ഇസ്‌ലാമിന് വ്യക്തമായൊരു രാഷ്ട്രീയ നയമുണ്ട്
സാമൂഹിക ജീവിയായ മനുഷ്യന്റെ പൊതുവ്യവഹാരങ്ങളത്രയും ഇസ്‌ലാമികമാക്കുകയും പരലോകമോക്ഷദായകമാക്കുകയുമാണ് മുസ്‌ലിമിന്റെ രാഷ്ട്രധര്‍മ്മം. ഭരണസംവിധാനം, ഭരണഘടന, നിയമവാഴ്ച, നീതിന്യായം, നേതൃത്വം, പൗരാവകാശങ്ങളും ധര്‍മ്മങ്ങളും തുടങ്ങി മുഴുവന്‍ രംഗങ്ങളിലും ഇസ്‌ലാമികവത്കരണത്തിന്റെ വിമോചന രൂപമാണ് അത്.
ഇസ്‌ലാം രാഷ്ട്രീയത്തിലിടപെടരുതെന്നോ രാഷ്ട്രമില്ലാതെ ഇസ്‌ലാമില്ലെന്നോ ധരിച്ചവര്‍ക്ക് തീര്‍ച്ചയായും തെറ്റുപറ്റിയിട്ടുണ്ട്. സീസര്‍ക്കുള്ളത് സീസര്‍ക്കും ദൈവത്തിനുള്ളത് ദൈവത്തിനുമെന്നു പറഞ്ഞ് രാഷ്ട്രീയരംഗത്തെ അധാര്‍മ്മികതക്ക് അരികുനില്‍ക്കാന്‍ ഇസ്‌ലാമിനാവില്ല. ഭരണമില്ലാത്ത ദീന്‍ ഭൂമിയില്‍ സ്ഥാപിക്കപ്പെടാത്ത സ്വപ്ന വീടാണെന്ന് ഇജ്തിഹാദ് ചെയ്ത് ഗവണ്‍മെന്റ് സര്‍വീസുകളെ ശിര്‍ക്കനെന്നു വിളിക്കേണ്ടിവന്നവരുടെ വര്‍ത്തമാന വൃത്താന്തമോര്‍ത്ത് നമുക്ക് പരിതപിക്കാം.
അതോടൊപ്പം, രാഷ്ട്രസങ്കല്‍പങ്ങളുടെ ആധുനിക ശൈലികളായ ജനാധിപത്യം, മതേതരത്വം, സോഷ്യലിസം, ലിബറലിസം, തിയോക്രസി തുടങ്ങിയ സമാനമനുഷ്യരുടെ ധിഷണയിലുയിര്‍ക്കൊണ്ട രാഷ്ട്രീയ ആശയങ്ങളെ മുന്‍വിധിയോടെ ഉള്ളില്‍ പ്രതിഷ്ഠിച്ച് അവയെ ഇസ്‌ലാമില്‍ തിരയുന്നത് വങ്കത്തമാണ്.
നിയതമായൊരു രാഷ്ട്രവ്യവസ്ഥിതി സമര്‍പ്പിക്കുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രമല്ല ഇസ്‌ലാമെങ്കിലും, ഖുര്‍ആനും തിരുചര്യയും ഖുലഫാഉറാഷിദീന്റെ ഭരണരീതിയും വെച്ച് വ്യവസ്ഥാപിതവും സമഗ്രവുമായ ഒരു രാഷ്ട്രനയ രൂപീകരണത്തിനതിനു സാധ്യമാണ്. രാഷ്ട്രത്തിന്റെ ഘടകങ്ങളെക്കുറിച്ചുള്ള ഇസ്‌ലാമിക കാഴ്ചപ്പാട് സ്വതന്ത്ര ആദര്‍ശരാഷ്ട്രത്തിന്റെ നിര്‍മിതിക്കുപയുക്തമാണ്. രാഷ്ട്രമുണ്ടായാലും ഇല്ലെങ്കിലും മൂല്യധര്‍മ്മങ്ങളിലധിഷ്ഠിതമായ ഒരു രാഷ്ട്രീയക്കാരന് ഇസ്‌ലാമിക പ്രബോധനത്തിന്റെ കൂടി അവസരം വരുന്നുണ്ട്. രാഷ്ട്രീയക്കാരന്‍ സമൂഹത്തിന് ബാധിച്ച അര്‍ബുദമാണെന്ന് നിരീക്ഷിച്ച 'ലിംഗ്‌ദോ' സാമൂഹ്യസേവന സന്നദ്ധനായ യഥാര്‍ത്ഥ മുസ്‌ലിം രാഷ്ട്രീയക്കാരനെ പരിചയപ്പെട്ടിട്ടുണ്ടാവില്ല.
മുസ്‌ലിം രാഷ്ട്രത്തിന്റെ ഭൂപരിധി ആകെലോകമാണ്. മുഴുവന്‍ ലോകങ്ങളുടെയും സ്രഷ്ടാവായ അല്ലാഹുവിന്റെ പ്രതിനിധിയും ആഗോള മുസ്‌ലിം നായകനുമായ ഇമാമുല്‍ അഅ്‌ളമിന്റെ കീഴില്‍ നിശ്ചിത പ്രവിശ്യകളില്‍/രാഷ്ട്രങ്ങളില്‍ ഗവണര്‍മാരെ നിശ്ചയിച്ച് വികേന്ദ്രീകരണം നടത്തിയാണ് അത് സാധ്യമാക്കുന്നത്. അത്തരം പ്രവിശ്യകളില്‍ ജുഡീഷ്യറിയും എക്‌സിക്യൂട്ടീവും ഒന്നായാണ് ഇസ്‌ലാം പരിചയപ്പെടുത്തുന്നത്. ദേശീയതയുടെ അതിര്‍ത്തിഭിത്തികളെ ഭേദിച്ച് മുന്നേറുന്ന വിശ്വാസ സാഹോദര്യത്തിന്റെ ആയുധം കൊണ്ടാണ് ഇസ്‌ലാമിക രാഷ്ട്ര രൂപം പ്രസക്തിയേറുന്നത്.
രാഷ്ട്രത്തിന്റെ പ്രധാന ഘടകമായ ഭരണഘടന അവസരങ്ങള്‍ക്കൊത്ത് സംവിധാനിക്കാമെങ്കിലും മൂലസ്രോതസ്സായ വിശുദ്ധ ഖുര്‍ആന് എതിരാവാന്‍ പാടില്ല. അറിവിന്റെ കുറവും മാനുഷിക വൈകാരികതകളായ സ്വാര്‍ത്ഥതയടക്കമുള്ളവ നിയമനിര്‍മാണത്തില്‍ സ്വാധീനം ചെലുത്തിയതുമാണ് വര്‍ത്തമാന രാഷ്ട്രീയ വീക്ഷണങ്ങളുടെ വീഴ്ചക്ക് നിദാനമാവുന്നത്. അജയ്യമായ ഒരു നിയമം-ഭേദഗതി ആവശ്യമില്ലാത്തത്ര സമഗ്രമായ-മുന്‍പേ സംവിധാനിച്ചു വെച്ചതും അതിനു പുറത്ത് കടക്കരുതെന്ന് ശക്തമായ താക്കീതുമാണ് ഇസ്‌ലാമിക ഭരണഘടനയെ വ്യതിരിക്തമാക്കുന്നത്.
നിയമത്തിനു മുന്നിലെ സമത്വ വീക്ഷണമാണ് ഇസ്‌ലാമിക രാഷ്ട്രീയ വീക്ഷണത്തിലെ അനുകരണീയമായൊരു ഘടകം. എന്റെ മകള്‍ ഫാത്വിമ മോഷ്ടിച്ചാലും ശിക്ഷ ഞാന്‍ നടപ്പാക്കുമെന്ന പ്രഖ്യാപനവും ബനൂ ഇസ്രാഈല്യര്‍ ശിക്ഷിക്കപ്പെട്ടത് അവരിലെ മാന്യന്‍മാര്‍ രക്ഷപ്പെട്ട് പാവങ്ങള്‍ നിയമത്തിനു മുമ്പില്‍ ശിക്ഷിക്കപ്പെട്ടതു കൊണ്ടാണെന്ന മുന്നറിയിപ്പും ഖലീഫയായ ഉമര്‍(റ)വും അലി(റ)വും തങ്ങള്‍ക്കെതിരായിട്ടും നിയമവിവേചനത്തിനെതിരെ ശബ്ദിച്ചതുമെല്ലാം ഇതിനു തെളിവ് നല്‍കുന്നു. പാറ്റകള്‍ കുടുങ്ങുകയും പരുന്തും കഴുകനും രക്ഷപ്പെടുകയും ചെയ്യുന്ന ചിലന്തിവലകളാണ് വര്‍ത്തമാനത്തിന്റെ ക്രിമിനല്‍ നിയമങ്ങള്‍. നാലാം ഖലീഫ അലി(റ) സ്വന്തം പടയങ്കിയുടെ കാര്യത്തില്‍ ന്യായാധിപനെ സമീപിച്ചപ്പോള്‍ തന്റെ എതിരാളി ജൂതനായിട്ടു പോലും സാക്ഷിമൊഴി സ്വന്തക്കാരനായ മകന്റേത് ആയതിനാല്‍ അംഗീകരിക്കാനാവില്ലെന്ന് പ്രഖ്യാപിച്ച് ഖലീഫക്കെതിരായി വിധിപ്രഖ്യാപനം നടത്തിയ ഖാളി ഇസ്‌ലാമിക മൂല്യമാണ് പ്രകടിപ്പിച്ചത്.
നേതാവ്, അനുയായി
ആഗോളതലത്തില്‍ നിര്‍ദ്ദിഷ്ട യോഗ്യനായ ഇമാമുല്‍ അഅ്‌ളമിന്റെ കീഴില്‍ വ്യത്യസ്ത രാഷ്ട്രങ്ങളില്‍ ഗവര്‍ണര്‍മാരെ നിയോഗിച്ചാണ് ഇസ്‌ലാമിക മോഡല്‍ പ്രായോഗികമാവുന്നത്. പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള സ്വതന്ത്രനായ മുസ്‌ലിം പുരുഷനാവുക, ഇജ്തിഹാദിന് യോഗ്യതയുണ്ടായിരിക്കുക, ധീരനായിരിക്കുക, അഭിപ്രായശേഷിയുള്ളവനാകുക, കേള്‍വിയും കാഴ്ചയും സംസാരശേഷിയും ഉള്ളവനാകുക തുടങ്ങി ഒമ്പത് നിബന്ധനകള്‍ രാഷ്ട്രനായകന് അനിവാര്യമാണെന്ന് കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍ പഠിപ്പിക്കുന്നു. അനിവാര്യസാഹചര്യത്തില്‍ നീതിമാനല്ലാത്തയൊരാളെ അധികാരത്തിലേറ്റാന്‍ നിര്‍ബന്ധിതരായാല്‍ അത് അനുവദനീയമാണെന്ന് തുഹ്ഫ 9/76-ല്‍ വ്യക്തമാക്കുന്നുണ്ട്.
ഇമാമുല്‍ അഅ്‌ളം സത്യനിഷേധിയോ മുബ്തദിഓ ആകുന്നതോടെ അധികാര ഭ്രഷ്ടനാകുന്നു. (തുഹ്ഫ, ശര്‍വാനി 9/78) അനര്‍ഹനായ വ്യക്തി അധികാരത്തിലേറുകയും അര്‍ഹനായ വ്യക്തി പുറത്തിരിക്കുകയും ചെയ്യുന്ന അവസ്ഥ വന്നാല്‍ അര്‍ഹനെ നിയമിക്കാനുള്ള വിപ്ലവം നടത്താന്‍ പോലും നമുക്കനുമതിയുണ്ട്. അതോടൊപ്പം ഒന്നിലധികം ഇമാമുല്‍ അഅ്‌ളം ഒരിക്കലും ഒരേ സമയം ഇസ്‌ലാം സമ്മതിക്കില്ല. അങ്ങനെ വന്നാല്‍ രണ്ടാമത് വന്നയാളെ തെറിപ്പിക്കണമെന്നാണ് ഇസ്‌ലാമിക ഭാഷ്യം. അനൈക്യത്തിന്റെ ഇടങ്ങളെ അടച്ച് മനുഷ്യലോകം ഒന്നാവണമെന്ന പ്രഖ്യാപനം ഇസ്‌ലാമിക രാഷ്ട്രീയ നയത്തിലുണ്ട്.
അധികാരമോഹം മതമൊരിക്കലും അംഗീകരിക്കുന്നില്ല. ''അല്ലാഹുവാണ് സത്യം, അധികാരം ചോദിച്ചവര്‍ക്കും അതാഗ്രഹിച്ചവര്‍ക്കും ഞാനത് നല്‍കില്ല' (ബുഖാരി), ''നേതൃമോഹം ഖിയാമത്തില്‍ ഖേദം വരാനിടയാക്കും'' തുടങ്ങിയ നബിവചനങ്ങള്‍ ഈ ആദര്‍ശത്തിന്റെ പ്രഖ്യാപനമാണ്. ഒരു ഖുറൈശിയെ നേതൃത്വത്തിലിരുത്തുന്നതോടെ തിരുനബിയെന്ന അധികാര വൈശിഷ്ട്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു വ്യക്തിയെ തെരഞ്ഞെടുക്കാനാണ് ആഹ്വാനം.
ഉത്തരവാദിത്തബോധം, വിവേചനരാഹിത്യം, ദൈവഭയം തുടങ്ങിയ ഗുണങ്ങള്‍ അനിവാര്യമായും രാഷ്ട്രനേതാവിനുണ്ടാവണം. അധികാരം ദൈവിക പരീക്ഷണമാണെന്നും ചോദ്യം ചെയ്യപ്പെടുമെന്നുമുള്ള ബോധ്യമാണ് അയാളെ നയിക്കേണ്ടത്. പാതിരാവിന്റെ നിശ്ശബ്ദതയിലും പ്രജാ ക്ഷേമമറിയാന്‍ നാടുചുറ്റുന്ന ഖലീഫമാര്‍ ഇസ്‌ലാമിന്റെ പ്രതിനിധാനങ്ങളാവുന്നതങ്ങനെയാണ്.
സ്വാര്‍ത്ഥത, സ്വജനപക്ഷപാതം, അഹങ്കാരം, മൗലിക വിഷയങ്ങളിലെ അജ്ഞത, വിമര്‍ശിക്കപ്പെടരുതെന്ന ധാര്‍ഷ്ട്യം തുടങ്ങിയവയാണ് വര്‍ത്തമാന രാഷ്ട്രീയ നേതൃത്വത്തിന്റെ മുഖമെങ്കില്‍ അല്ലാഹുവിന്റെ വിധികള്‍ക്കും ജനങ്ങള്‍ക്കുമിടയിലെ ഒരു മധ്യവര്‍ത്തി സ്വഭാവം മാത്രമാണ് തനിക്കുള്ളതെന്ന് തിരിച്ചറിഞ്ഞ് കൂടുതല്‍ വിനയാന്വിതനാവുന്ന അവസ്ഥയാണ് ഇസ്‌ലാമിക ചരിത്രം കാണിക്കുന്നത്-നാലു ഖലീഫമാരുടെയും ഭരണമാതൃക ഇതിനുണ്ട്.
ഇസ്‌ലാമിക രാഷ്ട്രീയ വീക്ഷണം കൂട്ടായ്മയുടെ അനിവാര്യതകൂടി വിളിച്ചോതുന്നു. നേതൃത്വം ഇസ്‌ലാമിക വൃത്തത്തിലൊതുങ്ങുന്നിടത്തോളം അനുസരിക്കാന്‍ അണികള്‍ ബാധ്യസ്ഥരാണ്. നീഗ്രോ അടിമ അധികാരമേറ്റാലും അനുസരിച്ചേ തീരൂ (തുര്‍മുദി), എന്നെ അനുസരിച്ചവന്‍ സ്രഷ്ടാവിനെ അനുസരിച്ചു, എനിക്കെതിരു നിന്നവന്‍ അല്ലാഹുവിനെതിരു നിന്നു, അമീറിനോടുള്ള അനുസരണയും അനുസരണക്കേടും എന്നോടുകൂടിയുള്ളതാണ് (ബുഖാരി) തുടങ്ങിയ പ്രവാചക പ്രഖ്യാപനങ്ങളും അധികാരത്തോടെയല്ലാതെ സംഘടനയില്ല, അനുസരണയോടെയല്ലാതെ അധികാരമില്ലെന്ന രണ്ടാം ഖലീഫ ഉമര്‍(റ)വിന്റെ പ്രസ്താവനയും നേതൃത്വം ധര്‍മ്മനിഷ്ഠമായി ഭരണമേല്‍ക്കുന്നിടത്തോളം എതിര്‍ക്കാനോ വിഘടിതനാവാനോ രാഷ്ട്ര പൗരന് അവകാശമില്ലെന്നതിന്റെ പ്രഖ്യാപനങ്ങളാണ്.
അതോടൊപ്പം, അധികാരത്തിലിരുന്ന് തോന്ന്യാസം കളിക്കുന്നവനെതിരെ വിമര്‍ശനമുന്നയിക്കുന്നതിന് സ്വാതന്ത്ര്യം നല്‍കി ഏകാധിപത്യ-സ്വേച്ഛാധിപത്യ സ്വഭാവങ്ങള്‍ക്ക് ഇസ്‌ലാം തടയിടുന്നു. ഉമര്‍(റ) അധികാരമേറ്റപ്പോള്‍ താന്‍ തെറ്റു ചെയ്താല്‍ നിങ്ങളെന്തു ചെയ്യുമെന്ന ചോദ്യത്തിന് ഊരിപ്പിടിച്ച വാളുയര്‍ത്തി ഇത് ഉപയോഗിക്കുമെന്ന് പ്രഖ്യാപിച്ചതും സ്വന്തം ഭരണകാലത്ത് മഹര്‍ വ്യവസ്ഥയില്‍ ഭേദഗതിയെ കുറിച്ചാലോചിച്ചപ്പോള്‍ ഒരു വനിതയുടെ ശക്തമായ വിമര്‍ശനത്തെ തുടര്‍ന്ന് മാറ്റിവെച്ചതും ഇതിന്റെ മാതൃകകളാണ്. അക്രമിയായ അധികാരിയുടെ മുമ്പിലെ ധര്‍മ്മത്തിന്റെ വചനങ്ങളാണ് ഉത്തമ ജിഹാദെന്ന(ഹദീസ്) പ്രഖ്യാപനവും തെറ്റിനുവേണ്ടി അനുസരണയും വഴിപ്പെടല്‍ പാടില്ലെന്ന ശാസനയും (ബുഖാരി) വര്‍ത്തമാന കാലത്ത് ഒരുപാട് ശുഭസാഹചര്യങ്ങള്‍ക്ക് വഴിയൊരുക്കേണ്ടതായിരുന്നു.
ഇസ്‌ലാമിക രാഷ്ട്ര നേതൃത്വത്തെ തെരഞ്ഞെടുക്കാന്‍ വ്യത്യസ്ത മാര്‍ഗ്ഗങ്ങളവലംബിക്കാമെന്ന നാലു ഖലീഫമാരുടെ തെരഞ്ഞെടുപ്പ് സാക്ഷ്യംവഹിക്കുമ്പോഴും പൊതുജനാഭിപ്രായ പരിഗണനയുടെ ശക്തമായ സ്വാധീനം നാമിവിടെ കാണുന്നുണ്ട്.
പൊതു ബൈഅത്താണെങ്കിലും നാമനിര്‍ദേശമോ വോട്ടിങ്ങോ ആണെങ്കിലും തെരഞ്ഞെടുപ്പിന്റെ രീതിക്കപ്പുറം ഭരണത്തിന്റെ പ്രായോഗിക തലമാണ് പരിഗണിക്കപ്പെടുക എന്നു ചുരുക്കം. നന്മയിലധിഷ്ഠിതമായി ഭരണകര്‍ത്താവ് തന്റെ ഭരണസാരഥ്യം വിനിയോഗിക്കുമ്പോള്‍ വിയോജിക്കാനോ ശാസനകളിലിടപെടാനോ പൊതുധാരയില്‍ നിന്ന് ഒറ്റപ്പെട്ടു നില്‍ക്കാനോ മതം അനുമതി നല്‍കില്ല. 'ആരെങ്കിലും പൊതുധാരയില്‍ നിന്നൊറ്റപ്പെട്ടാല്‍ നരകത്തിലേക്കാണവന്‍ തനിച്ചാകുന്നതെന്ന്' തിരുനബി മുന്നറിയിപ്പ് നല്‍കുന്നുണ്ട.
ഇതര രാഷ്ട്രീയ വ്യവസ്ഥകളും ഇസ്‌ലാമും
ആധുനിക വ്യവസ്ഥകളെ ഇസ്‌ലാമുമായി ക്ലോണ്‍ ചെയ്യുന്ന പതിവ് നമുക്ക് നന്നല്ല. ഇസ്‌ലാം ജനാധിപത്യമാണ്, മതേതരത്വമാണ്, സോഷ്യലിസമാണ് തുടങ്ങിയ പ്രയോഗങ്ങളിലെ അപകടം നാം തിരിച്ചറിയാതെ പോവരുത്. ഭൗതിക മോഹങ്ങളും കാലികവികാരങ്ങളും സ്വാധീനിച്ച രീതികളാണവ.
പൊതുജനാഭിപ്രായത്തെ മാനിക്കുകയും ശൂറാ വ്യവസ്ഥിതിയോടെ കൂടിയാലോചനക്കവസരം നല്‍കുകയും ഭരണവിമര്‍ശന സ്വാതന്ത്ര്യമനുഭവിക്കുമ്പോഴൊക്കെയും ആധുനിക ജനാധിപത്യ വ്യവസ്ഥിതി ഇസ്‌ലാമുമായി കൂട്ടിവെയ്ക്കുന്നതിലര്‍ത്ഥമില്ല. അധര്‍മ്മം വാഴുന്ന കാലത്ത് ദേഹേച്ഛുക്കളെന്ന് മതം പരിചയപ്പെടുത്തുന്ന മനുഷ്യക്കൂട്ടായ്മ തിന്മക്കായി ഒന്നിച്ചാല്‍ അതംഗീകരിക്കാന്‍ ഇസ്‌ലാമിനാവില്ല. വോട്ടെടുപ്പിന് തലേദിനം വീശിയെറിയുന്ന കള്ളപ്പണവും ഒഴുക്കുന്ന ചാരായവും കൊണ്ട് സ്വാധീനിക്കപ്പെടുന്ന ജനവിധിയും ഭീഷണിയും അധാര്‍മികതകളും വഴി ഭരണസാരഥ്യമേല്‍ക്കുന്ന നേതൃത്വത്തെയും ഇസ്‌ലാമുമായി കൂട്ടിക്കെട്ടാനാവില്ല.
സ്വകാര്യ സ്വത്തവകാശം, സാമ്പത്തിക സ്വാതന്ത്ര്യം, സ്വതന്ത്ര കമ്പോള വ്യവസ്ഥ, രാഷ്ട്രത്തിന്റെ അധികാരങ്ങള്‍, നിയമസമാധാനം, പ്രതിരോധം, കരാര്‍ പാലനം തുടങ്ങിയവയിലൊതുക്കുന്ന 'ലീസിസ്‌ഫെയര്‍' സിദ്ധാന്തം എന്നിവ അടിസ്ഥാനതത്ത്വമാക്കി മാത്സര്യമാര്‍ക്കറ്റിലൂടെ മാനുഷിക, സാമ്പത്തിക പുരോഗതി വിഭാവനം ചെയ്ത ക്യാപ്പിറ്റലിസത്തിന്റെ സ്വകാര്യ സ്വത്തവകാശത്തിന് കൂച്ചുവിലങ്ങിട്ട്, സ്റ്റേറ്റിന്റെ കീഴില്‍ സോഷ്യലിസ്റ്റ് സ്വര്‍ഗലോകം എന്ന ഉട്ടോപ്യ വാഗ്ദാനം ചെയ്യുന്ന ലക്ഷക്കണക്കിന് മനുഷ്യരെ കശാപ്പ് നടത്തി സ്റ്റാലിന്‍ മുതല്‍ മാവോ വരെയുള്ളവര്‍ കാണിച്ച പ്രായോഗിക വീക്ഷണങ്ങളെയും ഫാസിസത്തിന്റെയും നാസിസത്തിന്റെയും ഹിംസാത്മക രാഷ്ട്രരൂപങ്ങളെയും ഇസ്‌ലാം പുച്ഛിച്ചു തള്ളുകയേയുള്ളൂ. എല്ലാ 'നന്മ'കളെയും എടുത്തുണ്ടാക്കുന്ന സങ്കര രാഷ്ട്രീയ രൂപത്തെ 'മതത്തില്‍ സമ്പൂര്‍ണമായി പ്രവേശിക്കണ'മെന്ന ഖുര്‍ആനിക വചനത്തോടെ നാം നിരാകരിക്കുന്നു.
നവയുഗത്തിലെ മുസ്‌ലിം രാഷ്ട്രീയം
ഏകധ്രുവലോകത്ത് ആസുരവാഴ്ച നടത്തുന്ന അമേരിക്കയും ഐക്യരാഷ്ട്രസഭക്ക് കീഴില്‍ അന്തര്‍ദേശീയ നിയമങ്ങള്‍ കര്‍ക്കശമാക്കിയ സാഹചര്യവും വര്‍ത്തമാന മുസ്‌ലിമിന്റെ നിലപാടിനെ സ്വാധീനിക്കാതിരിക്കാനാവില്ല. നിബന്ധനകളൊത്ത് ഇസ്‌ലാമിക ഖിലാഫത്ത്/രാഷ്ട്രം നിലവിലില്ലാത്ത ഇപ്പോഴത്തെ രാജ്യങ്ങള്‍ പൗരാവകാശ നിയമങ്ങള്‍ കര്‍ക്കശമാക്കിയതോടെ അടഞ്ഞ ഹിജ്‌റയുടെ സാധ്യതകളും നിലനില്‍പ്പിന്റെ രാഷ്ട്രീയം അംഗീകരിക്കാന്‍ മുസ്‌ലിമിനെ നിര്‍ബന്ധിക്കുന്നുണ്ട്. ഇന്ത്യ പോലുള്ള അനിസ്‌ലാമിക രാഷ്ട്രങ്ങളില്‍ രാഷ്ട്രീയക്കാരനായ മുസ്‌ലിം പ്രസക്തനാവുന്നത് വ്യത്യസ്ത തലങ്ങളിലാണ്. ഒന്ന്, സ്വത്വസംരക്ഷണത്തിനും അവകാശങ്ങള്‍ നേടിയെടുക്കാനും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുക. രണ്ട്, മൂല്യാധിഷ്ഠിത ഇടപെടലുകള്‍കൊണ്ട് മതത്തിന്റെ അന്തഃസത്ത സമര്‍പ്പിക്കുന്ന രീതിയില്‍ ഇരുട്ടിലെ രജതരേഖകളായി ഇസ്‌ലാമിക പ്രബോധനത്തിന്റെ വഴി കാണുക. മൂന്ന്, രാഷ്ട്രത്തിന്റെ ഇടപെടലുകളെ കുറിച്ച് വ്യക്തമായ അവബോധമുണ്ടാക്കുകയും ആധികാരിക സ്ഥാനങ്ങളിലെത്തി അനീതിക്കെതിരെ പ്രതികരിക്കുകയും ജുഡീഷ്യറിയുടെയും ഭരണഘടനയുടെയും സാധ്യതകളുപയോഗിച്ച് രാഷ്ട്രത്തിന്റെയും സമുദായത്തിന്റെയും നന്മക്കായി വര്‍ത്തിക്കുകയും ചെയ്യുക.
ഇസ്‌ലാമികമെന്ന ലാബലിലറിയപ്പെടുന്ന പല രാഷ്ട്രങ്ങളെക്കാളും സ്വസ്ഥമായി മതത്തിന്റെ അന്തഃസത്ത കാക്കാന്‍ നമുക്കാവുന്നത് തിരിച്ചറിയപ്പെടാതെ പോകരുത്. വര്‍ഗീയ പ്രീണനങ്ങളില്‍നിന്നും ആത്മഹത്യാപരമായ നിലപാടുകളില്‍ നിന്നും രാഷ്ട്രീയക്കാരനായ മുസ്‌ലിം മാറിനിന്നേ മതിയാവൂ. മുസ്‌ലിം ലീഗിന്റെ ആദ്യകാല നേതാവിനോട്, 'മുഴുവന്‍ ആവശ്യങ്ങളും അംഗീകരിച്ചുതരാം ഈ സംഘടന പിരിച്ചുവിട്ടുകൂടെ'യെന്ന നെഹ്‌റുവിന്റെ ചോദ്യത്തിന് ശേഷകാലങ്ങളിലെ എന്റെ സമുദായത്തിന്റെ അവകാശസംരക്ഷണ ബാധ്യതകൂടി തന്റെ പാര്‍ട്ടിക്കുണ്ടെന്ന മറുപടി മുസ്‌ലിം രാഷ്ട്രീയ പ്രതിനിധിയുടേതാണ്. വര്‍ത്തമാനത്തില്‍ സെക്കുലറായി, മതത്തിന്റെ ആദര്‍ശം മറന്ന് രാഷ്ട്രീയം ആഘോഷിക്കുന്ന രാഷ്ട്രീയക്കാരനെ ഇസ്‌ലാമിന്റെ പ്രതിനിധാനമാക്കാന്‍ കഴിയില്ല.
ഇന്ത്യയിലെ രാഷ്ട്രീയക്കാരനില്‍ അന്ന് ശിര്‍ക്ക് കണ്ടവര്‍ക്ക് തിരിച്ചറിവിന്റെ ബോധോദയമുണ്ടായത് ആശാവഹം തന്നെയാണ്. മതം രാഷ്ട്രീയത്തിലിടപെടുന്നത് നല്ലതാണെങ്കിലും പണ്ഡിതര്‍ മതവിരുദ്ധര്‍ക്ക് പിന്തുണ തേടിയിറങ്ങുന്നത് അഭിലഷണീയമല്ല. മാറിനിന്ന് രാഷ്ട്രീയത്തെ നിയന്ത്രിക്കാന്‍ കഴിയുന്ന 'സമസ്ത'യുടെ പണ്ഡിത നയങ്ങള്‍ തന്നെയാണ് ഇവിടെ സ്വീകാര്യമാവുന്നത്.
ഇരയുടെ വികാരങ്ങളെ പ്രകോപിപ്പിച്ച് ഉയിരെടുത്ത തീവ്രവാദ പ്രവര്‍ത്തകര്‍ രാഷ്ട്രീയത്തിലെത്തിയത് മുസ്‌ലിം മോഡല്‍ തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയാക്കുമെന്ന ആശങ്കയുണ്ടെങ്കിലും ആദ്യപരീക്ഷണത്തില്‍ തന്നെ അവരുടെ റെപ്രസന്റേറ്റീവിന്റെ മുഖത്തടിയേറ്റത് പ്രത്യാശക്ക് വക നല്‍കുന്നുണ്ട്. മമ്പുറത്തെ തങ്ങളും ആലി മുസ്‌ലിയാരും ഉമര്‍ ഖാസിയും നയിച്ച രാഷ്ട്രീയ ചലനങ്ങള്‍ക്ക് അനിവാര്യഘട്ടങ്ങളില്‍ തുടര്‍ച്ച നല്‍കാന്‍ നമുക്കാവാതിരിക്കുകയുമരുത്.
പാകിസ്ഥാനും ഇറാഖിനും അഫ്ഗാനുമൊന്നും സമ്പൂര്‍ണ ഇസ്‌ലാമിന്റെ പ്രതിനിധാനങ്ങളാവുക സാധ്യമല്ല. ഇമാമുല്‍ അഅ്‌ളം അമേരിക്കന്‍ നേതൃത്വമാവുന്ന അവസ്ഥയുടേതാണ് വര്‍ത്തമാനം. രാഷ്ട്രങ്ങള്‍ ആരു ഭരിക്കണമെന്ന് ആഭ്യന്തര കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കിയോ അധിനിവേശം നടത്തിയോ പാവ ഗവണ്‍മെന്റുകളെ നാട്ടിയും കോര്‍പ്പറേറ്റ് ഭീമന്മാരെ വെച്ച് രാഷ്ട്രനേതാക്കളെ വിലക്കെടുത്തും തങ്ങള്‍ തീരുമാനിക്കുമെന്ന ധാര്‍ഷ്ട്യമാണവരുടേത്. അത്തരം രാഷ്ട്രങ്ങള്‍ക്ക് ഇസ്‌ലാമിയ്യത്തിന്റെ പാറ്റന്റ് നല്‍കല്‍ യാഥാര്‍ത്ഥ്യത്തെ പരിഹസിക്കലാണ്. സയണിസത്തിന്റെ സമ്പൂര്‍ണ സഹകരണത്തോടെ സാംസ്‌കാരിക രാഷ്ട്രീയത്തിന്റെ ഷണ്ഡീകരണമാണ് വര്‍ത്തമാനത്തിന്റെ ദയനീയ കാഴ്ച.
മുസ്‌ലിം രാഷ്ട്രങ്ങളെ ഭീകരതയുടെ മുദ്രയടിക്കുകയാണ് മാധ്യമങ്ങള്‍. അറബ് ലോകത്തിന്റെ ജനാധിപത്യവത്കരണത്തിന് അമേരിക്ക മുറവിളികൂട്ടുന്നത് നല്ല നിയ്യത്തോടെയല്ല. തങ്ങള്‍ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നവരാണന്ന് തട്ടിവിട്ട് മസ്തിഷ്‌ക പ്രക്ഷാളനത്തിലൂടെ ആഭ്യന്തര കലഹങ്ങള്‍ക്ക് കോപ്പുകൂട്ടുകയാണ് ശത്രുപക്ഷം. ഏകാധിപത്യമാണെന്ന് അടിക്കടി അമേരിക്ക പറയുമ്പോഴും അവര്‍ പറയുന്ന ജനാധിപത്യത്തിന്റെ കെണിവലകള്‍ തിരിച്ചറിയാന്‍ മുസ്‌ലിമിനാകണം. അത്താത്തുര്‍ക്കിന്റെ സെക്കുലറിസവും ഡെമോക്രസിയും ഹൃദ്യമായി സ്വാഗതം ചെയ്തവരാണവര്‍. ജനാധിപത്യം, മതേതരത്വം, ദേശീയത, ജനകീയത, ദേശസാല്‍ക്കരണം, വിപ്ലവാത്മകത എന്നീ തത്വങ്ങളിലധിഷ്ഠിതമായി രാജവാഴ്ചയെ അവസാനിപ്പിച്ച് തുര്‍ക്കിയെ റിപ്പബ്ലിക്കായി പ്രഖ്യാപിച്ച് നടത്തിയ കളികള്‍ മാലോകര്‍ തിരിച്ചറിഞ്ഞതാണ്. ഖാന്‍ഗാഹുകള്‍ അടച്ചു പൂട്ടിയും ബഹുഭാര്യത്വം നിരോധിച്ചും പര്‍ദ്ദ നിയമവിരുദ്ധമാക്കിയും വിവാഹനിയമങ്ങള്‍ ഭേദഗതി ചെയ്തും ബാങ്കുവിളി നിരോധിച്ചും പള്ളികള്‍ മ്യൂസിയമാക്കിയും അയാള്‍ നടത്തിയ ജനാധിപത്യം അറബ് രാജ്യങ്ങള്‍ കൂടി ഏറ്റെടുക്കണമെന്നാണുള്ളിലിരിപ്പ്.
Leave A Comment