ആത്മീയ യാത്രകള്‍ക്ക് ജീവിതത്തില്‍ വലിയ സ്ഥാനമുണ്ട്
എണ്‍പതോളം ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്യപ്പെടുകയും 65 മില്ല്യണിലധികം കോപ്പികള്‍ വിറ്റുതീരുകയും ചെയ്ത ആല്‍കമിസ്റ്റിന് 25 വര്‍ഷം തികഞ്ഞ സാഹചര്യത്തില്‍ ഗ്രന്ഥകാരന്‍ പൗലോ കൊയ്‌ലോയുമായി നടത്തിയ സംഭാഷണം.
ആല്‍ക്കമിസ്റ്റ് പ്രസിദ്ധീകരിക്കപ്പെട്ട് ഇരുപത്തഞ്ച് വര്‍ഷം തികയുന്നു. ഈ നീണ്ട യാത്രക്കൊടുവില്‍ ആത്മാവിന്റെ നിധി തേടിയിറങ്ങിയ സാന്റിയാഗോക്ക് വന്ന മാറ്റങ്ങള്‍. എവിടെയാവും അയാളിപ്പോള്‍?
എന്റെ ജീവിതത്തിന്റെ തന്നെ തനിപകര്‍പ്പാണ് ആല്‍ക്കമിസ്റ്റ്. നാല്‍പതാമത്തെ വയസ്സിലാണ് ഞാന്‍ ആദ്യ പുസ്തകം 'പില്‍ഗ്രിമേജ്' എഴുതുന്നത്. അതു തീരുമ്പോഴും പത്താമത്തെ വയസ്സു മുതല്‍ എഴുത്തുകാരനാകുന്നതും സ്വപ്‌നം കണ്ട് നടന്ന നീ ഒരു പുസ്തകം എഴുതാന്‍ എന്തിത്ര വൈകിയെന്ന ചോദ്യം മാത്രമായിരുന്നു മനസ്സില്‍ . നിരന്തരം ജീവിതത്തെ ഒരു സങ്കല്‍പത്തില്‍ ചേര്‍ത്തുവെക്കാന്‍ശ്രമിക്കുകയായിരുന്നു ഞാന്‍. അത്തരമൊരു ശ്രമമാണ് വാസ്തവത്തില്‍ സ്വപ്‌നങ്ങളെല്ലാം തങ്ങള്‍ക്കടുത്തു തന്നെയാണെന്നും അതു നേടിയെടുക്കാനുള്ള ചങ്കൂറ്റമാണ് വേണ്ടെതെന്നും ഒരു നീണ്ട യാത്രക്കൊടുവില്‍ തിരിച്ചറിയുന്ന ആ ഇടയ ബാലന്‍. എഴുതി തീരുമ്പോള്‍ അതെന്റെ ജീവിതമാണെന്ന് തോന്നി. ഞാന്‍ എന്റെ നിധി തേടി അലയുകയായിരുന്നില്ല. ഇടയബാലനെപ്പോലെ യാത്ര തന്നെയായിരുന്നു എന്റെയും നിധി. ആല്‍ക്കമിസ്റ്റിനു ശേഷവും ഞാനത് തുടര്‍ന്നുകൊണ്ടിരുന്നു. ഓരോ പുസ്തകവും എനിക്കു വെല്ലുവിളിയാണ്. അതു കേവലം കാശിനു വേണ്ടി മാത്രമായിരുന്നെങ്കില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാനതവസാനിപ്പിക്കുമായിരുന്നു. സത്യത്തില്‍ എഴുത്ത് വ്യത്യസ്ത സംസ്‌കാരങ്ങള്‍ക്കിടയില്‍ സുദൃഢമായൊരു പാലം നിര്‍മിക്കുകയാണ്. ഇസ്‌ലാമില്‍ ഒരു പാട് കഥാപരിസരങ്ങളുണ്ട്. ഒരാശയം കൈമാറാന്‍ ഉദ്ദേശിക്കുമ്പോള്‍ കഥകളുപയോഗിക്കപ്പെടുന്നുവെന്ന സ്വാഭാവികതയോടെ അവരുടെ അധ്യാപനങ്ങളില്‍ പലതും കൈമാറുന്നത് കഥകളിലൂടെയാണ്. അവര്‍ക്കിടയില്‍ സൂഫികളായ കഥപറച്ചിലുകാരുണ്ട്. ആയിരത്തൊന്നു രാവുകള്‍ എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. അങ്ങനെയാണ് ഞാന്‍ ആദ്യമായി അറബ് സംസ്‌കാരത്തെ പരിചയപ്പെടുന്നതും സ്‌നേഹിക്കാന്‍ തുടങ്ങുന്നതും.
ഒരിക്കല്‍ കൂടി നിങ്ങള്‍ സാന്റിയാഗോയുെട യാത്ര എഴുതുന്നു വെങ്കില്‍ ലോകത്തിന്റെ ആത്മാവിനെ പരിചയപ്പെടാന്‍ എന്തു പുതിയ രസതന്ത്രക്കൂട്ടാണ് നിങ്ങള്‍ കണ്ടുവെച്ചിട്ടുള്ളത്. നീണ്ട ഈ യാത്രക്കൊടുവില്‍ അവനോടും ജനങ്ങളോടും താങ്കള്‍ക്ക് പറയാനുള്ളത്?
ആത്മ വിചാരങ്ങളെ കൈമാറുന്നതിലുപരി എനിക്കു ലോകത്തിനൊന്നും നല്‍കാനില്ല. ഒരു പുസ്തകമെഴുതുമ്പോള്‍ അതു മറ്റെന്തെങ്കിലും ലക്ഷ്യം കണ്ടു കൊണ്ടാവരുതല്ലോ. ഒരെഴുത്തുകാരന്‍ അടിസ്ഥാനപരമായി പുലര്‍ത്തേണ്ടത് മൂല്യമുള്ള സ്വന്തം നിലപാടുകള്‍ മാത്രം കൈമാറുക എന്നതാണ്. അതുമാത്രമാണ് ഞാന്‍ ചെയ്യുന്നത്.
പുസ്തകമെഴുത്താരംഭിച്ചതുമുതല്‍ എന്റെ നിലപാടുകള്‍ ജനങ്ങളോടടുപ്പിക്കുന്നതു കൂടിയായിരുന്നു. കാരണം ശേഷം ഞാന്‍ യാത്ര തുടര്‍ന്നപ്പോഴും അവരുമായി സംവദിക്കുമ്പോഴുമൊക്കെ എന്റെ ഭൗതികസാന്നിധ്യത്തിനു മുമ്പേ എന്റെ ആത്മീയ സാന്നിധ്യം അനുഭവിച്ചവരായിരുന്നു അവര്‍. എല്ലാവര്‍ക്കുമുണ്ടാകും പലതും പങ്കുവെക്കാന്‍. ആശയക്കൈമാറ്റത്തിന്റെ സാംഗത്യമാണല്ലോ സാമൂഹിക ജീവിതത്തില്‍ പ്രധാനം. എഴുതുമ്പോഴൊക്കെ എന്റെ ആത്മാവിനെ വിശദീകരിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. അത് എഴുത്തുകാരന്റെ മാത്രമല്ല ഓരോ മനുഷ്യ ജീവിയുടെയും ബാധ്യതയാണ്.
ആധുനികതയില്‍ നിന്ന് വഴിമാറി ഏറെക്കുറെ പുരാതന-മധ്യകാല രചനകളോടും ആഭിമുഖ്യം പുലര്‍ത്തുന്നതാണ് താങ്കളുടെ കൃതികളുടെ പൊതു സ്വഭാവം. ആത്മാവിന്റെ നിധി തേടിയുള്ള പ്രയാണത്തിന് ആധുനികതക്കും സാങ്കേതികതക്കും വലിയ പ്രാധാന്യമില്ലാത്ത കാലമായിരുന്നോ മികച്ചത്. സാങ്കേതികപരമായി മികച്ച രീതിയില്‍ പരസ്പരബന്ധം പുലര്‍ത്തുകയും അതേസമയം ഒറ്റപ്പെട്ടുനില്‍ക്കുകയും ചെയ്യുന്ന ഇക്കാലത്ത് എന്താണ് അങ്ങനെയൊരാശയത്തിന്റെ പ്രസക്തി. ആല്‍ക്കമിസ്റ്റിലെ സാന്റിയാഗോയും പില്‍ഗ്രിമേജിലെ നിങ്ങള്‍ തന്നെയും നിങ്ങളുടെ യാത്രകളില്‍ സാങ്കേതിക ഉപകരണങ്ങള്‍ ഉപയോഗിച്ചിരുന്നുവെങ്കില്‍?
ഒന്നിനെയും നാം സങ്കീര്‍ണ്ണമാക്കരുത്. എല്ലാ വസ്തുക്കളുടെയും ഹൃദയം വളരെ ലളിതമാണ്. മരുഭൂമി നിഗൂഢതകളാലും ജൈവവൈവിധ്യങ്ങളാലും നിറഞ്ഞ് മനോഹരമാണ്. പക്ഷെ അതിലൂടെ നാം ലോകത്തിന്റെ ആത്മാവിനെ, ദൈവത്തെ തന്നെ കാണണമെന്ന് ശഠിക്കുമ്പോള്‍ അത് സങ്കീര്‍ണ്ണമാകുന്നു. എന്റെ പുസ്തകങ്ങളിലെ കഥാ പാത്രങ്ങള്‍ ഐപാഡുകളോ മറ്റു സാങ്കേതിക ഉപകരണങ്ങളോ ഉപയോഗിക്കാത്തവരാണ്. ഇനി ഇന്ന് ഞാനതുപയോഗിക്കുന്നത് സ്വതന്ത്രമായി ബ്ലോഗ് ട്വിറ്റര്‍ ഫേസ്ബുക്ക് തുടങ്ങിയവയിലൂടെ കഥകള്‍ മാത്രം കൈമാറാനാണ്. കൂടതല്‍ വായനക്കാരിലേക്ക് ചെന്നെത്താനാവുന്നതും നാം വായിക്കപ്പെടുന്നുവെന്നറിയുന്നതും എഴുത്തുകാരന് സമാനതകളില്ലാത്ത പ്രചോദനമാണ്. എന്നാലും ഒരു ഹാമ്മര്‍ മനോഹരമായ ഒരു സൗധം നിര്‍മിക്കാന്‍ സഹായിക്കുകയും ആവശ്യമാവുമ്പോള്‍ അപരന്റെ കാലുതല്ലിയൊടിക്കാന്‍ സഹായിക്കുകയും ചെയ്യുന്ന പോലെ നമുക്കിത്തരം ഉപകരണങ്ങളില്‍ ഒത്തിരി നന്മകളൊന്നും കാണാനാവുന്നില്ല. ഞാന്‍ ടെക്‌നോളജിയെ അടച്ചാക്ഷേപിക്കുകയില്ല. ഇത്തരം ബന്ധങ്ങള്‍ ജനങ്ങളുടെ വൈയക്തിക ജീവിതലക്ഷ്യങ്ങള്‍ നേടുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നുണ്ട്.
ജീവിതലക്ഷ്യത്തിലെത്താന്‍ വേണ്ടത് അസാമാന്യമായ ആത്മ ധൈര്യമാണ്. മനോധൈര്യം കണ്ട് ദൈവം അതു നിങ്ങള്‍ക്കായി മാത്രം കരുതി വെക്കുന്നു. നിങ്ങളോ ദൈവത്തില്‍ നിന്നകലെ ഈ ലോകത്ത് സ്വന്തം ഹൃദയ താളങ്ങള്‍ക്ക് കാതോര്‍ക്കാന്‍ മറന്ന് മറ്റുള്ളവര്‍ക്ക് കാതോര്‍ത്ത് അങ്ങനെ.. ആ സമയങ്ങളില്‍ ചിലപ്പോള്‍ നിങ്ങള്‍ സ്വന്തത്തെ പഴിക്കുന്നു. ഞാനിതു മുമ്പേ ചെയ്യേണ്ടതായിരുന്നെന്ന്. നാമാദ്യം ചെയ്യേണ്ടതു നമ്മുടെ ആത്മാഭിലാഷങ്ങള്‍ സാധിക്കുകയാണ് . അവിടെ സ്വാര്‍ഥതയില്ല. നിങ്ങള്‍ സന്തോഷവാനായിരിക്കുമ്പോള്‍ അതു നിങ്ങള്‍ പകര്‍ന്നു നല്‍കുക കൂടിയാണ് ചെയ്യുന്നത്. അല്ല നിങ്ങള്‍ക്കു പ്രശ്‌നങ്ങളാണു വലുതെങ്കില്‍ ജീവിത ലക്ഷ്യങ്ങള്‍ക്കുപിറകെ പോകാന്‍ കഴിയാതെ വരികയും പ്രശ്‌നങ്ങളുമായി കുരുങ്ങി കഴിയുകയും ചെയ്യുന്നു. അപ്പോഴൊന്നും നിങ്ങള്‍ നിങ്ങളിലെ അനുഗ്രഹത്തെ പിന്തുടരുന്നില്ല. അതെ വിധിയുടെ (മക്തൂബ്) പിന്നാലെ നടക്കുന്നില്ല. അതു കൊണ്ട് നമുക്കെഴുതപ്പെട്ടത് ഏതാണെങ്കിലും പ്രയാസമാണെങ്കില്‍ കൂടി അതു വായിച്ചു പിന്തുടരുകയാണു വേണ്ടത്. പില്‍ഗ്രിമേജിലെ കഥാപാത്രത്തെ ഒരിക്കലും അതു ഞാനാണെന്ന് എനിക്കു തോന്നിയിട്ടില്ല.1986 ലാണു ഞാന്‍ തീര്‍ഥാടനം നടത്തുന്നത്. അതന്റെ ജീവിതത്തിന്റെ വഴിത്തിരിവായിരുന്നു. സ്വപ്‌നങ്ങള്‍ മാത്രം മതിയാവില്ലെന്നും അതിനു പിന്നാലെ എന്തുവില കൊടുത്തും പിന്തുടരണമെന്നും അറിഞ്ഞ കാലം.
താങ്കളുടെ കൃതികളില്‍ ഒരുപാട് ഇസ്‌ലാമിക പദപ്രയോഗങ്ങള്‍, പാശ്ചാതലങ്ങള്‍, കഥാപാത്രങ്ങള്‍, സംസ്‌കാരങ്ങള്‍ അങ്ങനെയെല്ലാം കാണുന്നുണ്ട്. ബ്രസീലുകാരനായ, പോര്‍ച്ചുഗീസിലെഴുതുന്ന താങ്കളിലെവിടെ നിന്നാണ് അറബിക് സംസ്‌കാരത്തോടുള്ള ഈ ആഭിമുഖ്യം ഉടലെടുക്കുന്നത്. താങ്കളുടെ അഭിപ്രായത്തില്‍ ഇത്തരം പദപ്രയോഗങ്ങളോടുള്ള വായനക്കാരുടെ പ്രതികരണങ്ങള്‍?
ശരിയാണ് ഞാന്‍ ബ്രസീലുകാരനാണ്. എഴുതുന്നത് പോര്‍ച്ചുഗീസിലും. എപ്പോഴോ അറബികളാല്‍ ഞാന്‍ ആകര്‍ഷിക്കപ്പെടുകയായിരുന്നു. ആയിരത്തൊന്ന് രാവുകളാണ് എനിക്കാദ്യമായി അവരെ പരിചയപ്പെടുത്തിത്തരുന്നത്. നിഗൂഢമായി മോഹിപ്പിക്കുന്ന ഒരു സംസ്‌കാരചൈതന്യമുണ്ടവരില്‍. ഒരുപാട് വായിച്ചതിനൊടുവില്‍ ഞാന്‍ പല അറബ് നാടുകളില്‍ ചെന്ന് അവരുടെ സംസ്‌കാരത്തനിമയെ തൊട്ടറിഞ്ഞിട്ടുമുണ്ട്.
പിന്നെ ഞാനിപ്പോള്‍ ചെയ്യുന്നത് ഒരു സാഹസമാണ്. ജനങ്ങള്‍ക്ക് അതിനോടുള്ള പ്രതികരണമെന്തായിരുന്നെന്ന് ചോദിച്ചാല്‍ ഞാനെഴുതിയ പുസ്തകം കൂടുതല്‍ വായിക്കപ്പെടുന്നതിലൂടെ തന്നെ അത് ഗ്രഹിക്കാവുന്നതാണല്ലോ. ഈ ചോദ്യത്തില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ സംസ്‌കാരത്തോടുള്ള ജിജ്ഞാസയുണ്ട്. ചിലനേരങ്ങളില്‍ ജനങ്ങള്‍ തീവ്ര പക്ഷപാതികളാണ്. അവര്‍ക്കറിയില്ല എങ്ങനെയാണ് ഈ സംസ്‌കാരത്തെ സമീപിക്കണമെന്നും സ്വീകരിക്കണമെന്നും. അവരെ എനിക്കിഷ്ടമാണ് . ഒരറബിയല്ലാത്ത ഞാനിത് പങ്കുവെക്കുന്നതിലൂടെ കൂടുതലാളുകള്‍ അവരെ വായിക്കട്ടെ.
താങ്കളുടെ ആദ്യ നോവലായ പില്‍ഗ്രമേജില്‍ വഴിമധ്യേ ഇനി സാന്റിയാഗോയിലേക്കു യാത്ര തിരിക്കണോ എന്നാലോചിച്ച് മാസങ്ങളോളം ശങ്കിച്ചു നിന്നെന്നു പറഞ്ഞു. അതേ ശങ്കയോടെയാണ് ആല്‍ക്കമിസ്റ്റിലെ ഇടയ ബാലന്‍ ഞാന്‍ ഇടയനാണ് മണ്ണറിയുന്ന തന്റെ ആടിനെ അറിയുന്ന ഇടയനായി തന്നെ ഞാന്‍ ഇരിക്കണമെന്നു ആത്മഗതം ചെയ്യുന്നത്. 'നമ്മുടെ കയ്യിലുളളത് നഷ്ടപ്പെടുമെന്നുള്ള ഭീതിയിലാണു നാം. അതൊരു പക്ഷെ നമ്മുടെ ജീവനോ സമ്പത്തോ തന്നെയായിരിക്കാം. ഈ ഉള്‍ഭയം ഇല്ലാതാവുന്നത് നമ്മുടെ ജീവിത കഥകളും പ്രപഞ്ച ചരിത്രവും തന്നെ ഒരേ കരങ്ങളാലാണ് എഴുതപ്പെട്ടതെന്ന് തിരിച്ചറിയുമ്പോഴാണ്'. പില്‍ഗ്രിമേജിലും ആല്‍ക്കെമിസ്റ്റിലും കാണുന്ന ഒരാസാധാരണ ആത്മചൈതന്യമോ പാലായനമോ ഇല്ലാതെ സാധാരണക്കാരനെങ്ങനെയാണ് തങ്ങളില്‍ അസാധാരണത്വം കണ്ടെത്താനാവുന്നത് ആത്മീയ ലക്ഷ്യമുള്ളവര്‍ക്കെല്ലാം പാലായനം ആവശ്യമായിരുന്നോ?
നമ്മുടേതായിട്ടൊന്നുമില്ല. ദൈവത്താല്‍ സൃഷ്ടിക്കപ്പെടുകയും അവനിലേക്ക് മടങ്ങുകയും ചെയ്യുന്നവരാണ് നമ്മള്‍.എന്തെങ്കിലും നമുക്കു സ്വന്തമെന്നു വിശ്വസിക്കുന്നവരുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റി. നാമൊന്നും സ്വന്തമാക്കുന്നില്ലെന്നതാണ് ജീവതത്തിന്റെ ഏറ്റവും മനോഹരമായ കൗതുകം. നമുക്ക് അന്വേഷിക്കാനൊരുപാടുണ്ടെന്നും ഒന്നും സ്വന്തമാക്കാനുള്ളതല്ലെന്നും അതു സാധിക്കില്ലെന്നും ബോധ്യപ്പെടുമ്പോള്‍ എല്ലാം നമ്മുടേതെന്നു തോന്നും.
സമൂഹം നമ്മില്‍ ചുമത്താന്‍ ശ്രമിക്കുന്നതിലപ്പുറം നാം തന്നെ നമുക്കു തോന്നുന്ന ശരിയായ വഴിലൂടെ ജീവിതലക്ഷ്യത്തിലേക്കു സഞ്ചരിക്കുകയാണ് വേണ്ടത്. ചിലപ്പോള്‍ അതു സംഭവിക്കാന്‍ വര്‍ഷങ്ങളെടുത്തെന്നിരിക്കും. സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുവേണ്ട വ്യക്തമായ ചിത്രം കൈമാറാന്‍ എനിക്കാവുമെന്നുറച്ചാണ് ഞാന്‍ എഴുതുന്നത്. അതിലെനിക്ക് ശുഭാപ്തി വിശ്വാസമുണ്ട്. അതാവുമല്ലോ നിങ്ങളെ ഇവിടെ എത്തിച്ചത്.
1986 നു ശേഷം എപ്പോഴെങ്കിലും സാന്റിയാഗോയിലേക്കു യാത്ര പോയിട്ടുണ്ടോ?
നിരന്തരം നാം നടന്നു കൊണ്ടിരിക്കുന്ന, നമുക്ക് നന്നായാറിയാവുന്ന പാതകള്‍ക്കെങ്ങനെയാണ് പുതിയ അര്‍ഥങ്ങള്‍ കൈവരുന്നത്. സാന്റിയാഗോയിലേക്ക് ഒരിക്കല്‍ കൂടി യാത്ര തിരിക്കുന്നുവെങ്കില്‍ അതേ അനുഭവമാണോ ഇന്നുണ്ടാവുക?
1986 ലാണ് ഞാന്‍ സാന്റിയോഗോയില്‍ ചെന്നത്. പിന്നീടൊരിക്കല്‍ കാറില്‍ പോയി. ഒരിക്കലും അനുഭവങ്ങള്‍ ജിവിതത്തില്‍ ആവര്‍ത്തിക്കാറില്ല. ഓരോ അനുഭവങ്ങളും ആത്മാവില്‍ മാറ്റത്തിന്റെ ചെറുതിരിനാളമെങ്കിലും കൊളുത്തിവെക്കുന്നു .അനുഭവിക്കുമ്പോള്‍ അതിനിയൊരിക്കലും സംഭവിക്കില്ലെന്നും സംഭവിക്കുമ്പോഴൊന്നും നടന്ന പോലെയാവില്ലെന്നും അറിഞ്ഞാണ് അനുഭവിക്കേണ്ടത്.
ഇതാണ് കുട്ടികളില്‍ ഞാന്‍ കാണുന്ന കൗതുകം. അവരെപ്പോഴും എല്ലാത്തിനെയും ജീവിതത്തിലാദ്യമെന്ന പോലെ കൗതുകത്തിന്റെ കണ്ണുകളോടെയാണ് കാണുന്നത്. ഞാനൊരിക്കലും കുട്ടികളെ പോലെ പക്വതയെത്താത്തവരാവണമെന്നു പറയുകയല്ല. പക്ഷെ കാര്യങ്ങള്‍ അറിയുമ്പോള്‍, കണ്ടെത്തുമ്പോള്‍ നിഷ്‌കളങ്കരായി നാമതു സ്വീകരിക്കണം. ഞാനെപ്പോഴും പുതിയ കാര്യങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നു. അതിനായാണ് ബ്ലോഗും ഫെയ്‌സ്ബുക്കും ട്വിറ്ററും ഞാനുപയോഗപ്പെടുത്തുന്നത്. 'അവിടെ ജനങ്ങള്‍ എങ്ങനെ ജീവിക്കുന്നു' എന്ന ജിജ്ഞാസയാണ് എന്നെ അതുപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നത്. എഴുത്തുകാരില്‍ പലരും വളരെ സങ്കുചിത മനോഭാവമുള്ളവരാണെന്നതില്‍ എനിക്കത്ഭുതം തോന്നിയിട്ടുണ്ട്. അവര്‍ പുസ്തകങ്ങളില്‍ മാത്രം ജീവിക്കുന്നു. എഴുത്തിന് വ്യത്യസ്ത തുറകളില്‍ വൈവിധ്യങ്ങളായ രൂപകങ്ങളുണ്ട് . ഒടുങ്ങാത്ത കൗതുകമാണെനിക്ക് വൈവിധ്യങ്ങളുടെ വാതിലുകള്‍ തുറന്നു തന്നത്.
കാലങ്ങള്‍ക്കും യുഗങ്ങള്‍ക്കും അപ്പുറത്താണ് സ്‌നേഹമെന്നാണ് പറയപ്പെടാറ്. അങ്ങനെ പറയുമ്പോഴാണല്ലോ, സ്‌നേഹം ഒരു പുതിയ രീതിയില്‍ പ്രസക്തമാകുന്നത് .സാന്റിയാഗോയുടെയും ഫാത്തിമയുടെയും സ്‌നേഹബന്ധങ്ങളെ കുറിച്ച്... ജീവനുള്ള അക്ഷങ്ങളില്‍ നിങ്ങളെഴുതിയതിങ്ങനെ. 'സ്‌നേഹം അതു മനുഷ്യനെക്കാളും മരുഭൂമിയെക്കാളും പഴയതാണ്. പ്രപഞ്ചത്തിന്റെ ശുദ്ധ ഭാഷ. അതിനു വാക്കുകളുടെ ശരീരം വേണ്ട. മരുഭൂമിക്കു മധ്യത്തിലോ നഗരത്തിന്റെ മൂലയിലോ മറ്റെവിടെയായിരുന്നാലും നിങ്ങളെ കാത്ത് ആരോ ഇരിക്കുന്നുണ്ടാവും. അങ്ങനെയൊരിക്കല്‍ അവര്‍ സംഗമിക്കുമ്പോള്‍, പരസ്പരം കണ്ണുകളുടക്കുമ്പോള്‍ ഭൂതവും ഭാവിയും എല്ലാം അതില്‍ അപ്രസക്തമാകുന്നു. പ്രണയത്തെ പ്രചോദിപ്പിക്കുന്ന കരങ്ങളാല്‍ വിരചരിതമായാണീ വരികള്‍?
ഫാത്തിമ സാന്റിയാഗോ ആ കഥാപാത്രങ്ങളെ ഞാന്‍ മറന്നു കഴിഞ്ഞു. അയാള്‍ ഫാത്തിമയിലേക്കു തിരച്ചെത്തുന്നതോടെ അവരുടെ ജീവിതം വീണ്ടും പച്ച പിടിക്കുന്നു. അവരങ്ങനെ. നക്ഷത്രങ്ങളിലും മനുഷ്യരിലും ജീവജാലങ്ങളിലും ഇനിയും മരിക്കാതെ കിടക്കുന്നതാണ് സനേഹം. പ്രപഞ്ചത്തെ മുഴുവന്‍ ഒരു നൂലിലേക്കതാവാഹിക്കുന്നു. നാം തീവ്രമായി ആഗ്രഹിക്കുന്നതെന്തും നേടിയെടുക്കാന്‍ പ്രപഞ്ചം നമ്മുടെ കൂടെ നില്‍ക്കുന്നുവെന്നാണെനിക്കു തോന്നുന്നത്. മനപൂര്‍വം നെഗറ്റീവായി നാമാഗ്രഹിക്കുമ്പോള്‍ പ്രപഞ്ചം അതു സാധിപ്പിച്ചു തരുന്നു. ദിവസത്തിന്റെ ഒടുക്കത്തില്‍ ആഗ്രഹങ്ങളെന്തുതന്നെയായാലും അതു സാക്ഷാത്കരിക്കാനുള്ള കരളുറപ്പ് വീണ്ടെടുക്കുക.
നിങ്ങളുടെ പുസ്തകത്തില്‍ ഏറ്റവുമധികം വായിക്കപ്പെട്ടത് 'നാം തീവ്രമായി ആഗ്രഹിക്കുന്നതെന്തും നേടിയെടുക്കാന്‍ പ്രപഞ്ചം നമ്മുടെ കൂടെ നില്‍ക്കുന്നു'വെന്ന ഈ വാചകമാണ്. നമുക്കുള്ളില്‍ നിന്നുള്ള ആര്‍ക്കോ ചെവികൊടുത്തു അതു പോലെ നേടിയെടുക്കാന്‍ നാം ശ്രമിക്കണമെന്നാണ് പുസ്തകങ്ങള്‍ പറയുന്നത്?
ജനങ്ങള്‍ ആത്മീയതയിലേക്കു വരുന്നെന്ന് നിങ്ങളുടെ പുസ്തകങ്ങളിലൂടെ വിലയിരുത്താമോ, എന്തുതന്നെയായാലും നിങ്ങളുടെ പുസ്തകം ഒരുപാടാളുകള്‍ ഇഷ്ടപ്പെടുന്നു. അവര്‍ക്കിടയിലെ സ്‌നേഹത്തിന്റെ ശൂന്യതയാണോ ഈ പുസ്തക പ്രേമത്തിന്റെ രഹസ്യം, അല്ല ഒരു നൂറു വര്‍ഷം മുമ്പ് ഇതെഴുതപ്പെട്ടിരുന്നുവെങ്കല്‍ അതിനിത്രമാത്രം സ്വാധീനമുണ്ടാവുമായിരുന്നോ.
ഞാനെഴുതുന്ന പുസ്തകങ്ങളുടെ വിജയ രഹസ്യമെനിക്കറിയില്ല, അതറിയാന്‍ ഞാനൊട്ടുമാഗ്രഹിക്കുന്നുമില്ല. കാരണം അതറിയുന്നതോടെ ഞാന്‍ ഒരു കൃത്യമായ ഫോര്‍മുലക്കുള്ളില്‍ എഴുതാന്‍ തുടങ്ങുന്നു. അനുവാചകരൊരിക്കലും അത് പൊറുത്തു തരണമെന്നില്ല. ചീത്ത പുസ്തങ്ങളെ വായനക്കാര്‍ സ്വീകരിക്കാറില്ല. 'വേല ംശിിലൃ േെമിറ െമഹീില 'എന്ന എന്റെ പുസ്തകം അതിനുദാഹരണമാണ്. ഒരു പാടു പ്രതീക്ഷകളോടെയാണ് ഞാനതെഴുതുന്നത്, പക്ഷെ എന്റെ വായനക്കാരുടെ ആത്മാവിന്റെ തന്ത്രികളില്‍ തൊട്ട സംഗീതമുണര്‍ത്താന്‍ അതിനു കഴിഞ്ഞില്ല. എന്നാലും വീണ്ടും വീണ്ടും ഞാന്‍ പറയാനാഗ്രഹിക്കുന്നത് ഒരേ കഥകളാണെന്നറിയുമ്പോഴും അവരെനിക്കു പൊറുത്തു തരുന്നു. അതു കൊണ്ടാണ് കാല്‍ നൂറ്റാണ്ടിനപ്പുറവും ഞാനെഴുതുന്ന പുസ്തകങ്ങളവര്‍ സ്വീകരിക്കുന്നത്. അവര്‍ക്കറിയാം, കഥകള്‍ മെനയുന്നതില്‍ എനിക്ക് പ്രത്യേക ഫോര്‍മുലകളില്ലെന്ന് .ഈ ചോദ്യം നിങ്ങള്‍ നൂറു വര്‍ഷം മുമ്പ് ചോദിച്ചിരുന്നുവെങ്കില്‍ എനിക്കീ ഉത്തരം പറയുവാനാവുമോ എന്നെനിക്കറിയില്ല. അതെന്റെ ജീവിതത്തിന്റെ അനുഗ്രഹങ്ങളിലൊന്നാണ് ഞാന്‍ ഇപ്പോള്‍ ഇവിടെ ജീവിക്കുന്നുവെന്നത.് ഞാന്‍ മുഴുവനായും വര്‍ത്തമാന കാലത്തില്‍ മുഴുകിയരിക്കുന്നു. മറ്റെല്ലാം അതിനു മുമ്പില്‍ നിഷ്പ്രഭമാവുന്നതു പോലെ...
നിങ്ങളെങ്ങെനെയാണ് ഓര്‍ക്കപ്പെടാന്‍ ആഗ്രഹിക്കുന്നത്. അവിശ്വസനീയമായ പ്രചോദനവും ആത്മീയതയും നിറഞ്ഞതാണ് നിങ്ങളുടെ പുസ്തങ്ങള്‍.. നിങ്ങളെ ക്കുറിച്ച് ജനങ്ങളറിഞ്ഞാല്‍ ആശ്ചര്യപ്പെടുന്നതെങ്കിലും?
തന്റെ പ്രവര്‍ത്തികളോട് ആത്മാര്‍ഥത പുലര്‍ത്തുന്നവര്‍ പുസ്തകങ്ങളിലും അത് ചെയ്യുന്നു. ഞാനെപ്പോഴും അതീവ താത്പര്യത്തോടെയും ആത്മാര്‍ത്ഥതയോടെയുമാണ് പുസ്‌കങ്ങളെഴുതുന്നത്.
വിവ. യൂനുസ് ചെമ്മാട്
Leave A Comment