ഒരു വൃദ്ധദിനം കൂടി കടന്നുപോവുമ്പോള്‍
ഒക്ടോബര്‍ 1, ലോക വൃദ്ധ ദിനം.
1990 ലാണ് ഐക്യരാഷ്ട്രസഭാ ജനറല്‍ അസംബ്ലി ഒക്ടോബര്‍ 1നെ ലോകവൃദ്ധദിനമായി ആചരിക്കാന്‍ തീരുമാനമെടുക്കുന്നത്. വര്‍ദ്ധിച്ചുവരുന്ന വൃദ്ധസാന്നിധ്യവും അതിലേറെ വര്‍ദ്ധിച്ചുവരുന്ന അവരോടുള്ള അവഗണനയും കണക്കിലെടുത്ത്, ജനങ്ങളെ ഇവ്വിഷയകമായി ബോധവല്‍ക്കരിക്കുക എന്നതാണ് ദിനാചരണത്തിന്റെ ലക്ഷ്യം. ശേഷം ഓരോ വര്‍ഷവും വൈവിധ്യമാര്‍ന്ന പ്രമേയവുമായി ഈ ദിനം ആചരിച്ചുപോരുന്നു.
നമുക്ക് വേണ്ട ഭാവി, വൃദ്ധ ജനങ്ങള്‍ എന്ത് പറയുന്നു, എന്നതാണ് ഈ വര്‍ഷത്തെ വൃദ്ധദിനത്തിന്റെ പ്രമേയം. വൃദ്ധ ജനങ്ങള്‍ സമൂഹത്തിന് സമര്‍പ്പിച്ച വിവിധ സംഭാവനകളെയും മറ്റുള്ളവര്‍ക്കായി വരിച്ച ത്യാഗങ്ങളെയും ഓര്‍മ്മിക്കുകയും ഓര്‍മ്മിപ്പിക്കുകയുമാണ് ഇതിലൂടെ ലക്ഷീകരിക്കുന്നത്.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം ലോകജനസംഖ്യയില്‍ പത്ത് ശതമാനം ആളുകള്‍ അറുപത് കഴിഞ്ഞവരാണ്. വൈദ്യചികില്‍സാരംഗത്ത് ശാസ്ത്രം ആര്‍ജ്ജിച്ചുകൊണ്ടിരിക്കുന്ന അഭൂതപൂര്‍വ്വമായ നേട്ടങ്ങളിലൂടെ ജനങ്ങളുടെ ആയുസ്സ് വര്‍ദ്ധിക്കുന്നുവെന്നാണ് കണക്ക്. അത് പ്രകാരം, അടുത്ത ഏതാനും വര്‍ഷങ്ങളില്‍ വൃദ്ധരുടെ എണ്ണം ഗണ്യമായി കൂടുമെന്നും അറുപത് കഴിഞ്ഞവരുടെ എണ്ണം ഇരുപത് ശതമാനമായി വര്‍ദ്ദിക്കുമെന്നും കണക്കുകള്‍ പറഞ്ഞുതരുന്നു.
വികസിത രാഷ്ട്രങ്ങളിലും വികസ്വര രാഷ്ട്രങ്ങളിലും 2050 ആകുമ്പോഴേക്ക്, ആകെയുള്ള കുട്ടികളുടെ എണ്ണത്തിന്റെ ഇരട്ടിയായിരിക്കും വൃദ്ധരുടെ എണ്ണമെന്ന് കണക്കുകളെ ആസ്പദമാക്കി, ഐക്യരാഷ്ട്രസഭാ സെക്രട്ടറി ബാന്‍ കി മൂണ്‍ പ്രസ്താവിച്ചിരിക്കുന്നു.
ഭൂരിഭാഗപേരും ഏറെ ഭീതിയോടെയാണ് വാര്‍ദ്ധക്യത്തെകുറിച്ച് ചിന്തിക്കുന്നതും ഓര്‍ക്കുന്നതും. വാര്‍ദ്ധക്യത്തെകുറിച്ചും അതില്‍ കാത്തിരിക്കുന്ന അവശതകളെക്കുറിച്ചുമോര്‍ത്ത് ആശങ്കപ്പെട്ട് ചെറുപ്പത്തിലേ ജീവിതം അവസാനിപ്പിച്ചവരും ചരിത്രത്തിലുണ്ട്. കൈയ്യില്‍ ആവശ്യാനുസരണം പണമില്ലെങ്കില്‍, വാര്‍ദ്ധക്യം ഏറെ ഭീകരമാണെന്ന് മലയാളത്തിന്റെ എഴുത്തുകാരന് പുനത്തില്‍ കുഞ്ഞബ്ദുല്ല പറഞ്ഞത് ഇയ്യടുത്തായിരുന്നു.
രണ്ടാം ബാല്യമെന്ന് പലരും വാര്‍ദ്ധക്യത്തെ വിശേഷിപ്പിക്കാറുണ്ട്. ശാരീരിക ചാപല്യങ്ങളും ബുദ്ധിപരമായ അപക്വതയും കണക്കിലെടുക്കുമ്പോള്‍ അത് ശരി തന്നെ, കൊച്ചുകുട്ടികളെപ്പോലെയാണല്ലോ പലപ്പോഴും അവര്‍ പെരുമാറുന്നത്. എന്നാല്‍, കുട്ടികളുടെ അത്തരം പെരുമാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും അതിലേറെ അവ ആസ്വദിക്കാനും മാതാപിതാക്കള്‍ സമയം കണ്ടെത്തുകയും ഏറെ താല്പര്യം കാണിക്കുകയും ചെയ്യുന്നുവെങ്കില്‍, രണ്ടാം ബാല്യത്തില്‍ കാര്യങ്ങള്‍ നേരെ മറിച്ചാണ്. വൃദ്ധരായ മാതാപിതാക്കളുടെ അത്തരം പെരുമാറ്റങ്ങള്‍ പലപ്പോഴും സഹിക്കാന്‍ മക്കള്‍ക്കാവില്ലെന്നതും ലാഭം മാത്രം തേടിയുള്ള ജീവിതത്തിന്റെ നെട്ടോട്ടത്തില്‍ അവരോടൊപ്പം ഒന്നിരിക്കാന്‍ പോലും അവര്‍ക്ക് സമയം ലഭിക്കുന്നില്ലെന്നതുമല്ലേ സത്യം.
സര്‍ക്കാറുകള്‍ സമയാസമയങ്ങളില്‍ രൂപീകരിക്കുന്ന നിയമങ്ങള്‍ കൊണ്ട് വൃദ്ധരുടെ സംരക്ഷണം പൂര്‍ത്തിയാകുന്നില്ല, ആരും അങ്ങനെ കരുതുന്നുമില്ല. ചെറുപ്പത്തില്‍ തങ്ങളെ സഹിച്ച, അതിലേറെ ആസ്വദിച്ച മാതാപിതാക്കളെ തിരിച്ച് ആസ്വദിക്കാനുള്ള സുവര്‍ണ്ണാവസരമാണ് വൃദ്ധരായ അവരെ ലഭിച്ചതിലൂടെ കൈവന്നിരിക്കുന്നതെന്ന തിരിച്ചറിവ് മക്കള്‍ക്ക് ഉണ്ടാകുന്നതിലൂടെ മാത്രമേ ഇതിന് ശാശ്വത പരിഹാരമാകൂ. ഒരു നേരം കഴിക്കാന്‍ ഭക്ഷണം ലഭിച്ചില്ലെങ്കില്‍ അത് അവര്‍ക്ക് സഹിക്കാനാവും, അതേസമയം, വാല്‍സല്യത്തോടെ അവരെ തലോടുന്ന മക്കളുടെ സ്നേഹസ്പര്‍ശമാണ് അവര്‍ക്കാവശ്യം. സ്വയം തോന്നിത്തുടങ്ങുന്ന ഒറ്റപ്പെടലുകള്‍ക്കിടയില്‍, അവരെ കേള്‍ക്കാനും അവരോടൊപ്പമിരിക്കാനും തയ്യാറുള്ള മക്കളെയോ ചെറുമക്കളെയോ അവര്‍ ഏറ്റവും കൂടുതല്‍ കൊതിക്കുന്നത്. അതില്ലാതെ പോവുന്നത് അവര്‍ക്ക് സഹിക്കാനാവില്ല.
വാര്‍ദ്ധക്യത്തിന്റെ സ്ഥാനവും പ്രാധാന്യവും ബോധനം നല്കുന്ന മതവിശ്വാസങ്ങള്‍ക്കും മതസംഹിതക്കും മാത്രമേ ഇതിന് ശാശ്വത പരിഹാരം കാണാനാകൂ. മാതാവിന്റെ മുഖത്തേക്ക് സ്നേഹത്തോടെ നോക്കിയിരിക്കുന്നതിന് പോലും പ്രതിഫലമുണ്ടെന്ന് പറയുന്ന പ്രവാചകാധ്യാപനങ്ങള്‍ക്ക് ഇവിടെ പ്രസക്തി വര്‍ദ്ധിക്കുകയാണ്. മാതാപിതാക്കളില്‍ ഒരാളെയെങ്കിലും വാര്‍ദ്ധക്യത്തില്‍ ശുശ്രൂഷിക്കാന്‍ അവസരം കൈവന്നിട്ടും അത് മുതലെടുത്ത് സ്വര്‍ഗ്ഗം നേടാന്‍ സാധിക്കാത്തവന് അല്ലാഹുവിന്റെ ശാപത്തിന് പാത്രമാവുമെന്ന ഹദീസ് വചനത്തെയും ഇത്തരം നിര്‍ദ്ദേശങ്ങളുടെ മുന്‍നിരയില്‍ തന്നെ നിര്‍ത്തേണ്ടിയിരിക്കുന്നു.
വിശുദ്ധ ഖുര്‍ ആന്‍ പറയുന്നത് നോക്കുക,
അവരില്‍ (മാതാപിതാക്കളില്‍) ഒരാളോ അല്ലെങ്കില്‍ രണ്ടു പേരുംതന്നെയോ നിന്റെയടുത്ത് വാര്‍ധക്യപ്രാപ്തരാകുമ്പോള്‍ '
ച്ഛെ'
എന്നുപോലും നീ അവരോട് പറഞ്ഞുപോകരുത്;
അവരോട് കയര്‍ക്കയുമരുത്;
ആദരപൂര്‍വമായ വാക്കുപറയണം. കാരുണ്യത്തോടെ വിനയമാകുന്ന ചിറക് അവര്‍ക്കു നീ താഴ്ത്തിക്കൊടുക്കുക. '
രക്ഷിതാവേ,
എന്റെ ചെറുപ്രായത്തില്‍ അവരെന്നെ രക്ഷിച്ചു വളര്‍ത്തിയ (സന്ദര്‍ഭത്തില്‍ അവരെനിക്കു കരുണ ചെയ്ത)തുപോലെതന്നെ അവര്‍ക്കു നീയും കരുണചെയ്യേണമേ'
എന്നു പ്രാര്‍ത്ഥിക്കുക. (ഇസ്റാഅ് 23-24). ലോകജനതക്ക് മുമ്പില്‍ ചില്ലിട്ടുവെക്കപ്പെടേണ്ടവയാണ് ഈ ഉദ്ധരണികള്‍.
ഇത്തരം ഉപദേശനിര്‍ദ്ദേശങ്ങളുള്‍ക്കൊള്ളുന്ന മക്കളുടെ മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം, വാര്‍ദ്ധക്യം തീര്‍ച്ചയായും രണ്ടാം ബാല്യമാണ്. അത് അവര്‍ക്കും മക്കള്‍ക്കും ഒരു പോലെ ആസ്വദിക്കാനാവും. അത്തരം ഒരു സമൂഹമാണ് നമുക്ക് വേണ്ടത്. എങ്കില്‍ വൃദ്ധസദനമെന്ന വാക്ക് പോലും പതുക്കെ അപ്രത്യക്ഷമാവും.
-അബ്ദുല്‍ മജീദ് ഹുദവി-
Leave A Comment