കിഴക്ക്-പടിഞ്ഞാറ് നിന്ന് ചില ശുഭ വാര്‍ത്തകള്‍

iran...കാലങ്ങള്‍ക്ക് ശേഷം അന്താരാഷ്ട്ര രംഗത്ത് നിന്ന് ശുഭവാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിഞ്ഞ ദിവസങ്ങളാണ് കഴിഞ്ഞു പോയത്. യുദ്ധവും സംഘട്ടനങ്ങളും ഭീഷണികളും നിറഞ്ഞ വാര്‍ത്തകള്‍ക്ക് അര്‍ദ്ധ വിരാമം. തടസ്സങ്ങളേറെ ഉണ്ടായിട്ടും പഴയ നിലപാടു തറയില്‍ നിന്ന് മാറി കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കാന്‍ ഒബാമ ഭരണകൂടം മുന്നോട്ടു വന്നിരിക്കുന്നു. ഈ നീക്കത്തോട് അനുകൂലമായ പ്രതികരണങ്ങള്‍ നാനാഭാഗത്ത് നിന്നുണ്ടായി. അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധമാണ് ഇവയില്‍ പ്രധാനം. ഐക്യ രാഷ്ട്ര സഭാ സമ്മേളനത്തിന് ശേഷം ഇരുരാഷ്ട്ര തലവന്‍മാരും ഫോണില്‍ സംസാരിച്ചതും തെറ്റിദ്ധാരണകള്‍ നീക്കി മുന്നോട്ട് പോവാന്‍ ധാരണയായതുമാണ് പുതിയ സംഭവ വികാസങ്ങള്‍ക്ക് തുടക്കമിട്ടത്. ഇപ്പോള്‍ ഇറാനും ലോക വന്‍ശക്തികളും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നു.

ഇറാനുമായുള്ള ബന്ധം പുനരാലോചിക്കാന്‍ ബ്രിട്ടനും തയ്യാറായിട്ടുണ്ട്. കാലങ്ങളായി അടഞ്ഞു കിടക്കുന്ന ഇരു രാഷ്ട്രങ്ങളുടെയും എംബിസികള്‍ തുറക്കുന്നതിനെ കുറിച്ച് ആലോചിക്കാനും നയതന്ത്ര ബന്ധങ്ങള്‍ ഭാഗികമായെങ്കിലും പുനഃസ്ഥാപിക്കുന്നതിനും പ്രത്യേക പ്രതിനിധികളെ ഇരു രാജ്യങ്ങളും നിയമിക്കുന്നുണ്ട്.

യു.എന്‍ ജനറല്‍ അസംബ്കിക്കു മുമ്പെ നടന്ന റഷ്യന്-അമേരിക്കന്‍ കൂടിയാലോചനകളാണ് വേറെയൊന്ന്. തത്ഫലമായി സിറിയയിലെ രാസായുധങ്ങള്‍ നീക്കം ചെയ്യാന്‍‍ അസദ് ഭരണകൂടത്തിന് മുന്നറിയിപ്പ് നല്‍കുന്ന പ്രമേയം പാസ്സാക്കാന്‍ ഐക്യരാഷ്ട്ര സഭക്കായി. എന്നാല്‍ നേരിട്ടുള്ള സായുധ ഇടപെടല്‍ എന്നതില്‍ നിന്ന് അമേരിക്കയും അസദ് ഭരണകൂടത്തെ അന്ധമായി പിന്തുണക്കുന്നതില്‍ നിന്ന് റഷ്യയും പിന്നോട്ടു പോയി. സമാധാനത്തിന് വേണ്ടിയുള്ള യുദ്ധം എന്ന മുറവിളി മാറി സമാധാന യജ്ഞം എന്ന മുദ്രാവാക്യം ഉയര്‍ന്നു കേട്ടു.  സിറയ‍ന്‍ പ്രതിസന്ധി പരിഹരിക്കുന്നതിനായി നവംബ‍ര്‍ 23 ന് ജനീവയി‍ല്‍ യോഗം വിളിച്ചിരിക്കുകയാണിപോള്‍ .

ഈജിപ്തില്‍ സായുധ അട്ടിമറി കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടാണെങ്കിലും, ജനാധിപത്യ സംവിധാനം പുനഃസ്ഥാപിക്കാത്ത പക്ഷം സഹായങ്ങള്‍ നിര്‍ത്തിവെക്കുമെന്ന് സൈനിക സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കാന്‍ അമേരിക്ക തയ്യാറായതും ശുഭവാര്‍ത്തയാണ്.

പാശ്ചാത്യ ശക്തികളോട് തുറന്ന സമീപനം കൈകൊള്ളുന്ന പുതിയ ഇറാന്‍ ഗവണ്‍മെന്റിന്റെ നിലാപാട് മേഖലിയില്‍ പ്രത്യാശ ഉണര്‍ത്തുന്നുണ്ട്. ലോക വന്‍ശക്തികളുടെ അനുകൂലമായ നിലപാട് ആ രാഷ്ട്രത്തിനും അതുവഴി മുസ്‍ലിം ലോകത്തിനും വളര്‍ച്ചയുടെ വഴി എളുപ്പമാക്കും. നിരന്തരമായ സംഘട്ടനങ്ങളില്‍ പെട്ട് ദശകങ്ങളായി ഉഴലുകയാണ് അറബ്-മുസ്‍ലിം ലോകം. പരസ്പരമുള്ള കലഹങ്ങളും അന്യ രാജ്യങ്ങളുമായുള്ള സംഘര്‍ഷങ്ങളും ഇറാനടക്കമുള്ള മുസ്‍ലിം രാജ്യങ്ങള്‍ക്ക് ഭീമമായ സാമ്പത്തിക-ബൌദ്ധിക ചെലവുകള്‍ വരുത്തി വെച്ചിട്ടുണ്ട്. പെട്രോളിയത്തിന്റെ ഉത്പാദന തോത് വെച്ചുനോക്കമ്പോള്‍ ലോകത്തെ വലിയ സാമ്പത്തിക ശക്തികളിലൊന്നായി വളരേണ്ടതാണ് ഇറാ‍ന്‍. എന്നാല്‍ ഉപരോധങ്ങളും വിലക്കുകളും ആ രാജ്യത്തെ ദാരിദ്രത്തിലേക്ക് തള്ളിവിട്ടിരിക്കുന്നു. രാഷ്ട്ര പുരോഗതിക്ക് ഉപയുക്തമാവേണ്ട മാനവ വിഭവശേഷിയും ബൌദ്ധിക സമ്പത്തും പ്രതിരോധത്തിന് മാത്രമായി നീക്കിവെക്കേണ്ടി വന്നു. അതിനാല്‍ തന്നെ, പാശ്ചാത്യ-പൌരസ്‍ത്യ രാജ്യങ്ങള്‍ക്കിടയിലെ അകലം കുറക്കാന്‍ പുതിയ സംഭവവികാസങ്ങള്‍ക്കാകുമെങ്കില്‍ റൂഹാനി ഗവണ്‍മെന്റിന് കൃതജ്ഞരാവാം.

രാജ്യത്തെ സാമ്പത്തികത ഭദ്രമാക്കുകയും തൊഴിലില്ലായ്മ അടക്കമുള്ള പ്രശ്‍നങ്ങള്‍ പരിഹരിക്കുകയും ചെയ്യുക എന്നതായിരുന്നു തെരഞ്ഞെടുപ്പില്‍ റൂഹാനി ഉയര്‍ത്തിയ പ്രധാന മുദ്രാവാക്യം. അതിന് ഇറാന്‍ ആണവ നയങ്ങളില്‍ ചില വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വരുമെന്നത് വ്യക്തമായിരുന്നു. ആ പ്രഖ്യാപിത ലക്ഷ്യത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെങ്കില്‍ ആ രാജ്യത്തിനിത് ആശ്വാസത്തിന്റെ വാര്‍ത്തയാണ്.

എന്നാല്‍ പുതിയ നീക്കങ്ങളില്‍ ഇസ്രയേല്‍ അസംതൃപ്തരാണ്. ഇറാന്റെ ആണവ പരിപാടികള്‍ക്ക് തടയിടാന്‍ തങ്ങള്‍ക്ക് ആരുടെയും സഹായം ആവശ്യമില്ലെന്നാണ് ഇസ്രയേല്‍ പ്രതികരിച്ചത്. ആണവായുധ നിര്‍മാണ-നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട് ജനീവയില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ഇറാനു മേലുള്ള വിലക്ക് എടുത്തു നീക്കുകയാണെങ്കില്‍ അതേറ്റവും വലിയ മണ്ടത്തരമാവുമെന്നാണ് ഇസ്രയേലിന്റെ അഭിപ്രായം.

അറബ്-മുസ്‍ലിം ലോകത്തോടുള്ള വിദ്വേഷം ഇസ്രയേല്‍ പ്രതികരണത്തില്‍ മുഴച്ചു നില്‍ക്കുന്നു. ശത്രുതയും തികഞ്ഞ ധാര്‍ഷ്‍ട്യവും നിറഞ്ഞു നില്‍ക്കുന്ന നിലപാട്. അറബ് രാജ്യങ്ങളെയും ലോക വന്‍ശക്തികളെയും രണ്ടു ചേരിയില്‍ നിര്‍ത്തി പശ്ചിമേഷ്യയിലെ താല്‍പര്യങ്ങള്‍ നടപ്പാക്കുകയാണ് ഇസ്രയേല്‍ അജന്‍ഡ. അതിനാല്‍ തന്നെ, ലോക വന്‍ശക്തികള്‍ ഇറാനുമായി നടത്തുന്ന ചര്‍ച്ചകള്‍ വിജയകരമായി പര്യവസാനിച്ചാല്‍ അതേറ്റവും വലിയ തിരിച്ചടിയാവുക ഇസ്രയേലിനാണ്.

ചര്‍ച്ചകളും നയതന്ത്ര നീക്കങ്ങളും യഥേഷ്ടം നടക്കട്ടെ.  ശാന്തിയും സമാധാനവുമുള്ള ഒരു ലോകത്തെയാണല്ലോ എല്ലാം മുന്നില്‍ കാണുന്നത്. മധ്യ-പൌരസ്‍ത്യ ദേശത്ത് പരസ്പര സഹകരണത്തിന്റെയും വിശ്വാസത്തിന്റെയും വിത്തു പാകാന്‍ പുതിയ നീക്കങ്ങള്‍ക്കാവുമെങ്കില്‍ അതിലും വലിയ പ്രത്യാശയുടെ വാര്‍ത്ത മറ്റെന്തുണ്ട്!

-സുഹൈല്‍ ഹുദവി വിളയില്‍ -  

  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter