പശുഭീകരതക്കുമുമ്പില്‍ ഇനിയും ഈ നിസ്സംഗത വേണോ?
പുതുതായി രൂപപ്പെട്ടുവന്ന പശുഭീകരത (cow terrorism) ഒട്ടും മനുഷ്യപ്പറ്റില്ലാത്ത അതിഭീബത്സമായ നരനായാട്ടുകളാണ് രാജ്യത്ത് ഇന്ന് നടത്തിക്കൊണ്ടിരിക്കുന്നത്. ആരെയും എപ്പോഴും നിഷ്‌കരുണം വധിക്കാന്‍ ഗോ രക്ഷകര്‍ തയ്യാറാണ്. കഴിഞ്ഞ മാസങ്ങളില്‍ യു.പിയില്‍നിന്നും മറ്റു ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നും അതാണ് കാണാന്‍ സാധിച്ചത്. മനുഷ്യരുടെ ജീവന്‍ രക്ഷിക്കുന്നതിനു പകരം പശുവിന് ആധാര്‍കാര്‍ഡും ഹോസ്പിറ്റലും പണിയുന്ന തിരക്കിലാണ് കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ അരാജകത്വത്തെ യുക്തമായ പ്രതിവിധികള്‍ വഴി ചെറുത്തുതോല്‍പിച്ചേ മതിയാവൂ. മതേതരത്വ രാജ്യമായ ഇന്ത്യയില്‍ ഭരണഘടന ഇതിനു വഴി പറയുന്നുണ്ട്.
പശുഭീകരത അസ്തമിക്കുമ്പോഴേ ജുനൈദുമാര്‍ക്ക് രാജ്യത്ത് സുരക്ഷിതത്വത്തോടെ ജീവിക്കാന്‍ സാധിക്കുകയുള്ളൂ. ശക്തമായ പ്രതിപക്ഷവും മതേതര കക്ഷികളുടെ കൂട്ടായ്മയുമാണ് ഇതിന് ആവശ്യം. രാഷ്ട്രീയപാര്‍ട്ടികള്‍ വിഭാഗീയത മറന്ന് അത്തരം പ്ലാറ്റ്‌ഫോമിനെക്കുറിച്ച് ചിന്തിക്കാന്‍ സമയം അതിക്രമിച്ചിരിക്കുന്നു. അല്ലാത്തപക്ഷം ഒറ്റയും തെറ്റയുമായി ന്യൂനപക്ഷങ്ങള്‍ക്ക് രാജ്യത്ത് ജീവിക്കുന്നതും യാത്ര ചെയ്യുന്നതും ദുസ്സഹമായി മാറും.
ഹരിയാനയില്‍ വധിക്കപ്പെട്ട ഹാഫിള് ജുനൈദിന്റെ സംഭവം അതാണ് വ്യക്തമാക്കുന്നത്. മുമ്പ് ദാദ്രിയില്‍ വധിക്കപ്പെട്ട അഖ്‌ലാഖ് മുതല്‍ ഇതുവരെയുള്ള ഇതുവരെയുള്ള സംഭവങ്ങളെല്ലാം ഇത് തന്നെ സാക്ഷ്യപ്പെടുത്തുന്നു.
മത, ഭൗതിക മേഖലകളിലെ ഉപരിപഠനവുമായി ബന്ധപ്പെട്ടും വിവിധ ജോലികളുമായി ബന്ധപ്പെട്ടും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ആളുകള്‍ യാത്ര ചെയ്യുന്ന കാലമാണിത്. ട്രൈനുകളും മറ്റു പൊതു ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സൗകര്യങ്ങളുമാണ് ഇതിനു പൊതുവെ ഉപയോഗിക്കുന്നത്. ഇതില്‍ ദലിത് വിഭാഗങ്ങളും മുസ്‌ലിംകളും ക്രൈസ്തവരും മറ്റു ന്യൂനപക്ഷ വിഭാഗങ്ങളുമെല്ലാമുണ്ട്. താടി വെച്ചവരും തൊപ്പി ധരിച്ചവരും ജപമാല പിടിച്ചവരും എല്ലാമുണ്ടാകും. സമയമാകുമ്പോള്‍ ട്രൈനില്‍ വെച്ചുപോലും നിസ്‌കരിക്കുന്ന ആളുകളുണ്ട്. ഇന്ത്യയുടെ ബഹുസ്വരത മുന്നോട്ടുവെക്കുന്ന സ്‌നേഹ പശ്ചാത്തലത്തില്‍ ഇതൊന്നും ഒരു വിഷയമേ അല്ല. എല്ലാവരും എവിടെയും പരസ്പരം സഹകരിച്ച് പരസ്പരം സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാറാണ് പതിവ്.
പക്ഷെ, സംഘ്പരിവാര്‍ തിളപ്പിച്ച് വിടുന്ന മത സ്പര്‍ദ്ധയും പരസ്പര വിദ്വേഷവും മുമ്പെങ്ങുവില്ലാത്ത വിധം ഇവിടെ വളര്‍ന്നുവരുമ്പോള്‍ ഇതിനെല്ലാം എതിരെ ഭീഷണി ഉയരുകയാണ്. സ്വന്തമായി സുരക്ഷിത ബോധത്തോടെ യാത്ര ചെയ്യുന്നതുപോലും ന്യൂനപക്ഷങ്ങള്‍ക്ക് അസാധ്യമാകുന്നു. മനുഷ്യാവകാശങ്ങള്‍ക്കും പൗരജീവിതത്തിനും വില കല്‍പിക്കുന്ന ഒരു ഭരണഘടനയുള്ള രാജ്യത്ത് ഇതൊരിക്കലും അനുവദിക്കപ്പെട്ടുകൂടാ. രണ്ടും മൂന്നും ദിവസം വരേ നീണ്ടുനില്‍ക്കുന്ന ട്രൈന്‍ യാത്രകള്‍ ചെയ്യുന്ന പാവപ്പെട്ട യാത്രക്കാര്‍ക്കു നേരെപോലും വര്‍ഗീയതയുടെ കണ്ണുകളോടെ നോക്കുന്ന ഒരു സാഹചര്യം തന്നെ ഉണ്ടാകുന്നത് രാജ്യത്ത് ഭരണം ഏറെ അരാജകത്വത്തിലേക്ക് കൂപ്പുകുത്തിയിരിക്കുന്നുവെന്നതിനുള്ള തെളിവാണ്. ഇത് രാജ്യത്തിന്റെ ഭാവിക്ക് വലിയ അപകടം ചെയ്യും.
സംഘ്പരിവാര്‍ വര്‍ഗീയവാദികള്‍ തങ്ങളുടെ അജണ്ടകള്‍ നടപ്പാക്കാന്‍ ഇത്തരം പൊതുവേദികള്‍ ഉപയോഗിക്കുന്നത് ഇതാദ്യമായല്ല. ഗോധ്രാ സംഭവവും അജ്മീര്‍ സ്‌ഫോഡനവും ഉള്‍പ്പടെ നിരപരാധികളെ ലക്ഷ്യംവെക്കുന്നതായിരുന്നു അവരുടെ എന്നത്തെയും കടന്നാക്രമണങ്ങള്‍. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യത്ത് രണ്ടു തവണ നിരോധനം നേരിടേണ്ടിവന്ന ആര്‍.എസ്.എസ് രാജ്യത്ത് ഭീതി പരത്തി ലാഭം കൊയ്യാന്‍ ശ്രമിക്കുകയാണ്. ഇതിനെതിരെ രാജ്യം ഉണരുകയും മതേതര പാര്‍ട്ടികള്‍ പ്രബുദ്ധതയോടെ ചേര്‍ന്നുപ്രവര്‍ത്തിക്കുകയും വേണം. അതാണ് ഹരിയാനയില്‍ നിഷ്‌കരുണം വധിക്കപ്പെട്ട ഹാഫിള് ജുനൈദിന്റെ ആത്മാവ് രാജ്യത്തിന്റെ മനസ്സാക്ഷിയോട് വിളിച്ചുപറയുന്നത്. ഇവിടെ ബീഫിന്റെ രാഷ്ട്രീയം അതിന്റെ ലഭ്യത തടയുക എന്നതായിരുന്നില്ല. മറിച്ച് മുസ്‌ലിം ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യാന്‍ വഴിയൊരുക്കുക എന്നതു മാത്രമാണ്. ബീഫ് നിരോധനത്തിനു ശേഷം അതാണ് ഇന്ന് രാജ്യം കണ്ടുകൊണ്ടിരിക്കുന്നതും.
Leave A Comment