ്യുന്ന ഒരു രാഷ്ട്രീയ ആശയവുമാണ്.
പ്രശ്നം മറ്റുള്ളവരുടെ മേലില്‍ ചാര്‍ത്തി രക്ഷപ്പെടുകയെന്ന പോളിസി സുഖകരമാണ്. ആത്മവിമര്‍ശത്തിന് കൂടി ഈ കുറിപ്പില് സ്ഥലം കാണണമെന്ന് തോന്നുന്നു. കൃത്യമായ നിലപാടുകളില്ലാതെ സ്വന്തം താത്പര്യത്തിന് വേണ്ടി ഒരു സമുദായത്തെ വോട്ടുബാങ്കുകളായി ഉപയോഗിക്കുന്ന മുസ്‌ലിം രാഷ്ട്രീയനേതൃത്വം ഇവരെല്ലാക്കാളുമോ അത്ര തന്നെയോ സമുദായത്തിന്‍റെ ഓരോ പ്രശ്നത്തിലും ഉത്തരവാദികളാണ്. 2500 മുതല്‍ 25000 വരെ മസ്ജിദിലെ ഇമാമിനും മുക്രിക്കും ശമ്പളം കൊടുക്കുന്നുണ്ടത്രെ വെസ്റ്റ്ബംഗാളിലെ മമതാബാനര്‍ജിയുടെ ഭരണകൂടം. ഈ ത്രിണമൂല്‍ കോണ്‍ഗ്രസ് നയം മുസ്‌ലിം വോട്ട്ബാങ്ക് ലക്ഷ്യം വെച്ചുള്ളതാണെങ്കില്‍ അതിനെതിരെ മറ്റാരേക്കാളും ഉപരി ശബ്ദിക്കേണ്ടത് നാം തന്നെയാണെന്നാണ് ഇന്ത്യയുടെ ഇതുവരെയുള്ള ന്യൂനപക്ഷചരിത്രം നമുക്ക് നല്‍കുന്ന പാഠം.
മന്‍ഹര്‍ യു.പി കിളിനക്കോട്
Leave A Comment