പരിഷ്‌കരിച്ച് പാഠ പുസ്തകങ്ങളുടെ വില നിര്‍ണയിച്ചു
മലപ്പുറം: ആശങ്കക്കൊടുവില്‍ സംസ്ഥാനത്ത് മാറിയ പാഠപുസ്തകങ്ങളുടെ വിലയില്‍ അന്തിമ തീരുമാനമായി. ഒന്‍പത്, പത്ത് ക്ലാസുകളിലെ പുസ്തകങ്ങളുടെ വില സംബന്ധിച്ച കാര്യങ്ങളിലാണ് സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് അന്തിമ തീരുമാനം എടുത്തത്. പഴയ പുസ്തകത്തെ അപേക്ഷിച്ച് ആനുപാതിക വര്‍ധനവ് ഏര്‍പ്പെടുത്തിയാണ് പുതിയ വില നിശ്ചയിച്ചിരിക്കുന്നത്.
പുതിയ പുസ്തകങ്ങളുടെ വില തീരുമാനമാവാത്തതിനാല്‍ സ്‌കൂള്‍ സൊസൈറ്റികളിലെത്തിയ പുസ്തകങ്ങള്‍പോലും കുട്ടികള്‍ക്ക് കൊടുക്കാന്‍ കഴിയാത്ത അവസ്ഥ സൃഷ്ടിച്ചിരുന്നു. അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ മുന്‍കൂട്ടി പണം അടച്ച് ആവശ്യമായ പുസ്തകങ്ങളുടെ കണക്ക് നല്‍കിയാല്‍ മാത്രമേ പാഠപുസ്തകം ലഭിക്കുകയുള്ളൂ. എന്നാല്‍ വില സംബന്ധിച്ച് അന്തിമ തീരുമാനം ആവാത്തതിനാല്‍ ഇത്തരം സ്്കൂളുകളിലുള്ള പുസ്തക വിതരണം നടത്താനായിരുന്നില്ല.
പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ നിലവില്‍ സംസ്ഥാനത്ത് ഒന്‍പത്, പത്ത് ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ക്കു മാത്രമാണ് സര്‍ക്കാര്‍ പണം ഈടാക്കുന്നത്. ഒന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാരും രണ്ടുമുതല്‍ എട്ടുവരെയുള്ള ക്ലാസിലുള്ളവര്‍ക്ക് സര്‍വശിക്ഷാ അഭിയാനും(എസ്.എസ്.എ) ആണ് പുസ്തകത്തിനുള്ള ഫണ്ട് നല്‍കുന്നത്. സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ എട്ടുവരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുന്നത്. വിലതീരുമാനമായതോടെ അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് ആവശ്യമായ പുസ്തകങ്ങളുടെ കണക്ക് പാഠപുസ്തക ഓഫിസര്‍ക്ക് നല്‍കാം.
ആവശ്യമായ പുസ്തകങ്ങളുടെ എണ്ണത്തിനനുസൃതമായ ഡിമാന്റ് ഡ്രാഫ്റ്റ് കൊടുത്താല്‍ അണ്‍-എയ്ഡഡ് സ്‌കൂളുകള്‍ക്ക് വിതരണ ഉത്തരവ് ലഭിക്കും. പാഠ പുസ്തക ഓഫിസറുടെ ഉത്തരവുമായി ഡിപ്പോയില്‍ നേരിട്ടെത്തിയാണ് അണ്‍-എയ്ഡഡ് സ്‌കൂളുകള്‍ പുസ്തകം വാങ്ങേണ്ടത്.
കഴിഞ്ഞ വര്‍ഷത്തെ കണക്കുപ്രകാരം 25 ലക്ഷത്തിലധികം പുസ്തകങ്ങളാണ് ഈ മേഖലയില്‍ വിതരണം ചെയ്തത്. പുസ്തകത്തിന്റെ അച്ചടിയുടെയും വിതരണത്തിന്റെയും ചുമതലയുള്ള കെ.ബി.പി.എസ് തന്നെയാണ് ഇവ ലഭ്യമാക്കുക. പൊതുവിദ്യാഭ്യാസ മേധാവിയുടെ നേതൃത്വത്തില്‍ എസ്.സി.ഇ.ആര്‍.ടി, അച്ചടി വിഭാഗം, സ്റ്റേഷനറി കണ്‍ട്രോളര്‍, പൊതുവിദ്യാഭ്യാസ സഹമേധാവി, പാഠപുസ്തക ഉദ്യോഗസ്ഥന്‍ എന്നിവരടങ്ങുന്ന സമിതിയാണ് വില സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തത്. അന്തിമ വില ഐ.ടി അറ്റ് സ്്കൂളിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഏറെ പരിഷ്‌കരണങ്ങളോടെയാണ് ഇത്തവണ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. മെയ് 15 നകം ഒന്നാംഘട്ട പാഠ പുസ്തക വിതരണം പൂര്‍ത്തിയാവുമെന്നാണ് കെ.ബി.പി.എസ് അധികൃതര്‍ പറയുന്നത്.



Leave A Comment