ദാറുല്‍ ഹുദാ ഇസ് ലാമിക് യൂണിവേഴ്‌സിറ്റി
മത ഭൗതിക സമന്വയ വിദ്യാഭ്യാസ രംഗത്ത് സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന മഹല്‍ സ്ഥാപനമാണ് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി. രണ്ടര പതിറ്റാണ്ടുകളോളം കേരളത്തിനകത്തും പുറത്തുമുളള ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്ന ദാറുല്‍ ഹുദാ, ഇക്കാലയളവില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമത്രെ. ആഗോള ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കാന്‍ യോഗ്യരായ കരുത്തുറ്റ യുവ പണ്ഡിതരെ വാര്‍ത്തെടുക്കുകയെന്ന മഹത്തായ ലക്ഷ്യത്തോടെയാണ് ദാറുല്‍ ഹുദാ ആരംഭിച്ചത്. കേരളത്തിലെ ഇസ്‌ലാമിക പ്രബോധന മേഖലയിലെ അപര്യാപ്തതയും ശോഷണവുമാണ് മര്‍ഹൂം എം.എം. ബശീര്‍ മുസ്‌ലിയാര്‍, മര്‍ഹൂം സി.എച്ച്. ഐദറൂസ് മുസ്‌ലിയാര്‍, മര്‍ഹൂം. ഡോ. യു. ബാപ്പുട്ടി ഹാജി തുടങ്ങിയ സമുന്നതരായ നേതാക്കളെ ശ്രമകരമായ ഈ ദൗത്യത്തിന് പ്രേരിപ്പിച്ചത്. 1970- കളുടെ അവസാന ഘട്ടം. മത വിജ്ഞാന രംഗത്ത് അതീവ ശ്രദ്ധ ചെലുത്താന്‍ വര്‍ഷങ്ങളായി അഗാധ പരിശ്രമം നടത്തിക്കൊണ്ടിരിക്കുന്ന അന്നത്തെ പ്രഗല്‍ഭരായ പണ്ഡിത മഹത്തുക്കളില്‍ ശോഷിച്ച് കൊണ്ടിരിക്കുന്ന ദര്‍സുകളുടെ സ്ഥിതി ആശങ്കയുടെ കരിനിഴല്‍ വീഴ്ത്തി. ദര്‍സുകളില്‍ ഏകീകൃത പാഠ്യപദ്ധതി നടപ്പിലാക്കി പരീക്ഷിക്കുകയെന്നതായിരുന്നു അവസാനമവര്‍ കണ്ട പരിഹാരം. പക്ഷേ, വിവിധങ്ങളായ കാരണങ്ങളാല്‍ ആ ശ്രമം ഉദ്ദിഷ്ട വിജയം കാണാതെ പോവുകയായിരുന്നു. അതോടെ മാതൃകാ ദര്‍സ് എന്ന പുതിയ ചിന്ത രൂപം കൊണ്ടു. മത വിഷയങ്ങള്‍ക്കൊപ്പം ഉര്‍ദു, ഇംഗ്ലീഷ് ഭാഷകള്‍ കൂടി ഉള്‍പ്പെടുത്തി ദര്‍സുകളില്‍ നിന്ന് പുറത്ത് വരുന്ന പണ്ഡിതര്‍ക്ക് സമൂഹത്തില്‍ കുറേകൂടി അംഗീകാരവും മാന്യതയും നേടിക്കൊടുക്കുകയായിരുന്നു പ്രധാന ലക്ഷ്യം. ശൈഖുനാ എം എം ബശീര്‍ മുസ്‌ലിയാരുടെ ബുദ്ധിവൈഭവമായിരുന്നു അതിന് പിന്നിലെ ചാലകം. 1962 മുതല്‍ നീണ്ട പതിമൂന്ന് വര്‍ഷങ്ങള്‍ കൊണ്ടോട്ടി പള്ളിയിലെ ദര്‍സില്‍ അദ്ദേഹം സ്വന്തമായി രൂപകല്‍പ്പന ചെയ്ത് വിജയകരമായി നടപ്പിലാക്കിക്കഴിഞ്ഞതായിരുന്നു ആ പദ്ധതി. ആധുനിക അറബി ഭാഷ പഠിക്കാനുതകുന്ന വിഷയങ്ങള്‍ കൂടി ഉള്‍പ്പെടുത്തി അദ്ദേഹം തന്നെ കൃത്യമായ സിലബസും തയാറാക്കി. മാതൃകാ ദര്‍സ് തുടങ്ങിയതോടെ പ്രായോഗിക തലത്തില്‍ അതിന് അഭിമുഖീകരിക്കേണ്ടി വന്ന പ്രശ്‌നങ്ങളും പ്രയാസങ്ങളും നേതൃനിരക്ക് ബോധ്യപ്പെട്ടു. അതോടെ അവരുടെ ചിന്ത മാതൃകാസ്ഥാപനം എന്നതിലേക്ക് അന്ന് മുതലേ മാറിത്തുടങ്ങിയിരുന്നു. ആനുകാലിക വിഷയങ്ങളും പ്രധാന ഭാഷകളും ഉള്‍പ്പെടുത്തിയ ഒരു നൂതന പാഠ്യ പദ്ധതി വിജയകരമായി നടപ്പിലാക്കണമെങ്കില്‍ ഒരു സ്ഥാപനം തന്നെ വേണമെന്ന് അവര്‍ തിരിച്ചറിഞ്ഞു. അങ്ങനെ തങ്ങളുടെ നവീന സംരംഭത്തെക്കുറിച്ച് ഗൗരവമായി ആലോചിക്കാന്‍ തുടങ്ങി. 1983, ഉലമാക്കളും ഉമറാക്കളുമടങ്ങുന്ന പ്രമുഖരും നിഷ്‌കളങ്കരുമായ അഞ്ച് പേര്‍ കോട്ടക്കല്‍ എം എം ടൂറിസ്റ്റ‌് ഹോമില്‍ യോഗം ചേര്‍ന്നു. എം എം ബശീര്‍ മുസ്‌ലിയാര്‍, സി എച്ച് ഐദറൂസ് മുസ്‌ലിയാര്‍, യു ബാപ്പുട്ടി ഹാജി, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, പുലിക്കോട് സൈതലവി ഹാജി എന്നിവരായിരുന്നു അവര്‍. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം പ്രസ്തുത പാഠ്യ പദ്ധതിയോടെ ഒരു സ്ഥാപനം തുടങ്ങാന്‍ അവര്‍ തീരുമാനിച്ചു. ചെമ്മാട് മാനീപാടത്ത് അനുയോജ്യമായ സ്ഥലം കണ്ടെത്തിയതോടെ ദാറുല്‍ ഹുദാ ബൗദ്ധികമായി രൂപം കൊണ്ടു എന്ന് പറയാം. 1983 ഡിസംബര്‍ 25-ന് കണ്ണിയത്ത് ഉസ്താദിന്റെയും ശിഹാബ് തങ്ങളുടെയും സാന്നിധ്യത്തില്‍ ശിലാസ്ഥാപനം ഭംഗിയായി നടന്നു. മീനച്ചൂടോ, മകരത്തണുപ്പോ വകവെക്കാതെ വേനലും വര്‍ഷവും ഗൗനിക്കാതെ മുന്നേറിയ, രണ്ടര വര്‍ഷത്തെ അശ്രാന്ത പരിശ്രമത്തിനൊടുവില്‍ 1406 ശവ്വാല്‍ 11ന്, 1986 ജൂണ്‍ 26-ന് ദാറുല്‍ ഹുദായില്‍ പഠനമാരംഭിച്ചു. സമസ്തയുടെ ബൗദ്ധിക കേന്ദ്രമായിരുന്ന ശൈഖുനാ ബശീര്‍ മുസ്‌ലിയാരുടെയും അര്‍പ്പണബോധത്തിന്റെ ആള്‍രൂപമായി കൈയും മെയ്യും മറന്ന് വിയര്‍പ്പൊഴുക്കിയ സി എച്ച് ഉസ്താദിന്റെയും ആത്മാര്‍ത്ഥതയും ഹൃദയ വിശുദ്ധിയും കൈ മുതലാക്കിയ ബാപ്പുട്ടി ഹാജിയുടെയും ഭഗീരഥ പ്രയത്‌നങ്ങളാണ് ദാറുല്‍ ഹുദായെന്ന വിജ്ഞാന സൗധത്തിന്റെ സംസ്ഥാപനത്തിലെ ചാലക ശക്തികളായി വര്‍ത്തിച്ചത്. ഇന്ന് ദാറുല്‍ ഹുദാ രണ്ട് വ്യാഴവട്ടങ്ങള്‍ പിന്നിടുകയാണ്. ഇതര സ്ഥാപനങ്ങള്‍ക്കില്ലാത്ത സ്വീകാര്യതയാണ് ഈ ചുരുങ്ങിയ കാലയവില്‍ സമൂഹത്തില്‍ ഇതിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ വിജ്ഞാന സദനത്തില്‍ പഠിച്ച് കൊണ്ടിരിക്കുന്ന ആയിരത്തി ഇരുന്നൂറലധികം വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ ദാറുല്‍ ഹുദാക്ക് കേരളത്തിന് അകത്തും പുറത്തുമായി സഹസ്ഥാപനങ്ങള്‍ നിലവില്‍ വന്നു എന്നത് ഈ സ്വീകാര്യതയുടെ വ്യക്തമായ നിദര്‍ശനമാണ്. വിദ്യാര്‍ത്ഥികള്‍ മലയാളം മീഡിയത്തില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പഠിച്ച് കൊണ്ടിരിക്കുന്നു. സമസ്ത അഞ്ചാം ക്ലാസ് പാസായ, പതിനൊന്നര വയസ്സ് കവിയാത്ത വിദ്യാര്‍ത്ഥികളെ ഇന്റര്‍വ്യു നടത്തിയാണ് വര്‍ഷം തോറും സമര്‍ത്ഥരായ പഠിതാക്കളെ തെരെഞ്ഞെടുക്കുന്നത്. തുടര്‍ന്ന് പന്ത്രണ്ട് വര്‍ഷത്തെ പഠന കാലയളവില്‍ നാല് ഭാഷകളടക്കം വിവിധ മത ഭൗതിക വിഷയങ്ങളില്‍ ഇവര്‍ക്ക് പ്രാഗല്‍ഭ്യം ലഭിക്കുന്നു. ഉയര്‍ന്ന കിതാബുകള്‍ പഠിക്കുന്നതോടൊപ്പം കോഴ്‌സ് പൂര്‍ത്തിയാകുന്നതോടെ അംഗീകൃത സര്‍വ്വകലാശാലയിലെ ബാച്ചിലര്‍ ബിരുദവും ഇവര്‍ കരസ്ഥമാക്കുന്നു. പന്ത്രണ്ട് വര്‍ഷം പഠനം പൂര്‍ത്തിയാക്കുന്ന പണ്ഡിതര്‍ക്ക് മൗലവി ഫാദില്‍ ഹുദവി ബിരുദം നല്‍കിയാണ് സ്ഥാപനം സമൂഹത്തിന്റെ കര്‍മ്മ ഗോദയിലേക്ക് ഇറക്കുന്നത്. ഉര്‍ദു മീഡിയം കോഴ്‌സ് കേരളത്തിനു പുറത്തുള്ള മുസ്‌ലിംകളുടെ ശോചനീയാവസ്ഥയുള്‍ക്കൊണ്ട ബാപ്പുട്ടി ഹാജിയുടെ ചിന്താ സൃഷ്ടിയായിരുന്നു ഉര്‍ദു മീഡിയം കോഴ്‌സ്. മത ഭൗതിക വിഷയങ്ങളടങ്ങിയതും ഉര്‍ദുവില്‍ പ്രത്യേകം തയ്യാറാക്കപ്പെട്ടതുമായ പാഠ്യ പദ്ധതിയാണ് ഇതില്‍ പഠിപ്പിക്കപ്പെടുന്നത്. ഉര്‍ദു വിഭാഗത്തില്‍ എട്ട് സംസ്ഥാനങ്ങളില്‍ നിന്ന് ഇരുനൂറ്റി അന്‍പതിലധികം വിദ്യാര്‍ഥികള്‍ പഠിച്ച് കൊണ്ടിരിക്കുന്നു. സയ്യിദ് അലവി മൗലദ്ദവീല ഹിഫ്ദ് കോഴ്‌സ് ദാറുല്‍ ഹുദായുടെ കീഴില്‍ മമ്പുറം മഖാമിന് തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് സയ്യിദ് അലവി മൗലദ്ദവീല ഹിഫ്ദുല്‍ ഖുര്‍ആന്‍ കോളേജ്. മൂന്ന് വര്‍ഷത്തെ പഠനത്തോടെ ഖുര്‍ആന്‍ പൂര്‍ണമായും മനഃപാഠമാക്കിയ ശേഷം ഇവര്‍ക്ക് ദാറുല്‍ ഹുദായിലേക്ക് പ്രവേശനം നല്‍കുന്നു. 1987ല്‍ തുടങ്ങിയ ഹിഫ്ദുല്‍ ഖുര്‍ആന്‍ കോളേജില്‍ ഇപ്പോള്‍ നൂറോളം വിദ്യാര്‍ഥികള്‍ പഠിന്നുണ്ട്. സഹസ്ഥാപനങ്ങള്‍ ദാറുല്‍ ഹുദായുടെ കാലോചിത പാഠ്യപദ്ധതിയില്‍ ആകൃഷ്ടരായവര്‍ അനവധിയാണ്. കേരളത്തിനകത്തും പുറത്തുമായി ദാറുല്‍ ഹുദാ വിഭാവനം ചെയ്യുന്ന സിലബസില്‍ ഇരുപതോളം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇന്ന് ആന്ധ്രാപ്രദേശിലെ പൂങ്കനൂരില്‍ ദാറുല്‍ ഹുദായുടെ സഹസ്ഥാപനം അതിവിജയകരമായി മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നു. ബംഗാളിലും സമാനമായൊരു സ്ഥാപനത്തിന്റെ പണി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സഹസ്ഥാപനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന കോഡിനേഷന്‍ കമ്മിറ്റി നിലവിലുണ്ട്. ഏകീകൃത പരീക്ഷയും വിദ്യാര്‍ത്ഥികള്‍ പരസ്പരം മാറ്റുരക്കുന്ന സിബാഖ് അക്കാദമക്കല്‍ മീറ്റും നടത്തപ്പെടുന്നു. അസാസ് ദാറുല്‍ ഹുദാ വിദ്യാര്‍ത്ഥികളുടെ സംഘടനയായ അല്‍ഹുദാ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (അസാസ്) രൂപീകൃതമായത് 1994-ലാണ്. ചുരുങ്ങിയ കാലയളവില്‍ സംഭവ ബഹുലമായ പല നേട്ടങ്ങളും കൊയ്‌തെടുക്കാന്‍ അസാസിന് കഴിഞ്ഞിട്ടുണ്ട്. സംഘടനക്ക് കീഴില്‍ പത്തോളം ഉപസമിതികള്‍ കര്‍മ്മനിരതമായി പ്രവര്‍ത്തിക്കുന്നു. ദാറുല്‍ ഹുദായുടെ സ്ഥാപിത ലക്ഷ്യമായ പ്രബോധന പ്രവര്‍ത്തനങ്ങള്‍ വിജയകരമായി നടത്തുന്ന ഇസ്‌ലാമിക് ഇന്‍ഫര്‍മേഷന്‍ സെല്‍ ഉപസമിതികളില്‍ പ്രത്യേകം ശ്രദ്ധേയമാണ്. സംഘടന പുറത്തിറക്കുന്ന തെളിച്ചം മാസിക കേളത്തിലെ ഇസ്‌ലാമിക സാഹിത്യ രംഗത്ത് വിദ്യാര്‍ത്ഥികളുടെ ആദ്യ സംരംഭമാണ്. ഹാദിയ ദാറുല്‍ ഹുദായിലെ പഠനം പൂര്‍ത്തിയാക്കി ഹുദവി ബിരുദവുമായി പുറത്തിറങ്ങുന്ന പണ്ഡിതരുടെ കൂട്ടായ്മയാണ് ഹാദിയ. (ഹുദവീസ് അസോസിയേഷന്‍ ഫോര്‍ ഡിവോട്ടഡ് ഇസ്‌ലാമിക് ആക്റ്റിവിറ്റീസ്). പ്രബോധന പ്രവര്‍ത്തനങ്ങളുടെ സാധ്യമായ എല്ലാ മാര്‍ഗങ്ങളും കണ്ടെത്തി വിവിധ പദ്ധതികളുമായി സംഘടന മുന്നോട്ട് പോകുന്നു. ഹുദവികളെ പരസ്പരം ബന്ധിപ്പിക്കാന്‍ മാസം തോറും ഹാദിയ ന്യൂസ് എന്ന സ്വകാര്യ വാര്‍ത്താ ബുള്ളറ്റിന്‍ സംഘടന് പുറത്തിറക്കുന്നു. ദാറുല്‍ ഹുദായുടെ ലക്ഷ്യത്തെക്കുറിച്ച് പരമമായ ബോധം അതിന്റെ മഹാന്‍മാരായ സ്ഥാപന നേതാക്കള്‍ക്കുണ്ടായിരുന്നു. പുറം സംസ്ഥാനങ്ങളിലും വിദേശ നാടുകളിലും ദീനീ പ്രബോധനമെന്ന സമുന്നത ലക്ഷ്യത്തിന്റെ സാക്ഷാല്‍കാരത്തിന് ആദ്യാവസരങ്ങളൊരുക്കേണ്ടത് ദാറുല്‍ ഹുദാ തന്നെയാണെന്നായിരുന്നു അവരുടെ വിഭാവനം. റമളാന്‍ അവധിക്കാലത്ത് വിദ്യാര്‍ത്ഥികളെ ദീനീ പ്രബോധനത്തിന് പുറം സംസ്ഥാനങ്ങളിലേക്കയക്കണമെന്ന ക്രിയാത്മക ചിന്ത ഇതിന്റെ സൃഷ്ടിയായിരുന്നു. ദാറുല്‍ ഹുദായുടെ ആദ്യ ബാച്ച് എട്ട് വര്‍ഷം പൂര്‍ത്തിയക്കിയതോടെ ഈ ചിന്ത പ്രായോഗിമാക്കി തുടങ്ങി. കര്‍ണ്ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന ദീനീ ഗുണകാംക്ഷികളുമായി ബന്ധപ്പെട്ട് അതിന് കളമൊരുക്കി.അതേ വര്‍ഷം റമളാനില്‍ മൂന്ന് ടീമുകളായി ആറു പേര്‍ പ്രസ്തുത സംസ്ഥാനങ്ങളുടെ പല ഭാഗങ്ങളിലുമെത്തി. സ്തുത്യര്‍ഹമായ പ്രകടനം കാഴ്ച വെച്ചു ഇന്നും ഇത് അനുസ്യൂതം തുടര്‍ന്ന് കൊണ്ടിരിക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter