ഫാഷിസത്തിനെതിരെ സാസ്‌കാരിക ഇന്ത്യ ഉണരുമ്പോള്‍
രാജ്യത്തെ വര്‍ധിച്ചുവരുന്ന വര്‍ഗീയ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ഇന്ത്യയിലെ പ്രമുഖ സാംസ്‌കാരിക നായകന്മാര്‍ പ്രതികരണങ്ങളുമായി രംഗത്തെത്തിയതോടെ ഭരണകൂട ഭീകരതയുടെ അനിയന്ത്രിതമായ എടുത്തുചാട്ടത്തിനെതിരെയുള്ള പോരാട്ടത്തിന് പുതിയൊരു മാനം കൈവന്നിരിക്കുകയാണ്. പലയിടങ്ങളില്‍ നിന്നും സാഹിത്യകാരന്മാര്‍ രാജിവെക്കുകയും പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കാന്‍ തീരുമാനമെടുക്കുകയും ചെയ്യുന്നത് ഏറെ ശ്രദ്ധേയമായ ഒരു പ്രതിഷേധ രീതിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. വര്‍ഗീയ ഫാഷിസ്റ്റ് നയങ്ങള്‍ക്കെതിരെ നെഹ്‌റുവിന്റെ സഹോദരീപുത്രി നയന്‍ താര സെഹ്ഗാള്‍ തിരികൊളുത്തിയ ഈ വിപ്ലവവുമായി ഇപ്പോള്‍ സാസ്‌കാരിക ലോകം വ്യാപകമായി കൈകോര്‍ത്തിരിക്കുന്നു. എഴുത്തുകാര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്കെതിരെയും സാസ്‌കാരിക ലോകം ഉണര്‍ന്നു കഴിഞ്ഞു വെന്നതാണ് യാഥാര്‍ത്ഥ്യം.
തുടക്കം മുതലേ മോദി സര്‍ക്കാര്‍ വിദ്യഭ്യാസ പരിഷ്‌കരണങ്ങളിലും മറ്റും ഫാഷിസ്റ്റ് അജണ്ടകള്‍ പരീക്ഷിച്ചിരുന്നു. പല പ്രധാന വിദ്യാഭ്യാസ സാംസ്‌കാരിക സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ അഴിച്ചുപണി നടത്തുകയും സംഘ്പരിവാറിന്റെ ഇംഗിതങ്ങള്‍ നടപ്പാക്കാനുള്ള എളുപ്പവഴികള്‍ ഒരുക്കുകയും ചെയ്തിരുന്നു. അതിനു ശേഷം, രാജ്യത്തിന്റെ വിവിധ പ്രവര്‍ത്തന മേഖലകളില്‍ ഭരണ പക്ഷ മേലാളന്മാര്‍ ഇത് പല വിധത്തില്‍ പരീക്ഷിച്ചുകൊണ്ടിരിക്കുന്നു. ഏറ്റവും ഒടുവില്‍, ഗായകന്‍ ഗുലാം അലിയെ ശിവ സേന തിരിച്ചയച്ചപ്പോഴും ദാദ്രിയില്‍ ബീഫ് സൂക്ഷിച്ചുവെന്നാരോപിച്ച് ഒരു മനുഷ്യനെ പച്ചക്ക് ഇല്ലായ്മ ചെയ്തപ്പോഴും താന്‍ ഒന്നുമറിഞ്ഞില്ലെന്ന ഭാവത്തില്‍ ക്രൂരമൗനം പാലിക്കുന്ന പ്രധാന മന്ത്രി ഫാസിസ്റ്റ് ഭീകരതക്ക് ഓശാന പാടുമ്പോള്‍ സാസ്‌കാരിക ലോകത്തെ പ്രതികരണം ഒരു യഥാര്‍ത്ഥ ജനാധിപത്യ മതേതര ഇന്ത്യക്കായ് കേഴുകയാണ്.
വര്‍ഗീയ ഒളിയജണ്ടകളുമായി തുടക്കം മുതല്‍ മുന്നേറുന്ന സര്‍ക്കാറിന്റെ യഥാര്‍ത്ഥ മുഖം ദാദ്രി പ്ശ്ചാത്തലത്തിലാണ് പുറത്ത് വന്നതെന്ന് മാത്രം.
രാജ്യത്ത് വര്‍ധിച്ചു വരുന്ന ഫാഷിസത്തിനെതിരെ സാസ്‌കാരിക ഇന്ത്യ ഉണര്‍ന്നു കഴിഞ്ഞു. എഴുത്തുകാര്‍ക്കെതിരെയും ന്വൂനപക്ഷങ്ങള്‍ക്കെതിരെയുമുള്ള രാജ്യത്ത് വര്‍ധിച്ചുവരുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ഇന്ത്യയിലെ സാസ്‌കാരിക ലോകം പ്രതികരണവുമായി എത്തിയത് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.
എഴുത്തുലോകത്തുനിന്നും ഇതിനകം തങ്ങള്‍ക്ക് ലഭിച്ച പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കിയും സ്ഥാനങ്ങള്‍ രാജിവെച്ചും അനവധിയാളുകള്‍ മോദി ഭരണകൂടത്തിന്റെ ഭീകരതക്കെതിരെ രംഗത്തിറങ്ങിക്കഴിഞ്ഞു. ദാദ്രിയുടെ പശ്ചാത്തലത്തില്‍ പ്രധാന മന്ത്രി മോദിയുടെ മൗനം ഭീമാകരമായി തുടരുമ്പോഴാണ് ഇങ്ങനെയൊരു സമരം ശക്തിപ്പെട്ടിരിക്കുന്നത്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍നിന്നും ഇതിനകം അനവധിയാളുകളാണ് ഇതേ വഴിയില്‍ മുന്നോട്ടു വന്നിരിക്കുന്നത്. പ്രമുഖ ഹിന്ദി കവി അശോക് വാജ് പോയി, ജവഹര്‍ലാല്‍ നെഹ്രുവിന്റെ സഹോദരീ പുത്രീ നയന്‍താര സെഗാള്‍, ഹിന്ദി സാഹിത്യ കാരന്‍, ഉദയ്് പ്രകാശ് , നോവലിസ്റ്റ് സാഹിത്യ അക്കാദമി സ്ഥാനം ശശി ദേശ് പാണ്ഡെ തുടങ്ങിയവര്‍ ഇതില്‍ ഏറെ മുന്‍നിരയില്‍ നില്‍ക്കുന്നു. ഉറുദു നോവലിസ്റ്റ് റഹ്മാന്‍ അബ്ബാസ്, ഹിന്ദി സാഹിത്യകാരന്‍ ഉദയ്പ്രകാശ് തുടങ്ങിയവരും പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുകയോ സ്ഥാനം രാജിവെക്കുകയോ ചെയ്തുകഴിഞ്ഞു.
ഭരണകൂട ഹിന്ദു വര്‍ഗീയ വാദത്തിനെതിരെയുള്ള ഈ പോരാട്ടത്തിന് കേരളത്തിന്റെ സാംസ്‌കാരിക ലോകത്തുനിന്നും ശക്തമായ പ്രതികരണങ്ങള്‍ ഉണര്‍ന്നിരിക്കുന്നു. വര്‍ഗീയ വിഭജനത്തിനു പകരം ഭാസുരവും സുമോഹനവുമായ മതേതര ഇന്ത്യയാണ് ഓരോരുത്തരും സ്വപ്‌നം കാണുന്നത്. സച്ചിദാനന്ദന്‍, സാറാ ജോസഫ്, ആനന്ദ്, എം.ടി, പികെ പാറക്കടവ്, ഡോ.കെ.എസ് രവി കുമാര്‍, ടി.പത്മനാഭന്‍, സുഗതകുമാരി, സുഭാഷ് ചന്ദ്രന്‍ തുടങ്ങിയവര്‍ ഇവ്വിഷയകമായി തങ്ങളുടെ ഉറച്ച നിലപാടുകള്‍ വ്യക്തമാക്കിയവരില്‍ ചിലരാണ്. ഫാഷിസ്റ്റ് കാലത്തെ ഭരണാധികാരിയുടെ മൗനത്തിലുള്ള പ്രതിഷേധം രേഖപ്പെടുത്തുകയാണ് ഈ പുതിയ രീതിയിലൂടെ ഇവരെല്ലാം ചെയ്യുന്നത്.
സ്വാതന്ത്ര്യ ധ്വംസനത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി നടക്കുന്ന ഈ പ്രതികരണം ഭാരതത്തിന്റെ നല്ലൊരു നാളേക്കു വഴി തുറക്കുമെന്നു നമുക്ക് കാത്തിരിക്കാം.



Leave A Comment