ദാറുല്‍ഹുദാ: ചരിത്രമുഹൂര്‍ത്തങ്ങള്‍
എല്ലാ സ്വപ്‌നങ്ങള്‍ക്കും പിറകേ, അത് പുലരുന്നതിന് പിന്നില്‍ ഉറക്കമൊഴിക്കുന്ന കടുത്ത പ്രായോഗികവാദിയും അങ്ങേയറ്റം പ്രചോദിതനും ആയ ഒരാള്‍ ഉണ്ടായിരിക്കും. ഉറക്കിലും ഉണര്‍ച്ചയിലും അവധൂതനെപ്പോലെ അയാള്‍ ആത്മാവില്‍ ലക്ഷ്യസ്ഥാനത്തേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കും. അവിടെ എത്തിച്ചേരുന്നതിന് മുമ്പ് തന്നെ അതിന്റെ നിശ്ചല ദൃശ്യങ്ങളും ചലനാത്മക ഭാവങ്ങളും അയാള്‍ മനസ്സില്‍ നൂറ് തവണയെങ്കിലും കണ്ടിരിക്കും. പിന്നീട് വഴിയിലെ നിരാശാജനകമായ അനുഭവങ്ങള്‍ അയാളെ തളര്‍ത്തുന്നില്ല. സാധാരണ ജീവിതത്തിലേതല്ല അയാളുടെ അടിസ്ഥാന ആവശ്യങ്ങള്‍. ശുദ്ധ വായു, കുടിവെള്ളം, സുഖകരമായ പാര്‍പ്പിടം എന്നീ ഘടകങ്ങള്‍ വെച്ച് അയാള്‍ ജീവിതത്തെ അളക്കുന്നുമില്ല. തീരുമാനിച്ചുറച്ച് യാത്ര പുറപ്പെടുന്നതോടെ അയാള്‍ മറ്റൊരു മനുഷ്യനായിത്തീരുന്നു. എല്ലാ യാത്രകളിലും ലക്ഷ്യസ്ഥാനം നേരത്തേ ഉള്ളതാണ്. അവിടെ എത്താനുള്ള തീരുമാനവും ക്ലേശപൂര്‍ണമായ പുറപ്പാടും സഞ്ചാരിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമ്പോള്‍ അല്ലാഹു ലക്ഷ്യത്തില്‍ അവരെ എത്തിക്കുന്നു. നിശ്ചയം, കര്‍മങ്ങള്‍ നിശ്ചയ ദാര്‍ഢ്യങ്ങള്‍ കൊണ്ടാണ് സംഭവിക്കുന്നത്.
ആലോചനകള്‍ കൊണ്ട് സജീവമായ കാലഘട്ടത്തിന്റെ, അകം പുകഞ്ഞിരുന്ന തലമുറയുടെ, ദീര്‍ഘദര്‍ശികളും നിസ്വാര്‍ത്ഥികളുമായ സമുദായ സ്‌നേഹികളുടെ എല്ലാം കൂട്ടായ സ്വപ്നമായിരുന്നു ദാറുല്‍ ഹുദാ ഇസ്‌ലാമിക് അക്കാദമി. മാറുന്ന കാലത്തെ ഇസ്‌ലാമികമായി നേരിടാനുള്ള സമുദായത്തിന്റെ ഉല്‍കടമായ ആഗ്രഹങ്ങള്‍ ഉള്ളിലൊതുക്കിയ ഒരു പ്രതീകമായിരുന്നു അന്ന് അത്. വൈജ്ഞാനികവും ബൗദ്ധികവുമായ നിരന്തര മാറ്റത്തെ നേരിടുക എന്നതാണ് മുഹമ്മദീയ ഉമ്മത്തിന്റെ മുമ്പിലെ പ്രതിസന്ധി. ആഗോള വ്യാപകമായ ഇസ്‌ലാമിക സമൂഹത്തിന്റെ പ്രദേശ-കാലാനുസൃതവും വിപുലവുമായ പ്രതിസന്ധികളെ നേരിടാനുള്ള വഴികള്‍ നേരത്തെ അല്ലാഹു ഒരുക്കി വെച്ചിട്ടുണ്ട്. തിരുനബി(സ)യുടെ സുന്നത്തും കാലാ കാലങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന, ഖുര്‍ആനും സുന്നത്തും ആത്മാവിലും ജീവിതത്തിലും ആവാഹിച്ച വലിയ മനുഷ്യരുമാണ് വെല്ലുവിളികളെ പ്രതിരോധിക്കാനുള്ള നമ്മുടെ ഒരുക്കങ്ങള്‍. ഇവിടെ അടിവരയിട്ട് ഓര്‍ക്കേണ്ടത് നവോത്ഥാന നായകര്‍ ഇസ്‌ലാമിനെയല്ല, മുസ്‌ലിം സമുദായത്തെയാണ് സംസ്‌കരിച്ചത് എന്നതാണ്.
വിവര-സാങ്കേതികതാ വിസ്‌ഫോടനത്തിന്റെയും ആഗോളീകരണത്തിന്റെയും സമയക്രമത്തിലിരുന്നാണ് ദാറുല്‍ ഹുദയുടെ വിധാതാക്കള്‍ ആലോചനകളില്‍ മുഴുകുന്നത്. കേരളം എന്ന വട്ടത്തിനപ്പുറത്തേക്ക് ഇസ്‌ലാമിക വിനിമയം സാധ്യമാക്കുക, ആധുനിക വിജ്ഞാന ശാഖകള്‍ കൂടി മതപണ്ഡിതര്‍ ആര്‍ജ്ജിക്കുക, ആശയസംവേദനത്തിന്റെയും സംവാദത്തിന്റെയും കാലോചിതവും പ്രസക്തവുമായ മാധ്യമങ്ങള്‍ നേടിയെടുക്കുക എന്നിങ്ങനെ ഏറ്റവും പുതിയ ചില വിചാരങ്ങള്‍ അവരില്‍ സജീവമായിരുന്നു. എസ്.എം.എഫിന്റെ കൂടിയിരുപ്പ് അങ്ങനെയാണ് മാതൃകാ ദര്‍സ് എന്ന രീതിശാസ്ത്രത്തില്‍ എത്തിച്ചേര്‍ന്നത്. അതിന്റെ പടിപടിയായുള്ള വികാസമാണ് ദാറുല്‍ ഹുദ എന്ന ആശയത്തിന്റെ പ്രയോഗത്തില്‍ എത്തിച്ചേര്‍ന്നത്. സ്വാഭാവികവും കാലാനുസൃതവുമായി ഉണ്ടായിത്തീര്‍ന്ന വളര്‍ച്ചയായിരുന്നു ദാറുല്‍ ഹുദ എന്ന പ്രക്രിയ എന്ന് കാണാം. സത്യസന്ധനായ സഞ്ചാരിയുടെ മുന്നില്‍ അല്ലാഹു വഴിയടയാളങ്ങളായി പ്രത്യക്ഷപ്പെടുന്നു.
മര്‍ഹൂം എം.എം.ബശീര്‍ മുസ്‌ലിയാരും സി.എച്ച്. ഐദ്രൂസ് മുസ്‌ലിയാരും കരള്‍ച്ചോര നേദിച്ച് വളര്‍ത്തിയ ദാറുല്‍ ഹുദ എന്ന സ്വപ്നത്തിന്റെ പുലര്‍ച്ചക്കായി ഉറക്കൊഴിച്ച പ്രായോഗികവാദിയും പ്രചോദിതനുമായ പരികര്‍മി മര്‍ഹൂം ഡോ.യു.ബാപ്പുട്ടി ഹാജിയായിരുന്നു. കണിശക്കാരനായ ഹാജിയാര്‍ക്ക് തുടര്‍ന്നുള്ള രാപകലുകളില്‍ കൂട്ടായുണ്ടായിരുന്നത് ദാറുല്‍ ഹുദയുടെ ഓരോ തൂണുകളുമായിരുന്നു. അത് അദ്ദേഹത്തിന്റെ ജീവിതക്രമം മാറ്റി. മറ്റാരും കാണുന്നതിന് മുമ്പ് ചെമ്മാട്ടെ മാനീപാടത്തെ താഴ്ചയുള്ള കുഴികളില്‍, വെള്ളവും ചെളിയും നിറഞ്ഞ കുണ്ടുകളില്‍ അദ്ദേഹം ദാറുല്‍ ഹുദയുടെ സൗധം മൂര്‍ച്ചയുള്ള കണ്ണുകളാല്‍ ദര്‍ശിച്ചു. അവിവേകികളായ മനുഷ്യര്‍ അദ്ദേഹത്തിന്റെ സമനില തെറ്റിയെന്നു പരിഹസിച്ചുവത്രെ. ഇവിടെ വെച്ച് നാം അലീഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയുടെ സ്ഥാപകനും ഇന്ത്യന്‍ മുസ്‌ലിംകളുടെ വിദ്യാഭ്യാസ വിപ്ലവത്തിന്റെ ആചാര്യനുമായിരുന്ന സര്‍ സയ്യിദ് അഹ്മദ് ഖാന്റെ ചരിത്രമോര്‍ക്കുന്നു. സ്ഥാപനത്തിനു വേണ്ട ധനസമാഹരണത്തിനു മീററ്റിലും ഡല്‍ഹിയിലും ലക്‌നൗവിലും സഞ്ചരിച്ച അദ്ദേഹത്തെ ചിലര്‍ പരിഹാസ പൂര്‍വം കല്ലെറിഞ്ഞു. ആ കല്ലുകള്‍ പോലും അദ്ദേഹം ഭാണ്ഡത്തില്‍ കരുതി വെച്ചു. സ്ഥാപനത്തിന്റെ നിര്‍മാണ പ്രവര്‍ത്തന വേളയില്‍ ആ കല്ലുകള്‍ അദ്ദേഹം മുതല്‍കൂട്ടി. ചരിത്രത്തില്‍ ഇത്തരം അതിശയങ്ങള്‍ തുലോം വിരളമാണ്. ഓരോ കല്ലിലും ഒളിഞ്ഞിരിക്കുന്ന എടുപ്പുകള്‍ ഇവര്‍ സ്വപനം കാണുന്നു. ഓരോ കുഴിയിലും മറഞ്ഞിരിക്കുന്ന സാധ്യതകള്‍ ഇവര്‍ കണ്ടെടുക്കുന്നു. ഇവരില്‍ നിന്ന് മഹാതിശയങ്ങള്‍ പിറവിയെടുക്കുന്നു.
ആലോചിച്ചുറപ്പിച്ചു മാത്രമെ ഓരോ വാക്കും ഹാജിയാര്‍ ഉച്ചരിക്കുമായിരുന്നുള്ളൂ. ഇടര്‍ച്ചയില്ലാത്തതും വ്യക്തവുമായിരുന്നു ആ ശബ്ദം. ആത്മാര്‍ത്ഥതയും സത്യന്ധതയും അവയുടെ അടിത്തട്ടിലുണ്ടായിരുന്നു. കാഴ്ചപ്പാടുകളുടെ വ്യക്തതയായിരിക്കണം അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് കിട്ടിയിരിക്കുക. രോഗികളെ പരിശോധിക്കുമ്പോഴും ക്ലാസ് മുറികളില്‍ സംസാരിക്കുമ്പോഴും ഓഫീസില്‍ ഔദ്യോഗിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോഴും വേദിക്ക് മുകളില്‍ പ്രസംഗിക്കുമ്പോഴും അവയില്‍ ആത്മവിശ്വാസവും വിനയവും ഒരേ സമയം തുടിച്ചു നിന്നു.
സ്ഥാപനത്തെക്കുറിച്ചുള്ള കാര്യമാത്ര പ്രസക്തമായ സംസാരങ്ങളിലൊക്കെ അദ്ദേഹം പറയുമായിരുന്നു: ‘ദാറുല്‍ ഹുദാ ഒരു വലിയ പരീക്ഷണമാണ്’. കൃത്യമായ നിര്‍വചനങ്ങളിലോ വിശദീകരണങ്ങളിലോ ഒതുക്കാന്‍ കഴിയാത്തത്ര ബൃഹത്തും മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ മാത്രം പരീക്ഷണാത്മകവുമായിരന്നു ആ മനസ്സിലെ ദാറുല്‍ ഹുദ. വികസിച്ചുകൊണ്ടിരിക്കുന്ന, പരിണാമത്തിന്റെ ദിശകളിലൂടെ മുന്നേറുന്ന ഒരു പ്രക്രിയയാണ് ദാറുല്‍ ഹുദ എന്ന് അദ്ദേഹം കൃത്യമായി വിലയിരുത്തിയിരുന്നു. സ്ഥാപനം ഇസ്‌ലാമിക സര്‍വകലാ ശാലയായി ഉയര്‍ത്തപ്പെടുമ്പോള്‍ ഈ പരീക്ഷണത്തിന്റെ ഒരു ഘട്ടം കൂടി പിന്നിടുകയായിരുന്നു. ‘ദാറുല്‍ ഹുദായില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ വന്ന് പഠിക്കുന്ന കാലം അതിവിദൂരമല്ല’ എന്ന ഹാജിയാരുടെ വാക്കുകള്‍ പുലര്‍ച്ച കാത്തിരിക്കുന്നു.
*** *** ***
തത്ത്വശാസ്ത്രം, ഗണിതം, വൈദ്യശാസ്ത്രം, ഗോളശാസ്ത്രം എന്നിങ്ങനെ നാനാ ശാസ്ത്രങ്ങളില്‍ മതവിജ്ഞാനത്തിനൊപ്പം സമര്‍ത്ഥരായിരുന്നു മുസ്‌ലിം പണ്ഡിതര്‍. പല ശാഖകളും ഉടലെടുക്കുന്നത് ഇവരുടെ സംഭാവനകളില്‍ നിന്നാണ്. വിജ്ഞാനത്തെ മതം, മതേതരം എന്നിങ്ങനെ അറകളില്‍ വേര്‍തിരിച്ചു നിര്‍ത്തിയിരുന്നില്ല അവര്‍. ആധുനിക യൂറോപ്പിന്റെ കൊടിപിടിച്ച നവോത്ഥാനം സംഭവിക്കുന്നത് തന്നെ മുസ്‌ലിംകള്‍ തുടങ്ങിവെച്ച വിജ്ഞാനത്തിന്റെ ചുവട് പിടിച്ചാണെന്നത് ഇന്നൊരു കേവല സത്യമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
പക്ഷേ, ചരിത്രത്തില്‍ മുസ്‌ലിംകള്‍ (യൂറോപ്യന്‍ ചരിത്രത്തില്‍ മൂറുകള്‍) വരക്കപ്പെട്ടത് കൊള്ളക്കാരും അക്ഷര വിരോധികളുമായായിരുന്നു.അങ്ങനെ കാലത്തിന്റെ പുറം പോക്കില്‍ നാം ഉപേക്ഷിക്കപ്പെട്ടു. ആര്‍ക്കും പെട്ടെന്ന് പ്രകോപിപ്പിക്കാനാവുന്ന, തീവ്രവാദിയും മതമൗലികവാദിയുമാക്കാവുന്ന പ്രതിഛായ മുസ്‌ലിമിന്റെതായി നിലവില്‍ വന്നു. ഇത് മാറ്റി വരക്കേണ്ടത് എങ്ങനെയാണെന്ന അന്വേഷണത്തിന്റെ അനന്തരഫലം കൂടിയായിരുന്നു ദാറുല്‍ ഹുദാ ഇസ്‌ലാമിക് അക്കാദമി. അബോധപൂര്‍വമായിരുന്നെങ്കിലും ഈ ചിന്താഗതി സ്ഥാപനത്തിന്റെ പിന്നണി പ്രവര്‍ത്തകര്‍ പങ്ക് വെച്ചിരുന്നു. ഇന്ത്യക്കു പുറത്ത്, വിശിഷ്യ യൂറോപ്പ് പോലുള്ള ഇടങ്ങളില്‍ ഇസ്‌ലാമിന്റെ മുഖം അവതരിപ്പിക്കുക എന്നത് ദാറുല്‍ ഹുദയുടെ ലക്ഷ്യങ്ങളില്‍ പ്രധാനമായി എണ്ണപ്പെട്ടിരുന്നു.
കേരളത്തിലെ മുസ്‌ലിം വിദ്യാഭ്യാസത്തിന്റെ ചരിത്രം ഓത്തുപള്ളി, ദര്‍സുകള്‍, മദ്‌റസകള്‍, അറബിക് കോളേജുകള്‍ എന്നിങ്ങനെ അനുക്രമം വളരുന്നതാണ്. അയല്‍ രാജ്യങ്ങില്‍ നിന്ന് പോലും കേരളത്തിലെ ദര്‍സുകളിലേക്ക് വിദ്യാഭ്യാസാര്‍ത്ഥം വിദ്യാര്‍ത്ഥികള്‍ വന്നിരുന്നു. ഓത്തുപള്ളികള്‍ അടിസ്ഥാന മതവിദ്യാഭ്യാസത്തിന്റെ ഋജു മാര്‍ഗമായിരുന്നു. മദ്‌റസാ പ്രസ്ഥാനം ആഗോള ഇസ്‌ലാം മതവിദ്യാഭ്യാസ രംഗത്തെ തന്നെ അതുല്യതയാണ്. പള്ളിദര്‍സുകളുടെ കാലോചിതമായ പരിഷ്‌കരണമായിരുന്നു അറബിക് കോളേജുകള്‍.
അറബിക് കോളേജുകള്‍ക്കിടയില്‍ വ്യത്യസ്തവും വ്യവസ്ഥാപിതവുമായ പാഠ്യക്രമം അവതരിപ്പിച്ചാണ് ദാറുല്‍ ഹുദാ സാന്നിധ്യമറിയിക്കുന്നത്. അറബിക് കോളേജ് എന്നതിന് പകരം ‘അക്കാദമി’ വെക്കുമ്പോള്‍ സ്ഥാപകരുടെ മനഃപൂര്‍വമുള്ള തെരഞ്ഞെടുപ്പ് ആയിരുന്നു അത്. മത-ഭൗതിക സമന്വയ പാഠങ്ങളുടെ സിലബസ് ആയിരുന്നു പൊതുധാരയില്‍ നിന്നു മാറി നടന്ന ദാറുല്‍ ഹുദയുടെ പാത. ഇതിലൂടെ സ്ഥാപനം നിര്‍വഹിച്ചത് ചരിത്രപരമായ ദൗത്യമായിരുന്നു. മുറിഞ്ഞു പോയ ഇസ്‌ലാമിക വിദ്യാഭ്യാസത്തിന്റെ പൊതു ഇടത്തിലേക്ക് മടങ്ങി വരാനുള്ള ആഗ്രഹവും ആര്‍ജ്ജവവും ദാറുല്‍ ഹുദ ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു. ഹിക്മത്ത് മുഅ്മിനിന്റെ കളഞ്ഞു പോയ മുതലാണല്ലോ,എവിടെയും അവന്‍ അത് തിരഞ്ഞുകൊണ്ടേയിരിക്കും.
മനുഷ്യന്റെ വികാസം വിജ്ഞാനത്തിലൂടെയാണ് സംഭവിക്കുന്നത്. അറിയും തോറും മനുഷ്യന്‍ അവന്റെ സത്തയുടെ പൂര്‍ണതയിലേക്ക് സഞ്ചരിക്കുകയാണ്. അല്ലാഹുവിനെയും ആത്മാവിനെയും പ്രകൃതിയെയും അനുഭവിക്കാന്‍ അറിയുന്നതിലൂടെ കഴിയുന്നു. ഇവ മൂന്നും ഒരു ത്രികോണമാനത്തില്‍ ബന്ധപ്പെട്ടു കിടക്കുന്നു.
വിദ്യാഭ്യാസത്തിന്റെ പ്രക്രിയ രണ്ട് തരത്തിലാണ്, ലംബം, തിരശ്ചീനം എന്നിങ്ങനെ. ലംബമാനമായ വളര്‍ച്ച, അല്ലാഹുവിലേക്കുള്ള അടുപ്പം വിജ്ഞാനങ്ങളിലൂടെ സൃഷ്ടിക്കലാണ്. തിരശ്ചീനമായ വികാസം ഐഹികമായ ജ്ഞാന മാതൃകകളിലൂടെ സാധ്യമാകുന്ന സാമൂഹിക പുരോഗതിയാണ് . ഈ രണ്ട് തരത്തിലുമുള്ള വികാസം ആനുപാതികമായി വരുമ്പോഴേ ആരോഗ്യ പൂര്‍ണമായ മുസ്‌ലിം ഉമ്മത്ത് ഉടലെടുക്കുന്നൊള്ളൂ. ഉമ്മത്തിന് വെളിയില്‍ സമാന്തരമായി വളരുന്ന ജ്ഞാന-അതിജീവന മാതൃകകളോട് പുറംതിരിഞ്ഞു നിന്നാല്‍ സമുദായം മറ്റുള്ളവരോടൊപ്പം ഓടിയെത്തുന്നതില്‍ പരാജയപ്പെടുകയായിരിക്കും ഫലം.
മതബോധനങ്ങള്‍ക്കകത്ത് നിന്ന്, കാലം ആവശ്യപ്പെടുന്ന മറ്റു ജ്ഞാന രൂപങ്ങളെക്കൂടി വിളക്കിച്ചേര്‍ത്ത സമീകൃതമായ പാഠ്യപദ്ധതിയാണ് മത-ഭൗതിക സമന്വയ വിദ്യാഭ്യാസത്തിലൂടെ ദാറുല്‍ ഹുദ മുന്നോട്ട് വെച്ചത്. ഈ സംവിധാനത്തിലേക്ക് പിന്നീട് പലരും കടന്നു വന്നു. ഈ അര്‍ത്ഥത്തിലാണ് ദാറുല്‍ ഹുദ കേരളീയ ഇസ്‌ലാം മത വിദ്യഭ്യാസ രംഗത്തെ ഒരു ട്രെന്റ് സെറ്റര്‍ ആണെന്നു പറയുന്നത്. നാനാ തരത്തിലുള്ള വെല്ലുവിളികള്‍ നേരിട്ടു കൊണ്ടിരുന്ന സമുദായത്തെ എഴുന്നേല്‍പ്പിച്ചു നിര്‍ത്താനുള്ള തന്റേടപൂര്‍വമായ ശ്രമമായിരിന്നു അത്. എല്ലാകാലത്തും ഇഹ്‌യാഉദ്ദീന്‍ നടക്കേണ്ടത് വിജ്ഞാന പ്രവര്‍ത്തനങ്ങളിലൂടെയാണെന്ന ഇസ്‌ലാമിക കാഴ്ചപ്പാടാണ് ഇവിടെയും പുലരുന്നത്.
2009 ല്‍ ദാറുല്‍ ഹുദ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയായി ഉയര്‍ത്തപ്പെട്ടപ്പോള്‍ ബാപ്പുട്ടി ഹാജിയുടെ വാക്കുകള്‍ അതിന്റെ കാവ്യനീതി കണ്ടെത്തുകയായിരുന്നു. വലിയ പരീക്ഷണങ്ങളുടെ പരിണതി വിജയിത്തിലേക്ക് എത്തുക എന്നതോ തിരിച്ചോ ആണ്. പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ തുടര്‍ച്ചയായ അനിശ്ചിതത്വത്തില്‍ നാം പെട്ടു പോകുന്നുണ്ട്. പക്ഷേ, നേരത്തെ പറഞ്ഞ പോലെ ലക്ഷ്യത്തെക്കുറിച്ച് പൂര്‍ണ ബോധ്യമുണ്ടായിരുന്ന ഒരു യാത്രാസംഘത്തിന് അല്ലാഹുവിന്റെ സഹായം ഉണ്ടാകുക തീര്‍ച്ചയാണല്ലോ. സര്‍വകലാശാലയായി സ്ഥാപനം മാറുമ്പോള്‍ സാഫല്യത്തിന്റെ ഒരു നാഴികക്കല്ല് പിന്നിടുകയാണ്.
ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലെ ഗവേഷണങ്ങള്‍ക്കും ഉന്നതമായ പഠനങ്ങള്‍ക്കും നിലമൊരുക്കുക എന്നതാണ് പുതിയ മാറ്റത്തിന്റെ ആഗ്രഹിക്കുന്ന ഫലം. ഇരുപത്തഞ്ച് വര്‍ഷത്തിനപ്പുറത്തേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ പുറപ്പെട്ട നാഴികക്കല്ല് നാട്ടിയിരുന്ന ചെളിപ്പാടം നാം ഓര്‍ക്കുന്നു. അന്നവിടെ വിയര്‍ത്തൊലിച്ചു നിന്നിരുന്ന വലിയ മനുഷ്യന്റെ ഗിരിസമാനമായ ഉയരം എത്തിപ്പിടിക്കാന്‍ നമ്മുടെ കണ്ണുകള്‍ക്ക് ആവുന്നില്ല. ചരിത്രം പഠിക്കുന്നത് വാഹനത്തന്റെ വശക്കണ്ണാടികള്‍ ഉപയോഗിക്കുന്നത് പോലെയാണ്. മുന്നോട്ട് പോകാന്‍ പിന്നില്‍ നിന്നു വരുന്ന വാഹനങ്ങളുടെ ചിത്രം വീണ്ടും വീണ്ടും നോക്കുന്നു. അന്വേഷണത്തിന്റെ പുതിയ ചാലുകളിലേക്ക് കടക്കുകയാണെങ്കിലും ആയിത്തീര്‍ന്നതിന്റെ പേരില്‍ അല്ലാഹുവിനെ സ്തുതിക്കുകയാണ് ദാറുല്‍ ഹുദാ ഇസ്‌ലാമിക് സര്‍വകലാശാല.
Leave A Comment