മലേഷ്യക്ക് തിലകം ചാര്‍ത്തി ഐ.ഐ.യു.എം
വിജ്ഞാനങ്ങളുടെ ഇസ്‌ലാമികവത്ക്കരണം എന്ന മഹത്തായ ലക്ഷ്യത്തോടെ മുന്നേറുന്ന ലോകപ്രശസ്ത സര്‍വ്വകലാശാലയാണ് ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂണിവേഴ്സിറ്റി മലേഷ്യ. കോലാലംപൂര്‍ നഗരത്തിന് വടക്കു ഭാഗത്തായി ഗോംബാക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 1983ലായിരുന്നു അത് സ്ഥാപിതമായത്. സഊദിഅറേബ്യ, തുര്‍കി, പാകിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങി ഒട്ടേറെ മുസ്‌ലിം രാഷ്ട്രങ്ങളുടെ സഹകണത്തോടെയാണ് അത് സ്ഥാപിക്കപ്പെട്ടത്. ഇസ്‌ലാമിക വിഷയങ്ങള്‍ക്കൊപ്പം സാമൂഹ്യശാസ്ത്രം, ആധുനികശാസ്ത്രം, വൈദ്യശാസ്ത്രം തുടങ്ങിയവയും പാഠ്യപദ്ധതിയില്‍ പെട്ടതാണ്. മുന്‍മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദായിരുന്നു ഇതിന് പിന്നിലെ മാസ്റ്റര്‍മൈന്‍ഡ്. മറ്റു സര്‍വ്വകലാശാലകളെപ്പോലെ എല്ലാ അക്കാദമിക് കോഴ്സുകളും നല്‍കുന്നതോടൊപ്പം ഇസ്‌ലാമിക മൂല്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന ഒരു സര്‍വ്വകലാശാല എന്നതായിരുന്നു അദ്ദേഹത്തിന്റെ ആശയം. സ്ഥാപിതമായത് മുതല്‍തന്നെ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്ന മലേഷ്യയിലെ ഏക സര്‍വ്വകലാശാലയും ഇത് തന്നെയാണ്. അഹ്മദ് ഇബ്റാഹീം നിയമകോളേജ്, ഭാഷാ കോളേജ്, വിഭവശേഷിവികസന കോളേജ്, സിവില്‍എന്‍ജിനീയറിംഗ് കോളേജ്, എന്‍ജിനീയറിംഗ് കോളേജ്, മാനേജ്മെന്റ് ആന്റ് ഫൈനാന്‍സ് കോളേജ്, ഹുമാനിറ്റീസ് ആന്റ് ഇസ്‌ലാമിക് കോളേജ്, ഇന്‍ഫര്‍മേഷന്‍ ആന്റ് ടെക്നോളജി കോളേജ് എന്നിവയാണ് പ്രധാന സംരംഭങ്ങള്‍. വൈദ്യശാസ്ത്രം, ദന്തവൈദ്യം, ഫാര്‍മസി, നേഴ്സിംഗ്, ഹെല്‍ത് സയന്‍സ് എന്നിവയിലും കോഴ്സുകള്‍ നല്‍കുന്നുണ്ട്. അതോടൊപ്പം യൂണിവേഴ്സിറ്റി മെയിന്‍ ലൈബ്രറി, സുല്‍താന്‍ അഹ്മദ് ശാഹ് മസ്ജിദ്, സ്പോര്‍ട്സ് ക്ലബ്, റിസര്‍ച്ച് സെന്റര്‍, ഹാറൂന്‍ഹാശിം സെന്റര്‍ ഫോര്‍ ലീഗല്‍സ്റ്റഡീസ് എന്നിവയും പ്രത്യേകം ശ്രദ്ധേയമാണ്. അന്തുലേഷ്യന്‍ ഇസ്‌ലാമിക് വാസ്തുവിദ്യയിലയില്‍ നടത്തിയിട്ടുള്ള സര്‍വ്വകലാശാലയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. മലേഷ്യന്‍ ഭാഷക്ക് പുറമെ അറബി, ഇംഗ്ലീഷ് ഭാഷകളും അധ്യാപനമാധ്യമങ്ങളാണ്. നിലവിലുള്ള മുപ്പതിനായിരത്തിലേറെ വരുന്ന വിദ്യാര്‍ത്ഥികളില്‍ പത്ത് ശതമാനത്തോളം വിദേശികളാണ്. അറബ് രാഷ്ട്രങ്ങളിലെ വിദ്യാര്‍ത്ഥികളും അമുസ്‌ലിം വിദ്യാര്‍ത്ഥികളും ഇക്കൂട്ടത്തിലുണ്ട്. മലേഷ്യയുടെ വൈജ്ഞാനിക തുടിപ്പുകളുടെ സിരാകേന്ദ്രമാണെന്നതിലുപരി മുസ്‌ലിംലോകത്തെ വിദ്യാര്‍ത്ഥികളുടെ സ്വപ്നഭൂമിക കൂടിയാണ് ഇന്ന് ഈ സര്‍വ്വകലാശാല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter