ഗാസ പുനരധിവാസം: ലക്ഷ്യ പൂര്‍ത്തീകരണത്തിന് കടമ്പകളേറെ
[caption id="attachment_40396" align="alignleft" width="399"]palastine ambassidor യു.എന്‍ സുരക്ഷാ കൌണ്‍സിലില്‍ ഇസ്രയേല്‍ അധിനിവേശത്തില്‍ കൊല്ലപ്പെട്ട ഫലസ്ഥീന്‍ കുട്ടിയുടെ ചിത്രം ഉയര്‍ത്തിപ്പിടിച്ച് ഫലസ്ഥീന്‍ അംബാസിഡര്‍ റിയാദ് എച്. മന്‍സൂര്‍[/caption] ആഴ്ചകള്‍ നീണ്ട് നിന്ന ഇസ്രയേലിന്റെ ഭ്രാന്തന്‍ ആക്രമണം ബാക്കി വെച്ച തകര്‍ന്നില്ലാതായ ഗാസയുടെ പുനരധിവാസ പദ്ധതിയോട് സജീവമായ സഹകരണമാണ് ലോക രാജ്യങ്ങളുടെ ഭാഗത്ത് നിന്നുണ്ടായത്. ഈജിപ്ത്, നോര്‍വ്വേ എന്നീ രാജ്യങ്ങളുടെ സംയുക്തത ആധ്യക്ഷതയില്‍ പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് കൈറോയില്‍ വിളിച്ച് ചേര്‍ത്ത ഈ സമ്മേളനത്തില്‍ യുഎന്‍ അടക്കം 25 രാജ്യങ്ങളാണ് പങ്കെടുത്തത്. 400 കോടി ഡോളറായിരുന്നു ഫലസ്തീന്‍ അതോരിറ്റി  പദ്ധതിയുടെ മൊത്തം ചെലവായി സമര്‍പ്പിച്ചിരുന്നതെങ്കിലും അത്ഭുതാവഹമായ പ്രതികരണമാണ് യോഗത്തില്‍ നിന്നുണ്ടായത്. ആവശ്യമുള്ള തുകയേക്കാള്‍ 140 കോടി അധികം അഥവാ 540 കോടിയുടെ വാഗ്ദാനമാണ് ലോകരാജ്യങ്ങള്‍ മുന്നോട്ട് വെച്ചത്. ഇതില്‍ 100 കോടി ഡോളര്‍ ഏകദേശം 6000 കോടി രൂപ ഒറ്റക്ക് വാഗ്ദാനം ചെയ്ത് തങ്ങള്‍ എന്നും ഗാസക്കൊപ്പമുണ്ടെന്ന് ഖത്തര്‍ പ്രഖ്യാപിച്ചു. ഗാസ സന്ദര്‍ശിച്ച ആദ്യ അറബ് രണാധികാരിയും ഖത്തര്‍ അമീറാണ്. മറ്റു രാജ്യങ്ങളുടെ കണക്കുകള്‍ ഇപ്രകാരമാണ്. യൂറോപ്യന്‍ യൂണിയന്‍ 3400 കോടി രൂപ. അമേരിക്ക : 1200  കോടി രൂപ,  യുഎഇ : 1200 കോടി രൂപ, തുര്‍ക്കി : 1200 കോടി രൂപ, ജര്‍മനി: 378 കോടി രൂപ, ഇന്ത്യ : 240 കോടി രൂപ, ബ്രിട്ടന്‍ : 192 കോടി രൂപ എന്നിങ്ങനെയാണ് വലിയ തുക പ്രഖ്യാപിച്ച മറ്റു രാജ്യങ്ങള്‍. ഗാസയില്‍ ആക്രമണം നടക്കുന്ന സമയത്ത് ഇസ്രയേല്‍ നടപടിയെ പാര്‍ലമെന്റില്‍ അപലപിക്കാന്‍ പോലും തയ്യാറാകാതിരുന്ന ബിജെപി നേതൃത്വം നല്‍കുന്ന ഭരണകക്ഷി ഗാസ പുനരധിവാസ വിഷയത്തില്‍ സ്വീകരിച്ച നിലപാട് തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നുണ്ട്. ഇന്ത്യയെ പ്രതിനിധീകരിച്ച് യോഗത്തില്‍ സംബന്ധിച്ച വിദേശകാര്യ ജോയിന്‍ സെക്രട്ടറി സന്ദീപ് കുമാര്‍  അടിസ്ഥാന വികസനം, വിദ്യാഭ്യാസം, വിവര സാങ്കേതിക വിദ്യ എന്നീ മേഖലകളില്‍ ഗാസയെ സഹായിക്കാന്‍ ഇന്ത്യ പദ്ധതി തയ്യാറാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മാത്രവുമല്ല, ഇന്ത്യ, ബ്രസീല്‍, തെക്കന്‍ അമേരിക്കന്‍ രാഷ്ട്രങ്ങള്‍ എന്നിവയുടെ സംയുക്ത വേദിയായ ഐ ബി എസ് എ ഗാസക്ക് പ്രത്യേക ഫണ്ടും അനുവദിക്കുമെന്ന് അദ്ദേഹം കൈറോയില്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഗാസയില്‍ ആരോഗ്യ മേഖലയില്‍ സംഘടന ശ്രദ്ധയൂന്നുവെന്നും അട്ട ഹബീബ് മെഡിക്കല്‍ സെന്റര്‍ പുനര്‍ നിര്‍മ്മാണത്തിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.

**     **

ലോക രാജ്യങ്ങളുടെ ഭാഗത്ത് നിന്ന് പുനരധിവാസത്തിനായി സഹായ വാഗ്ദാനങ്ങള്‍ ഉദ്ദേശിച്ചതിനേക്കാള്‍ കൂടുതല്‍ ലഭിച്ചെങ്കിലും എത്ര കാലം കൊണ്ട് പദ്ധതി യാഥാര്‍ഥ്യത്തിലെത്തിക്കാനാവുമെന്ന് ഒരു വ്യക്തതയുമില്ല. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയുടെ ബോസ്റ്റണിലെ പശ്ചിമേഷ്യന്‍ പഠന സെന്ററില്‍ ഗാസയുടെ സമ്പദ് ഘടനയെക്കുറിച്ച് 30 വര്‍ഷത്തോളമായി ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന സാറായ റോയി ഇവ്വിഷയകമായി പ്രതികരിച്ചത് വളരെയേറെ പ്രസക്തിയര്‍ഹിക്കുന്നുണ്ട്. ഗാസയിലെ പ്രശ്‌നങ്ങള്‍ വെറും പുനരധിവാസം കൊണ്ട് ഒരിക്കലും അവസാനിക്കില്ല. ലോക രാജ്യങ്ങള്‍ ഗാസയിലെ പ്രശ്‌നങ്ങളുടെ ഭാഗത്ത് നിലനില്‍ക്കുന്ന കാലത്തോളം നിലവിലെ സ്ഥിതിഗതികള്‍ക്ക് മാറ്റമുണ്ടാവില്ല. ഗാസയിലെ പ്രശ്‌നങ്ങളുടെ ശാശ്വത പരിഹാരത്തിനായാണ് രാഷ്ട്രങ്ങള്‍ ശ്രമിക്കേണ്ടെതെന്നും എങ്കില്‍ മാത്രമേ യഥാര്‍ത്ഥ സമാധാനവും സുസ്ഥിരതയും കൈവരിക്കാന്‍ ഗാസാ ജനക്ക് സാധിക്കുകയുള്ളൂവെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. [caption id="attachment_40395" align="alignleft" width="385"]hospital ആക്രമണ സമയത്ത് പരിക്കേറ്റവര്‍ ചികിത്സക്കായി ഗാസയിലെ അല്‍ശിഫ ഹോസ്പിറ്റലില്‍ കാത്തിരിക്കുന്നു[/caption] 1.8 ദശലക്ഷം ആളുകള്‍ തിങ്ങിത്താമസിക്കുന്ന ലോകത്തെ ഏറ്റവും ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലൊന്നായ ഗാസയില്‍ ഓപ്പറേഷന്‍ പ്രൊട്ടക്റ്റീവ് എഡ്ജ് ബാക്കി വെച്ച ദുരന്ത ചിത്രം അതി ദയനീയമായിരുന്നു. ജൂലൈ 7ന് ആരംഭിച്ച് 51 ദിവസം നീണ്ട് നിന്ന ആക്രമണം ജൂലൈ 26ന് വെടിനിര്‍ത്തലിലൂടെ അവസാനിക്കുമ്പോള്‍ 2147 പേര്‍ കൊല്ലപ്പെടുകയും 11,000ത്തിലധികം പേര്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ 330 പേരും പരിക്കേറ്റവരില്‍ 2000ത്തിലധികം പേരും കുട്ടികളാണെന്നത് ഇസ്രയേലിന്റെ ക്രൂരതയെ സമാനതകളില്ലാത്തതാക്കുന്നു. ഇസ്രയേല്‍ ഇടതടവില്ലാതെ ആക്രമണം നടത്താറുണ്ടായിരുന്നെങ്കിലും ആദ്യമായി ഫലസ്തീനികള്‍ ഗാസ വിട്ട് മറ്റിടങ്ങളിലേക്ക് പാലായനം ചെയ്യാറുണ്ടായിരുന്നില്ല. എന്നാല്‍ പുതിയ ഓപ്പറേഷനിന്റെ വിഹ്വലത അവരെ നാട് വിട്ട് സുരക്ഷിത കേന്ദ്രങ്ങള്‍ തേടിയലയാന്‍ നിര്‍ബന്ധിതരാക്കി. 500 ലധികം യാത്രക്കാര്‍ (ഭൂരിപക്ഷവും ഫലസ്തീനീ അഭയാര്‍ത്ഥികള്‍) കയറിയ കപ്പല്‍ മാള്‍ട്ട തീരത്ത് മുങ്ങിയത് ഈ ഈ യാഥാര്‍ത്ഥ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഗാസയില്‍ ഇസ്രയേലിനെ പ്രതിരോധിക്കുന്ന ഹമാസിന്റെ സജീവ പ്രവര്‍ത്തകര്‍ പോലും തങ്ങളുടെ മക്കളുടെ  ശോഭന ഭാവി സ്വപ്‌നം കണ്ട് അവരെ വിദേശത്തേക്കയക്കുകയാണെന്നതും വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഗാസയിലേക്കുള്ള എല്ലാ വാതിലും കൊട്ടിയടച്ച് 8 വര്‍ഷത്തോളമായി ഇസ്രയേല്‍ അടിച്ചേല്‍പ്പിച്ചിട്ടുള്ള ഉപരോധവും ഗാസയുടെ സമ്പദ്ഘടനയെ താളം തെറ്റിച്ചിട്ടുണ്ട്. 1,70,000ത്തിലധികം പേരാണ് ഇത് വഴി തൊഴില്‍രഹിതരായി മാറിയത്. ഗാസ തൊഴിലാളി യൂനിയന്റെ കണക്കനുസരിച്ച് കഴിഞ്ഞ ആക്രമണത്തോടെ 30,000 പേര്‍ക്ക് കൂടി ജോലി നഷ്ടപ്പെട്ടു. യുവാക്കളുടെ മാത്രം കണക്കെടുത്ത് നോക്കിയാല്‍ തന്നെ 60% ലധികം വരും ഈ തോത്. കഴിഞ്ഞ ഇസ്രയേല്‍ ആക്രമണത്തെത്തുടര്‍ന്ന് ഈ ചിത്രം കൂടുതല്‍ ഭീതിദമായിരിക്കുകയാണ്. ഗാസയുടെ സമ്പദ് ഘടനയെ താങ്ങിനിര്‍ത്തുന്ന 175-ലധികം വരുന്ന സുപ്രധാന ഫാക്ടറികളെല്ലാം നശിപ്പിക്കപ്പെട്ടിട്ടുണ്ട്. പ്രദേശത്തെ പ്രമുഖ ബിസ്‌കറ്റ് ഫാക്ടറി, ഫ്‌ളോര്‍ മില്‍ ഫാക്ടറി, തുടങ്ങിയവയെല്ലാം ഇസ്രയേല്‍ ആക്രമണത്തില്‍ മണ്ണോട് ചേര്‍ന്നവയില്‍ പെടും. ആളുകള്‍ക്ക് ജോലി നല്‍കിയിരുന്ന സംരംഭകരെല്ലാം തങ്ങളുടെ സ്ഥാപനങ്ങള്‍ നഷ്ടമായതോടെ ദാരിദ്ര്യത്തിന്റെ വക്കിലാണ്. പുതിയ ഫാക്ടറികള്‍ നിര്‍മ്മിക്കാനോ പഴയത് പൊട്ടിതട്ടിയെടുക്കാനോ ഇവര്‍ക്ക് ശേഷിയില്ലാത്തതാണ്  തൊഴില്‍ രഹിതരുടെ എണ്ണത്തില്‍ വമ്പിച്ച വര്‍ധനവുണ്ടാവാന്‍ കാരണം. സാറ റോയിയുടെ അഭിപ്രായപ്രകാരം ധനികരെന്ന് വിശേഷിപ്പിക്കാന്‍ പറ്റിയ ഒരാള്‍ പോലും ഗാസയിലില്ലെന്നാണ്. എന്തിനധികം! മധ്യവര്‍ഗം എന്ന് വിളിക്കാന്‍ പറ്റിയവര്‍ പോലും ഗാസയില്‍ കാണപ്പെടുന്നില്ലെന്നതാണ് പരമയാഥാര്‍ത്ഥ്യം. പതിനായിരങ്ങള്‍ ഭവനരഹിതരാവുകയും പലരും സാരമാം വിധം പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേല്‍ക്കാത്തവര്‍ തന്നെ കടുത്ത മാനസിക സംഘര്‍ഷങ്ങളാണ് അനുഭവിച്ച് കൊണ്ടിരിക്കുന്ന്ത്. ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ എടുത്ത് പറയാവുന്ന പ്രമുഖമായ എല്ലാ കെട്ടിടങ്ങളും നശിപ്പിക്കപ്പെടുകയോ സാരമായി കേടുപാടുകള്‍ ഏല്‍ക്കുകയോ ചെയ്തിട്ടുണ്ട്. അതേറെ ബാധിച്ചത് ആതുര മേഖലയെയാണ്. ഗാസ സിറ്റിയിലെ പ്രമുഖ ആശുപത്രിയായ അല്‍ വഫ ആശുപത്രി ആക്രമണത്തില്‍ തകര്‍ന്നിരുന്നു. ഗാസയിലെ ഏറെക്കുറെ സൗകര്യങ്ങള്‍ ലഭ്യമായ ആശുപത്രിയായ ഇവിടേക്കായിരുന്നു മറ്റു പ്രാദേശിക ഡോക്ടര്‍മാര്‍ റഫര്‍ ചെയ്തിരുന്നത്. ആശുപത്രിയുടെ കെട്ടിടങ്ങള്‍ മുഴുവന്‍ ജൂത സേന ഒന്നൊഴിയാതെ തകര്‍ത്തെന്നും മെഡിക്കല്‍ ഉപകരണങ്ങളെല്ലാം അതില്‍ നശിപ്പിക്കപ്പെട്ടെന്നും അല്‍ വഫ ആശുപത്രി ഡയറക്ടര്‍ അയ്മന്‍ ഇസ്ഹാഖ് കുറ്റപ്പെടുത്തുന്നു. അല്‍ വഫയിലെത്തുന്ന ആയിരക്കണക്കിന് രോഗികള്‍ മതിയായ മരുന്നും സൗകര്യങ്ങളുമില്ലാതെ താല്‍ക്കാലിക ഷെഡുകളിലാണ് ചികിത്സക്ക് വിധേയമാവുന്നത്. ആശുപത്രി പഴയ സ്ഥിതിയിലെത്താന്‍ മാസങ്ങള്‍ തന്നെയെടുക്കുമെന്നതിനാല്‍ നിലവിലെ രോഗികള്‍ക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കാനാവില്ലെന്ന് കൂടി പറഞ്ഞ് തന്റെ നിസ്സഹായത വെളിപ്പെടുത്തുക കൂടി ചെയ്യുന്നുണ്ട് അയ്മന്‍. ഗാസാ ജനതയുടെ സര്‍വ്വ പുരോഗതിയും അപഹരിച്ചെടുക്കാന്‍ രംഗത്തിറങ്ങിയ ജൂതസേന ഏറ്റവും കൂടുതല്‍ താണ്ഡവമാടിയതിലൊന്ന് വിദ്യാഭ്യാസ മേഖലയാണ്.  രാജ്യത്തെ ഭാവിയിലെ പൗരന്മാരെ വാര്‍ത്തെടുക്കുന്ന വിളനിലയമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പലതും ഇസ്രയേല്‍ പൂര്‍ണ്ണമായും നശിപ്പിച്ചിട്ടുണ്ട്. ഫലസ്തീന്‍ വിദ്യാഭ്യാസ മന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം 141ലധികം സ്‌കൂളുകളാണ് തകര്‍ക്കപ്പെട്ടത്. ഇതില്‍ 22 ഉം ഈ വര്‍ഷം തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത വിധം നശിപ്പിക്കപ്പെട്ടിട്ടുണ്ട്. സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന 19 ലധികം ഉദ്യേഗസ്ഥര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. [caption id="attachment_40402" align="alignleft" width="387"]shell ഗാസ ലക്ഷ്യമാക്കി ഷെല്ല് തൊടുക്കുന്ന ഇസ്രയേല്‍ സൈനിക വാഹനം[/caption] യു എന്‍ നേരിട്ട് നടത്തുന്ന സ്‌കൂളുകളും ആക്രമണത്തില്‍ നിന്ന് ഒഴിവായിരുന്നില്ല. വടക്കന്‍ ഗാസയിലെ ജബലിയയിലെ യുഎന്‍ സ്‌കൂളിന് നേരെ നടന്ന ആക്രമണത്തില്‍ 4 കുട്ടികളടക്കം 15 പേരാണ് കൊല്ലപ്പെട്ടത്. യുഎന്‍ സഹായ സന്നദ്ധ ഏജന്‍സിയായ യു എന്‍ ആര്‍ ഡബ്ലിയൂ എ (UNRWA) നടത്തുന്ന ഒട്ടുമിക്ക സ്‌കൂളുകളും ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. റഫയിലെ സ്‌കൂളില്‍ നടന്ന ആക്രമണത്തില്‍ 9 പേര്‍ മരണപ്പെടുകയും 100 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈ സംഘടനക്ക് കീഴിലെ 90ലധികം സ്‌കൂളുകളില്‍ കുടിയൊഴിക്കപ്പെട്ട 2,50,000ത്തിലധകം പേരും 15,000ത്തിലധികം പേര്‍ സര്‍ക്കാരിന് കീഴിലെ 19 സ്‌കൂളുകളിലും അഭയം തേടിയിരിക്കുന്നതിനാല്‍ ഈ സ്‌കൂളുകളൊക്കെ തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുമോയെന്ന്  ഒരുറപ്പുമില്ല. ഇസ്രേയല്‍ ആക്രമണം നടത്തിയപ്പോയെല്ലാം വിദ്യാര്‍ത്ഥികളെ കൂടുതലായി ലക്ഷ്യം വെച്ചിരുന്നു. 2012ലെ 8 ദിവസം നീണ്ട് നിന്ന ഓപ്പറേഷന്‍ പില്ലര്‍ ഓഫ് ഡിഫന്‍സില്‍ 11 വിദ്യാര്‍ത്ഥികളും 4 അധ്യാപകരും കൊല്ലപ്പെടുകയും 300 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്‌കൂളൂകളും നഴ്‌സറികളുമടക്കം 300ലധികം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്തു. അതേസമയം ഓപ്പറേഷന്‍ കാസ്റ്റ് ലീഡില്‍ 250 വിദ്യാര്‍ത്ഥകളും 15 അധ്യാപകരുമാണ് കൊല്ലപ്പെട്ടത്. 856 പേര്‍ക്ക് മാരകമായി പരിക്കേല്‍ക്കുകയും ചെയ്തു. ഗാസ നിലവില്‍ നേരിടുന്ന മറ്റൊരു പ്രധാന ഭീഷണി ശുദ്ധ ജല ദൗര്‍ലഭ്യതയാണ്. കുടിവെള്ള വിതരണത്തിലൂടെ ജനങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ചിരുന്ന ഹമാസ് സര്‍ക്കാരിനാകട്ടെ പുതിയ സാഹചര്യത്തില്‍ ഫലപ്രദമാം വിധം വിതരണം ചെയ്യാനാവുന്നില്ല. ഏകദേശം 4,50,000 പേര്‍ കുടിവെള്ളം ലഭിക്കാതെ നരകയാതന അനുഭവിക്കുകയാണെന്നാണ് സാറ റോയിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ആക്രമണത്തില്‍ ഗാസയിലെ വൈദ്യുതി നിലയങ്ങളില്‍ മിക്കതും തകര്‍ക്കപ്പെട്ടിരുന്നതിനാല്‍ ഇരുട്ടിലാണ് ജനങ്ങള്‍ കഴിയുന്നത്. ഗാസ പുനരധിവാസ പദ്ധതിയില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കേണ്ടത് തകര്‍ന്ന വൈദ്യുത നിലയങ്ങള്‍ പ്രവര്‍ത്തനയോഗ്യമാക്കലായിരിക്കും. ഇതാകട്ടെ കടുത്ത വെല്ലുവിളികള്‍ നിറഞ്ഞ ദൗത്യമാണ്, കാരണം വൈദ്യുതി ലൈനുകളെല്ലാം നശിപ്പിക്കപ്പെട്ടതിനാല്‍ മുഴുവന്‍ മുക്ക് മൂലകളിലും കടന്ന് ചെന്ന് ഇവ പൂര്‍വ്വ സ്ഥിതിയിലാക്കുകയെന്നത് ഏറെ പ്രയാസകരമായ ദൗത്യം തന്നെയാണ്. ഇനി അന്താരാഷ്ട്ര സഹായ ധനം ഉപയോഗിച്ച് ഗാസയില്‍ ഉദ്ദേശിച്ച രീതിയിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളൊക്കെ നടന്നാല്‍ തന്നെ ഇത് എത്ര കാലത്തേക്കാണെന്നതില്‍ വലിയ വ്യക്തതയില്ല. കാരണം ഹമാസിന്റെ മിസൈലുകളാല്‍ തങ്ങള്‍ ആക്രമിക്കപ്പെടുന്നുവെന്ന ന്യായം പറഞ്ഞ് എപ്പോഴാണ് ഇസ്രയേല്‍ ഇവിടം താണ്ഡവമാടുന്നുവെന്നത് പ്രവചനാതീതമാണ്. 2009ലെ ഓപ്പറേഷന്‍ കാസ്റ്റ്‌ലീഡിന്റെ ഞെട്ടലില്‍ നിന്നും അത് ബാക്കി വെച്ച വേദനകളില്‍ നിന്നും മുക്തമാവുന്നതിന് മുമ്പാണ് എല്ലാം തകര്‍ത്തുള്ള പുതിയ ആക്രമണമുണ്ടായത്. ഇതിന് മുമ്പുള്ള 2000, 2003, 2005, 2006 വര്‍ഷങ്ങളിലുണ്ടായ  ആക്രമണങ്ങളും അവക്ക്  തൊട്ട് മുമ്പത്തെ ആക്രമണത്തിലേറ്റ ക്ഷീണം മാറുന്നതിന് മു്മ്പ് തന്നെയായിരുന്നു സംഭവിച്ചത്. കൈറോയിലെ പുനരധിവാസ സമ്മേളനത്തിന് ശേഷം യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍  ഗാസയിലെത്തി ഫലസ്തീനികള്‍ക്കുള്ള പിന്തുണ അറിയിച്ചിട്ടുണ്ടെങ്കിലും അതൊക്കെ പതിവ് പല്ലവികള്‍ എന്നതിലുപരി പ്രശ്‌ന പരിഹാരത്തിനുള്ള ആത്മാര്‍ഥമായ ശ്രമങ്ങളെന്ന രീതിയില്‍ ആരും വിലയിരുത്തിയിട്ടില്ല. ആക്രമണങ്ങള്‍ നടക്കുമ്പോള്‍ ഇസ്രായേലിനെതിരെ കമാ എന്ന് മിണ്ടാതെ  തുടര്‍ന്നും ആയുധം നല്‍കി സഹായിക്കുന്ന അമേരിക്കയും ബ്രിട്ടനുമടങ്ങുന്ന പാശ്ചാത്യ ചേരിയും ആക്രമണങ്ങള്‍ പാര്‍ലമെന്റില്‍ തള്ളിപ്പറയാനോ ചര്‍ച്ച ചെയ്യാനോ പോലും തയ്യാറാവാതിരുന്ന ഇന്ത്യയൊക്കെ പ്രതിനിധാനം ചെയ്യുന്ന ചേരിചേരാ രാഷ്ട്രങ്ങളോ ഈ രീതിയില്‍ എങ്ങനെ ശാശ്വത പരിഹാരമുണ്ടാക്കാനാണ്. എങ്കിലും സ്വീഡനും ബ്രിട്ടനുമടക്കം പല രാജ്യങ്ങളും പശ്ചിമേഷ്യയുടെ ശാശ്വത സമാധാനത്തിനായി ദ്വിരാഷ്ട്ര ഫോര്‍മുല മുന്നോട്ട് വെക്കുന്നതും ഫലസ്തീന്റെ സ്വതന്ത്ര രാഷ്ട്ര പദവി അംഗീകരിക്കുന്നതും ഏറെ പ്രതീക്ഷ തന്നെ നല്‍കുന്നുണ്ട്. ഫതഹ് ഹമാസ് യോജിപ്പോടെ രൂപീകരിച് ഐക്യ സര്‍ക്കാര്‍ ഇതിനായി മുന്നോട്ട് വരുന്ന പക്ഷം ഉദ്ദിഷ്ട ലക്ഷ്യം നിറവേറ്റാനുവുമെന്നതില്‍ രണ്ട് പക്ഷമില്ല.                  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter