ഫൈസ്വല്‍ വധം: മാധ്യമങ്ങള്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു?
faisമുസ്‌ലിം ഇഷ്യൂകള്‍ വരുമ്പോള്‍ ചാടിക്കയറി അഭിപ്രായങ്ങള്‍ പറയുകയും ദിവസങ്ങളോളം ചൂടോടെ അതിനെ കത്തിച്ചുനിര്‍ത്തി, ഫീച്ചറുകളും ചര്‍ച്ചകളും സംഘടിപ്പിക്കുകയും ചെയ്യുന്ന മാധ്യമങ്ങള്‍ കൊടിഞ്ഞിയില്‍ ആര്‍.എസ്.എസുകാരാല്‍ കൊല ചെയ്യപ്പെട്ട ഫൈസ്വലിന്റെ വിഷയത്തില്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു? പത്രങ്ങള്‍ മാത്രമല്ല, ചാനലുകളും ഓണ്‍ലൈന്‍ പോര്‍ട്ടലുകളുമൊന്നും എന്തുകൊണ്ട് ഈ വിഷയത്തില്‍ അര്‍ഹിക്കുന്ന താല്‍പര്യം കാണിക്കുന്നില്ല? ദാരുണമായ ഈ സംഭവമുണ്ടായതിന്റെ ആദ്യ സമയം മുതല്‍ തന്നെ വിവിധ മാധ്യമങ്ങള്‍ വിഷയത്തോട് നിരുത്സാഹകരമായ ഒരു സമീപനമാണ് വെച്ചുപുലര്‍ത്തിയിട്ടുണ്ടായിരുന്നത്. സംഭവങ്ങളെ വളരെ നിസ്സാരവത്കരിച്ചും കാര്യത്തിന്റെ ഗൗരവത്തിലേക്ക് വായനക്കാരെ ശ്രദ്ധിപ്പിക്കുകയും ചെയ്യാത്തവിധത്തിലായിരുന്നു മനോരമ, മാതൃഭൂമി പോലെയുള്ള പത്രങ്ങള്‍ അച്ചുനിരത്തിയത്. അവയുടെ ചാനലുകളും ഫൈസ്വലിന്റെ ഇസ്‌ലാമാശ്ലേഷവും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ആര്‍.എസ്.എസാണെന്നതും സ്പര്‍ശിക്കുക പോലും ചെയ്തില്ല തങ്ങളുടെ സംപ്രേക്ഷണത്തില്‍. പകരം, വഴിയോരത്തെ കേവല മരണമായി അതിനെ ഒതുക്കുകയായിരുന്നു. കൊത്തിവലിക്കാന്‍ മുസ്‌ലിം വിഷയങ്ങള്‍ തേടി കഴുകക്കണ്ണോടെ നടക്കുന്ന ഓണ്‍ലൈന്‍ പത്രങ്ങളും ഫൈസ്വല്‍ വധം കാര്യമായി എടുത്തില്ല. മുസ്‌ലിംകളെ പരിഹസിക്കുംവിധമുള്ള നിസ്സാര വാര്‍ത്തകള്‍ പോലും പര്‍വതീകരിച്ച് ചര്‍വിത ചര്‍വണ നടത്തുന്ന ഈ പോര്‍ട്ടലുകളും ഈ വിഷയത്തില്‍ അര്‍ത്ഥ ഗര്‍ഭമായ മൗനം പാലിക്കുകയായിരുന്നു. എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ ഇങ്ങനെ അറച്ചുനില്‍ക്കുന്നത്? ഇവിടെ, മനുഷ്യാവകാശത്തിനു നേരെയുള്ള കടന്നുകയറ്റം ഉണ്ടാകുന്നില്ലേ? ഉത്തരം സരളമാണ്. ഇവിടെ വധിക്കപ്പെട്ടത് ഫൈസ്വല്‍ എന്ന മുസ്‌ലിമാണ്. കൊന്നത് ആര്‍.എസ്.എസ് എന്ന ഹിന്ദുത്വ ഭീകരതയുടെ അപ്പോസ്തലനാണ്. അത്രതന്നെ! സമുദായ സ്‌നേഹത്തിന്റെ വികൃത മുഖം കാട്ടി ന്യൂനപക്ഷങ്ങളെ വഞ്ചിക്കുന്ന സവര്‍ണ മാധ്യമങ്ങളുടെ കപട മുഖമാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്. സത്യം സത്യമായി പറയുകയെന്നതിലപ്പുറം വിധ്വേഷത്തിന്റെ വര്‍ഗീയ അജണ്ടകളാണ് പല മാധ്യമങ്ങളും ഇന്ന് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. സവര്‍ണ ഫാസിസ്റ്റ് കോര്‍പറേറ്റുകള്‍ക്കുവേണ്ടി പേനയുന്തുന്നവരാണ് ഇതില്‍ വര്‍ക്കു ചെയ്യുന്ന അധികമാളുകളും. സ്വന്തം മകന്‍ നഷ്ടപ്പെട്ട മീനാക്ഷി എന്ന അമ്മയുടെ വേദന കാണാനോ ഉപ്പ നഷ്ടപ്പെട്ട മൂന്നു മക്കളുടെ സങ്കടം പറയാനോ ഇവരെ തങ്ങളുടെ സവര്‍ണ വിധേയത്വം അനുവദിക്കുന്നില്ല. പകരം, പ്രതി സംഘിയായതിനാല്‍ വിഷയത്തെത്തന്നെ ചര്‍ച്ചകളില്‍നിന്നും മുക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഫൈസ്വലിന്റെ വിഷയത്തില്‍ ഇത് കൂടുതല്‍ വ്യക്തമായിരിക്കുന്നു. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതി പിടിക്കപ്പെടാത്തതില്‍ ആശങ്ക രേഖപ്പെടുത്താന്‍ പോലും ഈ മാധ്യമങ്ങള്‍ രംഗത്തുവരുന്നില്ലായെന്നതാണ് സങ്കടം. ഫൈസ്വലിന്റെ ആത്മാവിനോടും കുടുംബത്തോടും ചെയ്യുന്ന ഏറ്റവും വലിയ ധിക്കാരമായിരിക്കും ഇത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter